മയം രാവിലെ 6.30. ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി. യാത്രക്കാര്‍ ഇറങ്ങാനുള്ള തന്ത്രപ്പാടിലാണ്. ബാഗുകള്‍ സീറ്റിനടിയില്‍ നിന്നും വലിക്കുന്നു ചിലര്‍. പ്രായമായവര്‍, ഞൊണ്ടിയും തടഞ്ഞും നടക്കുന്നവര്‍, ധ്യതി പിടിച്ചു ഓടുന്നവര്‍, കുഞ്ഞുങ്ങളുള്ളവര്‍ അങ്ങനെ പലതരം തന്ത്രപ്പാടുകള്‍. സ്റ്റേഷനില്‍ നല്ല തിരക്ക്. നല്ല ക്ഷീണം. ഒരു ഗ്ലാസ് ചൂടുചായ കിട്ടിയാല്‍ ഉണര്‍വായി. റെയില്‍വേ സ്റ്റേഷനില്‍നിന്ന് സാധാരണ ഒന്നും കഴിക്കാറില്ല. ഭക്ഷണം കഴിക്കുമ്പോള്‍ സാധാരണ ആസ്വദിച്ച് കഴിച്ചാണ് പതിവ്. അത് വിളമ്പിത്തരുന്നവരുടെ സ്‌നേഹഭാവം കൂടിയുണ്ടെങ്കില്‍ പിന്നെ ഹെല്‍ത്തി ഡയറ്റ് പ്ലാന്‍ ഒക്കെ പാടെ മറന്നു. കൂടെയിരുന്നു കഴിക്കുന്നയാളോടൊരു കൊച്ചുവര്‍ത്തമാനം കൂടിയാണെങ്കില്‍ എത്ര ഭക്ഷണം വേണമെങ്കിലും ചെല്ലും. അങ്ങനെ ആസ്വദിച്ച് കഴിക്കണം. ആശുപത്രിത്തിരക്കുകളില്‍ നിന്ന് രണ്ടു ദിവസം മാറിനില്‍ക്കുകയാണ്. പ്രിയയുടെ ഫോണ്‍ വരുന്നുണ്ട്. അവള്‍ എത്തിയിട്ടുണ്ടാവും. ഓട്ടോക്കാരില്‍ നിന്ന് അല്ലം മാറി റോഡ് മുറിച്ച് കടന്നു നില്‍ക്കണം.

ഔദ്യോഗിക കാര്യങ്ങള്‍ക്കായാലും അല്ലെങ്കിലും തിരുവനന്തപുരം വരുമ്പോള്‍ പ്രിയയെ കാണാതെ പോവാറില്ല. സ്റ്റാച്യു ജംക്ഷനിലെ ആര്യഭവനില്‍ നിന്നാണ് ഞങ്ങളുടെ സ്ഥിരം ഭക്ഷണം. വീട്ടിലെ ഭക്ഷണത്തിന്റെ രുചിയും ഗൃഹാതുരത്വവും പിന്നെ ഞങ്ങളുടെ കൊച്ചുവാര്‍ത്തമാനവും. പ്രിയയോട് അങ്ങോട്ട് കാര്യങ്ങള്‍ പറയേണ്ട കാര്യം ഇല്ല. നേരില്‍ കണ്ടാല്‍ സംസാരിച്ചു കൊണ്ടേയിരിക്കും. അവള്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കും. എന്റെ ഞെട്ടലുകളും അന്ധാളിപ്പും ഒക്കെ കാണുമ്പോള്‍ ചിരിയോടു ചിരിയാണ്. വാത്സല്യത്തോടെയല്ലാതെ അവളെ നോക്കാന്‍ കഴിയുന്നില്ല. ആശങ്കയോടെയല്ലാതെ അവളുടെ ജീവിതത്തെ കാണാനുമായിട്ടില്ല. ഓരോ കൂടിക്കാഴ്ചയിലും ആ ജീവിതത്തിനു കൂടെ നില്‍ക്കുന്നു എന്ന് ആശ്വസിപ്പിച്ചിട്ടാണ് പോരുക.

അഞ്ചുവര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി കാണുമ്പോള്‍ മുതല്‍ ഇപ്പോള്‍ വരെ ഒറ്റക്കായിരുന്നു. ഒരു തിങ്കളാഴ്ച എട്ടേ മുപ്പതിന്, എ.ആര്‍.ടി. (ആന്റി റിട്രോവൈറല്‍ തെറാപ്പി ക്ലിനിക്കിന്റെ വരാന്തയില്‍ വെച്ച്, നഴ്സിന്റെ കൂടെ. വാര്‍ഡില്‍ അഡ്മിറ്റാണ്. ഏഴേ മുക്കാലിന് ടോക്കണ്‍ കൊടുത്തു തുടങ്ങും. മൂന്നാമത്തെ നമ്പര്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ആ രോഗിയെ തള്ളിമാറ്റി അകത്തേക്ക് കടന്നു വന്നു.  രോഗികള്‍ക്ക് വേണ്ടി തലേന്നാള്‍ വാങ്ങിയ ആ പുതിയ സ്റ്റൂളില്‍ അവള്‍ ഇരുന്നു.

