'ഭാനുവേട്ടന്‍ അലറി; എനിക്ക് ആരോടും ഒന്നും സംസാരിക്കാനില്ല, എന്നെ കാണാനും ആരും വരണ്ട...'


ഡോ. വി.പി. ഗംഗാധരന്‍

ഡോ. വി.പി. ഗംഗാധരൻ| ഫോട്ടോ: ജി. ശിവപ്രസാദ്‌ (Photo: ഫോട്ടോ: ജി. ശിവപ്രസാദ്‌)

കോവിഡ് വന്നു. അതിന്റെ വകഭേദങ്ങള്‍ വന്നു. ആദ്യഘട്ടത്തില്‍ സംഭ്രാന്തിയിലായിരുന്ന ശാസ്ത്രലോകവും സമൂഹവും പെട്ടെന്നു തന്നെ ഉണര്‍ന്നു. വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വൈറസിനെ പ്രതിരോധിക്കാനുള്ള ആയുധങ്ങളെക്കുറിച്ചും ഫലപ്രാപ്തി കണ്ട ധാരാളം ചര്‍ച്ചകള്‍ നടന്നു, കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും പ്രാരംഭദശയില്‍ കണ്ടുപിടിച്ച് ചികിത്സിക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ശാസ്ത്രലോകം മുന്നോട്ടു വന്നു. കോവിഡിനെതിരേയുള്ള പ്രതിരോധം തീര്‍ക്കാനും അസുഖത്തിന്റെ തീവ്രത കുറയ്ക്കാനും ഒരു പരിധിവരെ വാക്‌സിനുകള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി പലപ്പോഴും അടഞ്ഞും തുറന്നും നീങ്ങിയിരുന്ന സാമൂഹിക ജീവിതം പുത്തനുണര്‍വോടെ സജീവമായിരിക്കുന്നു.ലോകരാജ്യങ്ങള്‍, അടച്ചിട്ടിരുന്ന തങ്ങളുടെ വാതിലുകള്‍ മെല്ലെ മെല്ലെ തുറന്നുതുടങ്ങിയിരിക്കുന്നു. തകര്‍ന്നടിഞ്ഞ പല സാമ്പത്തിക മേഖലകളും ഉയിര്‍ത്തെഴുന്നേല്പിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു. കുറേ ജീവിതങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടു. കുറേ പേര്‍ക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചു.

പക്ഷേ, ഇതൊന്നുമല്ല ഇന്നത്തെ ചിന്താവിഷയം. മരിച്ചു ജീവിക്കുന്ന കുറേ പേരുണ്ട്. അവരെ അധികമാരും അറിയാറില്ല. അറിയാന്‍ മെനക്കെടാറില്ല എന്നതാണ് സത്യം. അങ്ങനെ ഇന്നും മരിച്ചു ജീവിക്കുന്ന കുറച്ചുപേരെ ഞാന്‍ പരിചയപ്പെടുത്താം. അവരിലൊരാള്‍ക്കെങ്കിലും ജീവിച്ചു മരിക്കാനുള്ള അവസം നല്‍കാനായാല്‍... ആശിച്ചു പോകുകയാണ്, ആഗ്രഹിച്ചു പോകുകയാണ്.

***********************************************************
ഭാനു ഇപ്പോള്‍ 75 വയസ്സ് പ്രായം. കഴിഞ്ഞ 55 വര്‍ഷമായിഎനിക്ക് അടുത്തറിയാവുന്നയാള്‍. ഒരു വലിയ മനസ്സിന്റെ ഉടമ. എന്റെ അടുത്ത ഒരു സഹപാഠിയുടെ സഹോദരന്‍. എനിക്ക് ജേഷ്ഠതുല്യന്‍. രണ്ടു വര്‍ഷം മുമ്പു വരെ ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ ഓടിനടന്നിരുന്ന ഭാനുവേട്ടന്‍. ഞാന്‍ തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ വലിയ ഒരു സഞ്ചി നിറയെ അച്ചാറും വറ്റലുകളുമായി ഇടയ്ക്കിടെ ഓടിയെത്തിയിരുന്ന ചേട്ടന്റെ ചിത്രമാണ് എന്റെ മനസ്സില്‍.

ഈ മാസം ഭയങ്കര തിരക്കാണ് ഗംഗേ... പകുതി ദിവസം വടക്കേ ഇന്ത്യയിലാണ്. പിന്നെ ഹൈദരാബാദ്, മൈസൂര്‍, മദ്രാസ്... മാര്‍ക്കറ്റിങ്ങിന്റെ ത്രില്‍ ഒന്നു വേറേ തന്നെയാണ്. ഐ ലവ് ഇറ്റ്- ചേട്ടന്റെ വാക്കുകളാണ്!

