Photos: G. Sivaprasad, AFP
അസമില്‍ ഒരു കുട്ടിഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ തലങ്ങും വിലങ്ങും മര്‍ദിക്കുന്ന സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോല്‍ മലയാളി പറഞ്ഞു- ദക്ഷിണേന്ത്യയില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല. കുറച്ചു ദിവസങ്ങള്‍ക്കകം ഈ നാടകം കര്‍ണാടകയില്‍ അരങ്ങേറിയപ്പോള്‍ മലയാളി പറഞ്ഞു- കേരളത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല. നൂറുശതമാനം സാക്ഷരത, പ്രബുദ്ധരായ ജനങ്ങള്‍, ദൈവത്തിന്റെ സ്വന്തം നാട്, ഇവിടെ ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് എന്റെ മനസ്സും ഏറ്റു പറഞ്ഞു. എന്നാല്‍, ഇക്കഴിഞ്ഞ ആഴ്ച മാവേലിക്കരയില്‍ ഒരു ഡോക്ടറെ ഒരാള്‍-വെറുതെ ഒരാളല്ല, ഒരു പോലീസ് ഉദ്യോഗസ്ഥന്- മര്‍ദിച്ച വാര്‍ത്ത വായിച്ചപ്പോള്‍ സങ്കടം തോന്നി. മാനുഷരെല്ലാരുമൊന്നു പോലെ എന്ന് ഉറക്കെ പാടണമെന്ന് തോന്നി. മാവേലിയെ ഓര്‍ത്ത് ആ പാട്ട് മനസ്സിലൊതുക്കി.
ഡോക്ടര്‍മാരാരും ദൈവങ്ങളല്ല. പഠിച്ച, അഭ്യസിച്ച ഒരു ശാസ്ത്രം വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നതിനപ്പുറം അമാനുഷികമായ ഒരു കഴിവും ഒരു ഡോക്ടര്ക്കുമില്ല. അക്കാര്യം പൊതുജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. വളരെ സങ്കീര്‍ണമാണ് ആരോഗ്യശാസ്ത്രം. ഓരോ മനുഷ്യനും ഓരോ തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വ്യത്യസ്തരായിരിക്കും. അതുകൊണ്ടു തന്നെ ശരീരത്തിന്റെ പ്രതികരണങ്ങളിലും ആ വ്യത്യാസമുണ്ടാവും. ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യശരീരം പോലെ വിഭിന്നമായ വ്യത്യസ്തമായ മറ്റൊരു സൃഷ്ടി ഈ ലോകത്തിലില്ല. ആ മേഖലയില്‍ ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാരെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഒന്നു ചിന്തിച്ചിരുന്നെങ്കില്‍...ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞാനും ആശിച്ചു പോവുകയാണ്.
സ്കൂള്‍ ജീവിതവും കലാലയ ജീവിതവുമൊന്നും ആസ്വദിക്കാന്‍ സമയവും സന്ദര്‍ഭവും ലഭിക്കാതെ, തുള്ളിത്തിമിര്ക്കേണ്ട യുവത്വം അടക്കം മെഡിക്കല്‍ വിദ്യാഭ്യാസത്തിനു മുന്നില്‍ അടിയറ വെക്കേണ്ടി വരുന്ന ഒരു പറ്റം മനുഷ്യരാണ് നിങ്ങള്‍ കാണുന്ന ഡോക്ടര്‍മാര്‍ എന്നത് ഒരു സത്യം മാത്രമാണ്. പ്രത്യേകിച്ചും പുതിയ തലമുറയിലെ ഡോക്ടര്‍മാര്‍. എന്‍ട്രന്‍സ് പഠനം, മാറിമാറിയുള്ള പരീക്ഷകള്‍, നിരന്തര പരീക്ഷണങ്ങള്‍... കടമ്പകള്‍ ഏറെക്കടന്നാണ് നല്ലൊരു ശതമാനം ഡോക്ടര്‍മാരും പ്രാഥമിക ഡിഗ്രിയുമായി സമൂഹത്തിലേക്ക് കടന്നു വരുന്നത്. പ്രൊഫഷനല്‍ തലത്തില്‍ കൂടുതല്‍ മികവിലേക്ക് എത്തണമെങ്കില്‍ ഇത് മാത്രം മതിയാവില്ല എന്ന് പെട്ടെന്നു തന്നെ അവര്‍ തിരിച്ചറിയും. പിന്നെ ഭാവി പഠനങ്ങള്‍ക്കും പരിപാടികള്‍ക്കും വേണ്ടിയുള്ള നെട്ടോട്ടമായി.
