ലക്കെട്ടിലുള്ളത് ഒരു പഴയ മലയാളസിനിമയുടെ പേരാണ്. അയല്‍പക്കത്തെ പുരുഷന്റെ സ്വഭാവമഹിമകള്‍ കണ്ട് സ്വന്തം ഭര്‍ത്താവിന്റെ നന്മകള്‍ തിരിച്ചറിയാതെപോകുന്നയാളാണ് ഇതിലെ നായിക. ക്ലൈമാക്‌സിലാണ് അയലത്തെ അദ്ദേഹം ഉഡായിപ്പാണെന്നും താന്‍ കരുതിയതിന് നേര്‍വിപരീതമാണ് അയാളുടെ സ്വഭാവമെന്നും നായിക തിരിച്ചറിയുന്നത്. സിനിമ അത്രകേമമല്ലെങ്കിലും അതിലൂടെ നല്‍കുന്ന സന്ദേശം കുടുംബജീവിതത്തില്‍ വളരെ പ്രധാനമാണ്.

മറ്റുള്ളവരെ നോക്കി സ്വന്തം കുടുംബത്തെ താരതമ്യം ചെയ്യുന്നത് പലരുടെയും ശീലമാണ്. അയല്‍ക്കാരിയുടെ സൗന്ദര്യവും സ്വഭാവമഹിമയും തന്റെ ഭാര്യക്കില്ല. അവര്‍ കുടുംബകാര്യങ്ങള്‍ നടത്തുന്നതില്‍ കാണിക്കുന്ന വൈഭവം കണ്ടുപഠിക്കേണ്ടതാണ്.. എന്നിങ്ങനെ പോകും ഭര്‍ത്താക്കന്മാരുടെ ചിന്തകള്‍.

ഭാര്യമാരാകട്ടെ അയല്‍പക്കത്തെ പുരുഷന്‍ എത്രകാര്യമായാണ് ഭാര്യയെ സ്‌നേഹിക്കുന്നത്.. ആവശ്യമുള്ളതിലധികം വാങ്ങിക്കൊടുക്കും, പുറത്തുകൊണ്ടുപോകും, സരസനായി ഇടപെടും എന്നിങ്ങനെയാകും ചിന്തിക്കുക. ഓഫീസിലെ സഹപ്രവര്‍ത്തകരുടെ കുടുംബങ്ങളെക്കുറിച്ചും ബന്ധുക്കളുടെ കുടുംബങ്ങളെക്കുറിച്ചുമൊക്കെ ഇത്തിരി അസൂയയോടെ ചിന്തിക്കുന്നവരുണ്ട്. ഇത്തരം താരതമ്യങ്ങളും വിശകലനങ്ങളും നമ്മുടെ കുടുംബജീവിതത്തിന് ഗുണം ചെയ്യില്ലയെന്ന് തിരിച്ചറിയാണം.

വ്യക്തികള്‍ വ്യത്യസ്തരാണ്.അവരുടെ സ്വഭാവവും കഴിവുകളും നന്മകളുമൊക്കെ വ്യത്യസ്തമായിരിക്കും.മനുഷ്യനായതുകൊണ്ടുതന്നെ സ്വാഭാവികമായി കുറവുകളും വ്യക്തിത്വ സവിശേഷതകളുമൊക്കെയുണ്ടാവും. കരിമ്പും ശര്‍ക്കരയും പഞ്ചസാരയുമൊക്കെ മധുരമുള്ളതാണെങ്കിലും കാഴ്ചയിലും കാഠിന്യത്തിലുമൊക്കെ വ്യത്യസ്തമാണല്ലോ.

ഇത്തരം താരതമ്യങ്ങള്‍ കുടുംബജീവിതത്തിന്റെ രസംകെടുത്തുമെന്നതാണ് സത്യം. സ്വന്തം കുടുംബത്തിന്റെ മേന്മകള്‍ തിരിച്ചറിയാതെ മറ്റുകുടുംബങ്ങളെ നോക്കി വിഷാദിച്ചിരിക്കുന്നവര്‍ ഏറെയുണ്ട്.

