ചിലപ്പോള്‍ മുല്ലപ്പൂ വില്‍ക്കുന്നവരോട് കുശലം ചോദിച്ച്, മറ്റു ചിലപ്പോള്‍ സപ്ന തിയറ്ററിന്റെ മുന്‍പിലുളള ബസ് സ്‌റ്റോപ്പില്‍, അല്ലെങ്കില്‍ കയ്യില്‍ കുറച്ചു ലോട്ടറി ടിക്കറ്റുമായി അവ വില്‍ക്കുന്ന ഭാവേന മറ്റു സ്ത്രീകളുമായി സല്ലപിച്ച് അമ്പലത്തിനോടടുത്ത്..... അങ്ങനെ ആ വഴി പോവുകയാണെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അവരെ കണ്ടിട്ടുണ്ടാവും....ആശുപത്രിയിലേക്ക്  കയറുന്നതിനു മുന്‍പ് ദിവസവും ഭഗവതിയെ തൊഴുക എന്നത് ശീലമാണ്. അപ്പോഴാണ് അവരെ സാധാരണയായി കാണാറ്.

കഥയിലേക്കിറങ്ങിചെല്ലുന്നതിനു മുന്‍പ് അവര്‍ ആരാണെന്നല്ലേ? ലൈംഗികത്തൊഴിലാളികളുടെ സുരക്ഷ പദ്ധതില്‍ ബോധവത്കരണ ക്ലാസിനായി ഒരു ദിവസം പോയി. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി വഴി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈംഗികാരോഗ്യപദ്ധതിയാണ് സുരക്ഷ. തെരഞ്ഞെടുത്ത ലക്ഷ്യ വിഭാഗങ്ങളിലാണ് സുരക്ഷ പദ്ധതിയുടെ എച്ച്.ഐ.വി. എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. അവിടെ വെച്ച് രാധാമണി സുപരിചിതയായി.
അതിനു ശേഷം രാവിലത്തെ എന്റെ തൊഴല്‍ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനമായി തരാന്‍ അവര്‍ മറക്കാറില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്നു നടത്തുന്ന സംഘടനയിലെ പിയര്‍ എജുക്കേറ്ററാണവര്‍.

സ്വന്തം കൂട്ടത്തില്‍ ഉളളവരെ നിഷ്പ്രയാസം കണ്ടുപിടിച്ച്  അവബോധം നല്‍കി ടെസ്റ്റുകള്‍ ചെയ്യുവാന്‍ നിയോഗിക്കപ്പെട്ടവര്‍.  മൂന്നുമാസം കൂടുമ്പോള്‍ എയ്ഡ്സ്, സിഫിലിസ് തുടങ്ങിയ രക്തപരിശോധനയും ആറുമാസത്തിലൊരിക്കല്‍ മറ്റു ആരോഗ്യപരിശോധനയും നടത്തണം.  എന്തായാലും ടെസ്റ്റ് കൃത്യമാക്കുവാനുളള അത്രയും സ്ത്രീകളെ കിട്ടുക എന്നത് അസാധ്യമാണ്.

സന്തോഷത്തോടുകൂടി ചിലപ്പോള്‍ ഒ.പി. മുറിയില്‍ കയറിയിരുന്നു സംസാരിച്ചുകൊണ്ടിരിക്കും. ഒരുപാടുകാലമായി അറിയുന്നത് പോലെയാണ്. ഞാനാണെങ്കില്‍ അകലം പാലിക്കുവാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. എന്തിനാണ് അനാവശ്യമായി ഒരാളുടെ സ്വകാര്യതയില്‍ ഒരു പരിധിക്കപ്പുറം ഇടപെടുന്നത്?

അതു മനസ്സിലായ പോലെ ഒരു ദിവസം അവര്‍ പറഞ്ഞു.
'മേഡം ഞങ്ങളെപ്പോലെ ഉളളവരുടെ പ്രശ്നങ്ങള്‍ എഴുതുന്നതൊക്കെ വായിക്കാറുണ്ട്.  കേള്‍ക്കാനുളള മനസ്സുളളതു കൊണ്ടാണല്ലോ കാര്യങ്ങള്‍ പഠിച്ച് എഴുതുന്നത്. അത് കൊണ്ട് പറഞ്ഞ പോയതാണ് ട്ടോ വോറൊന്ന്വല്ല.'

