ദൈവങ്ങള്‍ ഭൂമിയില്‍ത്തന്നെയുണ്ട് നമ്മുടെയിടയില്‍ ജീവിക്കുന്നുണ്ട്


ഡോ.വി.പി.ഗംഗാധരന്‍ 

ഈ വീട്ടില്‍ രണ്ടു മുറികളുണ്ട്. ഞങ്ങള്‍ക്കു താമസിക്കാന്‍ ഒരു മുറി തന്നെ ധാരാളമാണ്. ഡോക്ടറുടെ രോഗികളില്‍ കുറേ പേര്‍ മുറിയെടുക്കാനോ വീടെടുക്കാനോ കഴിവില്ലാത്തവരുണ്ടെന്ന് അറിയാം. അവരില്‍ അത്യാവശ്യക്കാരാരെങ്കിലുമുണ്ടെങ്കില്‍ ആ മുറി വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.

Dr.V.P Gangadharan

സിംപതിയും എംപതിയും അതായത് സഹതാപവും സമഭാവനയും അല്ലെങ്കിൽ, സഹതാപവും സഹാനുഭൂതിയും. ഇവ തമ്മിലുള്ള ബന്ധം എന്താണ് ഡോക്ടർ? ഇവ തമ്മിലുള്ള അകലമെന്താണ് ഡോക്ടർ? സിമ്പതിയെയും എംപതിയെയും കുറിച്ചുള്ള വിശദമായ ഒരു ചർച്ചയ്ക്കൊടുവിൽ ചോദ്യോത്തര വേളയിൽ ഒരു പെൺകുട്ടി മുന്നോട്ടു വെച്ച ചോദ്യമാണിത്. ഉത്തരം നൽകും മുമ്പ് എന്റെ മനസ്സിൽ കുറേ രൂപങ്ങൾ മിന്നി മറഞ്ഞു. അവ ആ ചോദ്യത്തിനുള്ള ശരിയുത്തരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ദൈവങ്ങൾ ഭൂമിയിൽത്തന്നെയുണ്ട്. നമ്മുടെയിടയിൽത്തന്നെ ജീവിക്കുന്നുണ്ടെന്ന് ഓർമിപ്പിക്കുന്ന കുറേ സംഭവങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. അതിന് കാരണക്കാരായ ദൈവിക രൂപങ്ങൾ കൺമുന്നിൽ കൺമുന്നിൽ പ്രകാശിച്ചു നിന്നിരുന്നു.

സ്നേഹ- സ്വന്തം ഭർത്താവിന്റെ ചികിൽസയ്ക്കായി പണം കണ്ടെത്താൻ അഹോരാത്രം പാടുപെട്ടിരുന്ന ഒരു പെൺകുട്ടി. പലതരം പനികൾക്ക് സാധ്യതയുള്ള ഭർത്താവിനെ തിരക്കുകളിൽ നിന്ന് മാറ്റി താമസിപ്പിക്കണം എന്ന എന്റെ നിർദേശത്തെ മാനിച്ചു കൊണ്ട് ആശുപത്രിക്കടുത്തുള്ള ഒരു കൊച്ചു വീട്ടിലേക്ക് താൽക്കാലികമായി താമസം മാറ്റുന്നു. അന്നു രാത്രി തന്നെ സ്നേഹ എന്നെ വിളിച്ചു- ഡോക്ടറേ, ഞങ്ങൾ ഒരു കൊച്ചു വീട്ടിലേക്ക് താമസം മാറ്റി. ഞാൻ ഡോക്ടറോട് ഒരു കാര്യം പറഞ്ഞോട്ടേ! എന്നോട് ദേഷ്യപ്പെടരുത്. ഒരു ചെറിയ മൗനത്തിനു ശേഷം അവൾ തുടർന്നു- ഈ വീട്ടിൽ രണ്ടു മുറികളുണ്ട്. ഞങ്ങൾക്കു താമസിക്കാൻ ഒരു മുറി തന്നെ ധാരാളമാണ്. ഡോക്ടറുടെ രോഗികളിൽ കുറേ പേർ മുറിയെടുക്കാനോ വീടെടുക്കാനോ കഴിവില്ലാത്തവരുണ്ടെന്ന് അറിയാം. അവരിൽ അത്യാവശ്യക്കാരാരെങ്കിലുമുണ്ടെങ്കിൽ ആ മുറി വിട്ടു കൊടുക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.

