ഡോ. വി.പി. ഗംഗാധരൻ (Photo: Muralikrishnan B.)
സമയം രാത്രി എട്ടു മണി. ബിനു സിസ്റ്റര്‍ ചുമരിലെ ക്ലോക്ക് നോക്കി പറഞ്ഞു- സാറേ, ഇനി ആറു രോഗികളെക്കൂടിയേ കാണാനുള്ളൂ. അതിലൊരാള്‍ നേരത്തേ പേര് തരാതെ വന്നതാണ്. കുറേ ദൂരെ പോകേണ്ടതായതു കൊണ്ടും കൂട്ടിന് ഒരു സ്ത്രീ മാത്രമുള്ളതു കൊണ്ടും നേരത്തേ വിളിക്കാമോ എന്നു ചോദിച്ചു. ശരി, വിളിച്ചോളൂ എന്ന് പറയേണ്ട താമസം രണ്ട് സ്ത്രീകള്‍ മുറിക്കകത്തേക്ക് കയറി വന്നു. നേരത്തേ പറയമായായിരുന്നില്ലേ... അവരുടെ കേസ്ഷീറ്റില്‍ നിന്ന് മുഖമുയര്‍ത്താതെയാണ് ഞാന്‍ ചോദിച്ചത്. മറുപടി ലഭിക്കാത്തതു കൊണ്ട് ഞാന്‍ മുഖം ഉയര്‍ത്തി നോക്കി.
തമിഴ് സാര്‍... രണ്ടു സ്ത്രീകളില്‍ ചെറുപ്പക്കാരിയായ സ്ത്രീ പറഞ്ഞു. എനിക്ക് കുറച്ച് മലയാളം അറിയാം- അവള്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. മലയാളം അറിയാത്ത മലയാളികളെക്കാള്‍ ഭേദം! ഞാന്‍ മനസ്സിലോര്‍ത്തു. ഞങ്ങള്‍ സാറിനെ കാണാന്‍ തിരുവനന്തപുരത്ത് പോയിരുന്നു. മെഡിക്കല്‍ കോളേജില്‍ നാളെ ഇന്ത അക്കാവുക്ക് റേഡിയേഷന്‍ പറഞ്ഞിട്ടുണ്ട്. ഇവ അക്കാ ഇല്ലെ. അക്കാ മാതിരി. കൂടെ വന്നിട്ടുള്ള സ്ത്രീയെ കാണിച്ച് അവര്‍ പറഞ്ഞു.
എന്നെ എങ്ങനെ അറിയാം ഞാന്‍ തിരുവനന്തപുരത്താണെന്ന് ആരു പറഞ്ഞു
നാങ്ക തിരുപ്പൂര് സാര്‍. ഇങ്ക ഇറുന്തു പോണ അണ്ണാവെ നല്ലാ തെരിയും. നാങ്ക എല്ലാം അവര്‍ കിട്ടെ താന്‍ ഊസി പോടറത്.
അവരുടെ ഉത്തരത്തിനിടെ മരിച്ചു പോയ എന്റെ ബാലച്ചേട്ടന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു.
തിരുപ്പൂരില്‍ എങ്കെ എന്റെ തമിഴ് അവരുടെ തമിഴിന് കൂടുതല്‍ ബലം പകര്‍ന്നു.
റായപ്പുരം സാര്‍. ഉങ്ക വീട്ടു പക്കം. ഗോപാലന്‍ ഞാപകമിറുക്കും. തിരുവനന്തപുരത്തിലേ ഉങ്ക പേഷ്യന്റ്. അവരുടയ മകള്‍ ഇവള്‍. വീണ്ടും, കൂടെ വന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി ചെറുപ്പക്കാരി പറഞ്ഞു.
ഉങ്കളെ മട്ടും തേടിത്താന്‍ ഞങ്ങള്‍ തിരുവനന്തപുരത്ത് പോയത്.
ഇപ്പോള്‍ സന്തോഷം... നിങ്ങളെ കാണാനായല്ലോ. ഏതു ഗോപാലന്‍ നാക്കിലെ കാന്‍സറുമായി വന്ന ഗോപാലനോ? എന്റെ ചോദ്യത്തിന് കൂടെ വന്ന സ്ത്രീയാണ് മറുപടി പറഞ്ഞത്.
