ഫോട്ടോ: കെ.കെ. സന്തോഷ്
സ്വന്തം പുര കത്തുമ്പോഴും മറ്റുള്ളവരുടെ പുര കത്താത്തതെന്തേ എന്ന് ചിന്തിച്ചു നടക്കുന്ന ഒരു പറ്റം ആളുകള്‍ നമ്മുടെയിടയിലുണ്ട്. എന്തിനും ഏതിനും മറുവശം മാത്രം ചിന്തിക്കുന്നവരാണ് ഇക്കൂട്ടര്‍. നമ്മുടെ ജീവിതം ദുസ്സഹമാക്കുന്നവരാണ് ഇക്കൂട്ടരെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഇവരെ എന്തു വിളിക്കുമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ മനസ്സില്‍ ഉയര്‍ന്നു വന്നത് നെഗറ്റീവ്സ് എന്ന വാക്കാണ്. സ്വന്തം ജീവിതത്തില്‍ ഇത്തരം നെഗറ്റീവ്സിനെ കണ്ടുമുട്ടാത്ത ഒരാളെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നമ്മുടെയിടയില്‍ ഇവരുടെ സാമീപ്യമുണ്ട് എന്ന് തിരിച്ചറിയുന്ന കുറേ സന്ദര്‍ഭങ്ങളും അനുഭവങ്ങളും മനസ്സില്‍ തെളിഞ്ഞു വന്നു.
മോന് പത്താംക്ലാസ്സില്‍ ഫസ്റ്റ്ക്ലാസ്സില്ല അല്ലേ! ദേണ്ടേ പഴയ വീട്ടിലെ രാജന്റെ മോള്‍ക്ക് ഫസ്റ്റ് ക്ലാസ്സ് കിട്ടി എന്ന് കേട്ടു. മോന്‍ പഠിത്തത്തില്‍ സ്വല്പം പിറകോട്ടാ അല്ലേ! എന്റെയൊക്കെ പത്താം ക്ലാസ്സ് കാലത്ത് സ്ഥിരമായി കേട്ടിരുന്ന വാചകങ്ങളാണിവ. ഇതു കേള്‍ക്കേണ്ട താമസം ആ മോന്റെ അമ്മയ്ക്ക് സങ്കടം വരും. സ്വന്തം മകള്‍ രണ്ടു വട്ടം പരീക്ഷയെഴുതിയിട്ടും പത്താം ക്ലാസ്സ് പാസ്സായില്ല എന്ന സത്യം ഈ ചോദ്യം ചോദിക്കുന്ന അമ്മയ്ക്ക് ഒരു പ്രശ്നമേ ആയിരിക്കുകയുമില്ല. അതാണ് രസകരമായ കാര്യം. ഇന്ന് ഇത്തരം ചോദ്യവും സന്ദര്‍ഭവും അപ്രസക്തമായിട്ടുണ്ട്. ഇന്ന് പത്താം ക്ലാസ്സില്‍ ഫസ്റ്റ് ക്ലാസ്സ് ഇല്ലല്ലോ! ഗ്രേഡിങ്ങും തോല്‍വി സാധ്യത പരമാവധി ഒഴിവാക്കിയുള്ള പരീക്ഷാ രീതിയുമായി പത്താം ക്ലാസ്സ് മാറിക്കഴിഞ്ഞിരിക്കുന്നു.
