ണ്ടുവട്ടം വിവാഹമോചനം നേടിയ സ്ത്രീയെന്ന ആമുഖത്തോടെയാണ് ലേഖ സംസാരിച്ച് തുടങ്ങിയത്. ആദ്യത്തേത് പ്രണയ വിവാഹമായിരുന്നു. നാലുവര്‍ഷം തികയും മുമ്പേ പരസ്പരസമ്മതത്തോടെ പിരിഞ്ഞു. പതിനെട്ടുവയസ്സിലെ ചാപല്യമായിരുന്നു അതെന്ന് ഇപ്പോള്‍ അവള്‍ തിരിച്ചറിയുന്നു. പരസ്പരം ഒരുവിധത്തിലും പൊരുത്തപ്പെടാനാവില്ലെന്ന് ആറുമാസം തികയും മുമ്പേ ഇരുവര്‍ക്കും ബോധ്യപ്പെട്ടു. കുറച്ചുനാള്‍കൂടി പരസ്പരം സഹിച്ചു. ഒടുവില്‍ വേര്‍പിരിഞ്ഞു.

അതിനുശേഷമാണ് ജോലി അനിവാര്യമാണെന്ന് ലേഖ തിരിച്ചറിഞ്ഞത്. കുത്തിയിരുന്ന് വാശിയോടെ പഠിച്ച് സര്‍ക്കാര്‍ ജോലി നേടി. അഞ്ചുവര്‍ഷം കഴിഞ്ഞ് വീട്ടുകാരുടെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് രണ്ടാം വിവാഹം കഴിച്ചത്. ഭര്‍ത്താവ് അധ്യാപകന്‍. ആദ്യഭാര്യ കാന്‍സര്‍ ബാധിച്ചു മരിച്ചതാണ്. രണ്ടുവര്‍ഷത്തോളും സന്തോഷത്തോടെ പോയി. ഒരു പെണ്‍കുഞ്ഞും പിറന്നു. പിന്നീടാണ് അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായത്. ഭര്‍ത്താവ് വേണ്ട പരിഗണന നല്‍കുന്നില്ല, മാഷിന്റെ സ്വഭാവം വീട്ടിലും എടുക്കുന്നു തുടങ്ങി പരാതികള്‍ ഏറെയുണ്ട്.

പോരാഞ്ഞിട്ട് വഴക്കുണ്ടാകുമ്പോള്‍ ആദ്യഭാര്യയുടെ പേരുപറഞ്ഞ് അവളിങ്ങനെയൊന്നും ആയിരുന്നില്ല എന്നുപറഞ്ഞ് വാക്കുകൊണ്ടുള്ള കുത്തും. ഒടുക്കം അതും വിവാഹമോചനത്തിലെത്തി. എട്ടുവയസ്സുള്ള മകള്‍ ഒപ്പമുണ്ട്. ഇടയ്ക്ക് അച്ഛന്‍ അവളെ തന്റെ വീട്ടില്‍ കൊണ്ടുപോകും. സ്വന്തമായി വീടുവാങ്ങിയാണ് താമസം. ഇപ്പോള്‍ നാല്പതുവയസ് കഴിഞ്ഞു. വീണ്ടുമൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു. വിവാഹത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. ഓര്‍ക്കുമ്പോഴേ ഭയമാണ്. എന്തുചെയ്യണം എന്നതാണ് ലേഖയുടെ ചോദ്യം?

ഇക്കാലത്ത് പലരും അനുഭവിക്കുന്ന പ്രശ്‌നമാണിത്. പലപ്പോഴും മോചനം ലഭിക്കുന്നത് ഒരു വ്യക്തിയുടെ ഭൗതികസാന്നിധ്യത്തില്‍നിന്ന് മാത്രമാണ്. ഓര്‍മകളില്‍ നിന്നുള്ള മോചനം അസാധ്യമാണ്. അതു മനസ്സില്‍ സൃഷ്ടിക്കുന്ന മുറിവും മനോവ്യഥയും അത്ര ആഴത്തിലായിരിക്കും.

ടെന്‍ഷനും വിഷാദാവസ്ഥയുമൊക്കെ ഇതേതുടര്‍ന്നുണ്ടാകാം. ഒപ്പം സമൂഹത്തില്‍നിന്നുള്ള അത്ര പന്തിയല്ലാത്ത പ്രതികരണങ്ങളും നേരിടേണ്ടി വരും. കൂടുതല്‍ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടിവരുക സ്ത്രീകളാകും. ഉറ്റവരും അയല്‍ക്കാരും പരിചയക്കാരുമൊക്കെ ചെയ്തത് തെറ്റായെന്ന് പറയാനും ഉപദേശിക്കാനും മുന്‍പന്തിയിലുണ്ടാകും.

