ആസ്തമ കുട്ടികളില്‍


എനിക്കു മാത്രമെന്താണമ്മേ ഇങ്ങനെ? ക ളിക്കരുത്, ഐസ്‌ക്രീം കഴിക്കരുത്. എന്റെ കൂട്ടുകാരെല്ലാം ഓടിക്കളിക്കുന്നതു കണ്ടെനിക്ക് കൊതിയാവുന്നു... എന്റെ ചുമയും ശ്വാസംമുട്ടലും ഇനി എന്നാണമ്മേ മാറുന്നത്?''
ഗീതുമോളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നി സ്സഹായതയോടെ വിതുമ്പുന്ന അമ്മ. സ്‌കൂള്‍ തുറന്നിതുവരെ എത്ര ദിവസങ്ങളാണ് അവധിയായിരിക്കുന്നത്. അന്നെല്ലാം താനും അവധിയെടുത്ത് മോള്‍ക്ക് കൂട്ടിരിക്കണം. ആസ്പത്രിചെലവുകളും താങ്ങാനാവാതെയാകുന്നു...

ഇതു ഗീതുമോളുടെമാത്രം കഥയല്ല. ആസ്തമാരോഗം വളരെയധികം കുട്ടികളുടെ ബാല്യത്തിന് അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നു. അവരുടെ കുടുംബങ്ങളില്‍ കണ്ണീര്‍ പടര്‍ത്തുന്നു. കുട്ടികളില്‍ കണ്ടുവരുന്ന മറ്റു പല രോഗങ്ങളുടെയും നിരക്ക് താഴ്ന്നുകൊണ്ടിരിക്കുമ്പോള്‍ ആസ്തമയുടെ തോത് ഉയര്‍ന്നുവരികയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയായിരിക്കുന്നു. സമീപകാല കണക്കുകള്‍ കാണിക്കുന്നത് കേരളത്തില്‍ 7 മുതല്‍ 12 ശതമാനംവരെ കുട്ടികള്‍ക്ക് ആസ്തമയുണ്ടെന്നാണ്. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ മുതലായ വികസിത രാജ്യങ്ങളില്‍ ഇത് 24 ശതമാനത്തോളമാണ്.


കുട്ടികളില്‍ ഏറിവരുന്ന ആസ്തമയുടെ കാരണങ്ങള്‍ പലതാണ്.
അന്തരീക്ഷമലിനീകരണം, ആഹാരരീതിയിലെ മാറ്റങ്ങള്‍ എന്നിവയാണിതില്‍ പ്രധാനം. അമ്മമാരുടെ പുകവലി, കുപ്പിപ്പാലിന്റെയും ടിന്‍ഫുഡിന്റെയും അമിതോപയോഗം, ഒരു വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍പാല്‍, മുട്ട എന്നിവ നല്‍കുന്നത് - ഭാവിയില്‍ അലര്‍ജിയും ആസ്തമയും ഉണ്ടാകാ ന്‍ ഇവയെല്ലാം കാരണമാണെന്ന് ചില പഠനങ്ങ ള്‍ തെളിയിക്കുന്നു. എന്നാല്‍, മുലയൂട്ടല്‍ ആസ്തമവരാനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു വയസ്സില്‍ താഴെ എക്‌സിമ (അറ്റോപിക് ഡെര്‍മറ്റെറ്റിസ്) എന്ന ത്വക്‌രോഗം വന്ന കുട്ടികളിലും ആസ്തമ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹീമോഫീലിയയും മറ്റും പോലെ ആസ്ത് മ ഒരു പാരമ്പര്യരോഗമല്ല. അതായത് അടുത്ത തലമുറയിലേയ്ക്ക് നിര്‍ബന്ധമായും പകര്‍ന്നുകിട്ടുന്ന രോഗമല്ലിത്. എങ്കിലും അടുത്ത ബന്ധുക്കള്‍ക്ക് ആസ്തമയുണ്ടെങ്കില്‍, കുട്ടിക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഒരു ബന്ധുവിന് ആസ്തമയുണ്ടെങ്കില്‍ ഈ സാധ്യത രണ്ടര ഇരട്ടിയും രണ്ടു ബന്ധുക്കളിലുണ്ടെങ്കില്‍ അ ഞ്ചര ഇരട്ടിയും ആയി വര്‍ധിക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളിലാണ് ആസ്തമാബാധ കൂടുതല്‍ കണ്ടുവരുന്നത്.