മോന് ജോലിയൊന്നും ആയില്ല അല്ലേ! പഠനം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ച വീട്ടില്‍ നില്‍ക്കേണ്ടി വരുമ്പോഴേക്ക് ഒരാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യമാണിത്. വൈകിട്ട് ഒന്ന് നടക്കാനിറങ്ങിയാല്‍, കാപ്പിപ്പൊടി വാങ്ങാന്‍ അടുത്തുള്ള കടയിലേക്ക് പോയാല്‍- ഒക്കെ വീണ്ടും വീണ്ടും ഇതേ ചോദ്യവുമായി ഒരു ദാമോദരനോ തോമസോ അഹമ്മദോ മുന്നിലെത്തും. ഇപ്പറയുന്നയാള്‍ എത്രയോ കാലമായി ഒരു പണിയുമില്ലാതെ നടക്കുന്നയാളായിരിക്കുകയും ചെയ്യും. നാട്ടിലെ ബാര്‍ബര്‍ ഷോപ്പാണ് ഇത്തരം പഠനം കഴിഞ്ഞ മക്കളുടെ ഒരു വലിയ പേടി സ്വപ്നം. മുടിവെട്ടാന്‍ കുറച്ചു സമയം ഇരുന്നേ പറ്റുകയുള്ളൂ എന്നറിയാവുന്ന ധാരാളം ദാമോദരന്മാര്‍ ഇതേ ചോദ്യവുമായി മുന്നിലെത്തും. പത്രം വായിക്കാനും ടിവി കാണാനുമായി ബാര്‍ബര്‍ ഷോപ്പില്‍ ഒത്തുകൂടുന്ന ഇക്കൂട്ടര്‍ ധാരാളമുണ്ടായിരുന്നു. ജോലി ആയില്ല ചേട്ടാ എനിക്കൊരു നല്ല ജോലി വാങ്ങിത്തരുമോ... എന്ന് ചോദിക്കാന്‍ മക്കളുടെ മനസ്സ് പറയും. ഇത്തരം നെഗറ്റീവ്‌സിനോട് സംസാരിക്കാതിരിക്കുന്നതാണ് ബുദ്ധി എന്ന് പിന്നീട് മനസ്സ് ഉപദേശിക്കും. അതുകൊണ്ടു തന്നെ ജോലിയൊന്നും ആയില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. കിഴക്കേപ്പുറത്തെ അനില്‍ നിന്റെ കൂട്ടുകാരനല്ലേ, കൂടെ പഠിച്ചതല്ലേ?, അവന് ദുബായില്‍ വലിയ ജോലിയാണെന്നാ കേട്ടത്... അഞ്ചക്ക ശമ്പളം, കാറ്, വീട്, എല്ലാമുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു. നെഗറ്റീവാശാന്‍ വിടാന്‍ ഭാവമില്ല. കഴിഞ്ഞ ദിവസം അവൻ 14 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. നാട്ടില്‍ വീടു വെക്കാന്‍ പോവുകയാണത്രേ. മകന്റെ നെഞ്ചില്‍ അറിയാതെ ഒരു തേങ്ങല്‍. അത്രയും മതി നമ്മുടെ നെഗറ്റീവന് അന്നത്തെ ദിവസം സഫലമായെന്നു തോന്നാന്‍!
പെണ്‍കുട്ടികളുടെ കാര്യംഅതിലേറെ കഷ്ടമാണ്. എന്റെ ദീനാമ്മേ! ഇവളെ ഇങ്ങനെ നിര്‍ത്തിയാല്‍ മതിയോ? അവളുടെ കാര്യം ഒന്നും ആയില്ല അല്ലിയോ! ഒള്ള നേരത്തേ കെട്ടിച്ചു വിടാന്‍ നോക്ക്. ഇല്ലെങ്കില്‍ കൊച്ചങ്ങു നിന്നു പോകും കേട്ടോ! അതല്ലെങ്കില്‍ അവള്‍ ആരുടെയെങ്കിലും കൂടെ ഇറങ്ങിയങ്ങു പോകും. കാലം അതാ!
അതിന് ഇവള്‍ക്ക് വയസ്സ് 18 പോലും ആയില്ലല്ലോ, കെട്ടിച്ചു വിടാന്‍! ഈ ഉത്തരം പറഞ്ഞു പറഞ്ഞ് ദീനാമ്മ മടുത്തു. ഒരാളോടല്ല. ദിവസം ചെല്ലുന്തോറും മോളെക്കുറിച്ച് ഇത്തരം ചോദ്യങ്ങളും അമിത ഉത്കണ്ഠയുമായി എ്തുന്നവരുടെ എണ്ണം ഏറിയേറി വരും. അവരെയെല്ലാം ദീനാമ്മയ്ക്ക് സമാധാനിപ്പിക്കേണ്ടി വരും. ഒടുവില്‍ സ്വയമറിയാതെ ദീനാമ്മ സമയവും സന്ദര്‍ഭവും നോക്കി കാര്യം അവതരിപ്പിക്കും.
