റീത്ത കൗണ്‍സിലറെ തേടിയെത്തിയത് കടുത്ത കുറ്റബോധത്തില്‍നിന്ന് രക്ഷതേടിയാണ്. ഭര്‍ത്താവ് ജോയിയുടെ മരണം അവരെ വല്ലാതെ ഉലച്ചിരുന്നു. ഒരുവീട്ടില്‍ രണ്ടുലോകത്തായിരുന്നു 15 വര്‍ഷത്തിലധികമായി അവരുടെ ജീവിതം.ഇടയ്ക്ക് പരസ്പരം കലഹിച്ചിരുന്നു, പിന്നീട് അതുപോലുമുണ്ടായില്ല. വീടിന്റെ മുകള്‍നിലയില്‍ കിടന്ന ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചത് അവരറിഞ്ഞതുതന്നെ ഏറെ വൈകിയാണ്. 50 വയസ് തികയും മുമ്പ് ഭര്‍ത്താവ് മരിച്ചത് തന്റെ അവഗണനയും ജീവിതനൈരാശ്യവും മൂലമാണെന്ന് അവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

രണ്ടുപേരും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ചെറിയ ഈഗോ ക്ലാഷുകളുണ്ടായിരുന്നെങ്കിലും സന്തോഷകരമായിരുന്നു ജീവിതം. അധ്യാപികയായ റീത്ത വിദ്യാര്‍ഥികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയ നാളുകളിലൊന്നില്‍ ജോയിയുടെ ഒരു സഹപ്രവര്‍ത്തക അവരുടെ വീട്ടിലെത്തി. ഉച്ചയ്‌ക്കെത്തിയ അവര്‍ വൈകീട്ടാണ് മടങ്ങിയത്. അയല്‍ക്കാരിയാണ് വിവരം റീത്തയെ അറിയിച്ചത്.

അന്നുരാത്രി വീട്ടില്‍ വലിയ കലഹമായിരുന്നു. ജോയി അങ്ങിനെ ഒരു സംഭവമേയില്ല എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഒപ്പം ജോലിചെയ്യുന്ന സ്ത്രീ വന്ന കാര്യം സമ്മതിച്ചു. എന്നാല്‍ അരുതാത്തതൊന്നും ഉണ്ടായിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞു. സംസാരത്തിലെ മലക്കംമറിച്ചിലുകള്‍ തന്നെ മതിയായിരുന്നു റീത്തയ്ക്ക് കാര്യങ്ങള്‍ ഊഹിച്ചെടുക്കാന്‍. കുപിതയായ അവര്‍ വീട്ടിലെ അടുക്കളസാമഗ്രികളടക്കം അന്ന് തകര്‍ത്തു. ഇനി ജോയിയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചു.

കുറച്ചുനാള്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞ റീത്ത ബന്ധുക്കളുടെ നിര്‍ബന്ധംമൂലം വീണ്ടും ജോയിക്കൊപ്പം താമസമാക്കി. ഏകമകന്‍ അന്ന് ഏഴില്‍ പഠിക്കുകയായിരുന്നു. ഒരു അര്‍ദ്ധരാത്രി ജോയി റീത്തയുടെ മുറിയില്‍ വന്ന് കാലില്‍ കെട്ടിപ്പിടിച്ച് മാപ്പുചോദിച്ചു. തനിക്കൊരുതെറ്റ് പറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് കരഞ്ഞു. റീത്ത അയാളെ മുറിയില്‍നിന്ന് ഇറക്കിവിട്ടു. പിന്നീടൊരുവട്ടം ജോയിയുടെ അടുത്ത സുഹൃത്തും ഭാര്യയും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും റീത്ത വഴങ്ങിയില്ല.

കാലം മുന്നോട്ട് പോയി. ജോയി വീടിന്റെ മുകള്‍ നിലയില്‍ ഒതുങ്ങി. ഭക്ഷണം പുറത്തുനിന്നാക്കി. മകന്‍ അവര്‍ക്കിടയില്‍ ഞെരുങ്ങി ജീവിച്ചു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ തന്നെ ബെംഗളൂരുവില്‍ ബി.ഫാം. പഠനത്തിനായിപ്പോയി. വല്ലപ്പോഴും മദ്യപിച്ചിരുന്ന ജോയി സ്ഥിരം മദ്യപനായി. റീത്തയുമായുള്ള ഔപചാരികസംസാരം പോലും ഇല്ലാതായി.

സാധാരണ ഉച്ചയ്ക്കുമുമ്പ് ജോയി താഴയെത്തി പത്രം എടുക്കാറുണ്ടായിരുന്നു. ഒരു ഞായറാഴ്ച സന്ധ്യയായിട്ടും പത്രം മുറ്റത്തുകിടന്നു. മുകളില്‍ അനക്കവും വെളിച്ചവുമില്ല. അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് കട്ടിലിനുതാഴെ മരിച്ചുകിടക്കുന്ന ജോയിയെ....

