ഡോ.വി.പി.ഗംഗാധരൻ
സീനത്ത് 20 വയസ്സ്- രമ്യ സിസ്റ്റര്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി ഉച്ചത്തില്‍ നീട്ടി വിളിച്ചു. സീനത്തും വാപ്പയും എന്റെ മുറിയിലേക്ക് കയറിവന്നു. ഇത് നമ്മുടെ സീനത്ത് കുട്ടിയല്ലേ... എട്ടു വയസ്സുകാരി സീനത്ത് കുട്ടി. ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. ഇവള്‍ക്ക് ദേഷ്യം വരുമായിരുന്നു- സിസ്റ്റര്‍ മറന്നു പോയി അല്ലേ? ഞാന്‍ സിസ്റ്ററിനോട് ചോദിച്ചു. സീനത്ത് 18 വയസ്സ് അല്ലേ... എന്ന് ഞാന്‍ ചോദിക്കേണ്ട താമസം ഇവള് ചൂടാകും. എനിക്ക് 18 ആയില്ല എട്ടു വയസ്സാ... അവളുടെ മുഖം ദേഷ്യം കൊണ്ട് തുടുക്കും. അതു കാണാന്‍ വേണ്ടിത്തന്നെ ഞാന്‍ വീണ്ടും അവളുടെ വയസ്സ് 18 എന്ന് ആവര്‍ത്തിക്കും.
ആവോ... ഞാന്‍ മറന്നു പോയി സാറേ... രമ്യയുടെ മുഖത്ത് ജാള്യഭാവം.
പക്ഷേ, സീനത്തിന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ലായിരുന്നു. തികഞ്ഞ നിസ്സംഗത. ഞാന്‍ അത്ഭുതപ്പെട്ടു പോയി.
എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ സീനത്തിന്റെ വാപ്പ പറഞ്ഞു- ഓന് ഓളെ കഴിഞ്ഞാഴ്ച വീട്ടില്‍ കൊണ്ടാക്കീട്ട് പോയി സാറേ! അതാ ഞങ്ങളിപ്പോള്‍ സാറിനെ കാണാന്‍ വന്നത്. ഇവളുടെ അസുഖം മുഴുവനും മാറിയോ എന്ന് അറിയണം. ഇപ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും കൂടി അറിയണം. പള്ളീല് കൊടുക്കാന്‍ ഒരു സര്‍ട്ടിഫിക്കറ്റും വേണം. ഞാന്‍ അന്ധാളിച്ചിരുന്നു പോയി. വാപ്പ തുടര്‍ന്നു- ആറു മാസം മുമ്പാണ് ഓന് നിക്കാഹ് കഴിച്ച് ഇവളെ കൂട്ടിക്കൊണ്ടു പോയത്. കഴിഞ്ഞയാഴ്ച ഇവളുടെ കഴുത്തിലെ പാട് എന്താണെന്ന് ചോദിച്ചപ്പോള്‍ ഇവള് സത്യം പറഞ്ഞു. അപ്പോള്‍ത്തന്നെ ഓന് ഇവളെ വീട്ടില്‍ കൊണ്ടുവന്നാക്കി. ഇപ്പോള്‍ ഓന്റെ വീട്ടുകാരും അതു തന്നെ പറയുന്നു. ഇവള്‍ക്ക് കാന്‍സറാണെന്നും ഞങ്ങളെല്ലാവരും കൂടി അവരെ കളിപ്പിക്കുകയായിരുന്നു എന്നുമാണ് അവര്‍ നാട്ടിലെല്ലാം പറഞ്ഞു നടക്കുന്നത്. പള്ളീലും അവര്‍ കടലാസ് കൊടുത്തിട്ടുണ്ട്. അതിനു മറുപടി കൊടുക്കാനാണ് ഞാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞത്.
എന്തു മറുപടി പറയണം എന്നറിയാതെ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.
അതിന് നിനക്ക് കാന്‍സര്‍ ഉണ്ടായിരുന്നെന്ന് ആരു പറഞ്ഞു? ഞാന്‍ കുറച്ച് ഉറക്കെ വിളിച്ചു ചോദിച്ചത് സ്വയമറിയാതെയായിരുന്നു. അവളുടെ കേസ് ഷീറ്റ് മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ വീണ്ടും പറഞ്ഞു- നിനക്ക് കാന്‍സര്‍ ഇല്ലായിരുന്നു. അതു കൊണ്ടാണ് നിനക്ക് വേറേ പരിശോധനകള്‍ ഒന്നും ചെയ്യാതിരുന്നതും ഒരു ചികിത്സയും തരാതിരുന്നതും. ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
നിന്റെ കഴുത്തിലുണ്ടായിരുന്നത് കാന്‍സര്‍ അല്ലാത്ത ഒരു മറുക് ആയിരുന്നു. ഒരു പ്രത്യേക തരം മറുക് ആയതു കൊണ്ട് അത് വീണ്ടും വരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമാണ് വര്‍ഷത്തിലൊരിക്കല്‍ എന്നെ കാണാന്‍ വരണമെന്ന് പറഞ്ഞത്. അത് കാന്‍സറല്ല. കാന്‍സറായി മാറാന്‍ സാധ്യതയുള്ള തരത്തില്‍ പെട്ടതുമല്ല.