ദിവസങ്ങള്‍ കഴിയുന്തോറും ദീനാമ്മയ്ക്ക് ആധിയായി, ഭീതിയായി ഉറക്കം കിട്ടാതെയാവും. ഇങ്ങനെ എത്രയെത്രെ അമ്മമാര്‍, ദീനാമ്മമാര്‍! പക്ഷേ, ഇതിനിടെ ഈ പ്രശ്‌നം ഉയര്‍ത്തിയ നെഗറ്റീവിന്റെ മകള്‍ അവള്‍ക്ക് പ്രിയപ്പട്ടവനൊപ്പം സ്വന്തം വഴിനോക്കി പോയിട്ടുണ്ടാവും.
നീയെന്താടീ കൊച്ചേ! ഇങ്ങനെ ഒറ്റത്തടിയായി കഴിയുന്നേ? നിന്റെ കൂടെ പഠിച്ചവരൊക്കെ മൂന്നും നാലു പെറ്റല്ലോ... പെണ്‍കുട്ടിയെ നേരിട്ട് ആക്രമിക്കുന്നവരുടെ വാക്കുകളാണിത്. പെറാന്‍ വേണ്ടിയല്ലല്ലോ ചേട്ടാ ഞാന്‍ ജീവിക്കുന്നത് എന്ന് ധൈര്യത്തോടെ പറയാന്‍ കഴിയുന്നവര്‍ ഇപ്പോഴും കുറവു തന്നെയാണ്. ഒരു ഗീതയോ ഷൈലയോ മറ്റോ അങ്ങനെയെങ്ങാന്‍ പറഞ്ഞാല്‍ രണ്ടു ദിവസത്തിനകം നാടാകെ പുതിയൊരു വാര്‍ത്ത പടരും. അവള്‍ക്കേ... നമ്മുടെ ഗീതക്കൊച്ചിനേ ചൊവ്വാ ദോഷമാ! അതാ ഇങ്ങനെ. കെട്ടിയാലും അവള്‍ക്ക് കെട്ടിയോന്‍ വാഴില്ല. അതാ അവളുടെ ജാകതദോഷം. കുറച്ചു പേര്‍ അതൊന്ന് മാറ്റിപ്പറയും. നെഗറ്റീവുകള്‍ പല തരമാണല്ലോ.
അടുത്ത നെഗറ്റീവ് ആക്രമണം കലശലാവുക വിവാഹ ശേഷമാണ്. കല്യാണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ കഴിയുമ്പോഴേക്ക് അന്വേഷണം തുടങ്ങും- വിശേഷം ഒന്നും ആയില്ലേ... അത് അവരുടെ കാര്യം. നിങ്ങള്‍ക്ക് അതുകൊണ്ടെന്താ ചേതം എന്ന് ചോദിക്കാന്‍ ധൈര്യമുള്ള അമ്മമാര്‍ ചുരുക്കം. അങ്ങനെയെങ്ങാനും ചോദിച്ചു പോയാല്‍ അടുത്ത നെഗറ്റീവ് വാര്‍ത്ത പ്രചരിക്കും. നാടാകെ പടരും! അതേ... ആ ദേവിയില്ലേ... നാലഞ്ചുമാസമായില്ലേ കല്യാണം കഴിഞ്ഞിട്ട്. അവള്‍ പ്രസവിക്കില്ല... അതിനെന്തോ ചികില്‍സയാണെന്നാ പറയുന്നേ... നെഗറ്റീവുകള്‍ കൂട്ടം കൂടിയിരുന്ന് വാര്‍ത്ത ആവര്‍ത്തിക്കും.
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെയാണ് പിടി കിട്ടുന്നതെങ്കില്‍ മറ്റൊരു തരത്തിലായിരിക്കും ഈ നെഗറ്റീവുകളുടെ ആക്രമണം.
ഓ! വെല്യ പാടാ മോനേ, എന്‍ട്രന്‍സ് കിട്ടാന്‍! നമ്മുടെ പുതിയറോഡിലെ സാജുമോന്‍ എന്തു മിടുക്കനായിരുന്നു! മൂന്നു പ്രാവശ്യം എഴുതി എന്‍ട്രന്‍സ്. അവന് ഒന്നും കിട്ടിയില്ല. അതല്ലേ അവസാനം ആ കൊച്ച് ഫാനില്‍ കെട്ടിത്തൂങ്ങി ചത്തുകളഞ്ഞത്! കഷ്ടം! ഞാന്‍ പോട്ടേ വേണുമോനേ...നെഗറ്റീവന്‍ പറഞ്ഞിറങ്ങും. ഒരുമാസത്തേക്ക് വേണുമോന്റെ മനസ്സ് മങ്ങാന്‍ ഈ ആക്രമണം ധാരാളം.
