''ഡോക്ടറു മേഡം.......... എന്നെ ഓര്‍ക്കുന്നുണ്ടോന്ന് അറിയില്ല. ബ്രഹ്മദത്തന്‍ നമ്പൂതിരിയാണ്. ചേലക്കരേന്നാണ്.''

അതിരാവിലെ ഫോണടിച്ചപ്പോള്‍ ആദ്യവിളി രോഗിയുടെതാവുമെന്ന് ഉറപ്പായിരുന്നു. തനിക്കു ചികിത്സ നല്‍കേണ്ട ഡോക്ടര്‍ ഒ.പിയില്‍ ഉണ്ടാവുമോ എന്നറിഞ്ഞിട്ടു വേണം പല രോഗികള്‍ക്കും അതനുസരിച്ച് വീട്ടില്‍ നിന്ന് തയ്യാറാവാന്‍.

രാവിലെ എട്ടുമണിയാണ് സര്‍ക്കാരാശുപ്രതികളില്‍ ഒ.പി. ടിക്കറ്റ് കൊടുത്തു തുടങ്ങുക. പരിശോധനയ്ക്കു ശേഷം മരുന്നുകുറിപ്പടി നല്‍കുന്നതിനു മുന്‍പ് രക്ത പരിശോധനയോ എക്‌സ്‌റേയോ ഇ.സി.ജിയോ മറ്റോ എടുക്കേണ്ടി വരും. അതിനായി വീണ്ടും വരികള്‍ ഉണ്ടാവും. പരിശോധനാഫലം വാങ്ങി വീണ്ടും ഡോക്ടറെ കണ്ട് ഫാര്‍മസിയില്‍ നിന്നും മരുന്നു വാങ്ങിക്കഴിയുമ്പഴേക്കും വൈകുന്നേരം ആയിട്ടുണ്ടാവും. അതിനാല്‍ രണ്ടുനേരത്തെ ഭക്ഷണം കൈയില്‍ കരുതിയാണ് പലരും വരിക. വരാന്തയിലോ ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും മരച്ചുവട്ടിലോ ഇരുന്ന് പലരും ഭക്ഷണം കഴിക്കുന്നതു കാണാം. സര്‍ക്കാരാശുപ്രതികള്‍ എത്ര പുരോഗമിക്കുന്നുവോ അത്രയ്ക്ക് രോഗികളും കൂടും.

''എനിക്ക് മനസ്സിലായി. അസുഖം ഭേദമായോ?'' നമ്പൂതിരിയ്ക്കു മറുപടി നല്‍കി.
''അതൊന്നും മാറില്ല ഡോക്ടറെ. കാലം കുറച്ചായി ഞാനീ രോഗങ്ങളും കൊണ്ടു നടക്കുന്നു. എനിക്ക്ഡോ ക്ടറെ ഒന്നു കാണണം. എന്താ ചെയ്യാ?'' നിറം മങ്ങി മറവി ബാധിച്ചു തുടങ്ങിയ അയാളുടെ ഭൂതകാലത്തിലെവിടെയോ എന്നെപ്പോലൊരു മക്കളോ പേരക്കിടാവോ ഉണ്ടായിരുന്നിരിക്കണം. ഞാനുമായി സംസാരിച്ചു കഴിയുമ്പോള്‍ ഒരല്‍പ്പനേരത്തേക്കെങ്കിലും ഭൂതകാല സ്മൃതിയിലേക്ക് തിരിഞ്ഞു നടത്തമായിട്ടുണ്ടാവും.

ക്ലോക്കില്‍ നോക്കിയപ്പോഴാണറിഞ്ഞത്. മണി ആറരയായി. പുലര്‍ച്ചെ മൂന്നു മണിയ്ക്ക് ഏകാന്തതയെ മോഷ്ടിച്ച് ഒരു കള്ളനെപ്പോലെ എഴുത്തു മുറിയില്‍ ഇരുപ്പ് ആരംഭിച്ചതാണ്. നിത്യ ജീവിതക്കാഴ്ചകള്‍ കഥകളാക്കി വിപുലപ്പെടുത്തണം. വാചകങ്ങളില്‍ ഹൃദയവികാരം പകര്‍ത്തണം. വായനക്കാരന്‍ തീവ്രമായി ഓര്‍മ്മിക്കണം. ഇങ്ങനെയോരേയൊരു ലക്ഷ്യം മാത്രമാണിപ്പോള്‍. ഫോണ്‍ ബെല്ലടിച്ചപ്പോഴാണ് ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്.

