രാജീവിന് മൂന്നുമാസമായി ജോലിയില്ല. ഐ.ടി.എന്‍ജിനീയറായിരുന്നു. ജൂനിയറായ ആളെ തനിക്കുമേല്‍ പ്രൊമോഷന്‍ നല്‍കി പ്രതിഷ്ഠിച്ചപ്പോഴുണ്ടായ ഇമോഷണല്‍ പ്രഷറില്‍ രാജിവെച്ചതാണ്. എട്ടുവര്‍ഷത്തിലധികം ജോലിചെയ്ത കമ്പനിയില്‍ തരക്കേടില്ലാത്ത ശമ്പളമുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് മെച്ചപ്പെട്ട ജോലികിട്ടുക എളുപ്പമല്ലെന്ന്. ഭാര്യ സിജിക്ക് ബാങ്കില്‍ ജോലിയുള്ളതുകൊണ്ട് പട്ടിണിയില്ലാതെ കഴിയാം. പുറത്തുവന്നപ്പോള്‍ കിട്ടിയ പണവും കുറച്ചുസ്വര്‍ണവും വിറ്റ് ഫ്ലാറ്റിന്റെ ലോണടച്ചുതീര്‍ത്തു.

ഭര്‍ത്താവിന്റെ എടുത്തുചാട്ടമാണ് ജോലിയില്ലാത്ത സ്ഥിതിയിലെത്തിച്ചതെന്നാണ് സിജിയുടെ വിലയിരുത്തല്‍. രാജീവ് താത്പര്യം കാട്ടാത്തതുകൊണ്ടാണ് പുതിയ ജോലിയൊന്നും കിട്ടാത്തതെന്നാണ് അവളുടെ പക്ഷം. കൂട്ടുകാര്‍ക്കൊപ്പം പദ്ധതികള്‍ ചര്‍ച്ചചെയ്തും ടൂറിനുപോയുമൊക്കെ ദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ഇതേച്ചൊല്ലി വഴക്കും ഉരിയാടാസമരവുമൊക്കെ വീട്ടില്‍ അരങ്ങേറുന്ന കാലം.

ഒരുദിവസം നോക്കുമ്പോള്‍ സിജിയുടെ രണ്ടുപവന്റെ മാല കാണാനില്ല. അന്വേഷിച്ച് കണ്ടെത്താതായപ്പോള്‍ അവള്‍ ഉറപ്പിച്ചു, അത് കെട്ടിയോന്‍ വില്‍ക്കുകയോ പണയം വെയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന്. സിജിയുടെ എതിര്‍പ്പ് അവഗണിച്ചാണ് ലോണടയ്ക്കാന്‍ കുറേ സ്വര്‍ണം വിറ്റത്. ധാരാളിയായ രാജീവ് പണം കണ്ടെത്താന്‍ മാല ഉപയോഗപ്പെടുത്തി എന്നവള്‍ ഉറപ്പിച്ചു. ഇതേച്ചൊല്ലിയുള്ള കലഹം പരിധിവിട്ടു. താനെടുത്തിട്ടില്ലെന്ന നിലപാടില്‍ രാജീവ് ഉറച്ചുനിന്നു. തന്നോടൊരുവാക്ക് ചോദിച്ചിട്ട് എടുക്കാമായിരുന്നു, ഇതിപ്പോള്‍ മോഷ്ടിച്ചപോലെയായി എന്നായിരുന്നു സിജിയുടെ പ്രതികരണം. കലഹം വീടിന്റെ സമാധാനം കെടുത്തി. മൂന്നില്‍ പഠിക്കുന്ന മകന്റെ മുഖത്തെ ചിരിമാഞ്ഞു.

ഒരാഴ്ച പരസ്പരം മിണ്ടാതെ പോയി. ഒരുദിവസം വൈകീട്ട് രാജീവ് പുതിയൊരുമാലയുമായി വന്നു. അത് സിജിയുടെ കഴുത്തില്‍ ബലമായി ഇട്ട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു. കൂട്ടുകാരന്റെ കൈയില്‍നിന്നു വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ മാലവിറ്റതാണെന്ന് ഏറ്റുപറഞ്ഞു. സിജിയുടെ മുഖം തെളിഞ്ഞില്ലെങ്കിലും വീട്ടിലെ കാര്‍മേഘം നീങ്ങി.

