ഫോട്ടോ: കെ.കെ. സന്തോഷ്
സ്ത്രീശാക്തീകരണമാണ് ചര്‍ച്ചാവിഷയം. അത് എവിടെ ആരംഭിക്കണം, എങ്ങനെ ആരംഭിക്കണം... നമ്മള് തന്നെയാണല്ലോ തീരുമാനിക്കേണ്ടത്. പ്രസംഗക കൂടുതല്‍ ഊര്ജത്തിലായി. നിസ്സംശയം പറയാം, അത് ആരംഭിക്കേണ്ടത് നമ്മള് ഓരോരുത്തരും വീടുകളില്‍ത്തന്നെയാണ്. ആണ്‍പെണ്‍ തിരിവ് കുട്ടിക്കാലത്ത് വീട്ടില്‍ത്തന്നെയാണ് തുടങ്ങുന്നത്. പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ സംസാരിക്കരുത്, കോണിപ്പടികള്‍ ഓടിക്കയറരുത്... ആണ്‍കുട്ടികള്‍ക്ക് കളിക്കാന്‍ കാറും തോക്കും ജീപ്പുമൊക്കെയാണ്.
പെണ്‍കുട്ടികള്‍ക്കാകട്ടെ, കളിപ്പാവകളും ചെറിയ അടുക്കളയുപകരണങ്ങളും. ക്ലാസ്സ് മുറിയിലായാലും സ്കൂള്‍ ബസിലായാലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇരിക്കാന്‍ വേറേ വേറേ സ്ഥാനങ്ങള്‍. വേറേ വേറേ തരത്തിലുള്ള ഉടുപ്പുകള്‍ സ്കൂള്‍ യൂണിഫോം. വേര്‍തിരിവിന്റെ ആ പട്ടിക നീണ്ടു നീണ്ടു പോകുന്നു. വളര്ന്നുകഴിഞ്ഞാലോ!
ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ചു കണ്ടാല്‍ സംശയത്തിന്റെ കണ്ണുകള്‍... പിന്നെ സദാചാരപ്പോലീസായി പ്രശ്നങ്ങളായി. നമ്മള് മാറണം, നമ്മുടെ മനസ്സ് മാറണം. നമ്മുടെ സമൂഹത്തില്‍ അടിമുടി മാറ്റം ആവശ്യമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്. സ്ത്രീകളുടെ കരങ്ങള്‍ക്ക് ശക്തിയേകണം. പുരുഷനൊപ്പം തന്നെ നില്ക്കാന് ശക്തിയുള്ളവളാണ് താന്‍ എന്ന ബോധം ഓരോ സ്ത്രീക്കും ഉണ്ടാകണം. ഉണ്ണിയാര്‍ച്ചയും ഝാന്‍സി റാണിയുമൊക്കെ...
നീണ്ട കൈയടിക്കിടയില്‍ ബാക്കി പ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം കേട്ട ഈ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ എന്റെ മുന്നിലിരിക്കുന്ന പെണ്‍കുട്ടിയുടെ കടലാസുകളിലേക്ക് ഞാന്‍ വീണ്ടും കണ്ണോടിച്ചു. അവളുടെ പേര് ലിയ. ഒരാഴ്ച മുന്‍പാണ് അവള് ആദ്യമായി എന്നെ കാണാന്‍ വന്നത്. ഒരു മാസമേ ആയിട്ടുള്ളൂ ലിയയുടെ വിവാഹം കഴിഞ്ഞിട്ട്. വയസ്സ് 24 മാത്രം. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവളുടെ അമ്മയും കൂടെയുണ്ടായിരുന്നു. അമ്മയാണ് സംസാരിച്ചു തുടങ്ങിയത്. ഒരു ചെറിയ കുന്നു കയറി വേണം വീട്ടിലെത്താന്‍. അതു കയറി വരുമ്പോള്‍ ഇടയ്ക്കൊക്കെ ശ്വാസം മുട്ടുമെന്ന് പറയുമായിരുന്നു അവള്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒന്നു രണ്ടു പ്രാവശ്യം അടുത്തുള്ള ഡോക്ടറെ പോയി കാണുകയും ചെയ്തു. കുഴപ്പമൊന്നുമില്ല എന്നു പറയും. കുറച്ചു ഗുളികയും തന്ന് പറഞ്ഞു വിടും, അതാണ് പതിവ്. കഴുത്തില്‍ ചെറിയൊരു മുഴ പോലെ കണ്ടത് 10 ദിവസം മുമ്പാണ്. ഉടനെ തന്നെ അത് മുറിച്ചു മാറ്റി പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. അതിന്റെ റിപ്പോര്‍ട്ട് വന്നപ്പോളാണ്... അതിനിടയ്ക്ക് അവളുടെ കല്യാണവും... അമ്മ കരച്ചിലടക്കാന്‍ പാടു പെടുന്നുണ്ടായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ലിംഫോമ എന്ന കാന്‍സറാണെന്നാണ് കാണുന്നത്. റിപ്പോര്‍ട്ടിന്റെ ബാക്കി ഭാഗം കൂടി വരട്ടെ. വലിയ കുഴപ്പമുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരാഴ്ച കഴിഞ്ഞ് എല്ലാ റിപ്പോര്‍ട്ടുകളും വെച്ച് ഞാന്‍ നോക്കാം. അതുവരെ ടെന്‍ഷനൊന്നുമില്ലാതെ സുഖമായിരിക്കൂ. ഞാന്‍ അവരെ ആവുംവിധം സമാധാനിപ്പിച്ചാണ് യാത്രയയച്ചത്. ലിയ എന്നോട് ഒന്നും സംസാരിച്ചില്ല എന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരാഴ്ച കഴിഞ്ഞ് എല്ലാ റിപ്പോര്‍ട്ടുകളുമായി വന്നപ്പോള്‍ സംസാരിച്ചു തുടങ്ങിയത് ലിയയാണ്. ഞാന്‍ ഒരു വര്‍ഷത്തിലധികം ജീവിക്കുകയില്ല അല്ലേ ഡോക്ടറേ... അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് ചികിത്സയൊന്നും വേണ്ട. വേദന തിന്നുകൊണ്ട് എനിക്ക് ഒരു വര്‍ഷം ജീവിക്കണ്ടാ. ഞാന്‍ അതിനു മുമ്പ്... അവള് ആ വാചകം പൂര്‍ത്തിയാക്കിയില്ല. അവളെന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഞാന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി- ആരാണ് നിന്നോട് നീയിനി ഒരു വര്‍ഷമേ ജീവിക്കുകയുള്ളൂ എന്നു പറഞ്ഞത്? എന്റെ ചോദ്യത്തിന് അവളുടെ ഉത്തരം പെട്ടെന്നായിരുന്നു. ഒരാളല്ല ഞാന്‍ രണ്ടു മൂന്ന് ഡോക്ടര്മാരോ് ചോദിച്ചു. അവരെല്ലാം പറഞ്ഞത് അങ്ങനെ തന്നെ ആയിരുന്നു. ചികിത്സ പാര്‍ശ്വഫലങ്ങള്‍ നിറഞ്ഞതാണെന്നും എന്റെ പീരീഡ്സ് നിന്നു പോകുമെന്നും കുട്ടികളുണ്ടാവില്ലെന്നും വിവാഹ ജീവിതം അസാധ്യമാണെന്നും അവര്‍ പറഞ്ഞു...
അതുകൊണ്ടാണ് നീ ഈ കടലാസു കൂടി റിപ്പോര്‍ട്ടുകള്‍ക്കൊപ്പം വെച്ചത് അല്ലേ? വിവാഹമോചനത്തിനായി അവളുടെ ഭര്‍ത്താവ് അയച്ച വക്കീല്‍ നോട്ടീസായിരുന്നു അത്. ഞാന്‍ അതിന് മറുപടിയൊന്നും അയച്ചില്ല സാറേ... അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുമില്ല... അവള് പോകാന്‍ എഴുന്നേറ്റു.