പ്രായം ബാധിച്ച് ഒരല്പം വേച്ചുവേച്ചു നടക്കുന്ന ബ്രാഹ്മണനെ പരിചയപ്പെട്ടത് മഹാമാരി തുടങ്ങുന്നതിനു മുന്‍പാണ്. പരിശോധനാ മുറിയ്ക്കുള്ളിലിരുന്നുള്ള പരിചയപ്പെടുത്തലുകളുടെ ഇതിവൃത്തം രോഗമാണ്. രോഗിയുടെ വ്യക്തി ജീവിതത്തിലേക്കുള്ള യാത്ര അധികം വിസ്തൃതമാക്കാതെ മരുന്നു കുറിക്കണം. അതോടൊപ്പം അയാളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെക്കുറിച്ച് കൃത്യമായ ധാരണ വേണം.
 
രോഗലക്ഷണങ്ങള്‍ പറഞ്ഞതിനുശേഷം രക്തവും മൂത്രവും പരിശോധനയ്ക്കയച്ചു. റിസല്‍ട്ട് വന്നതിനുശേഷം മറുപടിയും കൊടുത്തു.
''മൂത്രത്തില്‍ പഴുപ്പാണ്. കൃത്യമായി ചികിത്സിക്കണം. അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വരാം.''

അന്ന് കുറിച്ചുകൊടുത്ത മരുന്നുമായി അദ്ദേഹം പോയതാണ്. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്ന സത്യത്തിലേക്കിറങ്ങിയ ഒരു വര്‍ഷം കടന്നുപോയി. മഹാമാരിക്കാലം തുടങ്ങിയതില്‍പ്പിന്നെ കോവിഡ് ഒ.പി, കോവിഡ് ഐ.പി., പനി ക്ലിനിക്ക് എന്നീ മൂന്നു വിഭാഗങ്ങളിലായി സ്വയം പ്രതിരോധ കവചത്തിനുള്ളില്‍ ജീവിതം തിക്കിതിരക്കി അല്പസ്വല്പ്പം മാത്രം ലഭിക്കുന്ന ഉച്ഛ്വാസവായുവില്‍ തൃപ്തിപ്പെട്ട് അങ്ങനെ മുന്‍പോട്ടുപോയി പുതുവര്‍ഷം മുതല്‍ വീണ്ടും മെഡിക്കല്‍ ഒ.പിയില്‍ രോഗികളെ പരിശോധിച്ചു തുടങ്ങി.

പ്രഭാകതകര്‍മ്മങ്ങളില്‍ മുഴുകുമ്പോഴെല്ലാം മനസ്സില്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടായിരുന്നു.  ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ് താമസം. വയ്യാതായതില്‍ പിന്നെ ശാന്തിയ്ക്കു പോകുന്നില്ല. ഒരു വര്‍ഷം മുന്‍പത്തെ ഞങ്ങളുടെ സംഭാഷണം ഓര്‍ത്തെടുത്തു.

''മക്കളൊന്നും നോക്കില്ല സാറെ- എന്റെ സ്വത്തുവേണം. പക്ഷേ എന്നെ മാത്രം വേണ്ട. അപ്പോള്‍ ഞാന്‍ അവര്‍ക്കെതിരെ കേസും കൊടുത്തു.'' - വിടാന്‍ ഭാവമില്ലെന്ന അര്‍ഥത്തില്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

ഒരല്പ നിമിഷം കൊണ്ട് ഉച്ചത്തിലായിപ്പോയ അദ്ദേഹത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ സ്റ്റെതസ്‌കോപ്പില്ലാതെ തന്നെ ഞാന്‍ കേട്ടു. മനസ്സിലെ ഭാരം ആത്മസംയമനത്തോടെ ഒരാള്‍ കേട്ടാല്‍ പറഞ്ഞയാള്‍ ലഘുചിത്തനും സ്വസ്ഥമനസ്‌കനുമാവുന്നു. കേള്‍വിക്കാരന്റെ മനസ്സ് കനക്കും. പരസ്പര സ്പര്‍ദ്ധയും അസൂയയും അസഹിഷ്ണുതയും വാഴുന്ന ലോകത്ത് ആരാണ് യഥാര്‍ത്ഥപ്രതി എന്ന് എനിക്കു മനസ്സിലായില്ല. ഏകപക്ഷീയമായ വാചകങ്ങള്‍കൊണ്ട് കഥാപാത്രങ്ങളെ നിര്‍വ്വചിക്കാനാവില്ല. അതീവശ്രദ്ധാലുവായ കേള്‍വിക്കാരി ആയതുകൊണ്ടാവാം എല്ലാം മനസ്സിലുണ്ട്. ആശുപ്രതിയിലെത്തി, രജിസ്റ്ററില്‍ ഒപ്പിട്ടപ്പോഴേക്കും ബ്രഹ്മദത്തന്‍നമ്പൂതിരിപ്പാടിന്റെ വിളി ഫോണില്‍ മുഴങ്ങിത്തുടങ്ങി. 

