പ്രതീകാത്മക ചിത്രം | Pixabay
നിഗൂഢതകളുടെ തീവ്രതകളിലേക്ക് ആഴ്ന്നിറങ്ങാന്‍ വിധിക്കപ്പെട്ട ദിവസം. മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും കാട്ടിത്തന്നേ പറ്റൂ എന്ന രീതിയിലാണ് ഒ.പി. മുറിയുടെ വാതില്‍ക്കല്‍ പോലീസുകാരനൊപ്പം കഥാനായകന്റെ നില്‍പ്പ്. ഇരു കൈകളിലും വിലങ്ങുണ്ട്. അതെ, പ്രതിയാണ്. കേസ് എന്തായാലും പ്രതി തന്നെയാണയാള്‍.
അടുത്ത ടോക്കണ്‍ നമ്പര്‍ അമര്‍ത്തുന്നതിനു പകരം അവരെ വിളിച്ചു. ഇരിക്കുവാന്‍ പറഞ്ഞതിന് ശേഷം രോഗവിവരം ചോദിച്ചു. 'എന്ത് പറ്റി?' അയാള്‍ നിന്നു കൊണ്ട് തന്നെ മറുപടി പറഞ്ഞു. 'അടിവയറു വേദന ആണ് ഡോക്ടറെ... ഇന്നലെ ഒറങ്ങീട്ടില്ല. വയ്യ.. തീരെ വയ്യ... '
കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ ഒരു കെട്ടു കടലാസ് തന്നു. കേസ് ഫയലാണ്. ഇപ്പോഴുള്ള അസുഖവിവരം ആദ്യം അറിയണം. മരുന്ന് കൊട്ക്കണം. ശേഷം മറ്റു കാര്യങ്ങള്‍ ചോദിക്കാമെന്ന് തീരുമാനിച്ചു.
'ഡോക്ടറെ...ഉറങ്ങാന്‍ പറ്റുന്നില്ല. തല ആരോ ചുറ്റിക കൊണ്ടടിക്കുന്നതു പോലെ . ഉറങ്ങാനുള്ള മരുന്നു തരണം.' രക്തസമ്മര്‍ദ്ദം നോക്കി. വളരെ കൂടുതലാണ്. 'മുന്‍പ് എന്തെങ്കിലും മരുന്നുകള്‍ മറ്റു രോഗങ്ങള്‍ക്ക് കഴിച്ചിരുന്നോ? '
'ചെന്നിക്കുത്തിനു മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്‍പത് മാസം മരുന്ന് കഴിക്കാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഉറക്കത്തിനുള്ള മരുന്നും തന്നിരുന്നു. അതു തീര്‍ന്നു. ഇതിന്റെ കൂടെ ഒന്ന് എഴുതി തരുമോ ഡോക്ടറെ? '
പോലീസുകാരന്‍ മുന്‍പ് തന്ന കടലാസ് കെട്ടില്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. ടിക്കറ്റുകള്‍ ഒരുപാട് ഉണ്ട്. അയാള്‍ പറഞ്ഞത് ശരിയാണ്. മൈഗ്രെയിന്‍ പ്രൊഫയിലാക്‌സിസിനു മരുന്നുകള്‍ കഴിക്കുന്നുണ്ട്. ലോറാസിപാം ഗുളിക കഴിക്കുന്നത് കൊണ്ടാവും സമാധാനപരമായ ഉറക്കമുണ്ടായത് . എന്തായാലും ന്യൂറോളജിസ്റ്റിനോട് കൂടി വിദഗ്ദ്ധഅഭിപ്രായം ചോദിക്കണം. താല്‍ക്കാലിക പ്രശ്‌നം ആയ വയറുവേദന ആദ്യം ശരിയാക്കാം. അങ്ങനെ തീരുമാനിച്ചു. .
'ഇന്‍ജെക്ഷന്‍ മുറിയിലേക്ക് പൊയ്‌ക്കോളൂ. അതിന് ശേഷം ലാബില്‍ പോയി മൂത്രം കൂടി ടെസ്റ്റു ചെയ്ത് റിസള്‍ട്ടുമായി വരൂ.'-കൂടെ വന്ന പോലീസ്‌കാരന്റെ നേരെ ദൃഷ്ടി പായിച്ചു കൊണ്ട് പറഞ്ഞു. 'റിസള്‍ട്ട് നാളെ തന്നാല്‍ മതിയോ? ഇപ്പോള്‍ ഇയാളെ കൊണ്ട് പോവട്ടെ '. പോലീസുകാരന്‍ മറുപടിയില്‍ മടുപ്പ് പ്രകടിപ്പിച്ചു.