രണ്ടാഴ്ച കഴിഞ്ഞാണ് സിജി ശരിക്കും ഞെട്ടിയത്. ബാത്ത്‌റൂം വൃത്തിയാക്കുന്നതിനിടെ വാഷിങ്ങ് മെഷീന്‍ തള്ളിനീക്കിയപ്പോള്‍ കാണാതെപോയ മാല തറയില്‍ക്കിടക്കുന്നു. കുളിച്ചപ്പോള്‍ ഊരിവെച്ചത് തെന്നി വാഷിങ്ങ് മെഷീന്റെ അടിയില്‍ വീണതാണ്. അവള്‍ തകര്‍ന്നുപോയി. ചെയ്യാത്ത തെറ്റ് ഏറ്റെടുത്താണ് ഭര്‍ത്താവ് പ്രായശ്ചിത്തം ചെയ്തത്. അവള്‍ കെട്ടിപ്പിടിച്ച് മാപ്പുപറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, രണ്ടുപവനേക്കാള്‍ മൂല്യമുള്ളതാണ് നമ്മുടെ വിവാഹജീവിതത്തിലെ സന്തോഷം. എന്റെ ജോലിപോയതടക്കമുള്ള സാഹചര്യങ്ങളാണ് നിന്നേക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്.....അതുകൊണ്ട് ഞാന്‍ തന്നെയാണ് പ്രായശ്ചിത്തം ചെയ്യേണ്ടത്......

കുടുംബജീവിതത്തില്‍ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ് രാജീവ് ഓര്‍മിപ്പിക്കുന്നത്,നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടി വിലയേറിയ പലതും നാം കളഞ്ഞുകുളിക്കും. പിന്നീട് ഓര്‍ക്കുമ്പോള്‍ ബുദ്ധിമോശമെന്നു തിരിച്ചറിയുന്ന ചില പിടിവാശികളുടെ പേരില്‍ ഹൃദയംകൊണ്ടകന്നവര്‍ ധാരാളമുണ്ട്. രണ്ടില്‍ ഒരാള്‍ അല്‍പം വിട്ടുവീഴ്ച ചെയ്താല്‍ എത്രമാത്രം പ്രശ്‌നങ്ങള്‍ നിമിഷനേരംകൊണ്ട് ആവിയായിപ്പോകും.

നമ്മിലെ ഈഗോയാണ് വിട്ടുവീഴ്ചയ്ക്ക് തടസ്സം. പങ്കാളിക്കുമുന്നില്‍ ചെറുതാകുമോ എന്ന ഭയം. ഞാനാണ്, ഞാന്‍ മാത്രമാണ് ശരിയെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത. നമ്മള്‍ വളര്‍ന്ന സാഹചര്യങ്ങളില്‍നിന്നാണ് ഈഗോ രൂപപ്പെടുന്നത്. ഞാന്‍ ആഗ്രഹിക്കുന്നതുമാത്രമേ വീട്ടില്‍ നടക്കാവൂ എന്ന് ചിലര്‍ ചിന്തിക്കുന്നത് ഈഗോയുടെ പ്രകടനമാണ്. അങ്ങനെ നടക്കാതാകുമ്പോള്‍ അസ്വസ്ഥത, കലഹം, സംഘട്ടനം എന്നിങ്ങനെ പടിപടിയായി കാര്യങ്ങള്‍ കൈവിട്ടുപോകും. രണ്ടുപേരും ന്യായീകരണത്തൊഴിലാളികളെപ്പോലെയായാല്‍ കുടുംബസമാധാനം തകരാന്‍ മറ്റൊന്നും വേണ്ട.