ഞാന്‍ പുഞ്ചിരിച്ചു. അല്‍പ്പം കൂടി അടുപ്പം ഭാവിച്ചു.

'ഇത് കുറച്ച് ഒ.പി. ടിക്കറ്റുകളാണ്.  പെണ്ണുങ്ങള്‍ക്കൊക്കെ വരാന്‍ പേടിയാണ്. ഞങ്ങള്‍ക്ക് വരുന്ന പോലത്തെ കുറച്ച് അസുഖങ്ങള്‍ക്ക് മരുന്ന എഴുതിത്തരുമോ. സമയമുളളതു പോലെ എഴുതിവച്ചാല്‍ മതി ഞാന്‍ പിന്നെ വന്നു മേടിച്ചോളാം ഇവിടെ തിരക്കല്ലേ?'

ഏതോ ഒരു സ്വപ്ന സഞ്ചാരത്തില്‍ കുറച്ചു നിമിഷം സ്വയം മറന്നിരുന്നുപോയി. അവര്‍ പറഞ്ഞതെന്തന്നോ എപ്പോള്‍ പോയെന്നോ ഓര്‍മ്മയില്ല. അടുത്ത രോഗി വന്ന് അസുഖവിവരം പറയുന്നതു വരെ നീണ്ടുനിന്നു എന്റെ സ്വപ്നാടനം.

നാലു ദിവസം കഴിഞ്ഞ് അവര്‍ വന്നു.  കൂടെ ഒരു സ്ത്രീയും ഉണ്ട്.  കണ്ടാലറിയാം രോഗിയാണ്.  വിജയമാല എന്നു വിളിക്കാം.  കന്നടഭാഷയില്‍ അവര്‍ ആ സ്ത്രീയോട് എക്സാമിനേഷന്‍ ടേബിളിലേക്ക് കയറിക്കിടക്കുവാന്‍ പറഞ്ഞു.  

''ഓള് വേശ്യേണ് ട്ടോ മേഡം''

''അങ്ങനെ ഒരുവാക്കില്ല ചേച്ചി" - ഞാന്‍ തിരുത്തി'

'ലൈംഗികത്തൊഴിലാളികള്‍ അഥവാ കമേര്‍ഷ്യല്‍ സെക്സ് വര്‍ക്കേഴ്സ് - ഇനി നമുക്കങ്ങനെ പറയാം.'

ഞാന്‍ തിരുത്തി. ചിലരുടെ വാക്കുകള്‍ മറ്റുളളവരുടെ മനസ്സില്‍ ആഴത്തിലുള്ള അടയാളപ്പെട്ടുത്തലുകള്‍ സമ്മാനിക്കും വെറുതെ എന്തിന് മറ്റൊരാളുടെ മനസ്സു വേദനിപ്പിക്കണം?  

പാവങ്ങളാണ്. നിത്യവൃത്തിക്കോ അല്ലെങ്കില്‍ ചൂഷണമോ അങ്ങനെ കാരണങ്ങള്‍ പലതും ആവാം. അനാവശ്യമായി ഉണക്കമാവാറായ മുറിവുകള്‍ക്കുമേല്‍ വന്നിരിക്കുന്ന പൊറ്റ മാന്തിപ്പൊളിക്കുന്നത്.

അവരെ പരിശോധിച്ചു കൊണ്ടൊരിക്കുമ്പോള്‍ ഓര്‍ത്തു. ഒരിക്കല്‍ മാദകത്വം വാരിവിതറിയ ഉടലാണ്. അന്ന് വികാരമൂറിയ കണ്ണുകളില്‍ നിന്നും ഇന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു.  ഉളളിലെ പിടച്ചിലുകള്‍ സ്റ്റെതെസ്‌കോപ്പില്ലാതെ തന്നെ ഞാന്‍ കേട്ടു.
                         
അഴുകിയ മണം. വ്രണത്തില്‍ നിന്നാണ്.  അഴുക്കുചാലുകളില്‍ ഉഴലുന്ന പുഴുക്കളേക്കാള്‍ ക്രൂരമായിരുന്നു അതിലോരോ പുഴുവിന്റെയും ശരീരഭാഷ. വൈദ്യശാസ്ത്രമനുതരിച്ച് അവയെ മാഗോട്ട്സ് എന്നു വിശേഷിപ്പിക്കാം.
   
മുറിവില്‍ അല്‍പ്പം ടര്‍പ്പന്റൈന്‍ ഓയില്‍ ഒഴിച്ചു. അവ ഞെരിപിരികൊള്ളുവാന്‍ തുടങ്ങി. പുകച്ചുപുറത്തു ചാടിക്കണമല്ലോ! ഫോര്‍സെപ്സുകൊണ്ട് ഓരോ പുഴുക്കളേയും പുറത്തെടുത്തു.  അതിലോരോന്നിനും ആ ശരീരത്തിന്റെ ലഹരി തലയ്ക്കുപിടിച്ചവരുടെ മുഖച്ഛായ ഉണ്ടായിരുന്നു. ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ചു വൃത്തിയാക്കി.   മരുന്നുവെച്ചുകെട്ടി. കഴിഞ്ഞപ്പോള്‍ പ്രതികാരം ചെയ്ത പ്രതീതി. ചൂഷണം ചെയ്യപ്പെട്ട ഒരു സ്ത്രീ തന്റെ വിജയം ആഘോഷിച്ച പോലെ...

'ഇനിയും ഈച്ച വന്നരിക്കാതെ നോക്കണം. ഒന്നരാടന്‍ ദിവസങ്ങളില്‍ മുറിവ് ഡ്രസ്സുചെയ്യണം. അടുത്തുളള ആശുപത്രിയിലായോലും മതി.  മരുന്നുകള്‍ കഴിക്കണം.'- നിര്‍ദ്ദേശം നല്‍കി.  

അന്ന് തന്ന ഒ.പി. ടിക്കറ്റുകളില്‍ അവര്‍ പറഞ്ഞതുപോലെ മരുന്നുകള്‍ എഴുതിവച്ചിരുന്നു. അത് തിരിച്ചുകൊടുത്തു. എല്ലാം അനിത, സുനിത, വിനിത അങ്ങനെ തുടങ്ങുന്ന പേരുകള്‍. എല്ലാം വ്യാജമാണെന്നുറപ്പാണ്. പ്രൊജക്ടില്‍ ആളുകളുടെ എണ്ണം തെളിയിക്കുവാന്‍ കൊണ്ടുവന്നതാവും. ആദ്യമേ നിഷേധിക്കേണ്ടതായിരുന്നു.  എന്തായാലും സാരമില്ല. അവര്‍ക്ക് മറ്റു പിയര്‍ എജുക്കേറ്ററുമാരുടെ കയ്യില്‍ നിന്ന് ചായക്കാശ് കിട്ടുകയാണെങ്കില്‍ ആവട്ടെ.

ഒ.പി. കഴിഞ്ഞ് മേശവൃത്തിയാക്കിയപ്പോള്‍ കിട്ടി, ഒരഞ്ഞൂറു രൂപ നോട്ട്. അതവര്‍ വെച്ചതാണ്. ആരും കണ്ടില്ലെന്നു ഉറപ്പ് വരുത്തി. ഞാന്‍ അതെടുത്തു.  എലൈറ്റില്‍ പോകണം. ലാക്മെയുടെ മാറ്റ് ഫിനിഷ് ലിപ്സ്റ്റിക്ക് അന്നു കണ്ടുവച്ചതാണ്. കാശ് എടുക്കാത്തതിനാല്‍ അന്നുവാങ്ങാന്‍ പറ്റിയില്ല.

'അത് അന്നൊരൊറ്റ സ്റ്റോക്ക് മാത്രമേ  വന്നിട്ടുളളൂ ഡോക്ടര്‍. ഇനി വരില്ല.'

കടുത്ത നിരാശതോന്നി. ആ അഞ്ഞൂറുരൂപ നോട്ട് എന്റെ പേഴിസിലിരുന്ന് എന്നോടുതന്നെ പല്ലിളിച്ചുകാണിക്കുന്നതായി തോന്നി.  വേണ്ടായിരുന്നു. സമൂഹത്തിന്റെ വൃത്തികെട്ട ചൂഷണത്തിനടിമപ്പെടുന്നതുകൊണ്ടാവം അവര്‍ മറ്റൂളളവരേയും ഇങ്ങനെ ചൂഷണം ചെയ്യുന്നത്. ഞാനും അതിലൊരാളായി, അത്ര തന്നെ.

ഒരാഴ്ച കഴിഞ്ഞെങ്കിലും ഞാന്‍ ഇതേപ്പറ്റി വീണ്ടും വീണ്ടും ചിന്തിച്ചുകൊണ്ടേയിരുന്നു. ആ നോട്ട് ഒരു ഭാരമായി എനിക്ക്.  ചിലവാവുന്നുമില്ല, ചിലവാക്കാനൊട്ട് തോന്നുന്നുമില്ല. പിടിക്കപ്പെടാന്‍ സാധ്യത ഇല്ലാത്ത കള്ളത്തരമായതിനാല്‍ ഭര്‍ത്താവിനോട് പറഞ്ഞതുമില്ല.

വീട്ടുകാര്യങ്ങളിലേക്ക് കടന്നു. ഭര്‍ത്താവിന് ഒരു ദീര്‍ഘയാത്രയ്ക്ക് പോകേണ്ടതായി ഉണ്ട്. പെട്ടിയില്‍ എല്ലാം അടുക്കി വയ്ക്കണം. അപ്പോഴാണ് ഫോണടി.

'മേഡത്തിനെ ഓള്ക്കൊന്നു കാണണം.  സംസാരിക്കാനുണ്ടത്രേ- നാളെ ഒ.പി.ഉണ്ടോ? '

'നാളെക്ക് ഒ.പി. ടിക്കറ്റ് എടുക്കൂ.  സമാധാനമായി ഇരിക്കൂ, ഞാനുണ്ട്.'

ഫോണ്‍ വെച്ച് ഞാനെന്റെ ജീവിതത്തിരക്കുകളിലേക്ക് കടന്നു. അവരുടെ മനസ്സിനെ അലട്ടുന്ന ഒരുപാടു പ്രശ്‌നങ്ങളുണ്ടായിരുന്നിരിക്കണം. നാളെ ഒരു നല്ല കേള്‍വിക്കാരി ആവണം. ഒരാള്‍ക്കെങ്കിലും സമാധാനം കൊടുക്കാന്‍ പറ്റിയാല്‍ അത്രയും നന്നായി.

പറഞ്ഞതുപോലെ കൃത്യസമയത്ത് എത്തി. കൂടെ എന്റെ രോഗി ഇല്ല.  ഞാനൊട്ട് ചോദിച്ചതുമില്ല. ഒരിക്കല്‍ വിഡ്ഢിയാക്കപ്പെട്ട എന്നെ ഇനി പറ്റിക്കാന്‍ നോക്കണ്ട എന്നായിരുന്നു മനസ്സില്‍. കൈയ്യില്‍ നിന്ന് ഒരു നോട്ടീസ് എടുത്തു.

'ഓണം വരല്ലെ മേഡം.  അവിടെ ഓഫീസില്‍ ആഘോഷമുണ്ട്.  കുറച്ച് പാവപ്പെട്ട പെണ്ണുങ്ങള്‍ക്ക് കിറ്റ് വിതരണവും മേഡത്തിന്റെ കൈയ്യോണ്ട തുടങ്ങട്ടെ.  നല്ല ഐശ്വര്യം ഉളള കൈയാണ് അഞ്ഞൂറില്‍ കൊറയല്ലേട്ടോ.  എന്നാലെ ഇനിയുളളവര്‍ അതിലും കൂടുതല്‍ തരൂ.'

എന്റെ പേഴ്സ് പൊട്ടിച്ചു കുതറിയോടാന്‍ വെമ്പുന്ന ആ അഞ്ഞൂറ് രൂപ നോട്ടിനെ എത്രയും പെട്ടെന്ന് അവര്‍ക്ക് കൊടുത്തു. ഓണം പൊടി പൊടിക്കട്ടെ. ഇതിലും കൂടുതല്‍ തുക കിട്ടട്ടെ.

Content Highlights: Hridayasmitham- Dr.smitha Menon shares her hospital memories