ഡോ.വി.പി.ഗംഗാധരൻ | കെ.കെ. സന്തോഷ്
രാത്രി താമസിച്ചാണ് ഒ.പി. കഴിഞ്ഞത്. അതു കൊണ്ടുതന്നെ വീടെത്താനും താമസിച്ചു. വിളമ്പി വെച്ചിരുന്ന അത്താഴവും അകത്താക്കി ടി.വി.യുടെ മുന്നില്‍ ചെന്നിരുന്നു. എല്ലാ ചാനലുകളിലും തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ മാത്രം. സീറ്റു ലഭിച്ചവര്‍ ആഹ്ലാദം പങ്കിടുമ്പോള്‍ സീറ്റു കിട്ടാത്തവര്‍ രോഷം പ്രകടിപ്പിച്ചും നേതാക്കന്മാരുടെ കോലം കത്തിച്ചും പ്രതിഷേധം വിളിച്ചറിയിക്കുന്നു. ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ സ്വയം തിരഞ്ഞെടുത്ത് നിലയുറപ്പിച്ച നേതാക്കന്മാര്‍, പാര്‍ട്ടി പറയുന്ന ഏതു മണ്ഡലത്തിലും നില്‍ക്കാന്‍ ബാധ്യസ്ഥരെന്ന് വിശേഷിപ്പിച്ച് മല്‍സരത്തിനിറങ്ങാന്‍ കച്ച കെട്ടി നില്‍ക്കുന്ന യുവതുര്‍ക്കികള്‍, സ്ത്രീപ്രാതിനിധ്യത്തിന് അംഗീകാരം കിട്ടുമെന്ന മിഥ്യയില്‍ വിശ്വാസമര്‍പ്പിച്ച് അരയും തലയും മുറുക്കി മണ്ഡലത്തില്‍ കണ്ണും നട്ടിരിക്കുന്ന വനിതാ നേതാക്കള്‍, ഒരു സീറ്റിനായി പരക്കം പായുന്ന പ്രാദേശിക നേതാക്കള്‍, തലതൊട്ടപ്പന്മാരില്ലാത്തതിനാല്‍ ഒരു മണ്ഡലത്തില്‍ നിന്ന് തൊട്ടടുത്ത മണ്ഡലത്തിലേക്ക് കാല്‍പ്പന്തു കണക്കെ തട്ടിത്തെറിപ്പിക്കപ്പെടുന്നവര്‍, മുഖ്യമന്ത്രി പദം മാത്രം സ്വപ്‌നം കണ്ടു കൊണ്ട് നടക്കുന്ന അറുപതും എഴുപതും കഴിഞ്ഞ യുവനേതാക്കള്‍, പരസഹായമില്ലാതെ ഒരടി പോലും മുന്നോട്ടു വെക്കാന്‍ സാധിക്കില്ലെങ്കിലും ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് തനിക്ക് എന്ന് വിശ്വസിക്കുന്ന അപ്പനപ്പൂപ്പന്മാര്‍ എന്നിങ്ങനെ എല്ലാ തരക്കാരും ഈ ഗോദായിലുണ്ട് എന്നറിയുമ്പോള്‍ മനസ്സിലുണ്ടാകുന്ന വികാരം എന്ത് എന്നു വിശദീകരിക്കാന്‍ പ്രയാസം. സംസ്ഥാനത്തെ കോവിഡിന്റെ സ്‌കോര്‍ കൂടി കേട്ടപ്പോഴേക്കും ഉറക്കം കണ്ണുകളെ കീഴ്‌പ്പെടുത്തിത്തുടങ്ങിയിരുന്നു.