ഡോക്ടർ എന്താ ഒന്നും മിണ്ടാത്തത്? അവൾ ശങ്കയോടെ തുടർന്നു- ഞാൻ കച്ചവടമുറപ്പിക്കുകയാണെന്ന് വിചാരിച്ചോ! സ്നേഹ ചിരിച്ചു. ആ മുറി സൗജന്യമായി ആർക്കെങ്കിലും താമസിക്കാൻ നൽകാമെന്നാണ് ഞാൻ പറഞ്ഞത്. ഡോക്ടർക്കറിയാമല്ലോ... എത്രയെത്ര രോഗികൾ.... സ്നേഹയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങുകയാണ്. അതെ... അത് സിംപതി ആയിരുന്നില്ല. എംപതിയായിരുന്നു. സിംപതിയാണ് മനസ്സിലുണ്ടായിരുന്നതെങ്കിൽ സ്നേഹ എന്തു പറയുമായിരുന്നു? ഈ ചോദ്യം വരുന്നത് എന്റെ സ്വന്തം മനസ്സിൽ നിന്നു തന്നെയാണെന്ന് എനിക്കറിയാം.

എന്തൊരു കഷ്ടമാണ്, സങ്കടമാണ് ഡോക്ടറേ, എത്രയെത്ര രോഗികൾ ഇങ്ങനെ താമസിക്കാൻ ഒരു വീടോ മുറിയോ കിട്ടാതെ കഷ്ടപ്പെടുന്നു.. പാവങ്ങൾ! എന്നായേനേ സ്നേഹയുടെ വാക്കുകളും പ്രതികരണവും.

***

ധരിക്കുന്ന വെള്ള വസ്ത്രത്തിന്റെ വിശുദ്ധിയുള്ള അനിജ സിസ്റ്ററിന്റെ ചിരിയും രൂപവുമാണ് ഇപ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്നത്. കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ ഞാൻ ജോലി ചെയ്യുന്ന കാലം. രോഗികളുമായി വളരെയടുത്ത് ഇടപഴകുന്ന സിസ്റ്റർ എന്ന നിലയ്ക്ക് എല്ലാ രോഗികളുടെയും സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മനുഷ്യ സ്നേഹിയായിട്ടാണ് ഞാൻ സിസ്റ്ററിനെ വിശേഷിപ്പിക്കാറുള്ളത്. ഒര രോഗി മരിക്കുമ്പോൾ നെഞ്ചു പൊട്ടി നിലവിളിക്കുന്ന ബന്ധുക്കളുടെ ഇടയിലേക്ക് ഒരു മാലാഖയെപ്പോലെ പറന്ന് എത്തുമായിരുന്നു അനിജ സിസ്റ്റർ. അവരെയെല്ലാം ജാതി മത സാമ്പത്തിക ഭേദങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ സ്വന്തം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന കാഴ്ച ഞാൻ എത്രയോ വട്ടം കണ്ടിരിക്കുന്നു. മറ്റുള്ളവരുടെ വേദനയിൽ സ്വന്തം കണ്ണീരടക്കാൻ പാടുപെടുന്ന സിസ്റ്ററിന്റെ മനസ്സിലും സിംപതിയല്ല, എംപതിയാണ്.