'എന്റെ ഭര്‍ത്താവ് നല്ലവനാണ്.പക്ഷേ, മദ്യപിക്കും..കൂട്ടുകാരിയുടെ കെട്ടിയോന്‍ മദ്യം കൈകൊണ്ടു തൊടില്ല. ഇതാകും ഒരുസ്ത്രീയുടെ സങ്കടം.അതേസമയം കൂട്ടുകാരി ചിന്തിക്കുന്നത് മറ്റൊന്നാകും.. ലേശം മദ്യപിക്കുമെങ്കിലും അവളുടെ കെട്ടിയോന്‍ സ്‌നേഹമുള്ളവനാ.എന്റെ കെട്ടിയോനെപ്പോലെ കണിശക്കാരനോ മുന്‍കോപിയോ അല്ല'

പലപ്പോഴും പങ്കാളിയെ ഒന്ന് കുത്താന്‍ ഇത്തരം താരതമ്യങ്ങളെ കൂട്ടുപിടിക്കുന്നവരുണ്ട്. ഭാര്യ മറ്റൊരു പുരുഷനെ പുകഴ്ത്തിപ്പറയുന്നത് ഒരുഭര്‍ത്താവിനും ദഹിക്കില്ല. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ പുകഴ്ത്തുന്നതും താനുമായി താരതമ്യം ചെയ്യുന്നതും ഒരുസ്ത്രീയും സഹിക്കില്ല. ഇത് അറിയാമെങ്കിലും ഒന്നു ചൊറിയാനായി പലരും ഇത് ആയുധമാക്കും..അപ്പുറത്തെ ജോസുകുട്ടിയെ കണ്ടുപഠിക്ക്.നിങ്ങളേക്കാള്‍ ശമ്പളം കുറവാ കിട്ടുന്നത്.എന്നിട്ടും വലിയ കാറും വീടുമൊക്കെ വെച്ചു.. .ഭര്‍ത്താവിന്റെ പിടിപ്പുകേടിനുനേരെയുള്ള ആക്രമണമാണിത്.

നീ അപ്പുറത്തെ നിര്‍മലയെ നോക്ക്.എപ്പോഴും കുളിച്ച് നല്ല ഐശ്വര്യത്തോടെയാകും നില്‍ക്കുക. കണ്ടാല്‍ത്തന്നെ ഒരു സന്തോഷം വരും.ഭാര്യയ്ക്ക് വൃത്തിപോരെന്ന പരാതി ഭര്‍ത്താവ് അവതരിപ്പിക്കുന്ന രീതിയാണിത്..ഇതുപറഞ്ഞ് അരമണിക്കൂര്‍ തികയുംമുമ്പ് വീട്ടില്‍ ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുമെന്നുറപ്പാണ്.

മറ്റുചിലര്‍ താരതമ്യം ചെയ്യുന്നത് പണ്ടുവന്ന വിവാഹാലോചനകള്‍ പറഞ്ഞാണ്..അയാളെ അന്ന് കെട്ടിയാല്‍ മതിയായിരുന്നു, ഇതിയാന്റെകൂടെ ഇങ്ങനെ നരകിക്കേണ്ടി വരില്ലായിരുന്നു..പറയുന്നത് ചിലപ്പോള്‍ പത്തെഴുപതുകഴിഞ്ഞ അമ്മൂമ്മയായിരിക്കും. മറ്റുചിലര്‍ പുറത്തുപറയില്ലെങ്കിലും മനസ്സില്‍ പഴയ കാമുകിയും കാമുകനുമൊക്കെയായി പങ്കാളിയെ താരതമ്യം ചെയ്ത് ഉള്ളാലെ നെടുവീര്‍പ്പിടാറുണ്ട്.

നമ്മുടെ ജീവിതത്തിലെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളാനോ ആസ്വദിക്കാനോ പറ്റാതെ വരും എന്നതാണ് ഇത്തരം താരതമ്യങ്ങള്‍ കൊണ്ടുണ്ടാവുന്ന പ്രധാനപ്രശ്‌നം. മറ്റൊന്ന് ഇത് കുടുംബകലഹങ്ങള്‍ക്ക് വഴിമരുന്നിടും എന്നതാണ്. പലപ്പോഴും തമാശരൂപേണയാകും ഇത്തരം താരതമ്യങ്ങള്‍ നടത്തുക. അപ്പോള്‍ പ്രതികരിച്ചില്ലെങ്കിലും ഉള്ളില്‍ക്കിടന്ന് നീറി പിന്നീട് മറ്റേതെങ്കിലും കാര്യത്തില്‍ പൊട്ടിത്തെറിയുണ്ടാകും. പിന്നെ പുറത്തുകാണുന്നതല്ല പല വീടുകളിലെയും ഉള്ളിലെ യാഥാര്‍ത്ഥ്യം. സമൂഹത്തിനുമുന്നില്‍ ചിരിച്ചുല്ലസിച്ച് കാണിക്കുന്ന ദമ്പതിമാര്‍പോലും ഹൃദയംകൊണ്ട് കാതങ്ങള്‍ അകലെയാകും.

