നിങ്ങടെ ചങ്ങാതിയെ ഒന്നുപദേശിക്കണം എന്നു പറഞ്ഞാണ് മായ വിളിച്ചത്. അടുത്ത സുഹൃത്തിന്റെ ഭാര്യയാണ്. സംസാരം തമാശമട്ടിലാണ് തുടങ്ങിയത്. കെട്ടിയോനെക്കുറിച്ചുള്ള പരാതികളാണ് ഏറെയും. ഇപ്പോഴത്തെ പ്രശ്‌നം പിറന്നാളാണ്. മായയുടെ പിറന്നാള്‍ ദിവസം ലോകത്തിലെ സകലകാര്യങ്ങളും ഓര്‍ത്തുവെയ്ക്കുന്ന എന്റെ ചങ്ങാതി മറന്നു. അദ്ധ്യാപകനായ കക്ഷി കാലത്തുതന്നെ പതിവുപോലെ സ്‌കൂളിലേക്ക് പോയി. ''സമ്മാനമൊന്നും വേണ്ട, ഒന്നോര്‍ത്ത് വിഷ് ചെയ്തുകൂടെ...?'' മായ കരച്ചിലിലെത്തി.

എന്റെ പിറന്നാള്‍പോലും ഓര്‍ത്തുവെച്ച് നേരം പുലരുംമുമ്പേ ആശംസ അയയ്ക്കുന്നയാളാണ് ഭാര്യയുടെ പിറന്നാള്‍ മറന്നത്. മായയ്ക്കു പറയാനുള്ളതും അതുതന്നെയാണ്. 'സ്‌കൂളിലെ ഒരു അദ്ധ്യാപികയുടെ പിറന്നാള്‍ രണ്ടാഴ്ച മുമ്പായിരുന്നു. സ്റ്റാഫ് റൂമില്‍ ആഘോഷം സംഘടിപ്പിച്ചതും കേക്ക് വാങ്ങിക്കൊണ്ടുപോയതുമൊക്കെ കക്ഷിയാണ്. സാധാരണ സ്‌കൂട്ടറില്‍ പോകുന്നയാള്‍ കേക്ക് ഉടയാതെ എത്തിക്കാന്‍ അന്ന് കാറെടുത്താണ് പോയത്. ഫെയ്‌സ്ബുക്കില്‍ മാത്രം പരിചയമുള്ളവര്‍ക്കുപോലും രാവിലെ കുത്തിയിരുന്ന് ആശംസകളയയ്ക്കും. കഴിഞ്ഞവര്‍ഷം വിവാഹവാര്‍ഷികവും ഇതേപോലെ മറന്നുപോയി...'മായയുടെ പരിഭവങ്ങള്‍ ഇടമുറിയാതെ പെയ്തുകൊണ്ടിരുന്നു. ഞാനാകട്ടെ നല്ലൊരു കേള്‍വിക്കാരനായി.

ഇത് പുതിയകാലത്ത് പല കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. വീട്ടില്‍ പ്രകടിപ്പിക്കാത്ത സ്‌നേഹവും കാരുണ്യവും സംരക്ഷണവുമൊക്കെ സമൂഹത്തില്‍ പ്രകടിപ്പിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ വിളമ്പുകയും ചെയ്യുന്നവര്‍ പെരുകിയിരിക്കുന്നു. സ്വന്തം ഭാര്യ പലവട്ടം ആവശ്യപ്പെട്ടിട്ടും തിരക്കുകാരണം കഫ് സിറപ്പ് വാങ്ങാന്‍ മറക്കുന്നയാള്‍ ഓഫീസിലെ കൂട്ടുകാരിക്ക് ചുമവരുമ്പോള്‍ അയല്‍പക്കത്തെ പറമ്പില്‍ ആടലോടകവും പനിക്കൂര്‍ക്കയും തിരഞ്ഞു പോകുന്നതിനെ എങ്ങനെ ന്യായീകരിക്കും?

കുടുംബജീവിതത്തില്‍ ഏറ്റവും പ്രധാനം കുടുംബത്തിനുതന്നെയാണ്. കുടുംബം മറന്നുള്ള സാമൂഹികസേവനം പലര്‍ക്കും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. ചിലര്‍ക്കത് വേലിചാടാനുള്ള ഉപാധിയും.

മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ ലാളിക്കുകയും അവര്‍ക്ക് ചോക്ലേറ്റ് വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന ചിലര്‍ സ്വന്തം മക്കളുടെ മുമ്പില്‍ ഭയാനകരൂപങ്ങളായാണ് അവതരിക്കുന്നത്. മക്കളെ ലാളിക്കാനോ അവരെ ചേര്‍ത്തുപിടിക്കാനോ കഴിയാത്തയാള്‍ മറ്റുള്ളവരുടെ കുട്ടികളെ അമിതമായി പരിഗണിക്കുന്നത് ആത്മാര്‍ത്ഥതയോടെയാണെന്നു പറയാന്‍ പറ്റുമോ?

ഒരിക്കല്‍ ഒരു പരിചയക്കാരന്‍ സ്വന്തം ഭാര്യയെക്കുറിച്ച് പറഞ്ഞ പരാതി ഓര്‍മവന്നു. നാട്ടിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഗ്രൂപ്പിലെ മുന്‍നിര പ്രവര്‍ത്തകയാണവര്‍. കിടപ്പുരോഗികളെ കുളിപ്പിക്കാനും അവരെ സമാശ്വസിപ്പിക്കാനും അവര്‍ മുന്നിട്ടിറങ്ങും. അതേസമയം വയ്യാതെകിടക്കുന്ന ഭര്‍ത്താവിന്റെ അമ്മയെ തിരിഞ്ഞുനോക്കില്ല. ശുശ്രൂഷിക്കുന്നില്ലെന്നു മാത്രമല്ല, സ്‌നേഹത്തോടെ ഒരു വാക്ക് പോലും പറയുന്നില്ല എന്നതാണ് ഭര്‍ത്താവിന്റെ പരാതി. കെട്ടിവന്ന കാലത്ത് അമ്മായിയമ്മ മോശമായി പെരുമാറിയതിന്റെ പ്രതികാരമാണിത്. ഇതുപോലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊക്കെയായി സ്വന്തം ചുമതലകള്‍ ഇട്ടെറിഞ്ഞ് പോകുന്നവരെ കാണാം. ചിന്താവിഷ്ടയായ ശ്യാമളയിലെ കഥാനായകനെപ്പോലെ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള സമര്‍ത്ഥമായ ഒളിച്ചോട്ടമാണ് പലരുടെയും ലക്ഷ്യം.

പങ്കാളിക്കൊപ്പം അല്‍പസമയം ചെലവഴിക്കാതെ തിരക്ക് ഭാവിക്കുന്ന പലരും ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ഫുള്‍ടൈം ഓണ്‍ലൈനിലായിരിക്കും. മറ്റുചിലര്‍ക്ക് സാമൂഹികപ്രവര്‍ത്തനം തലയ്ക്കുപിടിക്കും. നാട്ടുകാര്‍ക്ക് വേണ്ടതുചെയ്യാനുള്ള ഓട്ടപ്പാച്ചിലിലായിരിക്കും അവര്‍ എപ്പോഴും. അത് നല്ലതുതന്നെ, പക്ഷേ കുടുംബത്ത് തങ്ങള്‍ ചെയ്യേണ്ടത് ചെയ്തിട്ടാണോ നാടുനന്നാക്കാനിറങ്ങുന്നതെന്ന് അവര്‍ ഓര്‍ക്കണം.

പ്രൊഫഷനില്‍ അമിത ആത്മാര്‍ത്ഥത കാണിക്കുന്നവര്‍ക്ക് ബോസിന്റെ ഗുഡ്ബുക്കില്‍ ഇടംകിട്ടും. അതോടൊപ്പം വീട്ടിലെ അംഗങ്ങളുടെ മനസ്സിലും ഇടം നേടണം. അല്ലെങ്കില്‍ അത്തരം ജീവിതങ്ങള്‍ വൈകാതെ യാന്ത്രികതയിലേക്ക് കൂപ്പുകുത്തും.

