Photo: Mathrubhumi
66 വര്‍ഷം പിന്നിട്ട ജീവിതം. തിരിഞ്ഞു നോക്കുമ്പോള്‍ സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു എന്നു തോന്നുന്ന അനുഭവങ്ങള്‍. അവ ഓരോന്നായി മനസ്സിലേക്ക് കടന്നു വന്നു.
അച്ഛനമ്മമാരുടെ കൂടെയല്ലാത്ത കുട്ടിക്കാലം. മാറി മാറി പഠിച്ച വിദ്യാലയങ്ങള്‍. അന്ന് മനസ്സില്‍ വിഷമമുണ്ടായിരുന്നു. ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള മനസ്സും ഇന്നും ഉറ്റ സൗഹൃദം പുലര്‍ത്തുന്ന കുറേ കൂട്ടുകാരെയും സമ്മാനിച്ചത് ആ കുട്ടിക്കാലം തന്നെയെന്നത് സമ്മതിക്കാതെ വയ്യ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ വയസ്സ് 15+ ഒരു പ്രഫഷനല്‍ കോളേജിലും ചേരാന്‍ സാധിക്കാത്ത അവസ്ഥ! കൂട്ടുകാരില്‍ പലരും എന്‍ജിനീയറിങ്ങിനും മെഡിസിനുമെല്ലാം ചേര്‍ന്നപ്പോള്‍ ഗംഗയ്ക്ക് വിഷമം തോന്നിയോ? ഇല്ലെന്ന് പറയാന്‍ വയ്യ!കൂട്ടുകാരെല്ലാം പല വഴിക്ക് പിരിഞ്ഞു പോയതു കൊണ്ടാണ് ക്രൈസ്റ്റ് കോളേജില്‍ തുടര്‍ പഠനം വേണ്ടെന്ന് തീരുമാനിച്ചത്.
എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എസ്.സിക്ക് ചേര്‍ന്നത് അബദ്ധമായി, തെറ്റുപറ്റി എന്ന് ആദ്യഘട്ടത്തില്‍ തോന്നിയിരുന്നു. തിരികെ ക്രൈസ്റ്റ് കോളേജില്‍ പോയി ചേരാനുള്ള ഒരു ശ്രമവും നടത്തി. അന്നത്തെ ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഗബ്രിയേലച്ചനാണ് അതിന് തടയിട്ടത്. അച്ഛന്റെ വാക്കുകള്‍ ഇന്നും ചെവിയില്‍ മുഴങ്ങുന്നു- 'ഒരേ കോളേജില്‍ തന്നെ പഠിക്കരുത്. പുതിയ കൂട്ടുകാര്‍, പുതിയ രീതികള്‍, ശീലങ്ങള്‍ ഇതൊക്കെ ഭാവിയില്‍ ഗുണം ചെയ്യും.' അന്ന് അച്ചനോട് നീരസം തോന്നിയെങ്കിലും ഇന്ന് ഞാന്‍ അച്ചന്റെ വാക്കുകളും പ്രവൃത്തിയും നന്ദിയോടെ ഓര്‍ക്കുന്നു. എന്നെ ഞാനാക്കി മാറ്റിയതില്‍ മഹാരാജാസിന്റെ പങ്ക് സ്മരിക്കാതെ വയ്യ. എന്തും നേരിടാനുള്ള മനക്കരുത്തും ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും ഒരു കൂട്ടം നല്ല സുഹൃത്തുക്കളെയും സമ്മാനിച്ചത് മഹാരാജാസ് ജീവിതമാണ്. അവിടെ മൂന്നു വര്‍ഷം പഠിച്ചില്ലായിരുന്നെങ്കില്‍ അതൊരു തീരാ നഷ്ടമായിരുന്നേനേ എന്ന് ഇന്ന് ഞാന്‍ ഓര്‍ക്കുന്നു.