എഴുപതാം വയസ്സിലെ റിട്ടയര്‍മെന്റിനു ശേഷവും അദ്ദേഹത്തിന്റെ തിരക്കിനും യാത്രകള്‍ക്കും കുറവൊന്നുമില്ലായിരുന്നു. പതിവായി ബന്ധുവീടുകളിലെ സന്ദര്‍ശനം, വിദൂരത്ത് താമസിക്കുന്ന രണ്ടു മക്കളുടെ കുടുംബത്തോടൊപ്പം താമസിക്കാനുള്ള യാത്രകള്‍. സുഹൃത്തുക്കളുമായി ചേര്‍ന്ന് ദീര്‍ഘ ദൂര വിനോദയാത്രകള്‍- എനിക്ക് വെറുതേ വീട്ടിലിരിക്കാന്‍ പറ്റില്ല. ഞാന്‍ അങ്ങനെ ശീലിച്ചിട്ടില്ല- ചേട്ടന്‍ പറയും. വയസ്സായിട്ടും ഇദ്ദേഹം വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കില്ല, ഞാന്‍ പറഞ്ഞു മടുത്തു എന്നൊക്കെയുള്ള ചേച്ചിയുടെ പരാതിക്ക് ഭാനുവേട്ടന്റെ ഉത്തരം എന്നും അതായിരുന്നു.

കോവിഡ് 19 എന്ന മഹാമാരിയുടെ ആരംഭ കാലഘട്ടം. സാധാരണ ജനജീവിതം സ്തംഭിച്ച ദിവസങ്ങള്‍. ഒരിക്കല്‍ ഞാന്‍ ഭാനുവേട്ടന്റെ വീട്ടില്‍ പോയിരുന്നു. ഈയിടെയായി ഭാനുവേട്ടനെ കാണാനേയില്ലല്ലോ എന്ന പരാതിയോടെയാണ്, വാതില്‍ തുറന്ന് പുറത്തേക്കു വന്ന ചേച്ചിയെ ഞാന്‍ അഭിമുഖീകരിച്ചത്. ഒന്നും പറയേണ്ട ഗംഗേ... കോവിഡിനെ പേടിച്ച് പുറത്തേക്കിറങ്ങാറില്ല അദ്ദേഹം. ആരും വീട്ടിലേക്കു വരുന്നതും ഇഷ്ടമല്ല ഇപ്പോള്‍. ഗംഗ അകത്തേക്ക് വരേണ്ട. ഞങ്ങളുടെ സംസാരം കേട്ടിട്ടാവണം ഭാനുവേട്ടന്‍ പതുക്കെ മുന്‍വശത്തേക്ക് വന്നു. വാതിലടയ്ക്ക്... എന്നെ കാണാന്‍ ആരും വരണ്ട എന്ന് അദ്ദേഹം ആക്രോശിക്കുന്നുണ്ടായിരുന്നു. വാതിലടച്ച് അകത്തേക്കു നടന്നു നീങ്ങിയ ചേച്ചി തിരിഞ്ഞു നിന്ന് ആംഗ്യഭാഷയില്‍, 'പിന്നീട് വിളിക്കാം' എന്നു പറഞ്ഞത് എനിക്കു മനസ്സിലായി. ഞാന്‍ പ്രതീക്ഷിച്ച ആ ഫോണ്‍കോള്‍ നിമിഷങ്ങള്‍ക്കകം വന്നു. അദ്ദേഹം ഇപ്പോള്‍ ഇങ്ങനെയാണ്- കോവിഡ് വരുമോ എന്ന് പേടി. കോവിഡ് വരുമെന്നു പേടിച്ച് ജനലും വാതിലും തുറക്കാന്‍ സമ്മതിക്കില്ല. ഉറക്കെ ശബ്ദം കേട്ടാല്‍ പേടി. ആംബുലന്‍സിന്റെ ശബ്ദം കേട്ടാല്‍ പേടി...ഇപ്പോള്‍ ദിനപത്രം വായിക്കില്ല. ടി.വി. കാണില്ല. അടുക്കളയില്‍ കുക്കറിന്റെ ശബ്ദം കേട്ടാല്‍ പോലും അസ്വസ്ഥനാകും. ചേച്ചിയുടെ വിതുമ്പല്‍ ഞാന്‍ കേട്ടു. ഫോണ്‍ ഒന്ന് ഭാനുവേട്ടന് കൊടുക്കാമോ... ചേച്ചിയോടുള്ള എന്റെ ചോദ്യത്തിന് ഭാനുവേട്ടന്‍ നല്‍കിയ ഉത്തരം ഫോണിലൂടെ എനിക്കും കേള്‍ക്കാമായിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. എനിക്ക് ആരോടും സംസാരിക്കണ്ട... നീ ഇനി സംസാരിക്കുമ്പോള്‍ ഫോണ്‍ ലൗഡ് സ്പീക്കറിലിട്. എന്നെക്കുറിച്ച് എന്തിനാ മറ്റുള്ളവരോടു പറയുന്നത്? ചേച്ചിയോട് അദ്ദേഹം ദേഷ്യപ്പെടുന്നതും എനിക്കു കേള്‍ക്കാമായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ ഫോണ്‍ കോള്‍ വീണ്ടും. ശബ്ദമടക്കിയുള്ള ചേച്ചിയുടെ സംസാരം. സോറി ഗംഗാ... ഒരിക്കല്‍ക്കൂടി. ഭാനുവേട്ടന്‍ ഇപ്പോള്‍ മുഴുവന്‍ സമയവും മുറിയില്‍ വാതിലടച്ച് കിടപ്പാണ്. എന്തെങ്കിലും കഴിക്കാന്‍ മാത്രമാണ് അടുക്കളവശത്തേക്കു കൂടി വരുന്നത്. ആഹാരം കഴിക്കുന്നതും കുറഞ്ഞു വരികയാണ്. സംസാരിക്കില്ല, ചിരിക്കില്ല... എപ്പോഴും മുഖത്ത് ഒരു തരം ഭയമാണ്. പെട്ടെന്ന് ദേഷ്യം വരും. എന്റെ ഭാനുവേട്ടന്‍ ഇങ്ങനെയൊന്നുമായിരുന്നില്ല- ചേച്ചി അറിയാതെ കരച്ചിലേക്ക് എത്തുകയായിരുന്നു.