''മേഡം തിരക്കിലാണല്ലോ?'' സോമേട്ടനാണ്. ക്ലാസ്സ് ഫോര്‍ ജീവനക്കാരന്‍. സ്വന്തം കുടുംബംപോലയാണ് അദ്ദേഹത്തിന് ആശുപ്രതി. ഔദ്യോഗിക കര്‍മ്മങ്ങള്‍ കഴിഞ്ഞ് ബാക്കിയുള്ള സമയം ആശുപത്രി പറമ്പില്‍ കൃഷിയിലേര്‍പ്പെടും. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ വാഴ നടും. അലങ്കാരചെടികള്‍ അത്യാഹിത വിഭാഗത്തിന്റെയും മോര്‍ച്ചറിയുടേയും മുന്‍പില്‍ ധാരാളമുണ്ട്. രോഗാനുഭവങ്ങളുടെ പ്രപഞ്ചമാണ് ആശുപ്രതിയെന്ന ലോകം. ജീവന്‍, വിധിയ്ക്കുവിട്ടുകൊടുക്കേണ്ട ഇടമാണ്. മനസ്സിനകത്തെ പച്ചപ്പ് വാടാതെ കാക്കുന്നത് പലപ്പോഴും മനോഹരമായ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന സോമേട്ടന്റെ ഉദ്യാനമാണ്.  ആത്മാര്‍ത്ഥതയോടെയും ഊര്‍ജസ്വലതയോടെയുമുള്ള നിസ്വാര്‍ത്ഥ പ്രവൃത്തിയെ അഭിനന്ദിക്കാതെ വയ്യ.
''ചേട്ടന്‍ എന്നെക്കാള്‍ തിരക്കിലാണ്'' - ചെറിയ വാചകത്തില്‍ മറുപടി ഒതുക്കി.
''മ്മടെ മന്ത്രി വരികയല്ലേ. കുറച്ചധികം ചെടികള്‍ മണ്ണുത്തിയില്‍ നിന്ന് എടുത്തിട്ടുണ്ട്. അതെല്ലാം മനോഹരമാക്കി ഒതുക്കി വയ്ക്കണം.'' 

ശരിയാണ്. കാത്ത് ലാബിന്റെ ഉദ്ഘാടനമാണ്, ആശുപ്രതി അങ്കണത്തില്‍ മനോഹരമായ സ്റ്റേജ് നിര്‍മ്മിച്ചിട്ടുണ്ട്. അവിടെ കസേരകളുടെ വശങ്ങളിലായി ചെടിച്ചട്ടികള്‍ തുടച്ചുമിനുക്കി, സോമേട്ടന്‍ കര്‍മ്മനിരതനായി ഓടിനടക്കുന്നു. ഇടയ്ക്ക് വിളിച്ചു പറഞ്ഞു.

''മൊത്തം പുഴുക്കേടാ മേഡം. കുറേ എണ്ണത്തിനെ ഞാന്‍ പിടിച്ചുകളഞ്ഞു. ഏത് മാരകവിഷമടിച്ചാലും ചെലത് ചാവില്ല'' - ഞാന്‍ ചിരിച്ചു. ശരിയാണ് മാരക വിഷമടിച്ചാലും ചാവാത്ത പുഴുക്കളുണ്ട്.

ഉദ്ഘാടന സമ്മേളനം കാണണമെന്നും ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചറോട് നേരിട്ട് സംസാരിക്കണമെന്നുമുള്ളത് നടക്കാത്ത ആഗ്രഹമാവുമെന്നുറപ്പായി. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് വിളിയോടു വിളിയാണ്. എന്തായാലും വികസനം നടക്കട്ടെ, സമൂഹം സന്തോഷിക്കട്ടെ, ഞാന്‍ എന്റെ കര്‍മ്മം ചെയ്യട്ടെ എന്ന തീരുമാനത്തിലെത്തി.
 
ടോക്കണ്‍ നമ്പര്‍ അടിച്ചില്ല. അദ്ദേഹത്തെ വിളിച്ചു. ''അതേയ്, ഡോക്ടറെ വെറുതെ ഒന്നു കാണണം എന്ന് തോന്നീട്ട് കുറച്ചു നാളായി. പലതവണ വന്നപ്പോഴും ഡോക്ടറില്ല. ഞാന്‍ എല്ലാ മുറീലും നോക്കി'' - ദുഃഖത്തോടെയുള്ള ആ സംസാരം കേട്ടിരുന്നു. കാര്യങ്ങളിലേക്ക് കടന്നു.