നമ്മുടെ സമയവും സ്‌നേഹവും ഏറ്റവുമധികം നിക്ഷേപിക്കേണ്ടത് കുടുംബത്തില്‍ തന്നെയാണ്. അതുവഴി ലഭിക്കുന്ന ഊര്‍ജവും ഉന്മേഷവുമാകണം മറ്റ് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനം. തീര്‍ച്ചയായും നമ്മുടെ ഒരു വിഹിതം സമൂഹത്തിന് നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. പക്ഷേ വീട് മറന്നുള്ള സേവനങ്ങള്‍ക്കുള്ളില്‍ പലപ്പോഴും ഒരു കാപട്യത്തിന്റെ അംശം ഉണ്ടാകും. അമ്മയ്ക്ക് കഞ്ഞിവെള്ളംപോലും കൊടുക്കാത്തവര്‍ മദേഴ്‌സ് ഡേക്ക് അവര്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റുന്നതുപോലത്തെ കാപട്യം. അംഗീകാരത്തിനും ശ്രദ്ധപിടിച്ചുപറ്റാനുമൊക്കെയുള്ള മനസ്സിന്റെ നിഗൂഢാഭിലാഷങ്ങളും ഇത്തരക്കാരില്‍ പ്രകടമാണ്.

പങ്കാളിയേക്കാളും മക്കളേക്കാളും പരിഗണന സുഹൃത്തുക്കള്‍ക്കു നല്‍കുന്നുണ്ടെങ്കില്‍ നമ്മള്‍ ശരിയല്ല എന്നു സ്വയം തിരിച്ചറിയണം. നമ്മുടെ സന്തോഷങ്ങളുടെയും ആഘോഷങ്ങളുടെയും ആദ്യവേദി കുടുംബം തന്നെയാകണം. സങ്കടങ്ങളും ടെന്‍ഷനുകളും പങ്കുവെയ്ക്കാനുള്ള ഇടംകൂടിയാണത്. കൂട്ടുകാര്‍ക്കൊപ്പം ഹോട്ടലുകളില്‍ സന്തോഷിക്കുകയും ബാറുകളില്‍ സങ്കടങ്ങളൊഴുക്കിക്കളയുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. കുടുംബത്തോട് ഒട്ടിനില്‍ക്കുമ്പോള്‍ കിട്ടുന്ന ആശ്വാസവും ആത്മവിശ്വാസവും മറ്റൊരിടത്തും കിട്ടില്ല.

കൂട്ടുകാരിയുടെ പിറന്നാള്‍ ഓര്‍ത്തുവെയ്ക്കുന്നതും കേക്കുവാങ്ങി ആഘോഷിക്കുന്നതുമൊന്നും തെറ്റല്ല. പക്ഷേ, ഭാര്യയുടെ പിറന്നാള്‍ മറന്നുകൊണ്ടാണെങ്കില്‍ അതിലൊരു സ്‌പെല്ലിങ് മിസ്റ്റേക്കുണ്ട്.

ഞാന്‍ എന്തായാലും സുഹൃത്തിനെ വിളിച്ച് മായയുടെ സങ്കടങ്ങള്‍ പറഞ്ഞു.

''പറ്റിപ്പോയി അളിയാ... ഇനി വൈകീട്ട് കേക്കും ഒരു സ്വര്‍ണമോതിരവും വാങ്ങിക്കൊണ്ട് വീട്ടില്‍ ചെന്ന് മാപ്പുപറഞ്ഞ് സമാധാനിപ്പിച്ചോളാം...''അവന്‍ തെറ്റ് തിരുത്താനുള്ള ഉപായം കണ്ടെത്തിക്കഴിഞ്ഞു. സുഹൃത്തിന്റെ സകല സ്വാതന്ത്ര്യത്തോടുംകൂടി അവനെ ഞാനൊരു മുട്ടന്‍ തെറിവിളിച്ചു. ''ഉച്ചയ്ക്ക് ലീവെടുത്ത് വീട്ടില്‍ പോ... അവളെ കെട്ടിപ്പിടിച്ച് ഒരുമ്മകൊടുക്കൂ... പിന്നെ മുഖം വെച്ച് കരയാന്‍ നിന്റെ നെഞ്ചും.'' ഇതുപറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.