എന്റെയൊരു സുഹൃത്തിന് ഭാര്യയെക്കുറിച്ചുള്ള മുഖ്യപരാതി ഫോണുമായി ബന്ധപ്പെട്ടാണ്. അവള്‍ വിളിക്കുമ്പോള്‍ എടുത്തില്ലെങ്കില്‍പ്പിന്നെ തുടര്‍ച്ചയായി വളിച്ചുകൊണ്ടിരിക്കും. ചിലപ്പോള്‍ അമ്പതും അറുപതും മിസ് കോളുകളാകും ഉണ്ടാവുക. ഭര്‍ത്താവ് എടുക്കുംവരെ വാശിയോടെ മറ്റെല്ലാക്കാര്യങ്ങളും ഉപേക്ഷിച്ച് വിളിച്ചുകൊണ്ടേയിരിക്കും. ഓഫീസിലെ തിരക്കിനെക്കുറിച്ചു പറഞ്ഞാലൊന്നും അവള്‍ക്ക് ബോധ്യപ്പെടില്ല. അച്ഛന്റെയും അമ്മയുടെയും ഒറ്റമകളായി വളര്‍ന്നതുവഴി കിട്ടിയ അമിതശ്രദ്ധയും ലാളനയുമാണ് അവളിലെ ഈ പ്രശ്‌നത്തിനുകാരണമെന്ന് സുഹൃത്ത് തിരിച്ചറിഞ്ഞത് പിന്നീടാണ്.

സ്വയം മതിപ്പ് നല്ലതാണ്, അതേസമയം മറ്റുള്ളവരേക്കാളെല്ലാം മിടുക്കനാണ് താനെന്ന് ചിന്തിക്കുന്നത് അബദ്ധമാകും. ഇതോടെ മറ്റുള്ളവരെ അംഗീകരിക്കാനും അഭിനന്ദിക്കാനും ബുദ്ധിമുട്ടാകും. സ്വന്തം കുറ്റങ്ങളും കുറവുകളും സമ്മതിക്കില്ലെന്നു മാത്രമല്ല, മറ്റുള്ളവരുടെ തലയില്‍ വെച്ചുകെട്ടാനും നോക്കും. കുടുംബത്തിലായാലും സമൂഹത്തിലായാലും ഇത് സമാധാനം കെടുത്തും. എല്ലാവര്‍ക്കും മുമ്പില്‍ നമ്മള്‍ വിലയില്ലാത്തവരാവുകയും ചെയ്യും.

ചിലരില്‍ അപകര്‍ഷതാബോധവും പിടിവാശികള്‍ക്ക് കാരണമാകാം. എനിക്കെന്തോ കുറവുണ്ട്, വീട്ടിലുള്ളവര്‍ എന്നെ അംഗീകരിക്കുന്നില്ല, അവഗണിക്കുന്നു തുടങ്ങിയ തോന്നലുകളാണിതിനു പിന്നില്‍. അതോടെ ഒരുകാര്യത്തിലും വിട്ടുവീഴ്ചചെയ്യാന്‍ അവര്‍ തയ്യാറാകില്ല. തന്റെ കുറവിനെ മറ്റുള്ളവര്‍ മുതലെടുക്കുന്നു എന്നാകും ഇത്തരക്കാര്‍ ചിന്തിക്കുക.

പങ്കാളിയുടെ പക്ഷത്തുനിന്നും കാര്യങ്ങള്‍ കാണാന്‍ ശ്രമിച്ചാല്‍ പലപ്രശ്‌നങ്ങളും ഒഴിവാകും. താന്‍ ചെയ്യാത്ത ഒരുതെറ്റ് ഏറ്റെടുക്കാന്‍ രാജീവിന് സാധിച്ചത് ഭാര്യയുടെ മാനസികാവസ്ഥ മനസ്സിലായതുകൊണ്ടാണ്. ആ അവസ്ഥയ്ക്ക് താനും ഒരു കാരണക്കാരനാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ്. മറിച്ച്, ചെയ്യാത്ത കാര്യത്തിന് ഭാര്യകുറ്റപ്പെടുത്തിയതിന്റെ പേരില്‍ വഴക്കിന് പോയിരുന്നെങ്കില്‍ ഒരുപക്ഷേ, അവരുടെ വിവാഹജീവിതം തന്നെ തകര്‍ന്നുപോയേനെ.