***

അപ്പോൾ മനസ്സിൽ തെളിഞ്ഞു വന്നത് കുട്ടപ്പനങ്കിളിന്റെ രൂപമാണ്. ഞാൻ കുടുംബസമേതം തിരുവനന്തപുരത്ത് ജയ്നഗർ കോളനിയിൽ താമസിക്കുന്ന കാലഘട്ടം. ഭാര്യ ചിത്രയും പറക്ക മുറ്റാത്ത രണ്ടു മക്കളുമടങ്ങുന്ന ചെറിയ കുടുംബം. ഞാൻ ജോലി ചെയ്തിരുന്ന ആർ.സി.സി. അധികൃതർ ഒരിക്കൽ എനിക്കു നൽകിയ പ്രത്യേക സമ്മാനം ഒരു സസ്പെൻഷനായിരുന്നു. ചെയ്യാത്ത കാര്യത്തിന്റെ പേരിൽ കുറ്റം ചാർത്തി ശിക്ഷ അനുഭവിക്കേണ്ടി വന്ന ആദ്യ മുഹൂർത്തം. മനസ്സിൽ വലിയ സങ്കടമുണ്ടായി. കൂടെ വിദ്വേഷവും തോന്നി. ഇനിയും അവിടെ തുടർന്നാൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇതിലധികം വരുമെന്നറിയാമായിരുന്നു. ഞാനും ചിത്രയും ഇനിയെന്ത് എന്ന് ചിന്തിച്ചിരുന്ന സമയത്താണ് അയൽവാസിയായ കുട്ടപ്പനങ്കിൾ കയറി വന്നത്. ആ രംഗം എന്റെ മനസ്സിൽ മായാതെയുണ്ട്. എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് അങ്കിൾ എന്നെ അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഞാൻ ഡോക്ടർക്കു വേണ്ടി പ്രാർഥിച്ചു. നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം... എന്റെ കൈ വിടാതെ അങ്കിൾ പ്രാർഥനയിൽ മുഴുകി. ചെറിയ പ്രാർഥനയ്ക്കു ശേഷം അങ്കിൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു- ഞങ്ങളുണ്ട് ഡോക്ടറുടെ കൂടെ എന്നും എപ്പോഴും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങളോട് പറയണം. സാമ്പത്തികമാണ് വേണ്ടതെങ്കിലും പറയാൻ മടിക്കരുത്. അദ്ദേഹം ഒരു കവർ എന്റെ കൈയിൽ വെച്ചു കൊണ്ട് പറഞ്ഞു. അങ്കിളിന്റെ മനസ്സിലുണ്ടായിരുന്നത് സഹതാപമായിരുന്നില്ല. സഹാനുഭൂതിയായിരുന്നു, സഹഭാവമായിരുന്നു.

***

ലേക്​ഷാർ ആശുപത്രിയിൽ വെച്ചാണ്. ഒ.പി.യിലെ രോഗികളെ പരിശോധിച്ചു കഴിഞ്ഞപ്പോൾ സമയം രാത്രി 11 മണിയായി. വാർഡിൽ അത്യാസന്ന നിലയിലുള്ള ചില രോഗികളെ കൂടി കാണാതെ പോകാനാവില്ല. ഞാൻ വാർഡിലേക്ക് നടന്നു. ഓരോരോ മുറികളിലായി കയറി. ഒരിടത്തു നിന്നും അത്ര വേഗം പോരാനുമാവില്ല. ആശ്വാസമാണ് അവർക്ക് വേണ്ടത്. ഒരു നാലു വയസ്സുകാരി ഞങ്ങളെ പിന്തുടരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഇത് 530-ാം നമ്പർ മുറിയിലെ അനീറ്റയാണ്. ഇരുട്ടത്ത് സാറിന് മനസ്സിലായില്ലേ... ഒരു ചെറു പുഞ്ചിരിയോടെ എനിക്കൊപ്പമുണ്ടായിരുന്ന സിസ്റ്റർ ചോദിച്ചു. ഇവൾ സാറിന്റെ റൗണ്ട്സ് തീരാൻ കാത്തിരിക്കുകയാണ്.