1973-ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേരുമ്പോള്‍ പ്രീഡിഗ്രിക്ക് കൂടെ പഠിച്ച പലരും നാലാം വര്‍ഷ വിദ്യാര്‍ഥികളായി അതേ കോളേജിലുണ്ടായിരുന്നു. ചെറിയൊരു വിഷമവും ചമ്മലും സ്വാഭാവികം. കൂടെ പഠിച്ച ചിലര്‍ പിന്നീട് അധ്യാപകരായി വന്നപ്പോളും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു വികാരമുണ്ടായിരുന്നു - വിഷമമുണ്ടായിരുന്നു. അന്ന് നഷ്ടപ്പെട്ട ആ മൂന്നുവര്ഷങ്ങളെക്കുറിച്ച് ഓര്‍ത്തിട്ടുണ്ട്. എന്നാല്‍, ആ മൂന്നു വര്‍ഷങ്ങള്‍ നഷ്ടമേ ആയിരുന്നില്ലെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. ചിത്രയെ, എന്റെ രമയെ ജീവിത സഖിയായി കിട്ടിയത് ആ മൂന്നു വര്‍ഷം നഷ്ടപ്പെട്ടതു കൊണ്ടാണ്. ഇല്ലെങ്കില്‍ ഞങ്ങള്‍ ഒരു പക്ഷേ കണ്ടുമുട്ടില്ലായിരുന്നു. എന്റെ ജീവിതത്തിലെ സുന്ദരമായ ഒരു വഴിത്തിരിവിന് നഷ്ടപ്പെട്ട ആ മൂന്നു വര്‍ഷം നിമിത്തമായി എന്നതാണ് സത്യം.
എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം എല്ലാവരുടെയും മനസ്സിലുണ്ടാകും. അഞ്ചര വര്‍ഷം എന്തിനും ഏതിനും കൂടെയുണ്ടായിരുന്നവരെ പിരിഞ്ഞു പോകുന്നതിലുള്ള മനോവിഷമം വേറെയും. ഞാനും വ്യത്യസ്തനല്ലായിരുന്നു. ഇഷ്ടവിഷയമായിരുന്ന ജനറല്‍ മെഡിസിനില്‍ ഉപരിപഠനത്തിന് സീറ്റ് കിട്ടിയില്ല എന്ന് മാത്രമല്ല ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിഷയത്തില്‍ ഉപരിപഠനത്തിന് ചേരേണ്ടിയും വന്നു. സാഹചര്യങ്ങള്‍ അവിടെ കൊണ്ടെത്തിച്ചു എന്നു പറയുന്നതാകും ശരി. അങ്ങനെ എം.ഡി. റേഡിയോതെറാപ്പി വിദ്യാര്‍ഥിയായി ഞാന്‍ ഡെല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചേര്‍ന്നു. മെഡിക്കല്‍ വിദ്യാഭ്യാസ കാലത്ത് പഠിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഫിസിക്സിന്റെയും മെഷീനുകളുടെയും ലോകത്തിലേക്കാണ് കടന്നു ചെന്നത്. ഇങ്ങനെയൊരു അബദ്ധത്തില്‍ ചെന്നു ചാടിയതോര്ത്ത് പല രാത്രികളിലും ഒറ്റയ്ക്ക് കിടന്ന് കരഞ്ഞിട്ടുണ്ട്. അവസാന വര്‍ഷമായപ്പോഴേക്കാണ് കാന്‍സര്‍ രോഗികളെ പരിശോധിക്കാനും ചികില്‍സിക്കാനും അവസരം ലഭിച്ചു തുടങ്ങിയത്.
തിരികെ കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും വിദ്യാര്‍ഥിയായി എം.ഡി.ക്ക് പഠിക്കാനെത്തിയപ്പോള്‍ ഏറ്റുവാങ്ങേണ്ടി വന്ന ശകാരങ്ങള്‍ക്കും കുത്തുവാക്കുകള്‍ക്കും കൈയും കണക്കുമില്ലായിരുന്നു. 'അവന് വട്ടാണ്... മാറി മാറി എം.ഡി. ചെയ്തു കൊണ്ടിരിക്കുന്നു! ഇനി എന്താണാവോ അടുത്തത്! 60 വയസ്സു വരെ പഠിക്കാനാണ് പ്ലാനെന്ന് തോന്നുന്നു...' ഇതെല്ലാം സഹപാഠികളുടെ കമന്റുകളാണ്.