അഹങ്കാരിയെന്നും തന്റേടിയെന്നുമൊക്കെയാകും വിളിക്കുക. തിരിച്ചുവരുന്ന പെണ്‍കുട്ടി ഒരു ഭാരമാണെന്ന് ചിന്തിക്കുന്ന വീട്ടുകാരും കുറവല്ല. പുരുഷന്‍മാര്‍ക്കാകട്ടെ ഒരു സ്ത്രീയെ ഒപ്പം നിര്‍ത്താന്‍ ത്രാണിയില്ലാത്തവന്‍ എന്ന ലേബലാകും ചാര്‍ത്തികിട്ടുക.

ആദ്യ പങ്കാളിയോട് സ്‌നേഹമോ വിദ്വേഷമോ തോന്നാത്തവിധത്തിലുള്ള സമീപനം സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്കേ യഥാര്‍ത്ഥ 'മോചനം' ലഭിക്കൂ. പിരിയുന്നതോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു എന്ന ചിന്ത മിഥ്യയാണ്. പുതിയ ചില പ്രശ്‌നങ്ങളുടെ തുടക്കമാണ് വിവാഹമോചനം. പക, കുറ്റബോധം,പശ്ചാത്താപം, ആത്മവിശ്വാസക്കുറവ്...തുടങ്ങി പലതിനെയും നമ്മള്‍ അതിജീവിക്കേണ്ടി വരും. ദമ്പതിമാരില്‍ ഒരാളുടെ താത്പര്യത്താല്‍ മോചനത്തിന് വഴങ്ങേണ്ടിവരുന്നവരുടെ മാനസികാവസ്ഥ ഏറെ സങ്കീര്‍ണമായിരിക്കും. ചതിക്കപ്പെട്ടു എന്ന തോന്നല്‍ ജീവിതത്തോടുള്ള അവരുടെ സമീപനംതന്നെ മാറ്റിമറിച്ചെന്നു വരും.

കോടതിയില്‍ എല്ലാക്കുറ്റവും പങ്കാളിയില്‍ ആരോപിക്കുകയും വീറോടെ വാദിച്ച് മോചനം നേടുകയും ചെയ്യുന്നവര്‍ പിന്നീട് ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ലതാണ്. ഒരാളുടെ മാത്രം പ്രശ്‌നം കൊണ്ടാണോ ബന്ധം പിരിയേണ്ടി വന്നത്?തീര്‍ച്ചയായും നമ്മുടെ ഭാഗത്തും പോരായ്മകള്‍ ഉണ്ടായിട്ടുണ്ടാകും. അതു കണ്ടെത്തി തിരുത്താത്ത പക്ഷം അടുത്ത വിവാഹം, നമ്മളാഗ്രഹിക്കുന്ന സന്തോഷവും സമാധാനവും തരില്ല, ഉറപ്പ്.

ലേഖയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. ഒറ്റമകളായി വളര്‍ന്ന അവളായിരുന്നു വീട്ടിലെ താരം. എല്ലാം അവള്‍ തീരുമാനിച്ചു. അച്ഛനും അമ്മയും അവള്‍ക്കുവേണ്ടി ജീവിച്ചു.ഒരുവീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ അസഹ്യമായി. ചോദ്യം ചെയ്തപ്പോള്‍ കലഹമായി. രണ്ടാം വിവാഹത്തിലും ഇത് ഒരു പ്രശ്‌നമായിട്ടുണ്ടാകണം.എല്ലാകാര്യത്തിലും നിഷ്ഠയുള്ള അധ്യാപകന് അധികനാള്‍ അവളുടെ ഒറ്റയാന്‍ താത്പര്യങ്ങളെ സഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ഇത് തിരിച്ചറിഞ്ഞ് തിരുത്താതെ വീണ്ടും വിവാഹം കഴിച്ചാല്‍ അതും സംഘര്‍ഷത്തിലാകും കലാശിക്കുക.അല്ലെങ്കില്‍ പിന്നെ സ്വന്തമായി തീരുമാനമൊന്നുമില്ലാത്ത,എല്ലാം ഭാര്യ പറയുംപോലെ ചെയ്യുന്ന ഒരാളെ അവള്‍ കണ്ടെത്തേണ്ടി വരും. അത്തരക്കാര്‍ ഒരിക്കലും ഒരു നല്ല ഭര്‍ത്താവാകില്ല, വാല്യക്കാരന്‍ മാത്രമായിരിക്കും.