നീ ഇപ്രാവശ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കണം- പരിചയമുള്ള ചില ശബ്ദങ്ങള്‍ കേട്ടാണ് ഞാന്‍ പിറകോട്ട് നോക്കിയത്. കൈയില്‍ കൊടികളുമായി എന്റെ പിന്നില്‍ കുറേ പ്രവര്‍ത്തകര്‍. ആരുടെയും മുഖം വ്യക്തമല്ല. കൊടിയുടെ നിറവും അവ്യക്തം. ഗംഗ നില്‍ക്കണം- സാര്‍ ഇക്കുറി തീര്‍ച്ചയായും മത്സരിക്കണം. ചേട്ടന് ഇക്കുറി ഇല്ല എന്ന് പറയരുത്- കരച്ചിലടക്കി ഒരു സ്ത്രീ ശബ്ദം. ഡോക്ടര്‍ ധൈര്യമായി നില്‍ക്ക് ഞങ്ങളുണ്ട് കൂടെ. എല്ലാവരും കൂടി എന്നെ വളഞ്ഞിരിക്കുകയാണ്. അതിന് എനിക്കും ഞാന്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കും മതവും രാഷ്ട്രീയവും ഒന്നുമില്ലല്ലോ! പിന്നെ എങ്ങനെ ഞാന്‍... ഞാനത് മുഴുമിക്കുന്നതിനു മുമ്പ് ആരൊക്കെയോ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേട്ടു. ഇപ്പോള്‍ തീരുമാനിക്കുന്ന രാഷ്ട്രീയം മതി. അതു നമുക്ക് മുന്‍പോട്ടും പിറകോട്ടും വലിച്ചു നീട്ടാവുന്നതല്ലേയുള്ളൂ! രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാന്‍ വരെ ഇതൊക്കെ മതി. ജനിച്ചു വീണതു തന്നെ രാഷ്ട്രീയത്തൊട്ടിലില്‍. എന്താ ഇത് പോരേ?
ഞാന്‍ രാഷ്ട്രീയം പഠിച്ചത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞിരുന്ന കാലത്താണ്. ഒളിവില്‍ കഴിഞ്ഞിരുന്ന അച്ഛന്‍ അമ്മയുടെ ചെവിയില്‍ ഓതിക്കൊടുത്ത രാഷ്ട്രീയ മുദ്രാവാക്യങ്ങളും കേട്ടാണ് ഞാന്‍ ആ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നത്. ആരാരോ പാടിയുറക്കുന്നതിനു പകരം മുദ്രാവാക്യങ്ങള്‍ പാടിയാണ് അമ്മയെന്നെ ഉറക്കിയിരുന്നത്. ഇത്രയൊക്കെ പോരേ രാഷ്ട്രീയത്തിലിറങ്ങാന്‍? ഒരു സ്ഥാനാര്‍ഥിത്വം അവകാശപ്പെടാന്‍? തിരഞ്ഞെടുപ്പു ഗോദായിലിറങ്ങാന്‍? എന്റെ ചുറ്റും വീണ്ടും അനേകരുടെ സ്വരങ്ങള്‍...
നില്‍ക്കാം.. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നില്‍ക്കാം. ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. നിങ്ങളില്ലാതെ എനിക്കെന്തു ജീവിതം? ഞാനൊരു രാഷ്ട്രീയക്കാരനായി മാറിക്കഴിഞ്ഞിരുന്നു. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് കൈ കൂപ്പി ഒരും 70എം.എം. ചിരിയുമായി ഞാന്‍ വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. ഒന്നാം ദിവസത്തെ പ്രചാരണ യാത്രകള്‍ക്കു ശേഷം വിശ്രമിക്കുമ്പോള്‍ ഏകകണ്ഠമായ ഒരു അഭിപ്രായം അണികള്‍ പങ്കുവെച്ചു. സാറിന്റെ ഈ യാത്രകള്‍ക്ക് മൂര്‍ച്ച പോരാ. സാറിനെ ആരെങ്കിലും ഇതിനു വേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ പഠിപ്പിക്കണം, എന്നാലേ വോട്ട് പെട്ടിയില്‍ വീഴൂ.