ശവമടക്ക് കഴിഞ്ഞിട്ട് മൂന്നുമാസം തികഞ്ഞിട്ടില്ല. ഇത്രയും നാള്‍ ഭര്‍ത്താവ് തെറ്റുചെയ്തു, അതിനുള്ള ശിക്ഷ അനുഭവിച്ചു എന്നായിരുന്നു അവളുടെ തോന്നല്‍. അയാള്‍ ജോലിചെയ്തിരുന്ന ബാങ്കില്‍നിന്നുള്ള ആനുകൂല്യങ്ങളും മറ്റും അവളെ തേടിയെത്തി. അപ്പോഴാണ് ഒരുചിന്ത അവളുടെ മനസ്സില്‍ വന്നത്, ഒരാളുടെ നന്മകളുടെയും സമ്പാദ്യങ്ങളുടെയുമൊക്കെ അവകാശം പറ്റുന്നവര്‍ക്ക് അയാളുടെ ഒരു വീഴ്ചയെ എന്തുകൊണ്ട് അംഗീകരിക്കാന്‍ കഴിഞ്ഞില്ല? ആരും പൂര്‍ണരല്ലാത്ത സാഹചര്യത്തില്‍ ഒരാളുടെ കുറവുകളുടെയും പോരായ്മകളുടെയും കൂടി ഓഹരി അനുഭവിക്കാന്‍ പങ്കാളിക്ക് ബാധ്യതയില്ലേ...?? കൗണ്‍സിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ജോയിയുടെ ഒട്ടേറെ ഗുണങ്ങള്‍ റീത്ത എണ്ണിയെണ്ണിപ്പറഞ്ഞു.

കുഞ്ഞുണ്ടായ കാലത്ത് പാതിരാത്രി അവന്‍ എഴുന്നേറ്റ് കരയുകയും കളിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ജോലിചെയ്ത് ക്ഷീണിച്ച് വരുന്ന ജോയി പുലര്‍ച്ചെവരെ അവനൊപ്പം ഉണര്‍ന്നിരിക്കുക പതിവായിരുന്നു. വീട്ടിലെപ്പോഴും റീത്തയുടെ താത്പര്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. മാര്‍ക്കറ്റില്‍ പോയാല്‍ അവള്‍ക്കിഷ്ടപ്പെട്ട മീനാകും വാങ്ങുക... അങ്ങിനെ നിരവധികാര്യങ്ങള്‍ അവള്‍ ഓര്‍ത്തെടുത്തു.

പിന്നെന്തുകൊണ്ട് നിങ്ങള്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞില്ല? ആ ചോദ്യത്തിന് ഒറ്റവാക്കിലൊരു മറുപടി റീത്തയ്ക്കുണ്ടായില്ല. ഒപ്പം ജോലിചെയ്യുന്ന അധ്യാപികമാര്‍ ഒരിക്കലും താഴ്ന്നുകൊടുക്കരുതെന്നാണ് ഉപദേശിച്ചത്. നിനക്ക് ജോലിയും ശമ്പളവുമുണ്ടല്ലോ... പിന്നെന്തിന് അതിയാനെ താങ്ങി ജീവിക്കണം എന്നാണ് അടുത്തകൂട്ടുകാരി ചോദിച്ചത്.

ചിലതെറ്റുകള്‍ തിരുത്തേണ്ട സമയത്ത് തിരുത്തിയില്ലെങ്കില്‍ പിന്നെ ഒരിക്കലും തിരുത്താനാവില്ല. ക്ഷമയും അങ്ങിനെതന്നെ. ക്ഷമിക്കാന്‍ റീത്തയ്ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അവരുടെ കുടുംബജീവിതം ശോകമയമാകില്ലായിരുന്നു. വൈരാഗ്യവും നഷ്ടബോധവുമെല്ലാം ഉള്‍ച്ചേര്‍ന്ന് അവളും കടുത്ത രോഗിയായിക്കഴിഞ്ഞിരുന്നു. ഡിപ്രഷനും അമിത രക്തസമ്മര്‍ദവും.... ഇരുളടഞ്ഞ വീട്ടില്‍ കഴിഞ്ഞ മകനാവട്ടെ ആരുമായും അടുപ്പമില്ലാതെ ഒറ്റയാനായാണ് വളര്‍ന്നത്. പെട്ടെന്ന് പൊട്ടിത്തെറിക്കും, അമ്മയോടുപോലും ധിക്കാരത്തോടെ സംസാരിക്കും...

