ടുത്തിടെ ഒരു സുഹൃത്തിന്റെ ബന്ധുവീട്ടില്‍ പോകേണ്ടിവന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കലഹം മൂത്ത് വിവാഹമോചനത്തിന്റെ വക്കിലാണ്. ഇരുവരും വയസ്സ് 55 പിന്നിട്ടവര്‍. അധ്യാപികയായ മകള്‍ക്ക് പ്രായം 33 കഴിഞ്ഞു. വിവാഹം നടക്കാത്തതിന്റെ സംഘര്‍ഷവും വീട്ടിലുണ്ട്.

കാടുകയറിയ പറമ്പിനു നടുവിലെ വലിയ ഇരുനിലവീട്ടിലേക്കാണ് സുഹൃത്ത് കൊണ്ടുപോയത്. ഭാര്യയും ഭര്‍ത്താവും വിദേശത്തായിരുന്നു. മടങ്ങിയെത്തിയശേഷം വലിയ തുക ചെലവിട്ടാണ് വീട് നിര്‍മിച്ചത്.

ആകെ ഇരുട്ടുമൂടിയ ഭവനം. 20 വര്‍ഷം മുമ്പ് പണിതതാണെങ്കിലും ഇനിയും പണിതീരാനുണ്ടെന്ന സൂചനകള്‍. ഉള്ള ജനലുകള്‍പോലും തുറക്കാറില്ലെന്ന് വ്യക്തം. കൊച്ചുകുട്ടികളൊന്നും ഇല്ലാഞ്ഞിട്ടും എല്ലാം അലങ്കോലപ്പെട്ടുകിടക്കുന്നു. മകളാകട്ടെ മുകള്‍നിലയില്‍ തന്നെയാണ്. ഭക്ഷണംപോലും താഴെവന്ന് പ്ലേറ്റിലാക്കി കൊണ്ടുപോകും.

വീട്ടില്‍ കാലെടുത്തുവെയ്ക്കുമ്പോള്‍ തന്നെ മനസ്സ് അസ്വസ്ഥമായി. നമ്മുടെ ഉള്ളിലെ പ്രസരിപ്പ് കെടുത്തുന്ന ഒരു നെഗറ്റീവ് എനര്‍ജി അവിടെ നിറഞ്ഞിരുന്നു. ഒരുമണിക്കൂറോളം വൃഥാ സംസാരിച്ചശേഷം ഞങ്ങള്‍ മടങ്ങി. ആ വീടുപോലെത്തന്നെ യാതൊരു വെളിച്ചവും കയറാത്തവിധം പിടിവാശിയും വെറുപ്പുംകൊണ്ട് അവരുടെ മനസ്സിന്റെ ജാലകങ്ങളും തഴുതിട്ട് വെച്ചിരിക്കുകയാണെന്ന് വ്യക്തമായി. സ്‌നേഹത്തിന്റെ കുഞ്ഞുമിന്നാമിനുങ്ങിനെപ്പോലും അവിടെ കണ്ടെത്താനായില്ല.

വീടിന് ഒരു ചൈതന്യമുണ്ട്. അത് അവിടെ താമസിക്കുന്നവരെ സ്വാധീനിക്കും. അതുപോലെ താമസിക്കുന്നവരുടെ പ്രസരിപ്പ് വീട്ടില്‍ പ്രതിഫലിക്കുകയും ചെയ്യും. ഇരുണ്ടുകിടക്കുന്ന വീടുകള്‍ക്കൊപ്പം മനസ്സുകളും ഇരുണ്ടുപോകും. ശുദ്ധവായു എത്താത്ത മൂലകള്‍പോലെ മനസ്സും പൊടിപിടിക്കും. അവിടെ നന്മകള്‍ വറ്റിപ്പോവുക സ്വാഭാവികം.

വീട് ഇന്ന് പണത്തിന്റെയും പ്രൗഢിയുടെയും പ്രതീകമാണ്. നാലായിരവും അയ്യായിരവും ചതുരശ്രയടിയുള്ള വീടുകള്‍ കെട്ടിപ്പൊക്കിയശേഷം അതില്‍ രണ്ടും മൂന്നും പേരാണ് താമസിക്കാനുണ്ടാവുക. പലപ്പോഴും മെയിന്റെനന്‍സിനുപോലും ആളില്ലാത്ത സ്ഥിതിയാകും. ഇത്തരം കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ വീടല്ല. വീടെന്നാല്‍ സ്‌നേഹം ഓളംവെട്ടുന്ന, മനുഷ്യചൈതന്യം പ്രസരിക്കുന്ന സജീവമായ ഒരിടമാണ്. നിര്‍ഭാഗ്യവശാല്‍ പല വീടുകളും പ്രേതകുടീരങ്ങള്‍പോലെ പുറമേമാത്രം അലങ്കരിച്ചവയാണ്.

നമ്മുടെ ആവശ്യം കണ്ടറിഞ്ഞുള്ള വീടാകണം ഒരുക്കേണ്ടത്. കടഭാരങ്ങള്‍ വലിച്ച് തലയില്‍വെച്ച് വീട് പണിതശേഷം സമാധാനമില്ലാതെ കഴിയുന്ന ഒട്ടേറെപ്പേരെ കാണാറുണ്ട്. ആധിയും നിരാശയും ഭരിക്കുന്ന ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ വിനിമയങ്ങള്‍ സ്വാഭാവികമായി നഷ്ടമാകും. അതോടെ വീട് ഒരു ലോഡ്ജിനു സമാനമാകും.

വലുതായാലും ചെറുതായാലും വീട് വൃത്തിയായി സൂക്ഷിക്കണം. ധാരാളം വായുവും വെളിച്ചവും മുറിയിലെത്തണം.വീടിന്റെ പരിപാലനം വീട്ടുകാരുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കും വിധമാകണം. പലപ്പോഴും ഗൃഹനാഥയ്ക്കാണ് വീടിന്റെ ചുമതല നല്‍കുക. അത് ശരിയല്ല. കുട്ടികള്‍ക്കടക്കം ഓരോ ചുമതല നല്‍കണം. ഷീറ്റ് വിരിക്കുക, മുറി അടിച്ചിടുക, ചെടിനനയ്ക്കുക തുടങ്ങിയവ കുട്ടികളെ ഏല്പിക്കാം. ദിവസംതോറും ചെയ്യേണ്ടവ, ആഴ്ചതോറും ചെയ്യേണ്ടവ, മാസത്തിലൊന്ന് ചെയ്യേണ്ടവ എന്നിങ്ങനെ തരംതിരിച്ച് വീട്ടുകാര്യങ്ങള്‍ നിര്‍വഹിക്കാം.

ഷീറ്റുകള്‍ ആഴ്ചയിലൊന്നു മാറ്റണം. ഫ്രിഡ്ജും ക്ലീന്‍ചെയ്യാം. വാട്ടര്‍ടാങ്ക് മാസത്തിലൊന്ന് ശുചിയാക്കാം. ഓരോന്നിനും സ്ഥലം നിശ്ചയിക്കുന്നതും നല്ലതാണ്. വായിച്ച പത്രം എവിടെ വെയ്ക്കണം, അത്യാവശ്യമരുന്നുകള്‍ എവിടെ സൂക്ഷിക്കണം എന്നിങ്ങനെ. അറ്റകുറ്റപ്പണികളും മറ്റും നീട്ടിവെയ്ക്കാതിരിക്കുന്നതാണ് നല്ലത്. പൊട്ടിയ ഓട് മാറ്റാന്‍ മഴക്കാലം വരെ കാക്കണ്ട. ലീക്കുള്ള പൈപ്പും വെള്ളംവരാത്ത ഷവറുമൊക്കെ നെഗറ്റീവ് എനര്‍ജി പകരുന്നതിനൊപ്പം നമ്മുടെ കീശയും കാലിയാക്കുമെന്നോര്‍ക്കണം.

വാരിവലിച്ചിടുന്നത് കണ്ടുകണ്ട് നമുക്ക് ശീലമായിരിക്കും. പക്ഷേ, വീട്ടില്‍ വരുന്നവര്‍ക്കത് അരോചകമായിരിക്കും. പലപ്പോഴും മറ്റു വീടുകളിലെ പോരായ്മകള്‍ കണ്ടുപിടിക്കുന്ന നമ്മുടെ കണ്ണ് സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയില്ല.

ആവശ്യമില്ലാത്ത വസ്തുക്കള്‍ സൂക്ഷിച്ചുവെയ്ക്കുന്നതാണ് പല വീടുകളുടെയും പ്രശ്‌നം. പഴകിയ ഉടുപ്പുകളും വസ്തുക്കളുമൊക്കെ പ്രയോജനമുള്ളവര്‍ക്ക് കൈമാറാം. എന്നെങ്കിലും ആവശ്യംവരുമെന്നു പറഞ്ഞ് എല്ലാം സൂക്ഷിക്കുന്ന ചിലരുണ്ട്. ഇത് വീട്ടിലെ സ്ഥലം അപഹരിക്കുമെന്നുമാത്രമല്ല, നെഗറ്റീവ് എനര്‍ജി കൂട്ടുകയും ചെയ്യും. വലുപ്പമല്ല, ഉള്ള സ്ഥലം വെടിപ്പായും ഭംഗിയായും സൂക്ഷിക്കുക എന്നതാണ് പ്രധാനം.

നമ്മള്‍ ജീവിതത്തിലെ കൂടുതല്‍ സമയവും വീട്ടിലാണ് ചെലവഴിക്കുക. നമ്മുടെ മനസ്സിനെ ഉണര്‍ത്തുന്ന ചെറിയ ചെടികള്‍, അക്വേറിയം, കൗതുകവസ്തുക്കള്‍ തുടങ്ങിയവയെല്ലാം ഉചിതമായ സ്ഥാനത്ത് വിന്യസിക്കുന്നത് നല്ലതാണ്. ചൈനക്കാരുടെ പാരമ്പര്യശാസ്ത്രമായ ഫെങ്ഷൂയിയുടെ അടിസ്ഥാനം തന്നെ വീട്ടിലെ ക്രമീകരണങ്ങള്‍ അവിടെ താമസിക്കുന്നവരുടെ മനസ്സിനെ സ്വാധീനിക്കുന്നു എന്നതിലാണ്. വീടിന്റെ ഊര്‍ജനില ക്രമീകരിക്കാന്‍ ചില രൂപങ്ങള്‍, നിറങ്ങള്‍, ചെടികള്‍ തുടങ്ങിയവ അവര്‍ നിര്‍ദ്ദേശിക്കുന്നു. നമ്മുടെ തച്ചുശാസ്ത്രവും വീടിന്റെ ഊര്‍ജം നിലനിര്‍ത്തിയാണ് രൂപരേഖകള്‍ തയ്യാറാക്കുന്നത്.

വീടിന് കടുംനിറങ്ങള്‍ വാരിപ്പൂശിയാല്‍ മനസ്സിന് സ്വസ്ഥത തോന്നില്ല. ഒരു പ്രശാന്തത സദാ വീടിനുള്ളില്‍ ഓളംവെട്ടണം. ജോലിചെയ്ത് തളര്‍ന്നുവരുന്നവര്‍ക്ക് വീട് ഒരു അഭയവും പ്രതീക്ഷയുമാകണം. ടി.വി.യും കംപ്യൂട്ടര്‍ഗെയിമുകളും മ്യൂസിക് സിസ്റ്റവുമൊക്കെ പ്രകമ്പനം സൃഷ്ടിക്കുന്ന വീട്ടിലേക്ക് ശരീരവും മനസ്സും തളര്‍ന്നെത്തുന്ന ഒരാളുടെ അവസ്ഥ എന്തായിരിക്കും? പരസ്പരം നല്‍കുന്ന സ്‌നേഹവും പരിഗണനയും തന്നെയാണ് വീടിനെ മനോഹരമാക്കുന്നത്.

ഒരുമിച്ചിരിക്കാനും ചുമ്മാ സംസാരിക്കാനും ഒരുമിച്ച് ഭക്ഷിക്കാനുമൊക്കെ കഴിയുമ്പോഴാണ് കോണ്‍ക്രീറ്റ് കെട്ടിടം ഒരു ഭവനമായി മാറുക. ഓരോരുത്തരും അവരവരുടെ മുറികളില്‍ സ്വന്തം ലോകം സൃഷ്ടിച്ച് കഴിഞ്ഞാല്‍ അത് വീടാകില്ല, ലോഡ്ജ് മാത്രമാകും.

സ്വന്തം വീട്ടിലേക്കൊന്ന് കണ്ണോടിക്കാം...എന്തെങ്കിലുമൊക്കെ മാറ്റംവരുത്തണമെന്ന് തോന്നിയാല്‍ വൈകിക്കേണ്ട; ഉടന്‍ മാറ്റുക. ഒരു പോസിറ്റീവ് എനര്‍ജി പ്രസരിക്കട്ടെ, വീട്ടിലും നമ്മുടെ മനസ്സിലും.