എങ്ങനെയും ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി സമ്പാദിക്കണം എന്നത് അവരെ മാനസികമായി വേട്ടയാടിത്തുടങ്ങും. വീണ്ടും എന്‍ട്രന്‍സ് പഠനം, പരീക്ഷകള്‍, പരീക്ഷണങ്ങള്‍... കുടുംബം, ജോലി തുടങ്ങി മറ്റെല്ലാവര്‍ക്കുമുള്ള പ്രാരബ്ധങ്ങള്‍ ഒട്ടും കുറവില്ലാതെ ഡോക്ടര്‍മാര്‍ക്കുമുണ്ട് ഈ സമയത്ത്. അടുത്ത ഡിഗ്രിയുമായി പുറത്തിറങ്ങുമ്പോഴേക്ക് മിക്കവരുടെയും പ്രായം മുപ്പതിനോടടുത്തു കാണും. പഠനത്തില്‍ പിറകോട്ടു നിന്നിരുന്ന സഹപാഠികള്‍ പലരും സ്വന്തം കാറിലും ഫ്ളാറ്റിലുമായി ഭാര്യയും കുഞ്ഞുങ്ങളുമൊത്ത് ഉല്ലസിച്ച് ജീവിക്കുമ്പോള്‍, താന്‍ എവിടെയുമെത്തിയിട്ടില്ലല്ലോ എന്ന ചിന്ത വീണ്ടും ഡോക്ടറുടെ മനസ്സിനെ അസ്വസ്ഥമാക്കും. നാടോടുമ്പോള്‍ നടുവേ ഓടണം എന്ന തത്ത്വം പോലെ കൂട്ടുകാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലേക്കും ഫെല്ലോഷിപ്പുകളിലേക്കുമുള്ള ഓട്ടം തുടങ്ങുമ്പോള്‍ താനും ഓടിയേ മതിയാവൂ എന്ന അവനും എത്തിപ്പെടുന്നു. പിന്നെയും പഠനം, പരീക്ഷകള്‍, പരീക്ഷണങ്ങള്‍... പഠനം ഒരു ഘട്ടത്തിലെത്തിച്ച് പുറത്തിറങ്ങുമ്പോള്‍ വയസ്സ് 35. കണ്ണാടി നോക്കാന്‍ പേടിയായിത്തുടങ്ങിയിട്ടുണ്ടാവും. മുന്നിലെ മുടികള്‍ നരച്ചുതുടങ്ങിയെന്നു കാണുമ്പോള്‍ താന്‍ ഇപ്പോഴും വിദ്യാര്‍ഥിയാണല്ലോ.. ജീവിക്കാന്‍ തുടങ്ങുന്നേയുള്ളല്ലോ എന്ന ചിന്ത അവരെ വിടാതെ പിന്തുടരും. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച ഒരു വിഭാഗം ഇതില്‍ നിന്നെല്ലാം വ്യത്യസ്തരാണ് എന്ന സത്യം ഞാന്‍ മറച്ചു വെക്കുന്നില്ല. അതു പക്ഷേ, എല്ലാ രംഗങ്ങളിലുമുണ്ടല്ലോ അത്തരക്കാര്‍. ഡോക്ടര്മാര്ക്കിടയിലുമുണ്ട് അങ്ങനെയുള്ള ചെറിയൊരു വിഭാഗം പേര്. ചെറിയൊരു വിഭാഗം മാത്രം. കേരളത്തില്‍ എം.ബി.ബി.എസ്. പഠിച്ചു പാസാകുന്നവരില് ഭൂരിപക്ഷവും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ്.