ആമാം സാര്‍! അവര്‍ എന്നുടയ അപ്പാ.അവര്‍ ഇറന്തു പോയിട്ടാര്‍. അതു വരെയ്ക്കും ഉങ്കളെപ്പത്തി ദിനവും നിറയെ പേശുവാര്‍.
എന്റെ നെഞ്ചില്‍ ഒരു ഇടിത്തീ വീണതു പോലെ. ഞാന്‍ തരിച്ചിരുന്നു പോയി.
ഞാപകമിറുക്ക്...നല്ലാ ഞാപകമിറുക്ക്- സ്വയമറിയാതെയെന്നോണമാണ് ഞാന്‍ പറഞ്ഞത്. എന്റെ ചിന്തകള്‍ 20-25 വര്‍ഷം പിന്നിലേക്ക് പാഞ്ഞു. ഞാന്‍ തിരുവനന്തപുരത്ത് ആര്‍.സി.സി.യില്‍ ജോലി ചെയ്യുന്ന കാലം. തിരുപ്പൂരില്‍ പ്രാക്ടീസ് ചെയ്തിരുന്ന ബാലച്ചേട്ടനാണ് ഗോപാലനെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്.
നാന്‍ തിരുപ്പുര് സാര്‍. അണ്ണാര്‍ അണുപ്പിവെച്ചാര്‍ ഉങ്കളെ പാക്കറുത്ക്ക് സാര്‍ (ഞാന്‍ തിരുപ്പൂരു നിന്നാണ്. താങ്കളെ കാണാന്‍ വേണ്ടി സാറിന്റെ ചേട്ടന്‍ പറഞ്ഞയച്ചിട്ട് വന്നതാണ്) കൈകൂപ്പി നില്‍ക്കുന്ന ഗോപാലന്റെ രൂപം മുന്നില്‍ നില്‍ക്കുന്നതു പോലെ. വെള്ള ഖാദി മുണ്ടും വെളുത്ത അരക്കൈയന്‍ ജുബ്ബായും. തോളത്ത് ഒരു തമിഴ് സ്‌റ്റൈല്‍ തോര്‍ത്തും. തൊഴുകൈയോടെ പതുക്കെപ്പതുക്കെ നടക്കുന്ന ഗോപാലനെ കണ്ടാല്‍ ഒരു വയസ്സന്‍ ലുക്ക്, ഞാന്‍ മനസ്സില്‍ കുറിച്ചിട്ടതങ്ങനെയാണ്. അണ്ണാര്‍ ഇത് ഉങ്കളുക്ക് കൊടുക്ക ശൊന്നാര്‍..( ചേട്ടന്‍ ഇത് താങ്കള്‍ക്ക് തരാന്‍ പറഞ്ഞു.) ജുബ്ബയുടെ ഇടതു വശത്തെ പോക്കറ്റില്‍ കൈയിട്ട് ചുരുട്ടിക്കൂട്ടിയിരുന്ന ഒരു വെള്ള കവര്‍ എന്റെ നേരേ നീട്ടി വെച്ചു നീട്ടി. ബാലച്ചേട്ടന്റെ എഴുത്താണ്. Dear Ga...എന്ന ബാലച്ചേട്ടന്റെ സ്ഥിരം സംബോധനയോടെയാണ് എഴുത്ത് തുടങ്ങുന്നത്. ഗോപാലന്റെ നാവില്‍ കാന്‍സറാണ്. ഇവിടെ അടുത്ത് ഒരു ആശുപത്രിയില്‍ ഓപ്പറേഷന്‍ ചെയ്ത് ആ ഭാഗം നീക്കി. പക്ഷേ, മുഴുവനും പോയിട്ടില്ല. ഗോപാലനും വീട്ടുകാരും ചികില്‍സയ്ക്കായി ഓടിയെത്താറുള്ളത് എന്റെ അടുത്തേയ്ക്കാണ്. നീ, വേണ്ടത് ചെയ്യുമല്ലോ... ഇതായിരുന്നു ബാലച്ചേട്ടന്റെ കത്തിലെ ഉള്ളടക്കം. ഞാന്‍ കത്ത് വായിച്ചെന്നു കണ്ട് ഉടന്‍ തന്നെ ഗോപാലന്‍ പോക്കറ്റില്‍ നിന്ന് മറ്റൊരു കടലാസ് തുണ്ടു കൂടി എടുത്തു നീട്ടി. അത് ഓപ്പറേഷന്‍ ചെയ്ത് നീക്കിയ നാവിലെ മുറിവന്റെ ബയോപ്‌സി റിപ്പോര്‍ട്ടായിരുന്നു അത്. അസുഖം ബാധിച്ച ഭാഗം മുഴുവനായി എടുത്തു മാറ്റിയിട്ടുണ്ടെങ്കിലും ഒരു ചെറിയ ഭാഗം ബാക്കി നില്‍ക്കുന്നുണ്ടോ എന്ന സംശയം മാത്രമാണ് ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ ആത്മവിശ്വാസത്തോടെ ഗോപാലനോട് പറഞ്ഞു - ഭയപ്പെടറുതുക്ക് ഒന്നുമില്ല. എല്ലാം സരിയാ വരും.