'എന്തിനാ വെറുതേ ഇങ്ങനെ നടന്ന് സമയം കളയുന്നേ...'- അതൊരു പ്രൊഫസറുടെ വാക്കുകളായിരുന്നു. എന്റെ ഭാവി പരിപാടി തീരുമാനിക്കാനും അതിലേക്ക് മുന്നേറാനും എന്നെ സഹായിച്ചത്, ഒരു പക്ഷേ, എന്റെ പ്രൊഫഷനല്‍ ജീവിതത്തില്‍ ഒരു വഴിത്തിരിവായത് - ഞാനൊരിക്കലും ആഗ്രഹിക്കാതെ ചെന്നു പെട്ട റേഡിയോ തെറാപ്പി പഠന മേഖല തന്നെയാണെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരു ഓങ്കോളജിസ്റ്റാവില്ലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ഡി. മെഡിസിന് പഠനം പൂര്‍ത്തിയാക്കിയില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും ഒരു മെഡിക്കല്‍ ഓങ്കോളജിസ്റ്റും ആവില്ലായിരുന്നു. കാരണം, അതില്ലായിരുന്നെങ്കില്‍ എനിക്ക് അടയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെഡിക്കല്‍ ഓങ്കോളജിയില്‍ ബിരുദം നേടാന്‍ അവസരം ലഭിക്കില്ലായിരുന്നു.
വളരെ പ്രതീക്ഷകളോടെയാണ് തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററില്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റായി 1989ല്‍ ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഒരു ഉപജീവനമാര്‍ഗം എന്നതിനപ്പുറം ശരീരവും മനസ്സും ആ ആശുപത്രിക്കും അവിടെയെത്തുന്ന രോഗികള്‍ക്കും വേണ്ടി സമര്‍പ്പിച്ച എന്റെ ജീവിതത്തിലെ വിലപ്പെട്ട നീണ്ട 13 വര്‍ഷങ്ങള്‍.
അനാവശ്യമായ വിവാദങ്ങള്‍ക്കിടയില്‍ പെട്ട് ആ സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ മനസ്സില്‍ വലിയ സങ്കടമുണ്ടായിരുന്നു. അതിന് കാരണക്കാരായ അധികാരികളെ മനസ്സുരുകി ശപിച്ചുകൊണ്ടാണ് തിരുവനന്തപുരത്തോട് യാത്ര പറഞ്ഞത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ആ അധികാരികളോടെല്ലാം നന്ദി പറയുകയാണ്. എന്നെ എറണാകുളത്തെത്തിച്ചതിന്. എനിക്ക് തികച്ചും സ്വതന്ത്രമായ ഒരു പ്രൊഫഷനല്‍ ജീവിതം ആസ്വദിച്ചു ജീവിക്കാനുള്ള സാഹചര്യം ഒരുക്കിത്തന്നതിന്. ഓരോ നിമിഷത്തിലും എന്റെ പ്രിയപ്പെട്ട രോഗികള്‍ക്കൊപ്പം വൈദ്യശാസ്ത്രത്തിലെ പുതിയ മുന്നേറ്റങ്ങള്‍ക്കൊപ്പം മറ്റൊന്നും ചിന്തിക്കാതെ അതില്‍ മാത്രം മുഴുകി മനുഷ്യര്‍ക്കൊപ്പം ജീവിക്കാന്‍ അവസരം സൃഷ്ടിച്ചതിന്.
അതെ, ഞാന്‍ തിരിച്ചറിയുന്നു. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്. ഇത് എന്റെ മാത്രം ജീവിതാനുഭവമല്ല. നിങ്ങളില്‍ പലരുടെയും അനുഭവങ്ങള്‍ ഇതു തന്നെ ആയിരിക്കും- ഉര്‍വശീ ശാപം ഉപകാരം എന്ന് എത്രയോ വട്ടം നമുക്ക് ജീവിതത്തില്‍ പറയാന്‍ അവസരമുണ്ടായിട്ടുണ്ടെന്ന് ആലോചിക്കുക- ഒന്നു പോലും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഞാന്‍ വീണ്ടും പറയുന്നു സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിച്ചു കൊണ്ടിക്കുന്നതും ഇനി സംഭവിക്കാനിരിക്കുന്നതൊക്കെയും...അങ്ങനെ മനസ്സില്‍ കണ്ടു കൊണ്ട്, മനസ്സിനെ പാകപ്പെടുത്തി ചിട്ടപ്പെടുത്തി ജീവിക്കുക. നിങ്ങള്‍ക്ക് മനസ്സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കും തീര്‍ച്ച.
Content Highlights: Sneha Ganga Dr. V.P Gangadharan share his life experiences
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..