ലക്ഷണങ്ങള്‍


കുട്ടികളില്‍ ആസ്ത്മയുടെ മുഖ്യലക്ഷണങ്ങളായി കണ്ടുവരുന്നത് ചുമ, ശ്വാസംമുട്ടല്‍ നെഞ്ചിനുള്ളിലെ വീര്‍ത്തുകെട്ടല്‍, കുറുകുറു പ്പ് മുതലായവയാണ്. ശ്വാസമെടുക്കുമ്പോള്‍ ചൂളമടിക്കുന്നതുപോലെയുള്ള ശബ്ദം ആസ്തമയുടെ ഒരു പ്രധാന ലക്ഷണമാണ്.
ആസ്ത്മാ ലക്ഷണങ്ങള്‍ സാധാരണ രാത്രി സമയത്തും രാവിലെയുമാണ് കൂടുതല്‍ പ്രകടമാകുന്നത്. ചുമയും ശ്വാസതടസ്സവുംമൂലം രാ ത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നത് സാധാരണമാണ്. (കുട്ടികളുടെ ആസ്ത്മയില്‍ മാതാപിതാക്കള്‍ക്കും ഉറക്കം നഷ്ടപ്പെടുന്നു). വ്യായാമത്തി ലേര്‍പ്പെടുമ്പോഴോ, ഓടിക്കളിക്കുമ്പോളോ ശ്വാ സതടസ്സമുണ്ടാകുന്നത് ചിലരില്‍ കണ്ടുവരുന്നു.

ആസ്തമ രോഗികളില്‍ സാധാരണ ജലദോ ഷത്തിനെത്തുടര്‍ന്നും ചുമയും ശ്വാസംമുട്ടലും കൂടുതല്‍നാള്‍ നില്‍ക്കാറുണ്ട്. പലപ്പോഴും ഇ ത് ശ്വാസകോശഅണുബാധയായി തെറ്റിദ്ധരിക്കപ്പെടുന്നു. രോഗലക്ഷണങ്ങള്‍ എല്ലാ കുട്ടികളിലും ഒരുപോലെയായിരിക്കണമെന്നില്ല. രോഗത്തിന്റെ തീവ്രതയനുസരിച്ച് അവ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കണ്ടുവരുന്ന ശ്വാസംമുട്ടലിന്റെ പ്രധാനകാരണം വൈറസ് മൂലമുണ്ടാകുന്ന ശ്വാസനാളിയുടെ നീര്‍വീക്കം (ബ്രോങ്കിയോളൈറ്റിസ്) ആണ്. ഈ കുട്ടികളില്‍ ശ്വാസംമുട്ടല്‍ സാധാരണ 34 വയസ്സ് ആകുമ്പോഴേക്ക് മാറാന്‍ സാധ്യതയുണ്ട്.

കുട്ടികളില്‍ ഉണ്ടാകുന്ന എല്ലാ ശ്വാസംമുട്ടലുകളുംആസ്തമയാകണമെന്നില്ല. ശ്വാസക്കുഴലിലുണ്ടാകുന്ന മറ്റു തടസ്സങ്ങള്‍, ചില ഹൃദ്രോഗങ്ങള്‍ എന്നിവയും ആസ്തമപോലെ തോന്നിക്കാറുണ്ട്. ഒരു ഡോക്ടറുടെ വിദഗ്ദ്ധ പരിശോധനയ്ക്കുമാത്രമേ നിങ്ങളുടെ കുട്ടിക്ക് ആസ്തമയുള്ളതായി ഉറപ്പാക്കാന്‍ കഴിയൂ. ചിലപ്പോള്‍ എക്‌സ്‌റേ പരിശോധനകളും ശ്വാസകോശപരിശോധനകളും വേണ്ടിവരാറുണ്ട്.
ആസ്തമ രോഗമുള്ള കുട്ടികളില്‍ രോഗലക്ഷണമുണ്ടാക്കുന്ന പല കാരണങ്ങളും കണ്ടുവരുന്നു. ഇവ 'ട്രിഗേഴ്‌സ്' എന്നറിയപ്പെടുന്നു. കുട്ടികളില്‍ പ്രധാനമായി കാണുന്ന ട്രിഗര്‍, വൈറസുകള്‍മൂലമുണ്ടാകുന്ന ജലദോഷം, പനി മുതലായവ ആണ്. തണുത്ത കാറ്റ്, വീട്ടിനുള്ളിലെ പൊടിപടലങ്ങള്‍ (പ്രധാനമായും പൊടിച്ചെള്ള് ഉള്ളപ്പോള്‍) പൂമ്പൊടി, അന്തരീക്ഷമലിനീകരണം എന്നിവയും ട്രിഗേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നു.