അതെന്തിന് എന്ന് ഞാൻ ചോദിക്കും മുമ്പു തന്നെ സിസ്റ്റർ തുടർന്നു. ഇവൾക്കുളള രാത്രി ഭക്ഷണം എന്നും കൊണ്ടു വരുന്നത് സിസ്റ്റർ ലിനിയാണ്. അവൾ വന്ന് ഞങ്ങളുടെ കൂടെയിരുന്ന് കഴിക്കും. അതു കേട്ട് എനിക്ക് സന്തോഷം തോന്നി. ആ സന്തോഷം ഞാൻ സിസ്റ്റർ ലിനിയുമായി പങ്കു വെച്ചു.

ഓ! അതൊരു ചെറിയ കാര്യമല്ലേ സാറേ! അനീറ്റയ്ക്ക് കീമോ ചെയ്യുന്ന കാരണം ഒന്നിനും ഒരു സ്വാദ് തോന്നുന്നില്ല എന്ന് പറയും. അവൾ ഒന്നും കഴിക്കുന്നില്ല എന്നു പറഞ്ഞ് അവളുടെ അമ്മ സങ്കടപ്പെടും. അവർക്കാണെങ്കിൽ വീട്ടിൽ പോയി ഒന്നും ഉണ്ടാക്കിക്കൊണ്ടു വരാനും പറ്റില്ലല്ലോ. അവൾക്ക് ഇഷ്ടപ്പെട്ട ചില വിഭവങ്ങൾ ഞാൻ ഉണ്ടാക്കി കൊണ്ടു വരും. അത് അത്ര വലിയ കാര്യമാണോ സാറേ! സിസ്റ്ററിന്റെ കണ്ണു നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. സിസ്റ്ററിന്റേത് സഹതാപമായിരുന്നെങ്കിൽ ഔദാര്യത്തോടെയുള്ള ചില വാക്കുകളിൽ ഒതുങ്ങിയേനേ.. ഇതാണ് സഹഭാവം-എംപതി.

***
ഹലോ... ഇത് അഹമ്മദാണേ... കൊടുവള്ളിക്കാരനാണ്. ദുബായിൽ നിന്നാ വിളിക്കുന്നത്. ഡോക്ടറല്ലേ! കഴിഞ്ഞ ദിവസം വന്ന ഫോൺ കോളാണ്. സാറിന്റെ കുറേ രോഗികളെക്കുറിച്ച് എഴുതിയിരുന്നത് ഞാൻ വായിച്ചു എന്ന ആമുഖത്തോടെയാണ് അഹമ്മദ് സംസാരിക്കാൻ തുടങ്ങിയത്. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പ്രവാസി തൊഴിലാളിയാണ് സാറേ. അവരുടെ ദുഃഖകഥകൾ വായിച്ചപ്പോൾ തോന്നിയതാണ് ഡോക്ടറേ, എല്ലാ മാസവും ഒരു തുക കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് അയയ്ക്കാൻ ഞാൻ തീരുമാനിച്ചു. ചെറിയ തുകയേ അയയ്ക്കാൻ പറ്റുകയുള്ളൂ സാറേ. എത്ര തുക അയയ്ക്കാനാവുമെന്ന് നേരത്തേ പറയാനാവില്ല സാറേ. എന്നാലും പറ്റുന്നതു പോലെ ചെറിയൊരു തുക പതിവായി അയയ്ക്കാമെന്ന് വിചാരിക്കുന്നു- അഹമ്മദ് പറഞ്ഞു.

കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ വെബ് സൈറ്റിൽ കയറി നോക്കിയാൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാം... ഞാൻ പറഞ്ഞതു കേട്ട് അഹമ്മദ് ചിരിച്ചു. എന്റെ ഡോക്ടറേ! അതിന് സൈറ്റിൽ കയറാനും കയറിയാലും അതൊക്കെ വായിച്ചു മനസ്സിലാക്കാനുമൊന്നുമുള്ള വിദ്യാഭ്യാസം എനിക്കില്ല. ഇവിടെയിങ്ങനെ ഇരിക്കുമ്പോൾ മലയാളം പുസ്തകങ്ങൾ വായിക്കും. സാറിന്റെ പുസ്തകത്തിലെ ചില ആളുകളുടെ കഥകൾ വായിച്ചപ്പോൾ ഞാനും അവരിൽ ഒരാളായതു പോലെ തോന്നിപ്പോയി... അഹമ്മദിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു അത് പറയുമ്പോൾ.

***
സിംപതിയും എംപതിയും കിലോമീറ്ററുകൾ നീളമുള്ള ഒരു കയറിന്റെ രണ്ടറ്റത്തായി നിൽക്കുന്നവരാണ്. തുടക്കത്തിൽ പറഞ്ഞ പരിപാടിയിലെ ആ പെൺകുട്ടിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. സഹാനുഭൂതി എന്നത് മനസ്സിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നു വരുന്ന ഒരു വികാരമാണ്. സഹതാപമാകട്ടെ, അങ്ങനെ മനസ്സിൽ തൊടാത്ത ഒരു വികാരപ്രകടനവും. മറ്റൊരാളുടെ പ്രശ്നങ്ങളും ദുഃഖങ്ങളും സ്വന്തം പ്രശ്നങ്ങളും ദുഃഖങ്ങളുമായി കാണുകയും അതുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്താലേ സഹാനുഭൂതി മനസ്സിലുണരകുയുള്ളൂ. എന്തിനും ഏതിനും ഐ ഫീൽ സോറി എന്നു പറഞ്ഞ് നീങ്ങുന്ന മനസ്സുകൾ സഹതാപത്തിന്റെ ഒന്നാമത്തെ കണ്ണിയാണ്. സ്വന്തം മനസ്സിൽ കുറ്റബോധമോ സങ്കടഭാവമോ ഇല്ലാതെ പറയാൻ പറ്റുന്ന ഒരു വാചകമാണ് ഐ ഫീൽ സോറി ഫോർ ദാറ്റ് എന്നത്. 'എനിക്ക് വിഷമമുണ്ട് കേട്ടോ' എന്നോ 'എനിക്കതിൽ സങ്കടമുണ്ട്' എന്നോ ഒക്കെ പറയുമ്പോൾ അതിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെന്ന് തോന്നും.

നിങ്ങളുടെ സഹതാപം ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല. ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് കാൻസർ രോഗികൾ. 'അയ്യോ! കഷ്ടമായിപ്പോയി. നിങ്ങൾക്ക് ഈ അസുഖം വരരുതായിരുന്നു ' എന്ന മുഖവുരയോടെ മുതലക്കണ്ണീരൊഴുക്കി സഹതപിക്കാൻ ചെല്ലുന്ന നിങ്ങളുടെ മുന്നിൽ ഒരിക്കലും തുറക്കാതെ അവർ മനസ്സിന്റെ വാതിലുകൾ കൊട്ടിയടയ്ക്കും. രോഗികളെ ഇങ്ങനെ സമീപിക്കരുത് എന്നത് സാന്ത്വന ചിന്തയുടെ ഒന്നാം പാഠവുമാണ്. എന്റെ മനസ്സിൽ തെളിഞ്ഞു വനന്ത് ചേച്ചിയുടെ മുഖമാണ്. അവസാന നാളുകളിൽ ചേച്ചി പറയുമായിരുന്നു- ഒരിക്കൽ പോലും നല്ല വാക്കുകൾ പറഞ്ഞിട്ടില്ലാത്ത ചിലരൊക്കെ സഹതാപ തരംഗവുമായി കാണാൻ വരുമ്പോൾ തനിക്കു പുച്ഛമാണ് തോന്നുന്നത് എന്ന്. അവരോട് കാണാൻ വരരുതെന്നു പറയാനുള്ള മനസ്സ് ചേച്ചിക്കില്ലാതെ പോയല്ലോ എന്ന് ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്.