ഓഫീസില്‍നിന്നു വന്ന ഭാര്യ നിസ്സാരകാര്യങ്ങള്‍ക്ക് കോപിക്കുകയോ പിണങ്ങുകയോ ചെയ്താല്‍ അവള്‍ക്കെന്തെങ്കിലും ടെന്‍ഷനുണ്ടാകും എന്നുതിരിച്ചറിയുകയാണ് വേണ്ടത്. വെറുതേ കലഹിക്കാന്‍ വരുന്നു എന്നുപറഞ്ഞ് വാഗ്വാദത്തിനുപോയാല്‍ അതൊരു പൊട്ടിത്തെറിയിലാകും അവസാനിക്കുക. ഇനി ടെന്‍ഷനുണ്ടെന്നു കരുതി ഉടനെ അത് ചികഞ്ഞെടുത്തേ തീരൂ എന്നു ശഠിക്കരുത്. ശാന്തമായും സമാധാനമായും മറ്റുകാര്യങ്ങള്‍ സംസാരിച്ച് അവരിലെ ടെന്‍ഷന്‍ കുറയ്ക്കുക. സ്വാഭാവികമായി അവര്‍ മനസ്സുതുറക്കും. ഇനി സംസാരിക്കാനുള്ള മൂഡിലല്ലെങ്കില്‍ അല്പസമയം ഒറ്റയ്ക്കു വിടുന്നതും നല്ലതാണ്.

ഓഫീസില്‍ എന്തെങ്കിലും പ്രശ്‌നമോ ടെന്‍ഷനോ ഉണ്ടെങ്കില്‍ നീ ചെയ്തത് ശരിയായില്ല, നിനക്കാണ് തെറ്റുപറ്റിയതെന്ന് പറഞ്ഞ് അവരുടെ ടെന്‍ഷന്‍കൂട്ടി അതുകണ്ട് സ്വയം സന്തോഷിക്കാന്‍ ശ്രമിക്കരുത്. സാരമില്ല, അത് നമുക്ക് കൈകാര്യം ചെയ്യാം....എന്നുപറഞ്ഞ് പങ്കാളിയെ ആശ്വസിപ്പിക്കുന്നതോടെതന്നെ പകുതിടെന്‍ഷന്‍ കുറയും.

കുടുംബജീവിതത്തില്‍ പങ്കാളിയുടെ പ്രവൃത്തികള്‍ നിരൂപണം ചെയ്യുന്നതിലും പ്രധാനം അങ്ങനെ അവര്‍ ചെയ്യാനുണ്ടായ സാഹചര്യം കണ്ടെത്തുകയാണ്. പലപ്പോഴും ഈ അന്വേഷണം എത്തിച്ചേരുക നമ്മില്‍ത്തന്നെയാകും. പിന്നെ ചെറിയ തെറ്റുകുറ്റങ്ങള്‍ എല്ലാവരിലുമുണ്ട്. പങ്കാളിയുടെ കുറ്റവും കുറവും എണ്ണിപ്പറയുന്ന നമ്മിലും അതൊക്കെയുണ്ട്, മറ്റുള്ളവരുടെ കണ്ണില്‍പ്പെടുന്നില്ല, അല്ലെങ്കില്‍ അവര്‍ വിശാലമനസ്‌കരായതുകൊണ്ട് അതേറ്റുപിടിച്ച് നമ്മളെ കുറ്റപ്പെടുത്തുന്നില്ല എന്നുകരുതിയാല്‍ മതി.

സുഹൃത്ത് ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവെച്ച ഒരു കാപ്‌സ്യൂള്‍ കഥ പറഞ്ഞ് അവസാനിപ്പിക്കാം.

'എന്റെ ഭാര്യയെ നല്ലൊരു ഭാര്യയാക്കാന്‍ ഞാന്‍ എന്തു ചെയ്യണം ?'

ഗുരു നീ നല്ലൊരു ഭര്‍ത്താവായാല്‍ മതി.

'നല്ലൊരു ഭര്‍ത്താവാകാന്‍ ഞാന്‍ എന്തു ചെയ്യണം ?'

ഗുരു ഭാര്യയെ നല്ല ഭാര്യയാക്കാനുള്ള ശ്രമം ഉപേക്ഷിച്ചാല്‍ മതി.'