കോഴിക്കോട്: 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി. ബീച്ച് ഗവ.ജനറല്‍ ആശുപത്രിയില്‍ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ടി. മോഹന്‍ദാസ്, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍, ഡോ. എ.ബി. ബിന്ദു, ഡോ. സി.ബി. ശ്രീജിത്ത്, ഡോ. മുനവര്‍ റഹ്മാന്‍, ഡോ. വിപിന്‍ വര്‍ക്കി, കെ.എം. മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

ഈ പ്രായവിഭാഗത്തില്‍ പെടുന്നവരുടെ കോവിഡ് കുത്തിവെപ്പിനായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പ്രത്യേക ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ. അറിയിച്ചു. സ്‌പോട്ട് രജിസ്ട്രേഷനടക്കം ഉച്ചവരെ 1500 കൗമാരക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഓരോദിവസവും മേജര്‍ ആശുപത്രികളില്‍ 200 പേര്‍ക്കും പ്രാഥമിക, കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കുമുള്ള വാക്‌സിനേഷനാണ് ലക്ഷ്യമിടുന്നത്.

എല്ലാ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 15 മുതല്‍ 18 വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. കോവാക്‌സിനാണ് നല്‍കുക. സര്‍ക്കാര്‍ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും മറ്റു മേജര്‍ ആശുപത്രികളിലും ഞായര്‍, ബുധന്‍ ഒഴികെയുള്ള എല്ലാദിവസങ്ങളിലും വാക്‌സിനേഷന്‍ ഉണ്ടാകും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കും സ്‌പോട്ട് രജിസ്ട്രേഷനിലൂടെയും വാക്‌സിനേഷന്‍ ലഭിക്കും.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്ട്രേഷന്‍ വഴി തിങ്കള്‍മുതല്‍ ശനിവരെ സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍നിന്നും മേജര്‍ ആശുപത്രികളില്‍നിന്നും വാക്‌സിനേഷന്‍ നടത്താം. സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ വാക്‌സിനേഷനുണ്ട്.

Content highlights: covid vaccination for teenagers, every government health centres are ready with all facilities