ഈ കുട്ടികളുടെ സാമീപ്യത്തില്‍ പുകവലിക്കുന്നത് ആസ്ത്മ ആക്രമണത്തിന് കാരണമായേക്കാം. വീട്ടിനുള്ളിലെ വളര്‍ത്തുമൃഗങ്ങളും ആസ്തമാ സാധ്യത ഉയര്‍ത്തുന്നു. പട്ടി, പൂച്ച എന്നീ മൃഗങ്ങളുടെ രോമം, പക്ഷിത്തൂവലുകള്‍ എന്നിവ ആസ്തമ ആക്രമണത്തെ ക്ഷണിച്ചുവരുത്തുന്നു. നല്ലൊരു ശതമാനം കുട്ടികളില്‍ വ്യായാമം ആസ്തമ കൂട്ടുന്നതായി കണ്ടുവരുന്നു.

മാനസികപ്രശ്‌നങ്ങളും ആസ്തമയുടെ ട്രിഗേഴ്‌സ് ആയി കാണപ്പെടുന്നു. കുടുംബത്തിലും സ്‌കൂളിലുമുള്ള സമ്മര്‍ദങ്ങള്‍ ചിലരില്‍ ആസ്തമ ഉണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് ഗണേശിന്റെ ആസ്തമ വഷളാകുന്നത് അവധിദിവസങ്ങളില്‍ അവന്റെ കര്‍ക്കശസ്വഭാവിയായ അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ മാത്രമാണ്. സുമിക്ക് ശ്വാസംമുട്ടല്‍ കലശലാകുന്നത് മദ്യപനായ അച്ഛന്‍ വീട്ടിലെത്തി അമ്മയുമായി ശണ്ഠ തുടങ്ങുമ്പോഴാണ്. പരീക്ഷാകാലങ്ങളിലും ആസ്തമ ലക്ഷണങ്ങള്‍ കൂടുതലായി ചില കുട്ടികളില്‍ കാണാറുണ്ട്. മിക്ക ആസ്തമ ബാധിതരിലും ഒന്നിലധികം ട്രിഗേഴ്‌സ് കണ്ടുവരുന്നു.


രോഗതീവ്രത


ആസ്തമയുള്ള കുട്ടികളിലെ രോഗലക്ഷണങ്ങള്‍, ശ്വാസനാളികളുടെ നീര്‍വീക്കത്തിനും ചുരുക്കത്തിനും അനുപാതികമാണ്. അതിന്റെ ചികിത്സയും രോഗത്തിന്റെ തീവ്രതയെ ആധാരമാക്കിയാണ് നിര്‍ണയിക്കുന്നത്. 75 ശതമാനം കുട്ടികളും ലഘുവായ ആസ്തമയുള്ള (മൈല്‍ഡ് ആസ്ത്മാറ്റിക്) വരാണ്. ഇവരില്‍ ഒട്ടുമുക്കാലും 45 വയസ്സിനുമുമ്പുതന്നേ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. 10 ശതമാനത്തോളം കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ താമസിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. 65 ശതമാനം ലഘു ആസ്തമാ രോഗികളും കൗമാരപ്രായമെത്തുമ്പോള്‍ രോഗവിമുക്തരാകാറുണ്ട്.

കുട്ടികളില്‍ രോഗതീവ്രതയും ചികിത്സ യും നിശ്ചയിക്കുമ്പോള്‍ താഴെപ്പറയുന്ന ഘടകങ്ങള്‍ കണക്കിലെടുക്കുന്നു.
നീണ്ടുനില്‍ക്കുന്ന രോഗലക്ഷണങ്ങള്‍ (ചുമ, ശ്വാസംമുട്ടല്‍)
കൂടുതല്‍ മരുന്നുകള്‍ വേണ്ടിവരിക.
രാത്രികാലത്തെ ആസ്ത്മ നിമിത്തം ഉറങ്ങാ ന്‍ പറ്റാതെയാവുക.
സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടപ്പെടുക.
കളിക്കാനോ, വ്യായാമത്തിലേര്‍പ്പെടാനോ സാധിക്കാതെ വരിക.
ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയില്‍ ആസ്ത്മാ വഷളാവുക.