ഫെബ്രുവരി 24ന് വീണ്ടും ചേച്ചിയുടെ ഫോണ്‍കോള്‍ വന്നു. ചേട്ടന് തീരെ വയ്യ. അടുത്തുള്ള ആശുപത്രിയില്‍ നിന്ന് നഴ്സുമാര്‍ വന്ന് ഇടയക്കിടെ ഗ്ലൂക്കോസ് കൊടുക്കുന്നുണ്ട്. ഞങ്ങള്‍ ആശുപത്രിയിലേക്ക് വരട്ടേ.. കുറച്ചു ദിവസം അവിടെ കിടത്താം. ദൂരം കൂടുതലാണെങ്കിലും ഗംഗ ഉള്ള ഇടത്തേക്ക് ഞങ്ങള്‍ എത്താം. അങ്ങനെ ഭാനുവേട്ടന്‍ ആശുപത്രിയിലെത്തി. കണ്ണുകള്‍ കുഴിയിലാണ്ടു പോയതു പോലെ. ആ കണ്ണുകളില്‍ പഴയ തിളക്കത്തിന്റെ നിഴല്‍ പോലുമില്ല. മുഖത്ത് ചിരിയുടെ അംശവും ബാക്കിയില്ല. ഒരു മ്ലാനതമാത്രമാണ്. മുഖത്തും ശരീരത്തിലും എല്ലുകളെല്ലാം തെളിഞ്ഞു കാണാം.

എനിക്ക് പോണം... ചേട്ടന്‍ ഈ വാചകം മാത്രമാണ് ഇടയ്ക്കിടെ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ പ്രത്യേകിച്ച് അസുഖങ്ങള്‍ ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞു. ചേട്ടന്‍ തന്നെ മനസ്സു വെച്ച് പഴയ ഭാനുവേട്ടനായാല്‍ മതി. ഞാന്‍ പലപ്പോഴും എത്തി മണിക്കൂറുകളോളം ഭാനുവേട്ടന്റെ മുറിയിലെത്തി അദ്ദേഹവുമായി സംസാരിച്ചു. ശരി ഗംഗേ... ഇനി ഞാന്‍ ശ്രദ്ധിച്ചോളാം. എനിക്കു വാക്കുതന്നാണ് അന്നു ഞങ്ങള്‍ പിരിഞ്ഞത്.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും ചേച്ചിയുടെ ഫോണ്‍. ചേട്ടന്‍ വീണ്ടും പഴയ അവസ്ഥയായി. ഊണില്ല, ഉറക്കമില്ല, മിണ്ടാട്ടമില്ല... ചേച്ചിയുടെ കരച്ചില്‍ വീണ്ടും.
***********************************************
പ്രഭാകരന്റെ അവസ്ഥയും വ്യത്യസ്തമല്ല. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ആശുപത്രിയില്‍ എന്റെ ഒ.പിയില്‍ ജോലി ചെയ്യുകയായിരുന്നു ചുറുചുറുക്കുള്ള ഒരു റിട്ടയേഡ് ചെറുപ്പക്കാരന്‍- ഞങ്ങള്‍ അങ്ങനെയാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. പ്രഭാകരന്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കരുത്. പെട്ടെന്ന് വയസ്സനായിപ്പോകും. രോഗിയായി മാറും... ജോലി ഉപേക്ഷിച്ച് പോകാനൊരുങ്ങുമ്പോള്‍ ഞങ്ങളെല്ലാം ഉപദേശിച്ചതാണ്. ഞാന്‍ പോവുകയാണ് സാറേ... കോവിഡ് എങ്ങാനും പിടിപെട്ടാല്‍... അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭീതി പ്രകടമായിരുന്നു. പലവട്ടം ഞങ്ങള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞയാഴ്ച അദ്ദേഹത്തെയും കൊണ്ട് മക്കള്‍ ആശുപത്രിയില്‍ വന്നു. പരിശോധനകള്‍ക്കു ശേഷമാണ് അവര്‍ എന്റെ അടുത്ത് എത്തിയത്.
വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ല സാറേ... കുറച്ചു ദിവസം മുന്‍പു വരെ അടുത്ത കടയിലോളം പോകുമായിരുന്നു. ഇപ്പോള്‍ അതുമില്ല. അമ്മയുമായി വഴക്കു പിടിച്ച് വീട്ടിലിരിപ്പാണ്. അച്ഛന്‍ ഇങ്ങനെയൊന്നുമായിരുന്നില്ല. മകള്‍ പൊട്ടിക്കരഞ്ഞു. ഒരു ഭാവവ്യത്യാസവുമില്ലാതെ പ്രഭാകരന്‍ ദൂരെയെങ്ങോ കണ്ണും നട്ട് ഇരിക്കുകയായിരുന്നു.

***************************************************
കോവിഡ് വന്നു. പോയി... പോയില്ല എന്ന നില വരെ എത്തി നില്‍ക്കുന്നു. കോവിഡിനൊപ്പം ജീവിക്കാന്‍ ജനം പഠിച്ചു വരുന്നു. അതിനിടയില്‍ ഇങ്ങനെ മരിച്ചു ജീവിക്കുന്ന ഭാനുവേട്ടന്മാരും പ്രഭാകരന്മാരും ധാരളം. കോവിഡിനു മുന്‍പും ഇങ്ങനെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ധാരളമുണ്ട്. പ്രായമായ അച്ഛനമ്മമാരെ നോക്കാന്‍ ആര്‍ക്കാണ് സാറേ സമയം! രമ്യയുടെ വാക്കുകളാണിത്. കൂട്ടുകുടുംബമായിരുന്നെങ്കില്‍ നന്നായിരുന്നു അല്ലേ സാറേ... അത് രാജിയുടെ അഭിപ്രായമായിരുന്നു. കൃഷിയുമൊക്കെയായി കഴിയുന്ന ഗ്രാമത്തിലുള്ളവരില്‍ ഇങ്ങനെയൊന്നുമായിരിക്കില്ല അല്ലേ സാറേ... നഗരവാസിയെന്നു കരുതുന്ന ഒരാളുടെ വിലാപം.

ഇതെല്ലാം കേട്ടു കൊണ്ടിരുന്ന എന്റെ മനസ്സ് പറഞ്ഞു- ശരിയാണ്, കോവിഡിനു ശേഷമുള്ള ഒരു വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നുണ്ട്- മരിച്ചു ജീവിക്കുന്ന ജീവിതങ്ങള്‍. ഇവര്‍ക്കു വേണ്ടി സമൂഹം ഉണരേണ്ടിയിരിക്കുന്നു. ഒരു കാരണവശാലും ഇത്തരക്കാര്‍ ഒറ്റപ്പെടാന്‍ പാടില്ല എന്ന തീരുമാനമെങ്കിലും നമുക്ക് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍....ങേ.. എന്റെ മനസ്സും അസ്വസ്ഥമാവുകയാണല്ലോ...!

Content Highlights: Dr.V.P.Gangadharan, Cancer, Cancer Awareness, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented