ഗരത്തിന്റെ ഹൃദയഭാഗത്ത്‌ അമ്പലവും പള്ളിയും. നടുവില്‍ ആതുരാലയം. മൂന്നിടങ്ങളിലും സ്വന്തം പ്രാര്‍ത്ഥന ഫലിക്കുവാന്‍ കാത്തിരിക്കുന്നവര്‍. ഭയത്താല്‍ പരിഭ്രാന്തരായവര്‍.

ഒ.പി. ബ്ലോക്കിന്റെ ഒന്നാംനിലയില്‍ ഇരുന്ന്‌ കാലത്തെ നോക്കുമ്പോള്‍ തോന്നുന്ന ചിന്തകള്‍ കുറിച്ചിടുക ആദ്യമൊക്കെ വിനോദമായിരുന്നു. ഇപ്പോള്‍ ശീലവും.

ഓരോ ദിവസവും രാപ്പകല്‍ ഭേദമില്ലാതെ വട്ടം കറക്കിക്കൊണ്ട്‌ നടുവിലിരിക്കും ഭഗവാന്‍. ദിനചര്യകളെക്കുറിച്ച്‌ ഓര്‍ക്കുവാന്‍ തുടങ്ങുമ്പോഴേക്കും തീര്‍ന്നുപോകുന്ന പകലുകള്‍. മരുന്നു കുറിക്കുന്ന കൈകള്‍കൊണ്ട്‌ വൈദ്യാനുഭവങ്ങള്‍ എഴുതാന്‍ സാധിച്ച ത്രില്‍ ദൈവത്തിനോട്‌ എന്നപോലെ ജീവിതം പഠിപ്പിച്ച രോഗികളോടും നന്ദിപറയുന്നു.

മുന്‍പിലിരിക്കുന്ന രോഗിയുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളുടേയും പ്രതിഫലനം ആഴത്തില്‍ മനസ്സിലാക്കുവാന്‍ തുടങ്ങുമ്പോള്‍ അയാള്‍ നമ്മളില്‍ ജീവിക്കുന്നു. പരിശോധന മുറിക്കകത്ത്‌ രണ്ട്‌ വ്യക്തികള്‍ക്കിടയില്‍ രൂപാന്തരം കൊള്ളുന്ന ആത്മബന്ധമുണ്ട്‌. അതില്‍നിന്നും ലഭിക്കുന്ന ഈര്‍ജ്ജം പലപ്പോഴും മരുന്നിനെക്കാളും ഫലം ചെയ്യും. രോഗശമനം വരുമ്പോള്‍ “ഗുഡ്‌ ബൈ” പറയുന്നവര്‍, സ്നേഹബന്ധം നിലനിര്‍ത്തുന്നവര്‍, പിന്നെ കഥയില്‍ സഞ്ചരിക്കുന്നവര്‍...

എന്നത്തേയും പോലെ രോഗികളെ പരിശോധിച്ച്‌ കഴിഞ്ഞ്‌ രജിസ്റ്ററില്‍ ഒപ്പിട്ട് പ്രധാന കവാടത്തിനരികില്‍ ഓട്ടോയ്ക്ക്‌ കാത്തുനിന്നു. സ്റ്റാന്‍ഡില്‍ ഒറ്റ ഓട്ടോ പോലുമില്ല. കയ്യിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ചു. അയാള്‍ എടുക്കുന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ പ്രതികാരബുദ്ധി ഒരു നിമിഷത്തേക്കെങ്കിലും മനസ്സില്‍ തോന്നി. റോഡു വഴി ശക്തന്‍ സ്റ്റാന്‍ഡിലേക്ക്‌ നടന്നുതുടങ്ങി. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. വ്യാപാരികളില്‍ ഒരാളുടെ മരണാനന്തര അനുശോചനത്തിന്റെ ഭാഗമാണ്‌.

കുടുംബജീവിതത്തിലേയും ആശുപ്രതിയിലേയും തിരക്കുകളില്‍ നഷ്ടപ്പെടുന്ന എന്റെ കഥകള്‍; കഥയില്ലായ്മകള്‍ എല്ലാം വീണ്ടെടുക്കാനുള്ള അവസരമാണ്‌ ഈ ഏകാന്തത. മദ്യപാനികള്‍, ലഹരിവില്പനക്കാര്‍, ആര്‍ക്കുംവേണ്ടാത്ത വൃദ്ധര്‍, ഭിക്ഷാടകര്‍ അങ്ങനെ ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ട ദയനീയ മുഖമുള്ളവര്‍ ഒരുപാടുണ്ട്‌. ദ്രാഫിക്‌ നിയന്ത്രിക്കുന്ന പോലീസിന്റെ നോട്ടത്തെ ഭയക്കുന്ന അവരുടെ കണ്ണുകള്‍ എന്നെയും കണ്ടിട്ടുണ്ടാവണം.

നടത്തം സാവകാശമായിരുന്നെങ്കിലും ചിന്തകള്‍ മുഴുമിപ്പിക്കുന്നതിനു മുന്‍പ് സ്റ്റാന്‍ഡിലെത്തി. അവിടെ ആകെക്കൂടി ആഘോഷത്തിന്റെ പ്രതീതിയുണ്ട്‌. കിഴക്കുവശത്തുനിന്നാണ്‌. വാദ്യോപകരണങ്ങള്‍ക്കിടയില്‍ ഉച്ചഭാഷിണിയിലൂടെ മെലിഞ്ഞ ശരീരമുള്ള ഒരു പെണ്‍കുട്ടി പാടുന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന വയലാറിന്റെ സിനിമാഗാനം. കുഴിഞ്ഞ കണ്ണുകളുള്ള അവളുടെ ഗാനം കാതിന്‌ ഇമ്പമേകിയെങ്കിലും മനസ്സിനെ നൊമ്പര പ്പെടുത്തി. കണ്ണിമയ്ക്കാതെ അവളെതന്നെ നോക്കിനിന്നു.

“മേഡം എന്താ ഇവിടെ?” - മുന്‍പിൽ രാധാലക്ഷ്മി.
വലതുകയ്യില്‍ അമര്‍ത്തി ഒരു പിടുത്തം; അതൊരാലിംഗനമായി മാറി. ഉള്ളിന്റെയുള്ളില്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന അരക്ഷിതാവസ്ഥയെ ഒരുവള്‍ തകിടം മറിച്ചിരിക്കുന്നു. അങ്ങനെയൊരു പാരതന്ത്ര്യം ഞാനാഗ്രഹിച്ചിരുന്നു. 
“ശരിക്കും സര്‍പ്രൈസ്‌ തന്നെ” - പിടിവിടാതെ അവര്‍ കുട്ടുകാരികളോടു പറഞ്ഞു. സന്തോഷംകൊണ്ടോ സങ്കടം കൊണ്ടോ അവരുടെ തൊണ്ട ഇടറി.

രാധാലക്ഷ്മി - എന്റെ രണ്ടാമത്തെ പുസ്തകത്തിലെ ആദ്യകഥയിലെ നായിക. പല കഥകളും മനസ്സിനെ ഉലയ്ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക്‌ പൊടിപ്പും തൊങ്ങലും വെക്കാതെ അവിചാരിതമായി എഴുതിപ്പോകുന്നവയാണ്‌. പ്രജ്ഞയും പ്രതിഭയും ഭാവനയും എഴുത്തുകാരന്‍ സമ്മാനിക്കുന്ന പച്ചമനുഷ്യരുണ്ട്‌. രചനകള്‍ വാരിക്കെട്ടി പുസ്തകമാക്കിയപ്പോള്‍ നന്ദി അറിയിക്കുവാന്‍ രാധാലക്ഷ്മിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സ്ഥായിയായി ഒരു നമ്പര്‍ നിലനിര്‍ത്താറില്ലത്രേ. കാഥികന്‍ നന്ദി വാക്ക്‌ അറിയിക്കാനാവാത്ത കഥാപാത്രം.
സന്തോഷം കൊണ്ട്‌ ബോധം നഷ്ടപ്പെട്ട അവര്‍ കൂടെയുള്ളവരോട്‌ എന്തൊ ക്കെയോ പറയുന്നുണ്ട്‌. കൈയ്യിലേക്ക്‌ രണ്ട്‌ ലഡുനീട്ടി.
“ഞങ്ങളെപ്പോലുള്ളവര്‍ തരുന്നത്‌ മേഡം കഴിക്കുമോ?”

സ്നേഹം ചേര്‍ത്ത മധുരം. ആരാണ്‌ കഴിക്കാതിരിക്കുക. പരഹൃദയജ്ഞാനത്തിനു മുന്‍പില്‍ എന്റെ ആരോഗ്യബോധം തേഞ്ഞുമാഞ്ഞുപോയി.

“നല്ല മധുരം” ഒരു ലഡു കഷ്ണം നുണഞ്ഞുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

ബേക്കറിയിലെ ചില്ലലമാരയില്‍ പരിപ്പുവട, ഉഴുന്നുവട, ശര്‍ക്കര നിറച്ചത്‌, കൊഴുക്കട്ട, അട, കായബജി തുടങ്ങി പലഹാരങ്ങള്‍ പലതുണ്ട്‌. ചുറ്റുമുള്ളവരുടെ മുഖത്ത്‌ ചിരിയും. ബാല്യത്തിന്റെ ​ഗ്രാമീണ സ്മൃതികളില്‍ നിന്നും മുക്തയാവാത്ത എന്റെ ഉള്ളിലെ പഴയ കുട്ടിക്ക്‌ “അതും കൂടി കിട്ടിയിരുന്നെങ്കില്‍” എന്നു തോന്നിപ്പോയി.

കീറിത്തുന്നിയ തുണിപ്പേഴ്‌സ്‌ മടിക്കുത്തില്‍നിന്നെടുത്ത്‌ ചില്ലറയെടുത്ത്‌ എണ്ണിയ ശേഷം ക്യാഷ്‌ കാണ്ടറിലെ ചെക്കനുകൊടുത്തു.
“ദേ ചേച്ചീ.... ഏഴു രൂപയുടെ കുറവുണ്ട്‌." മുന്‍പത്തെ പറ്റിന്റെ കാര്യം ഞാന്‍ മറന്നിട്ടില്ല. ആ പണം ഞാന്‍ കൊടുക്കുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ വിലക്കി.

“അവനങ്ങനെ പലതും പറയും അവന്റെ മുതലാളി എന്റെയൊരു സ്വന്തക്കാരനാ. കൊടുക്കലും വാങ്ങലുമൊക്കെ ഞങ്ങള്‍ തമ്മിലായിക്കോള്ളാം.”

വിനീതവിധേയനായി ആ പയ്യന്‍ പിന്‍വാങ്ങി. നന്ദിസൂചകമായി ഒരു പുഞ്ചിരി സമ്മാനിച്ച്‌ ബസ്സില്‍ കയറി. സംഘഗാനത്തിന്റെ നേരെ നടന്നുനീങ്ങിയ കമലാദേവിയെ കണ്ണില്‍ നിന്നു മറയുന്നതുവരെ നോക്കിനിന്നു.

കൃത്യം രണ്ടുവര്‍ഷം മുന്‍പാണ്‌ രാധാലക്ഷ്മിയുമായി പരിചയപ്പെടുന്നത്‌. ലൈംഗികജന്യരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട്‌ എയ്ഡ്സ്‌ ദിനത്തില്‍ ഒരു അവബോധ ക്ലാസ്‌ എടുക്കണമായിരുന്നു. നഗരത്തില്‍ ലൈംഗിക തൊഴിലാളികളുടെ ആരോ​ഗ്യത്തിനുവേണ്ടി വേണ്ടി കേരള സ്റ്റേറ്റ്‌ എയ്ഡ്സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊജക്ടാണ്‌ സംഘമിത്ര. തങ്ങള്‍ക്കിടയിലുള്ളവരെ കണ്ടെത്തി ടെസ്റ്റു ചെയ്യിക്കുകയും നിരോധനമാര്‍ഗ്ഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന പിയര്‍ എജുക്കേറ്റാണ്‌ രാധാലക്ഷ്മി. അന്നുമുതല്‍ അവരെ ചേര്‍ത്തുപിടിക്കാന്‍ എന്തൊക്കെയോ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. ലക്ഷ്യബോധമില്ലാതെ ഉഴലുന്ന എന്റെ യൗവനത്തില്‍ ജീവിതത്തെക്കുറിച്ച്‌ പഠിപ്പിക്കുവാന്‍ വന്നതാവണം. ഭൂതകാലത്തിന്റെ കറുത്ത ഏടുകള്‍ എണ്ണിപ്പെറുക്കി എന്നോടൊപ്പം സമയം ചെലവഴിക്കുക പിന്നീട്‌ പതിവായിരുന്നു.

നല്ലൊരു കഥയുടെ വാചകങ്ങള്‍ക്കുള്ള അന്വേഷണത്തിനിടെ ഇടയ്ക്കൊരുനാള്‍ അവരുടെ വീട്‌ സന്ദര്‍ശിച്ചിരുന്നു. 

മുഷിഞ്ഞ വിരിപ്പില്‍ ഉമ്മറത്ത്‌ പ്ലാസ്റ്റിക്‌ കട്ടിലിലെ കിടപ്പുരോഗിയെ കാണിച്ച്‌ ഭര്‍ത്താവാണെന്നു പരിചയപ്പെടുത്തി. മാറാല കൊണ്ട്‌ അലങ്കരിച്ച ചുമരുകള്‍, പഴക്കം മണക്കുന്ന ചൂരല്‍ കസേര - എന്റെ വായനക്കാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിട്ടുണ്ടാവണം. വേശ്യയായ ഭാര്യയെ വെറുക്കാനറിയാത്ത ഭര്‍ത്താക്കന്മാരെക്കുറിച്ചോര്‍ത്തു. വിശപ്പിന്റെ വില, ചില സത്യങ്ങളെ ചേര്‍ത്തുപിടിക്കാന്‍ പ്രാപ്തരാക്കിയിട്ടുണ്ടാവണം.

അര്‍ത്ഥമില്ലാത്ത അസംബന്ധങ്ങളിലൂടെ വിസ്മയ സഞ്ചാരങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ എന്ന്‌ ഓര്‍ത്ത്‌ മനസ്സ്‌ ആകുലപ്പെട്ടു.

കുറച്ചു നാള്‍ കഴിഞ്ഞ്‌ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ദിവസം. പോലീസ്‌ പ്രതികളെ കൊണ്ടുവരും. ദേഹപരിശോധന നടത്തണം. കുഴപ്പമില്ലെന്ന്‌ സര്‍ക്കാര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയെങ്കില്‍ മാത്രമേ കോടതിയില്‍ ഹാജരാക്കാനാവു. ഞാനിവിടെയുണ്ടെന്ന്‌ വിരസ ഭാവത്തില്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്‌ അവസാനമായി പോലീസിനോടൊപ്പം രാധാലക്ഷ്മി വന്നുപോയത്‌.

എന്റെ സര്‍ഗ്ഗാത്മക ലോകത്ത്‌ ആശയ ദാരിദ്ര്യം വരുത്തുവാന്‍ സമ്മതിക്കില്ലെന്ന ദൈവനിശ്ചയം പോലെ ഒരു സൗഹൃദം. അങ്ങനെ ഇരുട്ടില്‍ മറയുകയും ഒരു ചിരികൊണ്ട്‌ വെളിച്ചം വിതയ്ക്കുകയും ചെയ്ത്‌ അറിയേണ്ടാത്ത കാര്യങ്ങളെ അറിയിക്കുമെന്ന്‌ ശഠിച്ചവര്‍.
വേനല്‍ച്ചൂടിന്റെ കാഠിന്യം ഉള്ളംകൈയ്യില്‍ വിയര്‍പ്പു പൊടിച്ചു തുടങ്ങി. മധുരവും, നെയ്യും, മൈദയും കൂട്ടിക്കുഴച്ചുണ്ടാക്കിയ ലഡു ഉപ്പുരുചിയുള്ള വിയര്‍പ്പെന്ന വിസര്‍ജ്യവുമായി മയപ്പെട്ടുകൊണ്ടിരുന്നു.

ഡ്രൈവറുടെ വശത്തിരിക്കുന്ന യാത്രക്കാരിയുടെ കൈയ്യില്‍ നിന്നും കണ്ടക്ടര്‍ പണം വാങ്ങിത്തുടങ്ങി. ഒരു ലഡു ബാഗിലെ ചോറ്റുപാത്രത്തില്‍ സൂക്ഷിച്ചു. മറ്റേതു നുണഞ്ഞുതുടങ്ങി. അതിനുള്ള പണത്തിന്റെ ഉറവിടത്തെക്കുറിച്ചോര്‍ത്തു. അവര്‍ ചെയ്ത വേലയുടെ കൂലി. തത്കാലം അങ്ങനെ ഓര്‍ത്തു സമാധാനിച്ചു.

യാന്ത്രികമായി ബാഗുതുറന്നു കണ്ടക്ടര്‍ക്ക്‌ പണം നല്‍കി.

“ഏഴു രൂപ കൂടുതലുണ്ടല്ലോ മേഡം” - പണം തിരിച്ചു നല്‍കിക്കൊണ്ടയാള്‍ പറഞ്ഞു.

ആരുടേയോ കണക്കു പസ്തകത്തില്‍ നിന്നുതിര്‍ന്നുവീണ ലോഹക്കിലുക്കം.

ഇരുപത്‌ മിനുട്ട്‌ നേരത്തെ ബസ്‌ യാത്രയിലെന്തൊക്കെയോ ആലോചിച്ചു കൂട്ടി. നിഷ്കളങ്കരായിട്ടും ജീവിതത്തിനോട്‌ സതൃസന്ധത പുലര്‍ത്താനാവാത്ത ഒരുകൂട്ടം മനുഷ്യര്‍. ഗെയ്റ്റു തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും ജനാലയുടെ അഴിയില്‍ തൂങ്ങിയാ ടുന്ന കുസൃതിക്കുടുക്ക ഉറക്കെവിളിച്ചു.

“അമ്മൂനെന്തെങ്കിലും സാധനം കൊണ്ടന്നോ അമ്മാ?”

കൈ കഴുകാതെ, ദേഹശുദ്ധി വരുത്താതെ നൂറ്റിമുപ്പതു രോഗികള്‍ക്കു മരുന്നെഴുതിയ കൈകള്‍കൊണ്ട്‌ ചോറ്റുപാത്രത്തില്‍ സൂക്ഷിച്ചിരുന്ന ലഡു എടുത്തുകൊടുത്തു. അവള്‍ നുണയുന്നതു നോക്കി. സ്നേഹമേ നിന്റെ വരിഞ്ഞുകെട്ടലില്‍ ഞാന്‍ വല്ലാതെ നിസ്സഹായയായിരിക്കുന്നു.

Content Highlights: Hridayasmitham Dr.smitha Menon shares her memories