പരിശോധനയ്ക്ക് ശേഷം ഞാന്‍ അവളോടു പറഞ്ഞു- നിനക്ക് വിരോധമില്ലെങ്കില്‍ ഹസ്ബന്റിന്റെ നമ്പര്‍ എനിക്ക് തരൂ. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാം.
വേണ്ട ഡോക്ടറേ... വാപ്പയാണ് പറഞ്ഞത്.
പള്ളി തീരുമാനിക്കട്ടെ! ഡോക്ടറ് സര്‍ട്ടിഫിക്കറ്റ് തന്നാല്‍ മതി.
സര്‍ട്ടിഫിക്കറ്റും കൊടുത്ത് അവരെ യാത്രയാക്കിയപ്പോള്‍ പെട്ടെന്ന് ഒരു ഉള്‍വിളി... ഇവള് എന്തായിരിക്കും ഓനോട് പറഞ്ഞിട്ടുണ്ടാവുക!
ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചു-
സീനത്തേ, നീ എന്താ ഓനോട് പറഞ്ഞത്?
കഴുത്തിലെ വര എന്താന്ന് ചോദിച്ചപ്പഴാ ഞാന്‍ പറഞ്ഞത്. ചികിത്സയ്ക്ക് വന്നതും എല്ലാം പറഞ്ഞു. ഇപ്പോ ഒരു കൊയപ്പവുമില്ലെന്നും പറഞ്ഞു. അവള് സങ്കോചങ്ങളൊന്നുമില്ലാതെ പറഞ്ഞു.
നീ പറഞ്ഞത് എന്താണെന്ന് അതുപോലെയൊന്ന് പറ... എന്റെ ക്ഷമ നശിക്കുകയാണല്ലോ എന്ന് എനിക്കു തന്നെ തോന്നി.
ഞാന്‍ ഓനോട് കൃത്യായിട്ട് പറഞ്ഞു. ഒരു ചെറിയ കാന്‍സറേ ഉണ്ടായിരുന്നുള്ളൂ എന്നും അത് തൊലിപ്പുറത്തായിരുന്നു എന്നും ചെറിയ ഒരു ഓപ്പറേഷിനിലൂടെ അത് നീക്കിയെന്നും പിന്നെ കൊയപ്പമൊന്നുമില്ലെന്നും ഞാന്‍ പറഞ്ഞു. ഓന് അത് വിശ്വാസം വരുന്നില്ല. നീ നിന്റെ വീട്ടി പൊക്കോ എന്നു പറഞ്ഞ് എന്നെ വാപ്പാന്റെയടുത്ത് വിട്ടു.
മണ്ടീ... നീ പറഞ്ഞ കാര്യം മണ്ടത്തരമാണല്ലോ. നിനക്ക് അന്നും ഇല്ല ഇന്നും ഇല്ല കാന്‍സര്‍. ഞാന്‍ പറഞ്ഞു തീരേണ്ട താമസം അവള് പറഞ്ഞു-
അത് ഡോക്ടറേ.. ചെറിയ കാന്‍സര്‍ എന്നല്ലേ ഞാന്‍ പറഞ്ഞൊള്ളൂ. അതും എടുത്ത് മാറ്റിയെന്ന് സത്യമല്ലേ പറഞ്ഞത്?
ഒരു നിമിഷം എനിക്ക് മനസ്സില്‍ ചിരിയും കരച്ചിലും മാറി മാറി വരുന്നതു പോലെ തോന്നി. ഈ പാവത്തിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാന്‍- ഞാനോര്‍ത്തു.
ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് പള്ളീല് കൊടുക്കട്ടെ അവര്‍ ഡോക്ടറെ വിളിക്കുമായിരിക്കും. ഇതും പറഞ്ഞ് അവര്‍ മുറി വിട്ട് പുറത്തിറങ്ങി.
കഷ്ടം... സങ്കടത്തോടൊപ്പം ഒരല്പം പരിഹാസവും കലര്‍ന്ന ഭാവത്തില്‍ രമ്യ പറഞ്ഞു.