ക്ഷമ നല്ല കയ്പുള്ള മരുന്നാണ്,എളുപ്പം ക്ഷമിക്കാന്‍ പറ്റില്ല.പക്ഷേ, നമ്മുടെ ആരോഗ്യം ഇല്ലാതാകുന്ന ഒരസുഖം ബാധിച്ചാല്‍ എത്ര കയ്പുള്ള മരുന്നും നാം കുടിക്കും. ദാമ്പത്യജീവിതത്തില്‍ ഇത്തരം കയ്പുകള്‍ പിന്നീട് മധുരിക്കും. ഇനി മധുരിച്ചില്ലെങ്കില്‍ പോലും എന്നേക്കുമുള്ള തകര്‍ച്ചയില്‍നിന്ന് അത് കുടുംബത്തെ രക്ഷിക്കും.

ക്ഷമിക്കുന്നതിലൂടെ പങ്കാളിക്ക് കീഴടങ്ങുകയല്ല, പങ്കാളിയെ നമ്മള്‍ കീഴടക്കുകയാണ്. ആത്യന്തികമായി അത് നമ്മുടെ ഹൃദയത്തിലെ നന്മയും നമ്മുടെ ആത്മബലവുമാണ്. ക്ഷമിക്കാതെ കിടക്കുന്ന കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ക്കിടന്ന് നീറി നമ്മുടെ ചിന്തകളിലും പ്രവര്‍ത്തികളിലും നെഗറ്റീവ് എനര്‍ജി പകരും. ചിലകാര്യങ്ങള്‍ പെട്ടെന്ന് ക്ഷമിക്കാനായെന്ന് വരില്ല. പക്ഷേ, അല്പം കഴിഞ്ഞിട്ടാണെങ്കിലും അത് ചെയ്‌തേ പറ്റൂ. പൊറുക്കാന്‍ കഴിയുന്നതുകൊണ്ട് മറക്കാന്‍ കഴിയണമെന്നുമില്ല.

ചില പ്രശ്‌നങ്ങള്‍ മനസ്സുതുറന്ന് സംസാരിക്കുന്നത് നല്ലതാണ്.പങ്കാളിയുടെ പ്രവൃത്തി നമ്മളെ വേദനിപ്പിച്ചെങ്കില്‍ അത് തുറന്നുപറയാം. നിന്നെ ഞാന്‍ അത്യധികം സ്‌നേഹിക്കുന്നതുകൊണ്ടും നമ്മുടെ കുടുംബത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്നതുകൊണ്ടും ഞാനിത് ക്ഷമിക്കുന്നു എന്ന് വ്യക്തമായി പറയാം. കയര്‍ത്തല്ല, സ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ് സംസാരിക്കേണ്ടത്. അത് അവരില്‍ നല്ല ബോധ്യങ്ങള്‍ക്ക് വിത്തിടും. വീണ്ടും തെറ്റിന്റെ വഴിയിലേക്ക് പോകാതിരിക്കാനുള്ള ഒരു സംരക്ഷണകവചമായി നമ്മുടെ ക്ഷമയും കരുതലും അപ്പോള്‍ മാറും.

ആര്‍ക്കും തെറ്റ് പറ്റാമെന്ന് അംഗീകരിക്കുക. നമുക്ക് തെറ്റ് പറ്റാത്തത് നമ്മുടെ മികവിനൊപ്പം പങ്കാളിയുടെ സ്‌നേഹവും കരുതലും ഉള്ളതുകൊണ്ടുകൂടിയാണ്. നമ്മുടെ തെറ്റുകളും കുറവുകളും മറ്റാരുടെയും കണ്ണില്‍പെട്ടിട്ടുണ്ടാകില്ല, അല്ലെങ്കില്‍ നമ്മുടെ പങ്കാളി നമ്മോടുള്ള സ്‌നേഹത്തേപ്രതി അതിന് അമിതപ്രാധാന്യം നല്‍കിയിട്ടുണ്ടാകില്ല.

ക്ഷമിച്ചശേഷം പഴയ സംഭവങ്ങള്‍ ഇടക്കിടെ ഓര്‍മിപ്പിച്ച് പങ്കാളിയെ കുത്തിനോവിക്കുന്ന ചിലരുണ്ട്. അത് 'ക്ഷമ' വാക്കിനപ്പുറം പ്രവര്‍ത്തിയിലെത്തിയിട്ടില്ല എന്നതിന് തെളിവാണ്. അതേസമയം കുടുംബജീവിതത്തില്‍ തെറ്റുകള്‍ ചെയ്യാന്‍ ഒരാളും ക്ഷമിക്കാന്‍ മറ്റേയാളും എന്നുവന്നാല്‍ അധികനാള്‍ മുന്നോട്ടുപോകില്ല.

Content Highlights: Importance of forgiveness in families