അങ്ങനെയാണ് എഴുപതു കഴിഞ്ഞ ഒരു യുവനേതാവ് എന്നെ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് വിദ്യകളും പഠിപ്പിക്കാനെത്തുന്നത്. ഞാന്‍ അദ്ദേഹത്തിന് ഗുരുദക്ഷിണ നല്‍കി എന്റെ വിദ്യാരംഭത്തിന് തിരിതെളിച്ചു.
പാഠം ഒന്ന്-എളിമ. ഗുരു ക്ലാസ്സ് ആരംഭിച്ചു. എളിമ രക്തത്തില്‍ അലിഞ്ഞു ചേരണം. രണ്ടു മാസമെങ്കിലും അതിന്റെ പൊലിമ നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം. കൈകൂപ്പലിന് സ്വാഭാവികത പോരാ. കൈകള്‍ കുറേക്കൂടി മുകളിലേക്കാക്കി ഇങ്ങനെ... അദ്ദേഹം കാണിച്ചു തന്നു. ചുണ്ടുകള്‍ സ്വല്പം കോടിയാലും കുഴപ്പമില്ല- ചിരി മായാതെ നോക്കണം. ആരെ കണ്ടാലും വര്‍ഷങ്ങളുടെ പരിചയെ നടിക്കണം.
കുടുംബവിശേഷങ്ങള്‍ അന്വേഷിക്കണം. അതിനിടയില്‍ കൂടെ നില്‍ക്കുന്ന അണികള്‍ ചെവിയില്‍ അവരുടെ പേര് മന്ത്രിച്ചു തരണം. പേരു ചേര്‍ത്ത് ചേട്ടാ, ചേച്ചീ, അച്ഛാ, അമ്മേ... എന്ന് വിളിക്കുമ്പോള്‍ വോട്ടര്‍മാര്‍ അന്തം വിടണം. ഞാന്‍ അറിയാതെ കോട്ടുവായ് വിട്ടു പോയി. അതുകണ്ട് അദ്ദേഹം പറഞ്ഞു- ഒരിക്കലും തളരരുത്. ഒന്നും മനസ്സിലെ തളര്‍ത്തരുത്. ആരോപണങ്ങള്‍ തൊലിപ്പുറത്ത് തട്ടിത്തെറിച്ചു പോകാനുള്ള തൊലിക്കട്ടി ആര്‍ജിക്കണം. പ്രത്യാരോപണങ്ങളായി അവയെ തിരിച്ചു വിടാനുള്ള തന്ത്രങ്ങള്‍ മെനയണം. ശരീരത്തിന്റെ പ്രായത്തെ മനസ്സിന്റെ ഇച്ഛാശക്തി കൊണ്ട് ചെറുപ്പമാക്കണം. മനസ്സിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കണം.
ഉറക്കം തൂങ്ങിത്തുടങ്ങിയിരുന്ന എന്നെ നോക്കി ഗുരു തുടര്‍ന്നു. തിരഞ്ഞെടുപ്പു കഴിയുന്നതു വരെ ഇനി ഊണും ഉറക്കവുമില്ലാത്ത ദിവസങ്ങളാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും അടുത്ത തിരഞ്ഞെടുപ്പു വരെ സുഖമായി ഉറങ്ങാം. പക്ഷേ, ഭക്ഷണം സുഭിക്ഷമാകണമെങ്കില്‍ ജയിച്ചേ മതിയാകൂ.