ഈ നീണ്ട പഠനമെല്ലാം കഴിഞ്ഞ് ആശുപത്രി ജീവിതം ആരംഭിക്കുന്നത് വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമായിരിക്കും. താന്‍ അഭ്യസിക്കുന്ന വിദ്യ ഉപയോഗപ്പെടുത്തി കുറേപ്പേരുടെയെങ്കിലും അസുഖം ചികിത്സിച്ചു ഭേദമാക്കണമെന്നും തിരികെ ആരോഗ്യകരമായൊരു ജീവിതത്തിലേക്ക് കൊണ്ടു വരണമെന്നും ആഗ്രഹിച്ചു കൊണ്ടാണ് ഭൂരിഭാഗം ഡോക്ടര്‍മാരും അവരുടെ പ്രൊഫഷനല്‍ ജീവിതം ആരംഭിക്കുന്നത്. ചികിത്സ തേടി മുന്നിലെത്തുന്ന ഒരു രോഗിയെയും മനസാ വാചാ കര്‍മണാ ഉപദ്രവിക്കണമെന്നോ നശിപ്പിക്കണമെന്നോ ആഗ്രഹിക്കുന്ന ഒരു ഡോക്ടറും ഒരു ചികിത്സാ മേഖലയിലും ഉണ്ടാവാന്‍ സാധ്യതയില്ല. തന്റെ പഠനകാലത്ത് അവര്‍ അറിഞ്ഞോ അറിയാതെയോ ലഭിക്കുന്ന ഒരു വലിയ മനസ്സാണത്. പക്ഷേ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും ആവേശവും കെട്ടടങ്ങുന്ന സമീപനമാണ്, അനുഭവങ്ങളാണ് മിക്കപ്പോഴും അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. താന്‍ പഠിച്ചതിന്റെ, അഭ്യസിച്ചതിന്റെ പത്തു ശതമാനം പോലും പ്രായോഗികമാക്കാന്‍ അവസരം ലഭിക്കാത്ത ആശുപത്രി സംവിധാനവും അതിനനുവദിക്കാത്ത പ്രൊഫഷനല്‍ സീനിയര്‍മാരുണ്ടെങ്കില്‍ അവരുടെ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കും.
പലതരം പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഓരോ ഡോക്ടറും ജോലി ചെയ്യുന്നത് എന്ന സത്യം പൊതുജനങ്ങള്‍ അറിയാറില്ല, മനസ്സിലാക്കാറില്ല-ഭരണാധികാരികളാകട്ടെ ഇതൊന്നും തീരെ അറിയുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്യാറില്ല. നിയമ പരിരക്ഷ പോലും നിഷേധിക്കപ്പെടുന്ന അനുഭവങ്ങളിലൂടെയുള്ള ഒരു പ്രൊഫഷനല്‍ യാത്രയ്ക്കിടയിലാണ് രോഗികളുടെയും ബന്ധുക്കളുടെയും മൃഗീയ വികാരങ്ങള്‍ക്കും പെട്ടെന്നുള്ള തോന്നലുകള്‍ മൂലമെന്ന ന്യായവാദത്തില്‍ നടത്തുന്ന മൃഗീയ മര്‍ദനങ്ങള്‍ക്കും ഇരയാകേണ്ട ദയനീയ സാഹചര്യം ഡോക്ടര്മാര്ക്കുണ്ടാകുന്നത്. അത്തരം ഒരു ഹീനകൃത്യത്തിനു മുതിരുന്നതിനു മുമ്പ് ഒരു മാത്ര ചിന്തിക്കാന്‍ ആ ഹീനമനസ്കര്ക്കു കഴിയുമോ! നിങ്ങളുടെ അച്ഛനമ്മമാരുടെയോ സഹോദരീ സഹോദരന്മാരുടെയോ മക്കളുടെയോ സ്ഥാനത്ത് ഒരു നിമിഷം ആ ഡോക്ടറെ സങ്കല്പിക്കുക. ചെയ്യാത്ത കുറ്റത്തിന്, എന്തിന് മനസ്സില്‍ സങ്കല്പിക്കുക പോലും ചെയ്തിട്ടാല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് നിങ്ങള്‍ ഒരു നിരപരാധിയെ തികച്ചും അന്യായമായ വിധത്തില്‍ ശിക്ഷിക്കുന്നത് എന്നോര്‍ക്കുക. നിങ്ങള്‍ ചെയ്യുന്ന അത്തരം പ്രവര്‍ത്തികള്‍ കൊണ്ട് നിങ്ങള്‍ക്കും സമൂഹത്തിനും നഷ്ടപ്പെടുന്നത് എന്താണെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ! നല്ല ഡോക്ടര്‍മാരെ നഷ്ടപ്പെടും. ഡോക്ടര്‍മാരുടെ നല്ല മനസ്സ് നഷ്ടപ്പെടും. ഈ മേഖലയിലേക്ക് കടന്നു വരാന്‍ മിടുക്കരായ ആളുകള്‍ ഒന്നു മടിച്ചു നില്ക്കും.
