കൊച്ചി: മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ കോവിഡ് പോസിറ്റീവായാൽ കുട്ടികളുടെ താത്‌കാലിക സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ഇവരെ താമസിപ്പിക്കാനുള്ള കേന്ദ്രങ്ങൾ ഒരുങ്ങുകയാണ്.

കോവിഡ് പോസിറ്റീവായ ദമ്പതിമാരുടെ ആറുമാസം പ്രായമായ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും തയ്യാറാവാതെ വന്നതോടെയാണ് എറണാകുളത്ത് മേരി അനിത എന്ന സന്നദ്ധ പ്രവർത്തക കുഞ്ഞിന് തണലായെത്തിയത്. സംഭവത്തിനു പിന്നാലെ, മാതാപിതാക്കൾ കോവിഡ് പോസിറ്റീവായാൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന ആലോചന വനിതശിശുവികസന വകുപ്പിൽ ഉയർന്നു.

കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പല അണുകുടുംബങ്ങളും ഈ പ്രതിസന്ധിയുടെ നിഴലിലാണ്. മാതാപിതാക്കൾ കോവിഡ് പോസിറ്റീവാകുമ്പോൾ ഭയംമൂലം കുഞ്ഞിനെ ഏറ്റെടുക്കാൻ അടുത്ത ബന്ധുക്കൾ മടിക്കുകയാണ്. എറണാകുളം ജില്ലയിൽ കാക്കനാടും പള്ളുരുത്തിയിലും രണ്ട് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇതേ സംവിധാനം ഒരുക്കും.

കൈക്കുഞ്ഞുങ്ങളെ നോക്കാൻ ആയമാർ

18 വയസ്സുവരെയുള്ളവരെയാണ് എറ്റെടുക്കുക. ചെറിയ കുട്ടികളുടെ സംരക്ഷണത്തിന് സർക്കാർവക നിരീക്ഷണ ഹോമുകളിലെ ആയമാരെയും അങ്കണവാടി വർക്കർമാരെയും ഏർപ്പെടുത്തും. പരിശോധനകളിൽ നെഗറ്റീവ് എന്ന് ഉറപ്പാക്കുന്ന കുട്ടികളെയാണ് കേന്ദ്രങ്ങളിലെത്തിക്കുക. രക്ഷിതാക്കൾ പൂർണമായും രോഗമുക്തരായി നിരീക്ഷണ കാലാവധി കഴിഞ്ഞശേഷം കുട്ടികളെ കൈമാറും.

കുട്ടികൾക്ക് പഠനം തുടരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. വനിതാ ശിശു വികസന ജില്ലാ ഓഫീസർമാർ, ശിശുസംരക്ഷണ ഓഫീസർമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം.

Content Highlights: Covid19, Corona Virus, Health, Covid patients, Kids