കൂട്ടുകാരുമായി ഈ അനുഭവം പങ്കു വെച്ചപ്പോള്‍ ദിവ്യ പറഞ്ഞു എല്ലാം മറന്ന് അവള് തിരികെ പോയാലും ആ മനുഷ്യന്റെ കൂടെ എങ്ങനെ ജീവിക്കും! അവര്‍ തമ്മില്‍ ഇനി ആത്മാര്‍ഥതയുള്ള ഒരു ബന്ധം ഉണ്ടാകുമോ! ഇത് സതീഷ് സാറിന്റെ സംശയമായിരുന്നു.
********************************************************
ഒ.പി. കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും സീനത്തിന്റെ മുഖം മനസ്സില്‍ തെളിഞ്ഞു നിന്നു. അതിന്റെ കൂടെത്തന്നെ കുറേയധികം മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. നിശ്ചയിച്ച വരന് കാന്‍സറാണ് എന്നറിഞ്ഞിട്ടും വീട്ടുകാരും നാട്ടുകാരും വിവാഹത്തെ എതിര്‍ത്തിട്ടും ധൈര്യപൂര്‍വം ആ വിവാഹജീവിതം സ്വീകരിച്ച് മുന്നോട്ടു നീങ്ങിയ ഒരു ദേവത. അവരിന്നും ഭര്‍ത്താവും കുട്ടികളുമായി സുഖമായി ജീവിക്കുന്നു. വധുവിന് കാന്‍സര്‍ ഭേദമായതേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍, ഇത് ഇപ്പോള്‍ ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി വീട്ടുകാരെ ഞാന്‍ പിന്നെ സാവധാനം അറിയിച്ചോളാം എന്ന് സ്വയം തീരുമാനമെടുത്ത് വിവാഹവുമായി മുന്നോട്ടു പോയി ആഹ്ലാദമായി ജീവിക്കുന്ന ചന്ദ്രന്, ഗിരീഷ്... അങ്ങനെ എത്ര പേര്.
ഈ അസുഖം നിന്റെ സ്വഭാവദൂഷ്യം കൊണ്ടൊന്നും ഉണ്ടായതല്ലല്ലോ നാളെ എനിക്കും വരാവുന്നതല്ലേയുള്ളൂ- വധുവിന്റെ രോഗാവസ്ഥയെക്കുറിച്ച് പ്രദീപിന്റെ വാക്കുകളാണിത്.
അത്തരം അനുഭവങ്ങളും മുഖങ്ങളും മനസ്സില്‍ നിന്ന് പതുക്കെപ്പതുക്കെ മാഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ രണ്ടു പേരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. വ്യത്യസ്തമായ രണ്ടു മുഖങ്ങള്‍. ഒരാള്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ജീവനക്കാരനായിരുന്നു. സാറിനെന്നെ അറിയില്ല. ഞാന്‍ ജാസ്മിന്റെ ഭര്‍ത്താവാണ് എന്ന മുഖവുരയോടെയാണ് അദ്ദേഹം എന്നെ കാണാന്‍ വന്നത്. ജാസ്മിന് ഇന്നലെ സാറിനെ കാണാന്‍ വന്നിരുന്നു. അവള്‍ക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലല്ലോ അല്ലേ? സാറിനോടു നേരിട്ടു ചോദിച്ചറിയാമല്ലോ എന്നു വിചാരിച്ചാണ് ഞാന്‍ വന്നത്. സാറിന്റെ സമയം കളഞ്ഞതില്‍ ക്ഷമിക്കണം. അയാള്‍ കൈകൂപ്പി നില്‍ക്കുകയായിരുന്നു. ജാസ്മിന് അസുഖമൊന്നുമില്ല എന്ന് ഞാന്‍ പറയേണ്ട താമസം അയാള്‍ തിരികെ നടന്നു തുടങ്ങി.
ഒരു ഉപചാരവാക്കു പോലും പറയാതെ നടന്നു നീങ്ങിയതില്‍ അമര്‍ഷം തോന്നിയ ഞാന്‍ തെല്ലു നീരസത്തോടെ ചോദിച്ചു- ഇത്രയും സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇന്നലെ ജാസ്മിന്റെ കൂടെത്തന്നെ വരാമായിരുന്നില്ലേ? അവളുടെ മമ്മിയായിരുന്നല്ലോ ഇന്നലെയും കൂടെ വന്നത്! അതു കേള്‍ക്കേണ്ട താമസം അയാള്‍ തിരിഞ്ഞു നിന്നു. അവളുടെ അസുഖത്തക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊന്നും അവള് എന്നോട് പറഞ്ഞിട്ടേയില്ല. ഞാന്‍ അതിനെക്കുറിച്ചൊന്നും അറിയാതിരിക്കുന്നതാണ് അവള്‍ക്ക് ഇഷ്ടമെന്ന് തോന്നി. അതുകൊണ്ടു തന്നെ ഞാന്‍ അതിനെക്കുറിച്ചൊന്നും അവളോട് ഒരിക്കല്‍ പോലും ചോദിച്ചിട്ടേയില്ല. സംസാരിച്ചിട്ടുമില്ല. അതുകൊണ്ടാണ് എനിക്ക് അവളുടെ കൂടെ വരാന്‍ പറ്റാറില്ലാത്തത്. എന്റെ മറുപടിക്ക് കേള്‍ക്കാതെ അയാള്‍ നടന്നു നീങ്ങി.