ലിയ ഇരിക്ക്. ഞാനൊന്നും ഇതുവരെ പറഞ്ഞില്ലല്ലോ! ഞാന്‍ അവളെ അടുത്തുള്ള കസേരയില്‍ കൈപിടിച്ച് ഇരുത്തി. നിന്റെ അസുഖം ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന വിഭാഗത്തില്‍പെട്ട കാന്‍സറാണ്. രക്ഷപ്പെടാന്‍ വളരെയധികം സാധ്യതയുള്ള അസുഖമാണത്. അവളുടെ മുഖത്ത് ഒരു ഭാവഭേദവുമില്ലായിരുന്നു. ആറു മാസത്തെ ചികിത്സയാണ് ഇതിനു വേണ്ടത്. അതോടെ രോഗം പൂര്‍ണമായും ഭേദമാകും. അതിനു ശേഷം നിനക്ക് പൂര്‍ണമായും സാധാരണ ജീവിതം നയിക്കാനും കഴിയും. ചികിത്സയ്ക്കിടെ ചില പാര്‍ശ്വഫലങ്ങളുണ്ടാകും. അത് താല്ക്കാലികമാണ്. ദീപ, ചാന്ദ്നി, ആന്‍ മേരി... അടുത്തിടെ ചികിത്സ പൂര്‍ത്തിയാക്കി പോയ നിരവധി പേരുണ്ട്. അവരോട് സംസാരിക്കണോ... ഞാന്‍ ഫോണ്‍ നമ്പര്‍ തരാം. നീ തന്നെ വിളിച്ചു സംസാരിക്ക്. എങ്ങനെയാണ് കാര്യങ്ങള്‍ എന്ന് നിനക്കു തന്നെ മനസ്സിലാക്കാം.
സാറ് എന്നെ സമാധാനിപ്പിക്കാന്‍ വെറുതേ പറയുന്നതല്ലേ.... ലിയയുടെ മുഖത്ത് അവളറിയാതെ തന്നെ ഒരു പുഞ്ചിരിയുടെ പ്രകാശം തെളിയുന്നുണ്ടായിരുന്നു. സമാധാനിപ്പിക്കാന്‍ പറയുന്നതാണ്. വെറുതേ പറയുന്നതല്ല. ഈ നമ്പറുകളിലൊന്നില്‍ വിളിച്ച് ആരോടെങ്കിലും സംസാരിച്ചു നോക്കൂ... അതു പറഞ്ഞത് അമ്മയാണ്. ഒരു തുണ്ടു കടലാസില്‍ പേരും ഫോണ്‍ നമ്പറും എഴുതി ഞാന്‍ അവരെ ഏല്‍പ്പിച്ചു.
നീ ഈ വക്കീല്‍ നോട്ടീസിന് മറുപടി അയച്ചോ?
എന്റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ അവള് വക്കീല്‍ നോട്ടീസ് തിരികെ വാങ്ങി.
സാധിക്കില്ല സാറേ... ഇവളുടെ അച്ഛന് മരിച്ചിട്ട് വര്‍ഷം നാലായി. എനിക്കാണെങ്കില്‍ ഇവള് ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികള്‍ മാത്രം... അമ്മയാണ് സംസാരം തുടര്‍ന്നത്. എനിക്ക് സഹോദരങ്ങളുമില്ല. വീട്ടില്‍ പേരിന് ഒരാണ്തരിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍...
ലിയയുടെ ഭര്‍ത്താവിനോട് ഞാന്‍ സംസാരിക്കട്ടേ... എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ലിയയാണ്. വേണ്ട സാറേ... ഇനിയും എനിക്ക്... വേണ്ട ഇത് തുടരേണ്ടാ...
ബയോപ്സി റിപ്പോര്‍ട്ട് കിട്ടുന്നതു വരെ ആള് കൂടെ ഉണ്ടായിരുന്നു. അസുഖം അറിഞ്ഞ ദിവസം മുങ്ങിയതാണ്. ഫോണ്‍ ചെയ്താലും എടുക്കില്ല. ഒന്ന് വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല. ഞാനാകെ തകര്‍ന്നു പോയി സാറേ...കരഞ്ഞുകൊണ്ട് അവള് വേഗം മുറി വിട്ട് ഇറങ്ങി. കൂടെ അമ്മയും.