'അല്ല ഡോക്ടറെ...ഇവിടെ കാത്തിരുന്നോളാം. പതുക്കെ പോയാല്‍ മതി. 'തിരിച്ചു പോവാന്‍ താത്പര്യം ഇല്ലാത്ത രീതിയില്‍ അയാള്‍ പറഞ്ഞു തുടങ്ങി. 'മനുഷ്യനല്ലേ ഞാന്‍? ജീവിക്കാനുള്ള ആഗ്രഹണ്ടാവൂല്ലേ? പോലീസ്‌കാരനോടായി വീണ്ടും...ഞാന്‍ അയാളെ അടിമുടി നോക്കി. യൗവ്വനത്തിന്റെ പ്രസരിപ്പുണ്ട്. ആ നിമിഷം ഒന്നേ മനസ്സിലുണ്ടായിരുന്നുള്ളു. മുന്‍വിധികളില്ലാതെ ആദ്യമായി കാണുന്ന അയാളോട് തുറന്ന മനസ്സോടെ ഇടപെടുകയും ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്യണം.സൗഹൃദ ഭാവത്തില്‍ ചോദ്യമെറിഞ്ഞു.
'രാവിലെ എന്താ ഭക്ഷണം കഴിച്ചത് ? ''കഴിച്ചെന്ന പേരു വരുത്തി ചേച്ചി.. വയറിനു വേണം. പക്ഷെ മനസിന് ഒന്നും വേണ്ട.' ആശ്വാസത്തിന്റെ സ്വരം.
അവര്‍ മുറിവിട്ട ശേഷം അയാളുടെ കടലാസ് കെട്ട് ഓരോന്നായി വീണ്ടും പരിശോധിച്ചു. പല തവണ മെഡിക്കല്‍ കോളേജില്‍ പോയി കാണിച്ചിട്ടുണ്ട്. ഇടിക്കേസുകളാണ് ഭൂരിഭാഗം. അത്യാഹിത വിഭാഗത്തില്‍ പല തവണ ചികിത്സ തേടിയിട്ടുണ്ട്.
ഇടയ്ക്ക് വച്ചു പോലീസുകാരന്‍ ഒറ്റയ്ക്ക് വന്നു പറഞ്ഞു. 'ഇവന്‍ മഹാപ്രശ്‌നക്കാരനാണ്. അതുകൊണ്ടാണ് അധികനേരം വെയിറ്റ് ചെയ്യിക്കാതെ തിരിച്ചു കൊണ്ട് പോവാമെന്നു കരുതിയത്. മൂത്രം പരിശോധിച്ചതിന്റെ റിസള്‍ട്ട് നാളെ വന്നു കാണിക്കാം. സത്യം പറഞ്ഞാ ഇവനേം കൊണ്ട് ഇത്രേം നേരം ഇവിടെ വെയിറ്റ് ചെയ്യാന്‍ എനിക്ക് പേടിണ്ടേ മേഡം. ' നിസ്സഹായതയുടെ സ്വരം.
മൂത്രം ടെസ്റ്റ് ചെയ്യാനായി അവര്‍ പുറത്തേക്കിറങ്ങി. അല്‍പനേരം കഴിഞ്ഞു പുറത്തു നിന്നുകൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് അയാള്‍ വീണ്ടും അകത്തു കയറി. മുഷിവും ഭയവും കലര്‍ന്ന മുഖഭാവത്തില്‍ പോലീസുകാരന്‍ അയാളുടെ പേരിലുള്ള കേസുകള്‍ മേശപ്പുറത്ത് വച്ചു. കേസുകള്‍ പലതാണ്. അടിപിടി, മോഷണം, കബളിപ്പിക്കല്‍ അങ്ങനെ ഒരു പാട്. ഇരുപത്തിമൂന്ന് വയസ്സിനുള്ളില്‍ ഇത്രയധികം കുറ്റകൃത്യങ്ങള്‍. ഒടുവില്‍ പോക്‌സോയും.
ഇന്ത്യയില്‍ കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികഅതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി 2012-ല്‍ കൊണ്ടുവന്ന നിയമം ആണ് പോക്‌സോ. പതിനെട്ടു വയസ്സില്‍ താഴെയുള്ളവരെയാണ് ഇതില്‍ കുട്ടികള്‍ എന്നു നിര്‍വചിച്ചിരിക്കുന്നത്. ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കും വേണ്ടി സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ നിയമം.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിക്കും. അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യും. ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് ഏഴു വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും വിധേയമാക്കും. പിഴ ഈടാക്കുകയും ചെയ്യും.
വകുപ്പ് അഞ്ച് അനുസരിച്ച് ഗൗരവകരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവും.
വീണ്ടുവിചാരമില്ലാതെ കാമവും അകമൃഗശമനവും അസ്ഥാനത്ത് പ്രയോഗിച്ചിട്ട് ഇതാ ഒരു പോസ്‌കോ പ്രതി എന്റെ മുന്‍പില്‍ വന്നു നില്‍ക്കുന്നു.
ആ നിമിഷം സ്‌കൂളില്‍ പോയ എന്റെ മകളെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. സൂര്യനെല്ലി, വിതുര, കിളിരൂര്‍ എന്നിങ്ങനെ സ്ഥലപ്പേരുകളില്‍ അറിയപ്പെടാന്‍ വിധിക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ മുഖ:ഛായ അവള്‍ക്കില്ലെന്നു ഉറപ്പ് വരുത്തി.