ചികിത്സ എങ്ങനെ


ഈ കുട്ടികളില്‍ ആസ്തമ തടയാനുള്ള സ്ഥിരമായ ചികിത്സ വേണ്ടിവരുന്നു. രോഗലക്ഷണങ്ങള്‍ക്ക് ശമനം കിട്ടാന്‍ ഉപയോഗിക്കുന്ന മരുന്നുകളെ റിലീവേഴ്‌സ് എ ന്നു വിളിക്കുന്നു. സാധാരണ ഉപയോഗിക്കുന്ന തിയോഫിലിന്‍, സാല്‍ബ്യൂട്ടമോള്‍ എന്നീ മരുന്നുകള്‍ റിലീവേഴ്‌സ് ആണ്. അവ ശ്വാസക്കുഴലുകളുടെ ചുരുക്കം താല്‍ക്കാലികമായി കുറയ്ക്കാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ. ആസ്തമ രോഗത്തിന് നിദാനമായ ശ്വാസക്കുഴലിന്റെ 'ലൈനിങ്ങി'ലെ നീര്‍വീക്കം അവ തടയുന്നില്ല. ഇതിന് പ്രിവന്‍റീവ് മരുന്നുകള്‍ വേണ്ടിവരും. സ്റ്റിറോയ്ഡ് മരുന്നുകളും സോഡിയം ക്രോമോഗ്ലൈക്കേറ്റ്, മോണ്ടിലൂക്കാസ്റ്റ് തുടങ്ങിയവ പ്രിവന്‍റീവ് മരുന്നുകളാണ്. പ്രിവന്‍റീവ് മരുന്നുകള്‍ നിത്യേന ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കേണ്ടതാണ്. അസുഖത്തിന് പെട്ടെന്ന് ശമനം കിട്ടാന്‍ അവ ഉപയോഗിക്കാവുന്നതല്ല.

സിറപ്പുകളും ഗുളികകളും കുത്തിവെയ്പു മുപയോഗിച്ചുള്ള ചികിത്സ ഇപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകവ്യാപകമായി ഇന്‍ഹേലറുകള്‍ ആണ് ആസ്തമാ ചികിത്സയില്‍ പ്രചാരം നേടുന്നത്. ഈ മരുന്നുകള്‍ ശ്വാസത്തിനോടൊപ്പം ഉള്ളിലേയ്ക്ക് വലിച്ചെടുക്കുന്നതിനാല്‍, നേരിട്ട് ശ്വാസകോശത്തിലെത്തുകയും രോഗബാധിതമായ ശ്വാസക്കുഴലില്‍ പെട്ടെന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിലുള്ള മരുന്നിന്റെ അളവ് വായിലൂടെ കഴിക്കേണ്ട മരുന്നുകളേക്കാള്‍ വളരെ കുറവാണ് (ഉദ്ദേശം 20ല്‍ ഒന്ന്). ഇത് വളരെ കുറച്ചു മാത്രമേ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. അതുകൊണ്ട് മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ തീരെ ഉണ്ടാകുന്നില്ല. ഇപ്പോള്‍ ലഭ്യമായതില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായത് ഇന്‍ഹലേഷന്‍ ചികിത്സയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും ചെലവകുറഞ്ഞ ചികിത്സയും ഇതുതന്നെ.

കുട്ടികളില്‍ സ്‌പ്രേ മരുന്നുകള്‍ നേരിട്ട് ഉപയോഗിക്കുന്നതിലും പ്രയോജനകരം ഒരു സ്‌പേസര്‍ ഉപകരണത്തിലൂടെ ഉപയോഗിക്കുന്നതാണ്. നാലു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ സ്‌പേസറിനൊപ്പം ബേബി മാസ്‌ക്കൂടി വേണ്ടിവരും. ഇന്‍ഹലേഷന്‍ മരുന്നുകള്‍ തുടങ്ങിയാല്‍ എന്നും ഉപയോഗിക്കേണ്ടിവരുമെന്നുള്ള വിശ്വാസം ശരിയല്ല. രോഗലക്ഷണങ്ങള്‍ കുറയുന്നതിനനുസരിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നിന്റെ ഡോസ് കുറയ് ക്കാനും നിര്‍ത്താനും സാധിക്കും. നിത്യേനയുള്ള പ്രതിരോധ മരുന്നുകള്‍ ശ്വാസക്കുഴലിലെ നീര്‍വീക്കം ഇല്ലാതാക്കുകയും റിലീവര്‍ (ആശ്വാസ) മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍ വഷളാവുകയാണെങ്കില്‍ (ശ്വാസംമുട്ടല്‍, ചുമ കൂടുകയോ റിലീവര്‍ മരുന്നുകള്‍ കൊണ്ട് കുറയാതെ വരികയോ ചെ യ്താല്‍) ഉടന്‍തന്നെ ആസ്പത്രിയിലെത്തിക്കുകയും ഡോക്ടറുടെ ഉപദേശം തേടുകയും ചെയ്യേണ്ടതാണ്. നെബുലൈസേഷന്‍, കുത്തിവെയ് പുകള്‍, ഓക്‌സിജന്‍ തുടങ്ങിയവ ഈ കുഞ്ഞിന് വേണ്ടിവന്നേക്കും.


ഓര്‍ക്കുക


മരുന്നുകളോടൊപ്പം തന്നെ പ്രധാനമാണ് ആസ്ത്മയ്ക്ക് കാരണമാകുന്ന ട്രിഗേഴ്‌സ് തിരിച്ചറിയുന്നതും അവയെ ഒഴിവാക്കുന്നതും. നിങ്ങളുടെ കുട്ടിക്ക് ആസ്ത്മാ രോഗമുണ്ടെങ്കില്‍ വീട് വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. മുറിയില്‍ പഴയ സാധനങ്ങള്‍, പേപ്പറുകള്‍ തുടങ്ങിയവ ശേഖരിച്ചു വെയ്ക്കരുത്. കാര്‍പ്പെറ്റുകള്‍, കമ്പിളികള്‍, രോമങ്ങള്‍ കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ മുതലായവ ഒഴിവാക്കണം. വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുണ്ടാവുന്നത് ഒട്ടും ആശാസ്യമല്ല. ആഹാരങ്ങളുടെ പഥ്യം ആവശ്യമുള്ളതല്ല. നിങ്ങളുടെ കുട്ടിക്ക് ഏതെങ്കിലും ഒരു ആഹാരം ആസ്തമ ട്രിഗര്‍ ആണെന്ന് തെളിഞ്ഞാല്‍ അതു മാത്രം ഉപേക്ഷിച്ചാല്‍ മതിയാകും. ഇത് വളരെ ചുരുക്കമായി മാത്രമേ വേണ്ടിവരികയുള്ളൂ.

കുട്ടിയുടെ ആസ്ത്മാ രോഗം മാതാപിതാ ക്കളേയും കുട്ടിയേയും ഒരുപോലെ മാനസിക സമ്മര്‍ദത്തിലാക്കുന്നു. അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കേണ്ടത് ഒരു ചികിത്സകന്റെ കടമയാണ്. ക ടുംബത്തിലെ അസ്വാരസ്യങ്ങളോ സ്‌കൂള്‍ പ്രശ്‌നങ്ങളോ ആസ്തമക്ക് കാരണമാകുന്നെങ്കില്‍ അവ കണ്ടുപിടിച്ച് ഒഴിവാക്കേണ്ടതാണ്.

ആസ്ത്മാ രോഗിയായ കുട്ടികള്‍ക്ക് അമിത ലാളനയോ അമിത നിയന്ത്രണമോ ആവശ്യമില്ല. മാതാപിതാക്കളുടെ ക്രിയാത്മകവും വിശ്വാസപൂര്‍ണവുമായ സമീപനം ആസ്ത്മയെ നേരിടാന്‍ കുഞ്ഞിനെ ഏറെ സ ഹായിക്കുന്നു. സ്‌കൂള്‍ ടീച്ചറോട് കുട്ടിയുടെ ആസ്ത്മാ രോഗത്തെപ്പറ്റി തീര്‍ച്ചയായും പറയണം. രോഗലക്ഷണങ്ങള്‍, ചികിത്സ എന്നിവയും ടീച്ചറുമായി ചര്‍ച്ച ചെയ്യുക. രോഗബാധയുണ്ടായാല്‍ പെട്ടെന്ന് മനസ്സിലാക്കാ നും റിലീവര്‍ മരുന്നുകള്‍ നല്കാനും ഇത് സഹായിക്കുന്നു.
ഗീതുമോള്‍ക്ക് ഇന്ന് വിഷമിക്കേണ്ട ആവശ്യമില്ല. അവള്‍ക്ക് സമപ്രായക്കാര്‍ ചെയ്യുന്നതെന്തും ചെയ്യാം. അവരോടൊപ്പം കളിക്കാം, ചിരി ക്കാം... സ്‌കൂള്‍ നഷ്ടപ്പെടേണ്ട അവസ്ഥവരുന്നില്ല. അമ്മയ്ക്കും സമാധാനത്തോടെ ഓഫീസില്‍ പോകാം.
ആസ്തമ പൂര്‍ണമായും മാറുന്ന അസുഖമല്ല, എങ്കിലും നൂറുശതമാനവും നിയന്ത്രണാധീനമാണ്, ഡോക്ടറുടെ ഉപദേശപ്രകാരം കൃത്യമായ ചികിത്സാരീതികള്‍ പാലിക്കുമെങ്കില്‍


ഡോ. കെ.പി.വേണുഗോപാല്‍


നെഞ്ചുരോഗവിഭാഗം ലക്ചറര്‍
മെഡിക്കല്‍കോളേജ്, കോട്ടയം