ഇതുകൂടാതെ മക്കളെ അയല്‍പക്കത്തെ കുട്ടികളുമായി താരതമ്യം ചെയ്ത് നശിപ്പിക്കുന്ന മാതാപിതാക്കളുമുണ്ട്. അവനെ കണ്ടുപഠിക്ക്..എന്നുപറഞ്ഞുപറഞ്ഞ് മക്കളുടെ ഉള്ള കഴിവുകള്‍കൂടി ചോര്‍ത്തിക്കളയുന്നവരുണ്ട്. അച്ഛന്റെയും അമ്മയുടെയും ഗുണദോഷങ്ങളല്ലാതെ അയല്‍പക്കത്തെ വ്യക്തികളുടെ കഴിവുകള്‍ നമ്മുടെ മക്കള്‍ക്കുണ്ടാകില്ലെന്ന മിനിമം ബോധ്യമെങ്കിലും നമുക്കുണ്ടാകണം.

വ്യക്തിപരമായ താരതമ്യങ്ങള്‍ ഒഴിവാക്കുമ്പോഴും അയല്‍പക്കത്തെ കുടുംബങ്ങളുടെ നന്മകള്‍ സ്വന്തം വീട്ടില്‍ പകര്‍ത്തുന്നതില്‍ തെറ്റില്ല. അവര്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും ചെടികളും പച്ചക്കറിയും നട്ടുവളര്‍ത്തുന്നതുമൊക്കെ നമുക്ക് പ്രചോദനമാകാം. നല്ല അയല്‍പക്കബന്ധങ്ങളും പരസ്പര സഹകരണവും അവശ്യമാണുതാനും.

സദ്യയ്ക്കുപോയ ഒരാളുടെ കഥകൂടി പറഞ്ഞ് അവസാനിപ്പിക്കാം. സദ്യവിളമ്പിയപ്പോള്‍ എതിര്‍വശത്തിരിക്കുന്നയാളുടെ പ്ലേറ്റിലായിരുന്നു അയാളുടെ കണ്ണ്. പലതരം വിഭവങ്ങള്‍ അയാള്‍ ആസ്വദിച്ച് കഴിക്കുന്നതുകണ്ട് കൊതിയോടെയും അസൂയയോടെയും നോക്കിയിരുന്നു. ഇതിനിടെ യാന്ത്രികമായി സ്വന്തം പ്ലേറ്റില്‍ വിളമ്പിയത് തിന്നെന്ന് വരുത്തി..പന്തികഴിഞ്ഞ് എല്ലാവരും എഴുന്നേറ്റപ്പോഴാണ് അയാളത് കണ്ടത്.എതിര്‍വശത്തിരുന്നയാള്‍ക്ക് വിളമ്പിയ വിഭവങ്ങള്‍ സ്വന്തം പ്ലേറ്റില്‍ തൊടാതെയിരിക്കുന്നു.മറുവശത്തേക്ക് നോക്കിയിരുന്നതിനാല്‍ സ്വന്തം പ്ലേറ്റില്‍ വിളമ്പിയത് കണ്ടില്ല.. എന്നാലത് കഴിച്ചിട്ടെഴുന്നേല്‍ക്കാം എന്നു വിചാരിച്ചെങ്കിലും അടുത്തപന്തിക്ക് സജ്ജീകരണങ്ങളൊരുക്കുന്നയാള്‍ അതപ്പാടെ എടുത്ത് വെയിസ്റ്റ് പാത്രത്തില്‍ ഇട്ടുകഴിഞ്ഞിരുന്നു.

നഷ്ടസ്വപ്നങ്ങളില്‍നിന്നും മായക്കാഴ്ചകളില്‍നിന്നും കണ്ണുതുറന്ന് യാഥാര്‍ത്ഥ്യത്തിലേക്കു വരാം.നമുക്കുമുമ്പില്‍ വിളമ്പിയ ജീവിതം ആസ്വദിക്കാം...അല്ലെങ്കില്‍ കാലം അതിനെ ചുരുട്ടി ചവറ്റുകുട്ടയിലേക്ക് ചേര്‍ക്കും.