മുന്‍പ് കുറിച്ചുകൊടുത്ത പരിശോധനകളെല്ലാം എടുത്തുകാണിച്ചു.  മൂത്രം കള്‍ച്ചറര്‍ ചെയ്തിട്ടുണ്ട്. ഇന്‍ജക്ഷനായി നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് മാത്രമേ അദ്ദേഹത്തിന്റെ രോഗം ഭേദമാക്കാനാവൂ.

''ഇന്‍ഫെക്ഷന്‍ കുറച്ചുകൂടുതലുണ്ട്. ഗുളിക രൂപത്തിലുള്ള മരുന്നു കൊണ്ട് ഫലം കാണില്ല. ഇന്‍ജക്ഷന്‍ എടുക്കണം. അതിന് അഡ്മിറ്റ് ആവണം''- ഉപദേശിച്ചു.
ഒരു നിമിഷം കൊണ്ട് മുഖം മാറി.

''അഡ്മിറ്റാവാനൊന്നും പറ്റില്ല. ഗുളിക കൊണ്ട് മാറ്റിത്തരണം.'' സത്യവിശ്വാസിയായ കുമ്പസാരക്കാരന് എത്ര പെട്ടെന്നാണ് ഭാവപ്പകര്‍ച്ച സംഭവിച്ചത്? പരിഹാസ്യയായതുപോലെ തോന്നി. എന്റെ മുഖത്തെ വിഷാദഭാവം കൊണ്ടാവാം അദ്ദേഹം വീണ്ടും പറഞ്ഞുതുടങ്ങി.

''മോളെ, ഞാന്‍ ഒറ്റയ്ക്കു ജീവിക്കുന്ന ഒരാളാണ്. എന്റെ കൂടെ നില്‍ക്കാന്‍ ആരുമില്ല ഭക്ഷണം വാങ്ങിത്തരാന്‍ ആളുവേണ്ട?''
''സാരമില്ല. ഞാനുണ്ടല്ലോ. ധൈര്യമായി കിടക്കുക. ഭക്ഷണം ഇവിടെ കിട്ടും''- അങ്ങനെ വിടാന്‍ ഭാവമില്ലെന്നു ഞാനും.

പുറത്ത് ഉദ്ഘാടന സമ്മേളനം ആരംഭിച്ചുകഴിഞ്ഞു. തുറന്നിട്ട ജാലകങ്ങളിലൂടെ സ്റ്റേജ് കാണാം.
''ഒരു കാര്യം ചെയ്യൂ. പുറത്തിറങ്ങി ഒന്നുകൂടി ആലോചിക്കൂ-'' ആ സമയം കൊണ്ട് എനിക്കു ടീച്ചറെ കാണം എന്ന കൗശലത്തോടെ അറിയിച്ചു.
 
ഏറെ നാളായുള്ള ആഗ്രഹമാണ്. ടീച്ചറോടു സംസാരിക്കണമെന്ന്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കേരളസംസ്ഥാനത്ത് ഏറ്റവുമധികം അധ്വാനിച്ച സ്ത്രീയെന്ന നിലയില്‍ അവരെ ആരാധിക്കുന്നു. എത്രയേറെ തിരക്കുകളുണ്ടായാലും ചോദ്യം ചെയ്യലുകള്‍ക്കിടയിലും ഒരു തരിമ്പുപോലും പ്രകോപിതയാകാതെ ക്ഷമയോടെ ബുദ്ധികൂര്‍മ്മതയോടെ എത്രയോ വലിയ പ്രതിസന്ധികളെ കീഴടക്കിയിരിക്കുന്നു.
 
അവരുടെ പ്രായത്തിലുള്ള നമ്മുടെ കുടുംബങ്ങളിലുള്ള സ്ത്രീകളുടെ ആവലാതികള്‍, നിലതെറ്റിയ ഡോപമിന്‍, സിറോട്ടോണിന്‍ ഹോര്‍മോണുകള്‍, വാര്‍ദ്ധക്യത്തിലേക്കു കടക്കുന്നവരുടെ അസന്തുലിത മാനസികാവസ്ഥ, പിരിമുറുക്കങ്ങള്‍, ഭാവവ്യതിയാനങ്ങള്‍ എന്നിവയൊക്കെ പഴിക്കുന്ന സംഭാഷണങ്ങള്‍ ഓര്‍മ്മ വന്നു. ആശ്രയീഭാവമില്ലാതെ ആത്മവിശ്വാസത്തോടെ അവര്‍ പ്രസംഗിക്കുന്നത് ഒരു നിമിഷം ശ്രദ്ധിച്ചു. 

 തന്റെ പൂണൂലില്‍ തെരുപ്പിടിച്ചുകൊണ്ട് മേശയുടെ അപ്പുറത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അണമുറിയാതെ  സംസാരിക്കുന്നവര്‍ ചിലപ്പോള്‍ അനുഗ്രഹമാണ്. ചിലപ്പോള്‍ ശാപവും. 

''ഡോക്ടര്‍ക്ക് എന്റെ പരിതസ്ഥിതി ശരിയ്ക്ക് അറിയാഞ്ഞിട്ടാ. ഇവിടുത്തെ ഭക്ഷണം കഴിക്കാന്‍ മാത്രം പാകമില്ലാത്ത ആളല്ല ഞാന്‍. എനിക്ക് ചിട്ടകളുണ്ട്. അന്യ ജാതിമതക്കാര് പോയ കക്കൂസൊന്നും എനിക്ക് പറ്റില്ല.''
 
ഒരു നിമിഷം എന്റെ ഭാഷയിലെ അലങ്കാരങ്ങള്‍ നഷ്ടപ്പെട്ടതുപോലെ തോന്നി. അദ്ദേഹത്തിന്റെ മനസ്സിലെ ദുഃഖങ്ങളും വിചാരങ്ങളും എനിക്കു വശമില്ലാത്ത ഏതോ ഭാഷയിലാണ് ആലേഖനം ചെയ്തിട്ടുള്ളത്. കാലത്തിനൊപ്പം സഞ്ചരിക്കാത്ത മനുഷ്യന്റെ ധാരണകള്‍. വെറ്റില മുറുക്കിയ അദ്ദേഹത്തിന്റെ വായില്‍ നിന്നും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു നിശ്വാസം എന്റെ ഒ.പി. മുറിയെ മലിനമാക്കിയിരിക്കുന്നു.
ജാലകത്തിനപ്പുറത്തുള്ള എല്ലാ മുഖങ്ങളിലും പുഞ്ചിരിയുണ്ട്. ഒരു സാംസ്‌കാരിക ഘോഷയാത്രയ്ക്കുള്ള ആളുകളുണ്ട്. മഴ വിശ്രമിക്കുകാണ്. കാത്ത് ലാബിന്റെ ഉദ്ഘാടന കര്‍മ്മം മന്ത്രി നിര്‍വഹിച്ചുകഴിഞ്ഞു. നിലവിളി ഉയരാന്‍ തയ്യാറെടുക്കുന്ന അനേകം വീടുകളില്‍ നിന്ന് മരണം തിരിച്ചുനടന്നിരിക്കുന്നു. തികഞ്ഞ ജീവനുള്ള ചെടികളാല്‍ അലങ്കരിക്കപ്പെട്ട സ്റ്റേജില്‍ ആത്മസംയമനത്തോടെ ടീച്ചര്‍ പ്രസംഗിക്കുകയാണ്. പ്രായം നല്‍കിയ കരിമംഗലത്തിന്റെ പാടുകള്‍ക്കൊന്നും ആ തേജസ്സു മറയ്ക്കാനാവുന്നില്ല.

ജാലകത്തിനപ്പുറം അഴികളില്‍ പിടിച്ച് സോമേട്ടന്‍ ഒരല്പം ആശങ്കയോടെ ഒരാവശ്യം പറഞ്ഞു.
''നോക്ക്യേ മേഡം. മ്മളെ മന്ത്രീടെ സാരീലേക്ക് ആ പച്ചെലേന്ന് പുഴു കേറിപ്പോണ്. ഒന്ന് പോയി തട്ടിക്കളയോ? ഞങ്ങള് ചെയ്താ പ്രശ്‌നാവൂംന്ന് വച്ചിട്ടാ''.

ഞാനല്ല, മറ്റാരു വിചാരിച്ചാലും നശിപ്പിക്കാന്‍ പറ്റാത്ത ഒരുപാടു പുഴുക്കള്‍ ഈ ഭൂമുഖത്തുണ്ടെന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി തികട്ടിവന്നു. ദഹനം പൂര്‍ത്തിയാവാത്ത പ്രഭാതഭക്ഷണത്തിന്റെ അപസ്വരം പുറത്തേക്കു വിട്ടുകൊണ്ട് എന്റെ മറുപടിയ്ക്കായി കാത്തിരിക്കുന്ന ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഈ കാഴ്ചകളൊന്നും കണ്ടില്ല.

Content Highlights: Hridayasmitham, Dr.smitha Menon shares her memories about her patients, Health