ആശുപത്രി സന്ദര്‍ശകരിലുമുണ്ടാവും ഇത്തരം നെഗറ്റീവുകള്‍ സുലഭമായി. രോഗിക്ക് അടുത്തു ചെന്ന് താടിക്കു കൈയും കൊടുത്ത ഒറ്റയിരിപ്പാണ്. മുഖത്ത് കട്ടപിടിച്ച ദീനഭാവം. കഷ്ടമായിപ്പോയി... അപ്പച്ചന്റെ കെടപ്പു കണ്ടോ... നെഗറ്റീവ്‌സ് കരച്ചിലടക്കാന്‍ വിഷമിക്കും. ഇതുപോലെ ഒരു മാസം തളര്‍ന്നു കിടന്നതാ നമ്മുടെ കോയിക്കല്‍ വീട്ടിലെ ലാലന്‍ ചേട്ടന്‍. അവസാനം.. നരകിച്ചല്ലേ പോയത്... മയക്കത്തിനിടെ ഇത് മെല്ലെ കേട്ടാല്‍ മതി അപ്പച്ചന്റെ പകുതി ജീവന്‍ പോകാന്‍. ഇറങ്ങിപ്പോടാ എന്ന് നെഗറ്റീവനോട് പറയാന്‍ ശേഷിയുള്ള അപ്പച്ചന്‍മാര്‍ കുറയും. അങ്ങനെയെങ്ങാന്‍ അപ്പച്ചന്‍ പറഞ്ഞാലോ! നെഗറ്റീവന്‍ ആശുപത്രിക്ക് പുറത്ത് വാചാലനാവും. അപ്പച്ചന്‍ ആയ കാലത്ത് സ്ഥിരം വെള്ളവും കഞ്ചാവും ഒക്കെയായിരുന്നില്ലേ. അതല്ലേ ഇങ്ങനെ കെടപ്പായിപ്പോയത്. ഇത് ഏതായാലും കുറച്ച് കഷ്ടപ്പെടുമെന്നാ തോന്നുന്നേ...വിവാഹസദ്യകള്‍ക്കിടയില്‍ ധാരാളമായി കാണാന്‍ കിട്ടും ഇത്തരം നെഗറ്റീവുകളെ. പായസത്തിന് മധുരം ശരിക്കങ്ങ് ചേര്‍ന്നില്ല... അവിയലിന് ഉപ്പ് കുറച്ചുകൂടി വേണമായിരുന്നു...
ഇത് വായിച്ചിട്ട് ആര്‍ക്കെങ്കിലും സ്വന്തം നെഗറ്റീവിസം കുറച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ ഒരപേക്ഷയുണ്ട്- നിങ്ങള്‍ മനപ്പൂര്‍വം വിചാരിക്കണം സ്വയം മാറണമെന്ന്. മാറാന്‍ കഴിയും. ഒരിക്കലും മനസ്സമാധാനം കിട്ടാത്തവരാണ് ഇപ്പറഞ്ഞ നെഗറ്റീവുകള്‍ എന്നോര്‍ക്കുക. ഉറക്കം വരാത്തവര്‍. ഒരിക്കലും ഇവര്‍ മറ്റുള്ളവരെ മനസ്സമാധാനത്തോടെ കഴിയാന്‍ അനുവദിക്കുകയുമില്ല. മറ്റസുഖങ്ങള്‍ മൂലമല്ലാതെ ഉറങ്ങാന്‍ മരുന്ന് പ്രത്യേകം വേണ്ടവരുണ്ടല്ലോ... അവരില്‍ നല്ലൊരു പങ്കും തികഞ്ഞ നെഗറ്റീവുകളാണ്...
Content Highlights: snehaganga, dr.v.p.gangadharan column, dr.v.p.gangadharan on negativism, dr vp gangadharan cancer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..