എനക്ക് എതുക്ക് ഭയം സാര്‍... അണ്ണാര്‍ അനുപി വെച്ചാര്‍ ഉങ്കക്കിട്ടൈ. നാന്‍ ഉങ്ക കയ്യിലെ വന്ത് സേന്തിട്ടേന്‍. (എനിക്ക് എന്തു ഭയം സാര്‍. ജേഷ്ഠന്‍ എന്നെ സാറിന്റെ അടുത്തേക്ക് അയച്ചു. ഞാന്‍ താങ്കളുടെ കൈയില്‍ വന്നു ചേര്‍ന്നു കഴിഞ്ഞു) ഗോപാലന്റെ കണ്ണുകളില്‍ തിളക്കം. ബാലച്ചേട്ടനിലും എന്നിലും അദ്ദേഹത്തിനുള്ള വിശ്വാസത്തിന്റെ ആഴം വിളിച്ചു പറയുന്നതായിരുന്നു ആ വാക്കുകള്‍.
ഞാന്‍ നിര്‍ദേശിച്ച പ്രകാരം അടുത്ത ദിവസം രാവിലെ ഗോപാലന്‍ ആശുപത്രിയില്‍ എന്റെ ഒ.പി.യില്‍ വന്നു. സ്‌കാനുകള്‍ അടക്കമുള്ള പരിശോധനയില്‍ അസുഖം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ല എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി.അത് ഗോപാലനോട് ഞാന്‍ പറയുകയും ചെയ്തു. ചെറിയ ഒരു ഓപ്പറേഷന്‍ മതിയല്ലോ എന്ന് വീണ്ടും മനസ്സിലോര്‍ത്തു. അതിനായി ഗോപാലനെ ഞാന്‍ സര്‍ജറി വിഭാഗത്തിലേക്ക് അയച്ചു. പയങ്കരമാന വലി (ഭയങ്കര വേദന) സാര്‍... വേദനയുടെ ആക്കം ഗോപാലന്റെ മുഖത്ത് കാണാമായിരുന്നു.
പറവായില്ലൈ ഗോപാലാ... അത് ഓപ്പറേഷന്‍ വെച്ചതിനാലേ വരുകിറ വലി... (സാരമില്ല ഗോപാലാ... അത് ഓപ്പറേഷന്‍ ചെയ്തതിനാലുള്ള വേദനയാ...) ഒരു വേദനസംഹാരി എഴുതിക്കൊടുത്തു ഗോപാലന്. ആശ്വസിപ്പിച്ച് അയച്ചു. വേദന കൊണ്ട് അയാള്‍ ജോലിക്കൊന്നും പോകുന്നില്ല. വീട്ടിലിരിപ്പാണ്. ബാലച്ചേട്ടന്‍ ഒന്നുരണ്ടു പ്രാവശ്യം സൂചിപ്പിച്ചിരുന്നു. ഓപ്പറേഷന്റെ വേദനയായിരിക്കും എന്നു കരുതി ഞാന്‍ അതിന് പ്രത്യേക പ്രാധാന്യമൊന്നും കൊടുത്തില്ല.