മരത്തില്‍ ഏണി ചാരി വെച്ച് കുരുമുളക് പറിക്കാന്‍ കയറ്റുന്ന ദാമുവിനെ കൈ ചൂണ്ടി ഗുരു ആവേശഭരിതനായി തുടര്‍ന്നു. രാഷ്ട്രീയത്തിലെ സ്ഥാനക്കയറ്റങ്ങള്‍ ഇങ്ങനെയായിരിക്കണം. താഴത്തെ പടിയില്‍ കയറാന്‍ ശ്രമിക്കുന്നവനെ ചവിട്ടിത്താഴെയിടണം. അങ്ങനെ, ആ ഏണിയില്‍ നീ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ആ ഏണിയില്‍ നിനക്ക് നിലനില്പില്ല എന്ന് തിരിച്ചറിയേണ്ട താമസം. കാല് മാറ്റിച്ചവിട്ടണം. കാല് മാറാന്‍ പഠിക്കണം. അതുവരെ നീ തെറി വിളിച്ചിരുന്ന എതിര്‍ പാര്‍ട്ടിയിലേക്ക് ഒരു സങ്കോചവുമില്ലാതെ ചാടണം. രാഷ്ട്രീയത്തില്‍ സ്ഥിരം വൈരികളില്ല. നീ എന്നെങ്കിലും മലബാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടോ? പഴയ കണ്ണൂര്‍ എക്‌സ്പ്രസിലോ മലബാര്‍ എക്‌സ്പ്രസിലോ ഒരിക്കല്‍ യാത്ര ചെയ്യണം. പാര്‍ട്ടി ഭേദമന്യേ എന്തൊരു ഒത്തൊരുമയോടെയാണ് രാത്രിഭക്ഷണം പങ്കു വെച്ച് അവര്‍ യാത്ര ചെയ്യുന്നത് എന്ന് നീ ഒന്നു പഠിക്കണം. അടുത്ത ദിവസം അസംബ്ലിയിലും പൊതുവേദിയിലും പരസ്പരം കടിച്ചു കീറുന്നവര്‍ ഒരേ കോഴിയുടെ കാല്‍ കടിച്ചു കീറി ആസ്വദിച്ചു ഭക്ഷിക്കുന്നത് ഒന്നു കാണേണ്ടതു തന്നെയാണ്.
നിന്റെ മുഖഭാവം തീര്‍ത്തും പോരാ. ഗുരു എന്നെ വിമര്‍ശിച്ചു തുടങ്ങി. ഭാവങ്ങള്‍ നിമിഷങ്ങള്‍ക്കകം മുഖത്ത് മിന്നിമറയണം. സന്തോഷം, സങ്കടം, കരച്ചില്‍ എന്നു വേണ്ട നവരസങ്ങളെല്ലാം അഭിനയിച്ച് ഫലിപ്പിക്കാന്‍ പഠിക്കണം. മരണവീടുകള്‍ കയറിയിറങ്ങണം. അവരുടെ ദുഃഖത്തില്‍ നിന്റെ മുഖഭാവത്തിലൂടെ പങ്കുകൊള്ളണം. വിളിക്കാത്ത വിവാഹ സദ്യകളില്‍ സന്തോഷത്തോടെ പങ്കെടുക്കണം. മുഖത്തെ ജാള്യഭാവം ചിരിയിലൂടെ മറയ്ക്കണം. കൊച്ചു കുട്ടികളെ കണ്ടാല്‍ വാരിപ്പുണരണം. സ്വന്തം കുട്ടികളെ പോലും താലോലിച്ചിട്ടില്ലാത്ത നീ അവരെ താലോലിക്കണം. ആ കുഞ്ഞിന്റെ മുക്കള ചീറ്റിക്കളയാന്‍ ഒരു സങ്കോചവുമരുത്. അബദ്ധവശാല്‍ കുഞ്ഞ് മൂത്രമൊഴിച്ചാല്‍ ലാഘവത്തോടെ അത് ഷര്‍ട്ടില്‍ നിന്ന് തെറിപ്പിച്ചു കളഞ്ഞുകൊണ്ട് പറയണം- സാരമില്ല കുഞ്ഞല്ലേ! അപ്പോഴും നിന്റെ സ്വരത്തില്‍ ഒരു നീരസവും പാടില്ല. മുഖത്തെ ചിരി മായാനും പാടില്ല.