അവള് അസുഖം മറച്ചു വെച്ചതാ സാറേ! ആ ചെറുക്കന്റെ ജീവിതം അവള് നശിപ്പിച്ചു. ഇതു പറഞ്ഞത് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ ആയിരുന്നു. രണ്ടു മാസമായി അസുഖമുണ്ടായിട്ടും അവള് അത് മറച്ചു വെച്ചു. കല്യാണത്തിനു മുമ്പെങ്കിലും എല്ലാം തുറന്നു പറയണമായിരുന്നു.
എന്ത് തുറന്നു പറയാന്‍? ഞാന്‍ അത്ഭുതത്തോടെ അവരെ നോക്കി. കയറ്റം കയറുമ്പോള്‍ ശ്വാസം മുട്ടുന്നതായി തോന്നാറുണ്ടെന്ന് കല്യാണാലോചനയ്ക്ക് വരുന്നവരോട് പറയണോ! അങ്ങനെയാണെങ്കില്‍ കല്യാണത്തിനു മുമ്പ് വന്ന പനികളും കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ വീണ് മുറിവു പറ്റിയതും എല്ലാം ചെറുക്കനും പെണ്ണും വീട്ടുകാരും പരസ്പരം പറഞ്ഞിട്ടു വേണ്ടേ വിവാഹം നടത്താന്‍!
അതിന് എന്റെ സഹപ്രവര്‍ത്തക പറഞ്ഞ ഉത്തരം കേട്ട് ഞാന്‍ അമ്പരന്ന് ഇരുന്നു പോയി!
പെണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് അതെന്തായാലും വേണം സാറേ! അവര്‍ തറപ്പിച്ചു പറഞ്ഞ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു ഏറെ നേരം.
നിമിഷങ്ങള്‍ക്കകം വാതില്‍ തള്ളിത്തുറന്നു കൊണ്ട് ലിയ അകത്തേക്കു കയറി വന്നു. അവള് ഒറ്റയ്ക്കായിരുന്നു. സാറൊന്ന് അദ്ദേഹത്തോട് സംസാരിക്കാമോ...ഫോണില്‍ മതി. എനിക്ക് അദ്ദേഹത്തെ ഇപ്പോഴും ഇഷ്ടമാണ്. പിന്നെ, ഈയൊരു സാഹചര്യത്തില്‍ അദ്ദേഹം ചെയ്തത് തെറ്റാണെന്ന് എനിക്കു തോന്നുന്നുമില്ല. ഞാന്‍ ഒരു പെണ്കുട്ടിയല്ലേ? വിവാഹത്തിനു മുമ്പ് ശ്വാസം മുട്ടുള്ള കാര്യം പറയേണ്ടതായിരുന്നു. അമ്മ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് ഞാന്‍ അപ്പോള്‍ അങ്ങനെ... അവള് പൂര്‍ത്തീകരിക്കാനാവാതെ നിര്‍ത്തി.
ഞാന്‍ തരിച്ചിരുന്നു പോയി.
ഇല്ല... ഞാന്‍ അദ്ദേഹത്തെ വിളിക്കില്ല. ലിയയ്ക്ക് അസുഖമാണെന്നറിഞ്ഞതും വിവാഹ ബന്ധം വേര്‍പെടുത്താന്‍ വക്കീല്‍ നോട്ടീസ് അയച്ച ഒരു വ്യക്തിയുടെ കൂടെയുള്ള ജീവിതം സന്തോഷപൂര്‍ണമായിരിക്കും എന്ന് തോന്നുന്നുണ്ടോ? അതും നിന്നെ നന്നായി കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു വക്കീല്‍ നോട്ടീസ്. അയാളെ കളിപ്പിച്ച് കല്യാണം കഴിക്കുകയായിരുന്നു എന്നാണ് നോട്ടീസില്‍ കുറ്റപ്പെടുത്തിയിട്ടുള്ളത്. കുറച്ചു കൂടി സമയമെടുത്ത് നന്നായി ആലോചിച്ച് തീരുമാനമെടുക്കൂ. വക്കീല്‍ നോട്ടീസിന് ഏതായാലും മറുപടി കൊടുക്കണം. ഇത്രയും പഠിച്ച് നല്ലൊരു ജോലിയും നേടിയ ആളല്ലേ ലിയ. സ്വന്തം കാലില്‍ നില്ക്കാന് കെല്പുള്ള പെണ്‍കുട്ടി. അമ്മയെ താങ്ങാനും കൂടി കഴിയുന്നയാള്‍. അവളുടെ ആത്മധൈര്യം വീണ്ടെടുക്കാന്‍ കഴിയണം എന്നു കൂടി വിചാരിച്ചാണ് ഞാന്‍ പറഞ്ഞത്.