അതേസമയം ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ അനുകരിക്കാനും നില്‍ക്കണ്ട. ഒരുവട്ടം പരാജയപ്പെട്ടതുകൊണ്ട് വിവാഹത്തെ ഭയക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതില്ല.അനുഭവത്തില്‍നിന്ന് പഠിച്ച പാഠങ്ങള്‍ ചേര്‍ത്തുവെച്ച് സ്വയം വിലയിരുത്തി വേണ്ട മാനസിക തയ്യാറെടുപ്പോടെ പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചാല്‍ പതറിപ്പോകില്ല.എന്നാല്‍ പിരിഞ്ഞ പങ്കാളിയെക്കാള്‍ മുമ്പ് രണ്ടാം വിവാഹം കഴിക്കാന്‍ മത്സരിക്കുന്നതും അവരോട് വൈരാഗ്യം വെച്ചുപുലര്‍ത്തി അവരെ കാണിക്കാന്‍ വേഷംകെട്ടുന്നതും ബാലിശമാണ്. ഏറ്റവും കുറഞ്ഞത് ഒരുവര്‍ഷത്തെയെങ്കിലും ഇടവേളയിലാവണം അടുത്തവിവാഹം.

വിവാഹമോചനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മക്കളായിരിക്കും. അച്ഛന്റെയും അമ്മയുടെയും സ്വാര്‍ത്ഥതമൂലം ബാല്യവും അതിന്റെ സന്തോഷങ്ങളുമൊക്കെ അവര്‍ക്ക് കൈമോശം വരും.പലരും വിഷാദരോഗികളും പെരുമാറ്റ വൈകല്യമുള്ളവരും മന്ദപഠിതാക്കളുമൊക്കെയായി മാറും. ഇതില്‍ ചിലര്‍ കൊടും ക്രിമിനലുകളായി മാറിയാലും അദ്ഭുതപ്പെടേണ്ടതില്ല. വാശിക്ക് വിവാഹമോചനം നേടുന്ന പലരും സൗകര്യപൂര്‍വ്വം മക്കളെ വിസ്മരിക്കുകയാണ്.

എടുത്തുചാടിയുള്ള വിവാഹവും വിവാഹമോചനവും ശരിയാകില്ല. ബാല്യകൗമാര ചാപല്യങ്ങളില്‍പ്പെട്ട് പതിനെട്ടാം വയസ്സില്‍ രജിസ്റ്റര്‍മാര്യേജ് കഴിക്കുന്നവരില്‍ ജീവിതാന്ത്യം വരെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നവര്‍ താരതമ്യേനെ കുറവാണ്. വിവാഹമോചനങ്ങള്‍ സമീപകാലത്ത് പെരുകാനുള്ള ഒരു കാരണവും ഇതാണ്. പിന്നെ എന്റെ സുഖം, സന്തോഷം, സമാധാനം.എന്നിങ്ങനെ സ്വാര്‍ത്ഥതയുടെ പാരമ്യത്തില്‍ കഴിയുന്നവര്‍ക്ക് പങ്കാളിക്കൊപ്പം സന്തോഷത്തോടെ ജീവിക്കുക എളുപ്പമല്ല. പ്രശ്‌നങ്ങള്‍ ജീവിതത്തിലുടനീളമുണ്ടാകും. വിവാഹം കഴിച്ചതുകൊണ്ട് പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നില്ല, വിവാഹമോചനം നേടിയതുകൊണ്ടും.

ചെറിയ പ്രശ്‌നങ്ങളെ നേരിടാതെ ഉടന്‍ വിവാഹമോചനത്തിനോടുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടിവരും. പരസ്പരം സംസാരിച്ചും കൗണ്‍സിലിങ്ങിന് വിധേയമായും പ്രശ്‌നങ്ങളെ പരമാവധി കുറച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കണം. മയക്കുമരുന്ന്, തീവ്രവാദം, ലൈംഗിക ശേഷിയില്ലായ്മ, ചിത്തഭ്രമം തുടങ്ങിയ വിഷയങ്ങളില്‍ വിവാഹമോചനം ഒഴിവാക്കാനായെന്ന് വരില്ല.

അല്ലാത്ത സാഹചര്യത്തില്‍ പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുക. പിന്നെ കുടുംബ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിക്കും കഠിനമായിരിക്കും. അതിനുപുറത്ത് ചൂഷണത്തിന്റെയും ചതിയുടെയുമൊക്കെ കെണിവെച്ച് കാത്തിരിക്കുന്നവര്‍ക്ക് ഇരകളായി തീരാതിരിക്കുക. ബന്ധങ്ങളില്‍ വിള്ളല്‍ വര്‍ധിപ്പിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരും ആ പരിസരത്തുണ്ടാകും.

ഇപ്പോള്‍ സന്തോഷത്തോടെ കഴിയുന്ന ദമ്പതിമാരില്‍ ഭൂരിപക്ഷവും ഏതെങ്കിലും സാഹചര്യത്തില്‍ ഈ ബന്ധം ഒഴിവാക്കണം എന്ന് ചിന്തിച്ചിട്ടുണ്ടാകണം. അത്തരം വൈകാരിക പ്രക്ഷുബ്ധതകളെ അതിജീവിച്ച് പിടിച്ചുനിന്നാണവര്‍ സന്തോഷത്തിന്റെ തീരമണഞ്ഞത്.