***
യാദൃച്ഛികമെന്നോണം എന്റെ കണ്ണുകൾ മുന്നിലെ ദിനപത്രത്തിൽ കണ്ട ഒരു വാർത്തയിൽ തറച്ചു നിന്നു. മരടിലെ ഫ്ളാറ്റുകൾ പൊളിച്ചിട്ട് ഒരു വർഷം തികയുന്ന ദിവസത്തെ പത്രമായിരുന്നു അത്. നഷ്ടപരിഹാരത്തിനും മറ്റുമുള്ള നിയമ നടപടികൾ ഇഴഞ്ഞു നീങ്ങുന്നു എന്നായിരുന്നു ആ വാർത്ത. ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല രസം എന്നു പറഞ്ഞതു പോലെ ആ പൊളിക്കൽ ഒരു ഉത്സവമായി ആഷോഘിച്ച് കാണാനെത്തിയ കുറേയേറെപ്പോരുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലോർത്തു. ആ ഫ്ളാറ്റുകളിലെ അന്തേവാസികളുടെ ദുഃഖത്തിൽ സഹതാപം രേഖപ്പെടുത്തി കുറേ നേതാക്കളും ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ആ പൊളിക്കൽ കാര്യമായി നിർവഹിച്ച് അഭിനന്ദനങ്ങൾ നോടിയെടുത്ത കുറേയധികം വിദഗ്ധരുമുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ഒരാളെങ്കിലും ആ കാഞ്ഞിരപ്പള്ളിക്കാരി വൃദ്ധയുടെ കണ്ണീർ കണ്ടിരുന്നെങ്കിൽ! ഒരു തരി സഹാനുഭൂതിയെങ്കിലും അവരുടെ മനസ്സിലുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. പ്രായമായി, തന്റെ ഭർത്താവിനെയും നഷ്ടപ്പെട്ട അവർക്ക് തന്റെ കിടപ്പിടമായിരുന്ന ആ കെട്ടിടം തകർന്നു വീണതു വഴി നഷ്ടപ്പെട്ടത് തന്റെ ആയുഷ്കാല സമ്പാദ്യമായിരുന്നു എന്നു മനസ്സിലാക്കാൻ ആരും മെനക്കെട്ടില്ല. അല്ലെങ്കിൽ ആരും അതിന് തയ്യാറായില്ല എന്നതാണ് സത്യം.

കെട്ടിടങ്ങൾ തകർന്നു വീണപ്പോൾ ജനം കൈയടിച്ചും ഒച്ച വെച്ചും സന്തോഷിച്ചു. നിയമം നടപ്പാക്കിയതിൽ ഉദ്യോഗസ്ഥർ സന്തോഷിച്ചു. ആ പൊളിക്കൽ പ്രാവർത്തികമാക്കിയവർ ശാസ്ത്രത്തെയും തങ്ങളുടെ കഴിവുകളെയും സ്വയം അഭിനന്ദിച്ചു. അതിനിടയിൽ ആ അമ്മയുടെ ശബ്ദം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. സഹാനുഭൂതിയുടെ ഒരു കണിക പോലും കാണാതെ അവർ കൊച്ചിയോട് യാത്ര പറഞ്ഞു. സഹതാപം പ്രകടിപ്പിക്കാൻ വളരെ എളുപ്പമാണ്. പക്ഷേ, സഹാനുഭൂതി മനസ്സിൽ ഉറന്നു വരണമെങ്കിൽ അതിന് അത്തരമൊരു മനസ്സ് ഉണ്ടാവണം. തട്ടിക്കൂട്ടിയുണ്ടാക്കാവുന്ന ഒന്നല്ല മനസ്സിന്റെ നന്മ- അറിയാതെ എന്റെ മനസ്സ് പറഞ്ഞു പോയി.

Content Highlights:Snehaganga Dr.V.P Gangadharan share his life experiences

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented