കൊറോണ വൈറസ് ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം. ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും വൃക്കകൾ, മസ്തിഷ്കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.

കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു ജർമൻ പഠനത്തിൽ പറയുന്നു. രോഗം ഭേദമായ നൂറിൽ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പഠനത്തിൽ പറയുന്നു.

ജർമനിയിൽ തന്നെ നടത്തിയ രണ്ടാമത്തെ പഠനത്തിലും കണ്ടെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരിലെ പകുതിയിലേറെ പേർക്കും ഹൃദയത്തിൽ വലിയ തോതിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്.

എന്നാൽ, ഹൃദയത്തിനുണ്ടാകുന്ന ഈ പരിക്ക് എത്രകാലം നീണ്ടുനിൽക്കും, പക്ഷാഘാതമോ മറ്റ് ജീവന് ഭീഷണിയാകാനിടയുള്ള ഹൃദയസംബന്ധമായ പ്രശ്നമോ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയവയെ സംബന്ധിച്ചൊന്നും കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ജർമനിയിലെ ഫ്രാങ്ക്ഫുർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ ആദ്യ പഠനത്തിൽ കോവിഡ് ഭേദമായ നൂറുപേരുടെ ഹൃദയാരോഗ്യത്തെക്കുറിച്ചാണ് വിലയിരുത്തിയത്. ഈ ഗ്രൂപ്പിൽ കൊറോണ വൈറസ് ബാധിക്കുന്നതിന് മുൻപ് ആരോഗ്യവാൻമായിരുന്ന അമ്പത് പേരാണ് ഉണ്ടായിരുന്നത്. മറ്റൊരു 50 പേർക്ക് ഹൃദയസംബന്ധമായ അപകടസാധ്യതകൾ ഉണ്ടായിരുന്നു.

കോവിഡ് മുക്തരായ നൂറിൽ 78 പേരുടെയും എം.ആർ.ഐ. സ്കാനിൽ ഹൃദയത്തിന് പ്രശ്നങ്ങളുണ്ടായതിന്റെ ലക്ഷണങ്ങൾ ഗവേഷകർ കണ്ടെത്തി. ഹൃദയാഘാത സമയത്ത് ഉണ്ടാകുന്ന ട്രോപ്പോനിൻ എന്ന പ്രോട്ടീൻ നില 76 ശതമാനം പേരിലും വലിയ അളവിൽ ഗവേഷകർ കണ്ടെത്തി.

ഗവേഷണത്തിൽ പങ്കെടുത്ത അറുപതു പേരിൽ കൊറോണ വൈറസ് ബാധിച്ച് 71 ദിവസത്തിന് ശേഷവും ഹൃദയത്തിൽ അണുബാധ കണ്ടെത്തി.

രണ്ടാമത്തെ പഠനം നടത്തിയത് ജർമനിയിലെ ഹാംബർഗിലെ യൂണിവേഴ്സിറ്റിയിലെ ഹാർട്ട് ആൻഡ് വാസ്കുലർ സെന്ററിലെ ഗവേഷകരാണ്. കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ 39 പേരിലും ഹൃദയപ്രശ്നങ്ങൾ പഠനസംഘം തിരിച്ചറിഞ്ഞു. എന്നാൽ ഹൃദയത്തിനുണ്ടാകുന്ന കടുത്ത വൈറൽ അണുബാധയായ അക്യൂട്ട് മയോകാർഡിറ്റിസ് ഇവരിൽ കണ്ടെത്തിയില്ല. പക്ഷേ, ഹൃദയത്തിൽ വൈറസ് എത്തിച്ചേർന്നതായുള്ള ലക്ഷണങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് ബാധിച്ച 24 രോഗികളുടെ ഹൃദയപേശികളിൽ വൈറസിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 16 പേരുടെ ഹൃദയത്തിൽ കൊറോണ വൈറസ് വലിയ അളവിലുള്ളതായി ഗവേഷകർ കണ്ടെത്തി. രോഗിയുടെ മരണം വരെയും ഈ വൈറസ് ഹൃദയപേശികൾക്കുള്ളിൽ പെരുകിക്കൊണ്ടിരുന്നതിന്റെ തെളിവുകളും പഠനസംഘത്തിന് ലഭിച്ചു. കോവിഡ് രോഗികളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായി യു.എസിലെ ഡോക്ടർമാരും നിരീക്ഷിച്ചിട്ടുണ്ട്.

ഉയർന്ന രക്തസമ്മർദത്തിന്റെയോ ഹൃദയാഘാതത്തിന്റെയോ പക്ഷാഘാതത്തിന്റെയോ അപകടസാധ്യതകൾ ഇല്ലാത്ത ചെറുപ്പക്കാരിലും കൊറോണ വൈറസ് ബാധിച്ച ശേഷം ഈ പ്രശ്നങ്ങൾ ഭയാനകമാകും വിധം ഉയർന്നിട്ടുണ്ട്.

കൂടുതൽ പഠനങ്ങൾ നടത്തുന്നുണ്ടെന്നും അതിൽ നിന്നും ലഭിക്കുന്ന ഫലങ്ങളും സമാനമാണെങ്കിൽ കോവിഡ് 19 മഹാമാരി ഭാവിയിൽ ഹൃദയപ്രശ്നങ്ങൾക്കും വഴിയൊരുക്കിയേക്കുമെന്ന് ജാമ കാർഡിയോളജിയിൽ എഴുതിയ ലേഖനത്തിൽ പ്രമുഖ ഹൃദ്രോ​ഗവിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Content Highlights:Covid19 Corona Virus make damage heart attacks study observes, Health