**************************************
സാറ് എന്നെ ഓര്‍ക്കുന്നുണ്ടാവില്ല അല്ലേ... ഈ മുഖവുരയോടെയാണ് ഒരു മാസം മുന്‍പ് ആശുപത്രി മാനേജരുടെ കൂടെ ആ യുവ ഡോക്ടര്‍ എന്റെ മുറിയിലേക്ക് വന്നത്. ഞാന്‍ ഇന്നലെ ഈ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. മാസ്കിനിടയിലൂടെ ആ മുഖം ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു.
മാസ്ക് മാറ്റാം സാറേ... എന്റെ വിഷമം മനസ്സിലാക്കി അദ്ദേഹം മാസ്ക് അഴിച്ചു.
റഫീക്കല്ലേ.... ഡോ.റഫീക്ക് പരീക്ഷയില്‍ വിജയിച്ച കുട്ടിയെപ്പോലെ ഞാന്‍ പറഞ്ഞത് കുറച്ച് ഉച്ചത്തിലായിപ്പോയി.
ഈ മുഖം എങ്ങനെ മറക്കാന്‍! എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞതേയുള്ളൂ. എന്റെ ചിന്തകള്‍ പത്തു പന്ത്രണ്ടു വര്‍ഷം പിറകിലേക്കോടി. ഐ.സി.യു.വില്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്ന ഐഷ- എം.ബി.ബി.എസ്. വിദ്യാര്‍ഥിനി. ഐ.സി.യു.വിനു പുറത്ത് വരാന്തയില്‍ ഉറക്കമൊഴിച്ച് ഒറ്റയ്ക്കു നിന്നിരുന്ന ആ യുവാവിനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഐഷയുടെ സഹോദരനെയും കൂട്ടി നിങ്ങള്‍ മുറിയിലിരുന്നോളൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ വിളിപ്പിച്ചോളാം. ഒറ്റയ്ക്ക് നിന്നിരുന്ന ഐഷയുടെ അച്ഛനെ ആശ്വസിപ്പിച്ച് ഞാന്‍ നടന്നു. ആ യുവാവിന്റെ മുന്നിലൂടെ നടന്നു നീങ്ങിയ എന്റെ കൂടെ അയാള്‍ പതുക്കെ നടന്നു വന്നു. ഐഷ രക്ഷപ്പെടുമോ സാറേ! പതിഞ്ഞ സ്വരത്തില്‍, പതറിയ സ്വരത്തില്‍ അയാള്‍ ചോദിച്ചു. ഞാന്‍ അവളുടെ ക്ലാസ്സ് മേറ്റാണ്. അവളില്ലാതെ ആ ക്ലാസ്സില്‍.... ആ കാമ്പസില്‍... അയാള്‍ക്ക് വാക്കുകള്‍ മുറിഞ്ഞു പോയി.
എന്റെ മനസ്സ് വായിച്ച പോലെ റഫീക്ക് പറഞ്ഞു സാറിന് എന്നെ മനസ്സിലായി അല്ലേ! കൈ കൊടുത്ത് പിരിയുമ്പോളും മനസ്സില്‍ തെളിഞ്ഞു നിന്നിരുന്നത് ഐഷയുടെ മുഖമായിരുന്നു.
**************************
വീണ്ടുമൊരിക്കല്‍ക്കൂടി ലോക വനിതാ ദിനം ആഘോഷിച്ചതേയുള്ളു നമ്മള്. അമ്മയായും അമ്മൂമ്മയായും സഹോദരിയായും മകളായും മരുമകളായും പേരക്കുട്ടിയായും ബന്ധുമിത്രങ്ങളായും ഒക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ളത് എത്രയെത്ര വനിതകളാണ്. എന്റെ തന്നെ ഭാഗമായി ജീവിതസഖിയും... എന്നെ കൂടുതല്‍ നല്ല ഞാനാക്കുന്ന എന്റെ ജീവിതാംശങ്ങള്ക്കായി ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.
Content Highlights: Snehaganga, Dr.V.P. Gangadharan shares his memory about his cancer patients, Health, Cancer Awareness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..