ആ കുറഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ നേടിയെടുത്ത സൗഹൃദത്തിന്റെ സവിശേഷമായ ആ ഇടം നഷ്ടപ്പെടുമോ എന്ന ഭയം ആ മുഖത്ത് പ്രകടമായി.
'അത് പിന്നെ ന്റൊരു ചങ്ങായി കെട്ടാന്‍ പോണ പെണ്ണിനെ വീട്ടില് കൊണ്ട് വന്നതാണ്. ഓന്റെ വീട്ടുകാര്‍ക്ക് ഇഷ്ടല്ലാതെ ഓളെ കെട്ടാന്‍ മ്പറ്റൂല്ലല്ലോ. അങ്ങനെ വീട്ടില് താമസിപ്പിച്ചു. പോലീസ് വന്നപ്പോ കേസ് ഇങ്ങനായി. ' 'ശരിക്കും എന്താ തൊഴില്‍? '- കുടുംബ ബന്ധങ്ങളുടെ തീവ്രത എന്താണെന്ന് അറിയാത്തത് കൊണ്ടാവാം എന്ന് ഒരിക്കല്‍ കൂടി അയാളെ ന്യായീകരിക്കാന്‍ ശ്രമിച്ചു.
'ഞങ്ങള്‍ മുക്കുവരാണ് ഡോക്ടര്‍. ഒരാഴ്ചക്കുള്ള ഭക്ഷണം കൊണ്ട് ഞങ്ങള്‍ കടലിലേക്കൊരു പോക്കാണ്. നല്ല പെടക്കണ മീനും കൊണ്ട് തിരിച്ചെത്തും. '
'വീട്ടില് വേറെ ആരാ ഉള്ളത്?' ബാപ്പ ഞാന്‍ ജനിച്ചപ്പോഴേ മരിച്ചു. ഉമ്മച്ചിക്ക് എന്തോ മാറാവ്യാധി ണ്ടായിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഉമ്മച്ചിയും മരിച്ചു. ഇക്കേം ഞാനും കൂടി കടലില്‍ പോകും. അല്ലാത്ത ദിവസങ്ങളില്‍ ഇക്ക കൂലി തല്ലിന് പോകും. നല്ല കാശു കിട്ടും. ഞാന്‍ വലുതായപ്പോള്‍ ഞാനും ഇക്കാടെ കൂടെ കൂടി. കുറച്ചുദിവസം അകത്തു കിടക്കേണ്ടിവരും. പിന്നെ പുറത്തിറങ്ങുമ്പോള്‍ കടലില്‍ പോകും. അങ്ങനെ ആണ് ഞങ്ങളിപ്പോള്‍. 'ചുറ്റുപാടുകളുടെ സമ്മര്‍ദ്ദത്താല്‍ വഴി തെറ്റിപ്പോയ ഒരു മനുഷ്യന്‍. നമ്മളിലൊരാള്‍. അങ്ങനെ ചിന്തിച്ചു.
'ഇങ്ങക്ക് വീട്ടിലാരൊക്ക ഉണ്ട്? ' ,-- നിര്‍ത്താതെ വീണ്ടും.
'ഇങ്ങളെ ഉമ്മ ഡോക്ടറാവും ല്ലേ? അതോണ്ടല്ലേ ഇങ്ങളെ പഠിപ്പിച്ചു ഡോക്ടറാക്കിയത്? ' ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.
ചിലര്‍ക്കുമാത്രം മനസ്സിലാക്കുവാന്‍ പറ്റുന്ന പലതുണ്ട്. അതിലൊരാള്‍ ഞാനാവാം?
വിലങ്ങണിഞ്ഞ കൈകള്‍ കൊണ്ട് എന്റെ കൈയില്‍ പിടിച്ചു. 'നിക്ക് ജയിലിക്ക് തിരിച്ചു പോണ്ട ഡോക്ടറെ. ങ്ങളെ മിണ്ടിയപ്പോ മ്മച്ചി തിരിച്ചു വന്നപോലെ. ങ്ങളെ പോലൊരുമ്മ ഇനി ഈ ജന്മം നിക്ക്ണ്ടായിനെങ്കില്‍, ഞാനിങ്ങനെ ആവൂല്ലായിരുന്നു ........ '
വിഷാദത്തിന്റെ നേരിയ കണിക ആ കണ്ണുകളിലെ തിളക്കത്തിന് മാറ്റു കുറച്ചു. ദയനീയമായ നിസ്സഹായതയും നിസ്സാരതയും. ഓരോ ആത്മകഥയിലും കഥയുണ്ട്..... കവിതയുണ്ട്.... കണ്ണീരുണ്ട്.... അത് മായ്ക്കുവാനുള്ള ഒരു തുറുപ്പുമുണ്ട്.... അനുഭവങ്ങളുടെ പ്രപഞ്ചമാണ് ആശുപത്രിയെന്ന ലോകം.
Content Highlights: health column, dr. smitha menon, hridyasmitham
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..