പക്ഷേ... പക്ഷേ,... സാര്‍ ഞാനൊരു പെണ്കുട്ടിയല്ലേ... എത്ര നാളാണ് ഇങ്ങനെ... ആരും സഹായിക്കാനുണ്ടാവില്ല സാറേ... അതു കൊണ്ടാ! അവള് ശരിക്കും കരയാന്‍ തുടങ്ങിയിരുന്നു.
അവള് ആ വക്കീല്‍ നോട്ടീസ് നീട്ടിക്കാണിച്ചു. ഇതയച്ചിരിക്കുന്ന വക്കീലും ഒരു സ്ത്രീയാ. എന്നെ കുറ്റപ്പെടുത്തിക്കൊണ്ട് എന്തൊക്കെയോ എഴുതിച്ചേര്‍ത്തിരിക്കുന്നു. അവരുടെ ജോലിയുടെ ഭാഗം എന്ന് ഞാന്‍ പറയാന്‍ തുടങ്ങിയതാണ്. പക്ഷേ, ആ ശബ്ദം പുറത്തേക്കു വരാന്‍ മനസ്സ് അനുമതി കൊടുത്തില്ല. കുറേ മനുഷ്യരുടെ മുഖങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി അപ്പോഴേക്കും.
കോടതിയും കേസും... മടുത്തു സാറേ! കേസു വിളിക്കുമ്പോള്‍ അദ്ദേഹം കോടതിയില്‍ ഇല്ല എന്നു പറഞ്ഞ് കേസ് മാറ്റി വെക്കും. കോടതിയുടെ പടി ഇറങ്ങി താഴെ വരുമ്പോള്‍ ഞങ്ങളെ കളിയാക്കുന്ന മട്ടില്‍ ചിരിയുമായി അദ്ദേഹം ഇരിക്കുന്നുണ്ടാവും. എന്റെ കൂടെ വരുന്നത് അച്ഛനാണ്. വയസ്സായി. ഇനി വയ്യെന്നു പറഞ്ഞ് അച്ഛന് കരയുകയാ സാറേ- ചന്ദ്രിക പറയുന്നത് മനസ്സില്‍ തെളിഞ്ഞു വന്നു.
ഞങ്ങള്‍ക്ക് പിടിച്ചു നില്ക്കാന് വയ്യ സാറേ... അവസാനം അത് ഒത്തുതീര്‍പ്പാക്കി. സ്വര്‍ണവും പണവുമെല്ലാം പോട്ടെ എന്നു വെച്ചു- ലതികയുടെ വാക്കുകളും മുഖവും... ഡോളി.. അനു.. എത്ര പേരാണ് അങ്ങനെ!
മാറണം... ഞാനും നിങ്ങളും- നമ്മളെല്ലാവരും മാറണം... സമൂഹത്തിന്റെ ചിന്താഗതി മാറണം. അല്ലെങ്കില്‍ സ്ത്രീശാക്തീകരണം എന്നൊക്കെ പറയുന്നത് പ്രസംഗത്തിലും വാക്കുകളിലും ഒതുങ്ങിപ്പോവും. ഓരോ ചെറിയ കാര്യത്തിലൂടെ, ചെറിയ മാറ്റങ്ങളിലൂടെ ഓരോ തവണയും നമുക്ക് മുന്നേറാന്‍ കഴിയണം...
Content Highlights: Snehaganga, Dr.V.P. Gangadharan shares a life experience about a cancer patient girl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..