ആര്‍.സി.സി. യില്‍ നടന്ന ഒരു മരുന്നുപരീക്ഷണം വിവാദമായത് ഇതിനോടടുത്ത ദിവസങ്ങളിലാണ്. ആ പരീക്ഷണത്തില്‍ പങ്കാളികളായ രോഗികളുടെ പട്ടിക ഞാന്‍ കണ്ടു. അതില്‍ ഗോപാലന്റെ പേരുമുണ്ടായിരുന്നു. അതിന്റെ ഇംഗ്ലീഷിലുള്ള സമ്മതപത്രങ്ങള്‍ എടുത്തു നോക്കിയപ്പോള്‍ പരീക്ഷണത്തിനു സമ്മതിച്ചു കൊണ്ട് ഗോപാലന്‍ ഒപ്പിട്ടു കൊടുത്തിരിക്കുന്നതും കണ്ടു. ഞാന്‍ ഉടനെ തന്നെ ബാലച്ചേട്ടനെ വിളിച്ച് വിവരം അറിയിച്ചു. റേഡിയേഷനു വേണ്ടി ഗോപാലന്‍ നാളെ നിന്നെ കാണാന്‍ വരുന്നുണ്ട്. നീ നേരിട്ടു തന്നെ സംസാരിക്കൂ. ബാലച്ചേട്ടന്റെ വാക്കുകളില്‍ ഒരു നീരസത്തിന്റെ സൂചനയുണ്ടായിരുന്നു. മനസ്സില്‍ നിറയെ ദേഷ്യത്തോടെയാണ് അടുത്ത ദിവസം ഞാന്‍ ഗോപാലനെ വീട്ടിനകത്തേക്ക് ക്ഷണിച്ചത്. വേണ്ടാ സാമീ... നാന്‍... ഇങ്കെ വെളിയെ നിക്കറേന്‍... കൈകള്‍ കൂപ്പിക്കൊണ്ട് ഗോപാലന്‍ പറഞ്ഞു.
ആ കണ്ണുകളില്‍ വേദനയുടെ തീവ്രത തിരിച്ചറിയാമായിരുന്നു. വലി താങ്കമുടിയതില്ലെ സാര്‍...(വേദന താങ്ങാന്‍ പറ്റുന്നില്ല സാര്‍...) ആ മുഖം വേദന കൊണ്ട് ചൂളുന്നത് ഞാന്‍ കണ്ടു. എന്റെ ദേഷ്യമെല്ലാം പമ്പ കടന്നു. എന്തിനാണ് പരീക്ഷണത്തിന് സമ്മതിച്ചത്?... തമിഴില്‍ത്തന്നെയാണ് ഞാന്‍ ചോദിച്ചത്. ഇല്ലൈ സാര്‍.. നാന്‍ സൊല്ലില്ലൈയ ഇതെല്ലാം എനക്ക് എപ്പടി തെരിയും സാര്‍? എനക്ക് ആസ്ത്മാ ഇരുക്ക്. അതിനാലേ മയക്കി ഓപ്പറേഷന്‍ പണ്ണമുടിയാത് എന്ന് ചൊന്നാങ്ക. നേരാ നാക്കിലെ വലി ഊശിപോട്ടു താന്‍ ഓപ്പറേഷന്‍ പണ്ണമുടിയുമെന്ന് ശൊല്ലി അവുങ്ക നാക്ക് ഇളുത്ത് പുടിച്ച് പുണ്ണിരുന്നതുക്ക് പക്കത്തിലേ നേരാ ഊശി മരുന്ന് പോട്ടാങ്ക. എന്നാ വലി സാര്‍... താങ്ക മുടിയാത്...കണ്ണിലിരുന്ത് പൂച്ചി വരണ മാതിരി ഇരുന്തത്..(ഇല്ല സാര്‍.. ഞാന്‍ സമ്മതിച്ചിട്ടില്ല. എനിക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാവും സാര്‍! നിനക്ക് ആസ്ത്മയുടെ അസുഖം ഉള്ളതു കാരണം ബോധം കെടുത്തി ഓപ്പറേഷന്‍ ചെയ്യാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് നാക്കില്‍ മരവിപ്പിക്കാനുള്ള ഒരു കുത്തിവെപ്പ് തരികയാണെന്നും പറഞ്ഞ് അവര്‍ നാക്ക് പുറത്തേക്കു വലിച്ചു പിടിച്ച് വൃണമുണ്ടായിരുന്നതിനടുത്ത് തന്നെ നേരിട്ട് കുത്തിവെക്കുകയാണ് ചെയ്തത്. സഹിക്കാനാവാത്ത വേദനയായിരുന്നു സാറേ... കണ്ണിലൂടെ പൊന്നീച്ച പറന്നു സാര്‍...) ഗോപാലന്‍ പറഞ്ഞു നിര്‍ത്തി. നീ എന്തിനാ അത് ഒപ്പിട്ടു കൊടുത്തത് എന്ന അര്‍ഥത്തില്‍ ഞാന്‍ പിന്നെയും ഗോപാലനെ കുറ്റപ്പെടുത്തി.