തന്റെ മുന്നിലിരിക്കുന്ന ഓരോ രോഗിയെയും അവര്‍ക്കൊപ്പമുള്ള ബന്ധുക്കളെയും തന്റെ ശത്രുവാകാന്‍ സാധ്യതയുള്ളവരായി കാണാന്‍ ഡോക്ടര്‍മാര്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു. പരിണത ഫലമോ! സ്വന്തം രക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ചികിത്സിക്കാന്‍ മുതിരുന്ന ഒരു പുതിയ തലമുറ ഡോക്ടര്‍മാരുടെ ഉദയം കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിനെ വിശേഷിപ്പിക്കുന്നത് ഡിഫന്‍സീവ് മെഡിസിന് എന്നാണ്. ഇത് അപകടരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഈ മേഖലയെ നയിക്കുന്നത്. ഇതിനുത്തരവാദികള്‍ പൊതുജനവും പൊതുസമൂഹവുമാണ്. അസമിലെയും കര്‍ണാടകത്തിലെയും മാവേലിക്കരയിലെയും പൊതുജനങ്ങള്‍. ഡോക്ടറെ തല്ലിയാലും ഒരു പ്രശ്നവും വരില്ലെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഭരണകൂടവും.
ഇനി...
കുട്ടി ഡോക്ടര്‍മാരും ഈ മേഖലയിലേക്ക് കടന്നു വരാന്‍ തയ്യാറെടുക്കുന്നവരും അവരുടെ ബന്ധുമിത്രാദികളും അറിയാന്‍...
നമ്മള് ഇതുവരെ പറഞ്ഞ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെങ്കിലും ഇത് അപൂര്‍വമായി മാത്രമുള്ളതാണെന്നറിയണം. ആഹ്ലാദത്തോടെ ജോലി ചെയ്യാവുന്നതും ജോലിയുടെ സംതൃപ്തി അനുഭവിക്കാന്‍ കഴിയുന്നതുമായ ഒരു മേഖല തന്നെയാണ് ഡോക്ടറുടെ പ്രൊഫഷന് ഇപ്പോഴും. ആ ആസ്വാദനം ധനത്തിലൂടെയും ധൂര്‍ത്തിലൂടെയും ആഡംബരജീവിതത്തിലൂടെയുമല്ല എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്.
കഴിഞ്ഞ ദിവസം നടന്ന ഒരു ചെറിയ സംഭവം പറയട്ടെ- നാലു വയസ്സുകാരിയായ ഒരു കൊച്ചുമിടുക്കിയെ കണ്ടു. അവള് രക്താര്‍ബുദം ബാധിച്ച് ചികിത്സയിലാണ്. രാവിലെ പെട്ടെന്ന് പനിയും അപസ്മാരവും വന്ന് അവള് അബോധാവസ്ഥയിലായി. മരുന്നു നല്കുമ്പോള് മനസ്സുരുകി പ്രാര്‍ഥിച്ചു. അവള്‍ക്ക് അപകടമൊന്നും സംഭവിക്കല്ലേ ദൈവമേ എന്ന്! ഉച്ചയായപ്പോള്‍ എന്റെ ഫോണില്‍ റിയയുടെ ശബ്ദം- അങ്കിളേ ഞാന്‍ എഴുന്നേറ്റു. നല്ല ഫ്രഷ് ആയി. അങ്കിള്‍ ഊണു കഴിച്ചോ... ഞാന്‍ അങ്കിളിനെ കാണാന്‍ ഒ.പി.യില്‍ വരട്ടേ... കളങ്കമില്ലാത്ത ഇത്തരം സ്നേഹാനുഭവം മതി ജീവിതം ധന്യമാകാന്‍. ഇത്തരം ധാരാളം അനുഭവങ്ങളും ധന്യമുഹൂര്‍ത്തങ്ങളും ജീവിതത്തിലുടനീളം ഓരോ ദിവസവും അനുഭവിച്ചു മുന്നേറാന്‍ അവസരം ലഭിക്കുന്ന മറ്റൊരു പ്രൊഫഷനും ഈ ഭൂമിയിലില്ല.
