കോവിഡ് രോഗം നിർണയിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്. എത്രയും പെട്ടെന്ന് പരിശോധനാഫലം ലഭിക്കുന്നത് വഴി രോഗമുള്ളവരെ നേരത്തെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനും മികച്ച ചികിത്സ നൽകാനും സാധിക്കും. എന്നാൽ പലപ്പോഴും പരിശോധനാഫലം ലഭിക്കാൻ ഒരു ദിവസത്തിലധികം വേണ്ടിവരാറുണ്ട്. ഈ പ്രശ്നം മറികടക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ.

കോവിഡ് 19 വേഗത്തിൽ കണ്ടെത്താൻ ഓൺ ദി സ്പോട്ട് സ്വാബ് ടെസ്റ്റുകൾ വ്യാപകമാക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. 90 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ പരിശോധന വഴി കൊറോണവൈറസ് സാന്നിധ്യം കണ്ടെത്താനാകും. സാധാരണ നിലവിലുള്ള ടെസ്റ്റുകളിലൂടെ ഫലം ലഭിക്കാൻ ചുരുങ്ങിയത് ഒരു ദിവസമെങ്കിലും വേണ്ടിവരുന്നുണ്ട്. രോഗം നിശബ്ദമായി വ്യാപിക്കുന്ന ഓൾഡ് ഏജ് ഹോമുകളിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമാണ് ഈ പരിശോധന ആദ്യം നടത്തുന്നത്.

കൈയിലൊതുങ്ങുന്ന ലാംപോർ എന്നറിയപ്പെടുന്ന ഈ സ്വാബ് ടെസ്റ്റിനുള്ള ഉപകരണം ഉപയോഗിച്ച് ദിവസവും രണ്ടായിരത്തോളം പരിശോധനകൾ നടത്താനാകും. ഇതിനായി ലാബിൽ പോകേണ്ടതില്ല.

ഡി.എൻ.എ. ഉപയോഗിച്ചുള്ള കോവിഡ് ടെസ്റ്റ് നടത്താനുള്ള മറ്റൊരു ഉപകരണവും ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇവ ലണ്ടനിലെ ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് അയ്യായിരത്തോളം മെഷീനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതുപയോഗിച്ച് വരും മാസങ്ങളിൽ ലക്ഷക്കണക്കിന് പരിശോധനകൾ നടത്താനാവും.

കോവിഡ് മാത്രമല്ല ഇൻഫ്ലുവൻസ എ പോലുള്ള മറ്റ് ചില അണുബാധകളെയും ഈ പരിശോധനയിലൂടെ തിരിച്ചറിയാനാകും.

Content Highlights:Corona Virus outbreak New 90 minute tests for Covid-19 by Britain United Kingdom, Health