നാന്‍ പോടലെ സാര്‍... എനക്ക് പോടത്തെരിയാത് സാര്‍... നാന്‍ സാക്ക് തയ്ക്കറവന്‍... എനക്ക് തമിള്‍ കൂടെ പഠിക്കത്തെരിയാത് സാര്‍... (ഞാന്‍ ഒപ്പിട്ടിട്ടില്ല സാര്‍... എനിക്ക് ഇടാനറിയില്ല സാര്‍... ഞാന്‍ ചാക്ക് തയ്ക്കുന്നവനാണ് സാര്‍...എനിക്ക് തമിഴ് പോലും വായിക്കാനറിയില്ല സാര്‍..) ഗോപാലന്‍ മനസ്സ് തുറന്നു.
ഇതുക്കെല്ലാം മുന്നാടി ഉനക്ക് എങ്കിട്ടെ കേട്ടിറാക്കാ മല്ലവാ.. (ഇതിനെല്ലാം മുമ്പ് നിനക്ക് എന്നോട് ചോദിക്കാമായിരുന്നല്ലോ അല്ലേ...) ഞാന്‍ വീണ്ടും ഗോപാലനെ കുറ്റപ്പെടുത്താന്‍ നോക്കി. അതിന് ഗോപാലന്‍ പറഞ്ഞ ഒരു മറുപടിയുണ്ട്. അതാണ് എന്റെ ഹൃദയത്തില്‍ തറച്ചത്. ഇന്നും കരിയാത്ത ഒരു വൃണമായി എന്റെ മനസ്സിനെ വേട്ടയാടുന്ന ഒരു മറുപടി. ഉങ്കളെ മട്ടും നമ്പിത്താന്‍ നാന്‍ ഇന്ത ആശുപത്രിയില്‍ വന്തത്. അങ്കെ എന്നാ സൊന്നാവും നീങ്ക സൊല്ലിത്താന്‍ സെയ് വാങ്ക എന്റു താനേ എനക്ക് നിനയ്ക്ക മുടിയും. അപ്പടിയല്ലെന്ന് എപ്പടി സാര്‍ നാന്‍... ( നിങ്ങളെ മാത്രം വിശ്വസിച്ചാണ് ഞാന്‍ ഈ ആശുപത്രിയില്‍ വന്നത്. അപ്പോള്‍, അവിടെ ചെയ്യുന്നതെല്ലാം നിങ്ങളുടെ അറിവോടെ ആയിരിക്കുമെന്നല്ലേ ഞാന്‍ വിചാരിക്കുക... അല്ലാതെ എങ്ങനെയാണ് ഞാന്‍...) ബാക്കി ഗോപാലന്റെ തൊണ്ടയില്‍ തടഞ്ഞു നില്‍ക്കുകയായിരുന്നു. എന്റെ നെഞ്ചില്‍ ഒരു ഇടിത്തീയായിരുന്നു ആ വാക്കുകള്‍. ഒരു മിന്നലേറ്റതു പോലെ നടുക്കം! ഞാന്‍ അനങ്ങാനാവാതെ തരിച്ചിരുന്നു പോയി.
ഓര്‍മകളില്‍ ആ നിമിഷത്തിന്റെ, ആ അനുഭവങ്ങളുടെ പുനരാവര്‍ത്തനമായിരുന്നു ഇന്ന് ഗോപാലന്റെ മകള്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയപ്പോള്‍ ഉണ്ടായത്. അന്ന് ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരേ നടത്തിയ സന്ധിയില്ലാ സമരത്തിന് ഇരയായിട്ടാണെങ്കിലും അവിടെ നിന്ന് കുറ്റബോധമില്ലാതെ യാത്ര പറഞ്ഞിറങ്ങാന്‍ സാധിച്ചു എന്ന സന്തോഷം മനസ്സില്‍ തെളിഞ്ഞു വരുന്നുണ്ടായിരുന്നു. മാപ്പ്... അന്നുമിന്നും ഗോപാലനോട് പറയാന്‍ ആ രണ്ടക്ഷരങ്ങള്‍ മാത്രമേയുള്ളൂ.
Content Highlights: cancer, cancer awareness, dr vp gangadharan, cancer treatment, snega ganga
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..