ഭൂരിഭാഗം രോഗികളും ബന്ധുക്കളും ഇന്നും ചികിത്സിക്കുന്ന/ചികിത്സിച്ച ഡോക്ടറുടെ നല്ല സുഹൃത്തുക്കളായി മാറുന്ന പ്രവണത തന്നെയാണുള്ളത്. അതിനിടയില്‍ കുറച്ച് അപസ്വരങ്ങള്‍ - ഇതിനൊക്കെ അപവാദമെന്ന് വിശേഷിപ്പിക്കാവുന്ന ക്രിമിനല്‍ മനസ്സുള്ളവര്‍ ഉണ്ടാകും. അതൊരു ന്യൂനപക്ഷമാണെന്ന് മനസ്സിലാക്കിയാല്‍ മതി. എന്റെ അനുഭവം അതാണ്. അത്തരക്കാരെ പക്ഷേ, മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടവും സമൂഹവും തയ്യാറാകണം.
താമസിച്ചാണ് ജീവിതം ആരംഭിക്കുന്നതെങ്കിലും മുരടിക്കാതെ മുന്നോട്ടു പോകാന്‍ മനസ്സു നല്കുന്ന ഒരു പ്രൊഫഷന് തന്നെയാണ് ഡോക്ടര്‍മാരുടേത്. നേരത്തേ ആരംഭിക്കുമെങ്കിലും 40 - 45 വയസ്സാകുമ്പോഴേക്ക് ഇനി എന്തു ചെയ്യാന്‍! യാന്ത്രികമായ പ്രൊഫഷണല്‍ ജീവിതം മടുത്തു എന്നൊക്കെ മറ്റു പല മേഖലകളിലും ജോലി ചെയ്യുന്ന നമ്മുടെ കൂട്ടുകാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും. പലരും പുതിയ മേഖലകള്‍ കണ്ടെത്തി ചേക്കേറാന്‍ ശ്രമിക്കും. പക്ഷേ, അന്‍പതു വര്‍ഷം കഴിഞ്ഞാലും ഒരു മടുപ്പുമില്ലാതെ ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയോടെ മരണം വരെ ജീവിക്കാന്‍ സാധിക്കുന്ന ഒരു അനുഗൃഹീത തൊഴില്‍മേഖലയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതോ തെരഞ്ഞെടുക്കാന്‍ പോകുന്നതോ ആയ ഈ ഡോക്ടര്‍ പ്രൊഫഷന് എന്ന് തിരിച്ചറിയുക. നിങ്ങള്‍ സമൂഹത്തിലെ ഓരോ മനുഷ്യര്‍ക്കും വേണ്ടി, സമൂഹത്തിന്റെ ഭാഗമായി ജീവിക്കുക. സമൂഹം നിങ്ങളുടെ കൂടെയുണ്ടാകും. അതിനിടയില്‍ ചില അപസ്വരങ്ങളോ അപവാദങ്ങളോ ഉണ്ടാകുമ്പോള്‍ എല്ലാവരും അസ്വസ്ഥരാകും. അപ്പോള്‍ പ്രശ്നങ്ങളെ കൃത്യമായും ശക്തമായും നേരിടണം.
ഡോക്ടര്‍മാര്‍ സമൂഹത്തിന്റെ പൊതുസ്വത്താണ്. വിലമതിക്കാനാകാത്ത ഒരു സമ്പത്ത്. അവരെ നോവിക്കരുത്. അവരുടെ മനസ്സ് നൊമ്പരപ്പെടുത്തരുത്. അവര്‍ക്കെതിരേയുള്ള ഒരു നീക്കത്തിനും ജനവും ഭരണകൂടവും കൂട്ടുനില്‍ക്കരുത്. ഭരണകൂടവും നിയമവ്യവസ്ഥയും നിയമപാലകരുമെല്ലാം ഡോക്ടര്‍മാര്‍ക്ക് പിന്തുണയും സംരക്ഷണവും നല്കാന് മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിയമപാലകരും ഭരണകൂടവും അതു ചെയ്യുന്നില്ലെങ്കില്‍....
Content Highlights: Snehaganga, Dr.V.P. Gangadharan writes about attack against doctors, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..