ഇതിനെക്കാളെല്ലാം പ്രധാനമാണ് വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ പഠിക്കുക എന്നത്. ഗുരു പതുക്കെ എഴുന്നേറ്റു. നീ പറയുന്നതും പ്രസംഗിക്കുന്നതും എന്താണെന്ന് പൊതുജനങ്ങള്‍ക്ക് മനസ്സിലാകരുത്. അവര്‍ മനസ്സിലാക്കരുത്. ഇതില്‍ പലതും അടുത്ത ദിവസം നിഷേധിക്കേണ്ടി വരും എന്നും മാറ്റിപ്പറയേണ്ടി വരും എന്നും ഓര്‍ത്തു കൊണ്ടു വേണം ഓരോ വാക്കും ഉച്ചരിക്കാന്‍. പക്ഷേ, പ്രസംഗം ആവേശഭരിതമാകണം. കേട്ടിരിക്കുന്നവര്‍ മതിമറന്ന് കൈയടിക്കണം. പ്രസംഗവേദിയില്‍ നിന്നെ ഷാള്‍ അണിയിക്കാന്‍ അണികളെ തയ്യാറാക്കി നിര്‍ത്തണം. ആ ഷാള്‍ നീ ജനങ്ങളുടെ ഇടയിലേക്ക് എറിഞ്ഞു കൊടുക്കണം. ഷാളിന് നീ ചെലവാക്കിയ തുകയെക്കുറിച്ച് ഓര്‍ത്ത് ഒരിക്കലും വ്യാകുലപ്പെടരുത്. ആ ഷാള്‍ തിരികെ തരാന്‍ സാധ്യതയുള്ള അണികളുടെ നേരേ എറിയുന്നതില്‍ തെറ്റൊന്നുമില്ല.
പുറത്തേക്കിറങ്ങിയ ഗുരുവിനെ നോക്കി ഞാന്‍ ഒരു സംശയമുണര്‍ത്തിച്ചു- രാഷ്ട്രീയക്കളികളില്‍ ഇത്രയൊക്കെ പ്രാഗല്ഭ്യം നേടിയിട്ടും ഗുരുവിനെന്തേ മുന്നേറാന്‍ സാധിക്കാതെ പോയി? പെട്ടെന്ന് തിരിഞ്ഞു നിന്ന് ഗുരു പറഞ്ഞു- നേതാക്കന്മാരായ തന്തമാരില്ലാത്തതു കൊണ്ടു തന്നെ! അല്ലാതെന്തു പറയാന്‍! ഗുരുവിന്റെ യഥാര്‍ഥ ഭാഷ ഇപ്പോളാണ് വന്നത്! ആ വാക്കുകളില്‍ രോഷമുണ്ടായിരുന്നു. ആ മുഖത്ത് ഭാവഭേദങ്ങള്‍ മാറി മാറി മിന്നി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.
പെട്ടെന്ന് പുറകില്‍ നിന്ന് ആരോ ചവിട്ടിയതു പോലെ ഞാന്‍ ഉരുണ്ട് താഴെ വീണു. കളത്തിലിറങ്ങുമ്പോഴേക്ക് പിന്നില്‍ നിന്ന് ചവിട്ടിയോ! ഞാന്‍ ഞെട്ടിയുണര്‍ന്നു! എന്തു പറ്റി... എന്ന് ആകുലതയോടെ ചിത്രയുടെ ശബ്ദം! പൊടുന്നനെ ഞാന്‍ തിരഞ്ഞെടുപ്പിന്റെ മായികലോകത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്കുണര്‍ന്നു. ഏയ്... ഒന്നുമില്ല ഒന്ന് തെന്നിയതാ... മുഖത്തെ ജാള്യഭാവം പക്ഷേ, മറച്ചു വെക്കാന്‍ എനിക്ക് കഴിഞ്ഞില്ല...
ഇതിലൊന്നും കാര്യമില്ലെന്നറിഞ്ഞിട്ടാവും ചിത്ര കൂടുതല്‍ അന്വേഷിക്കാന്‍ നില്‍ക്കാതെ തിരിഞ്ഞു കിടന്ന് ഉറക്കം തുടങ്ങി!
Content Highlights: Snehaganga, Dr.V.P. Gangadharan speaks about elections, Health, Cancer Awareness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..