'മാഡം.... വാര്‍ഡ് പത്തിലെ പേഷ്യന്റ് ആണ്. ഇടക്കിടക്ക് ചുമയും പനിയുമായി അഡ്മിറ്റ് ആയതാണ്. എലൈസ പോസിറിവ് ആണ്. കണ്‍സള്‍ട്ടേഷന്‍ ഇന്നലെ പറഞ്ഞതാണ് മാഡം. ഇവര്‍ക്ക് ബൈസ്റ്റാന്‍ഡര്‍ ഇല്ല.'
'ശരി. ഞാന്‍ നോക്കിക്കൊള്ളാം. സിസ്റ്റര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇവരെ കൊണ്ടുപോവാന്‍ വന്നാല്‍ മതിയാവും'.

ഒട്ടും പരിചയമില്ലാത്ത മുഖം. നല്ല ശ്രീത്വമുള്ള കണ്ണുകള്‍. ഒരു ഔട്ട് സൈഡ് കേരള ലുക്കും അങ്ങനത്തെ ഒരു ഭാഷയും. ഒട്ടും പരിചിതമല്ലാത്ത മുഖം. ഫയലില്‍ അഡ്രസ്സ് ഹൈദരാബാദിലെയും. പുതിയ രജിസ്ട്രേഷന്‍ ആണ്. ടെസ്റ്റ് ചെയ്തിട്ടുണ്ട്. മരുന്നുകള്‍ തുടങ്ങുന്നതിനു മുന്‍പ് കൗണ്‍സലിങ് നടത്തണം. മുതിര്‍ന്നവരാവുമ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാണ്. രഹസ്യവും പരസ്യവും തമ്മിലുള്ള വ്യത്യാസം അറിയാം. ഭീകരത കല്‍പ്പിച്ച് വിവേചനത്തിനടിമപ്പെടുത്തി വച്ചിരിക്കുകയാണിവരെ. ഈ മേഖലയില്‍ എത്ര വര്‍ഷം പ്രവര്‍ത്തിച്ചാലും ആശ്വസിക്കാവുന്ന ഒരു സന്ദര്‍ഭവും എന്റെ മനസ്സില്‍ ഉണ്ടായിട്ടില്ല. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള എത്ര ബില്ലുകള്‍ പാസാക്കിയാലും വിവേചനമെന്നത് അവസാനിക്കുന്നില്ല. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമ്പത്തിക സഹായം നല്‍കിയ രണ്ടു കുട്ടികള്‍ വലിയ ഉദാഹരണങ്ങളാണ്. അവരെ സമൂഹം ഒറ്റപ്പെടുത്തുകയും ജീവിക്കുവാന്‍ നിവൃത്തിയില്ലാതെ അമ്മയും രണ്ടു മക്കളും നാടുവിടുകയും ചെയ്തിരുന്നു. അവരെ സ്‌കൂളിലോ അംഗനവാടിയിലോ കയറ്റുവാന്‍ സമൂഹം തയ്യാറായിരുന്നില്ല. ഇവര്‍ക്കുവേണ്ടി എന്തൊക്ക ചെയ്താലും എത്ര ബില്ലുകള്‍ പാസാക്കിയാലും വിവേചനം ഒട്ടും കുറയുന്നില്ലല്ലോ. വിവേചനത്തില്‍ വിദ്യാഭ്യാസം, തൊഴില്‍, പൊതുജനസേവനങ്ങള്‍, സ്വത്തവകാശം, പൊതുപ്രവര്‍ത്തകര്‍ക്കുള്ള അധികാര സ്ഥാനങ്ങള്‍ എന്നിവയെല്ലാം പെടും. പലപ്പോഴും രോഗിയുടെ പ്രതിരോധശേഷി നശിക്കുമെന്നു പറഞ്ഞ് ഇന്‍ഷുറന്‍സ് പരിരക്ഷ പോലും നിഷേധിക്കുന്നു. രോഗസ്ഥിതി പുറത്തു പറയാത്തത് സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുമെന്ന ഭയം കൊണ്ട് തന്നെയാണ്.

ഒരു എ.ആര്‍.ടി. മെഡിക്കല്‍ ഓഫീസര്‍ ആയി സേവനമനുഷ്ടിക്കേണ്ടി വന്നപ്പോഴാണ് പല ജീവിതങ്ങളും പാഠപുസ്തകങ്ങളായത്.. ചില രംഗങ്ങള്‍ അവസാനിച്ചു തിരശീല വീണുകഴിഞ്ഞാലും മനസ്സില്‍ മായാതെ അങ്ങനെ കിടക്കും. മറ്റു ഒപികള്‍ പോലെയല്ല എ.ആര്‍.ടി. ഒ.പികള്‍. ഓരോ രോഗിക്കും പറയാനുണ്ടാവും ഒരു കഥ.

അന്നും മറ്റേതൊരു ദിവസത്തെയും പോലെത്തന്നെ. രാവിലെ മുതല്‍ ഒ.പി. രോഗികള്‍ക്ക് മരുന്ന് കുറിച്ച് നല്‍കുന്നതോടൊപ്പം അവരുടെ മാനസികമായും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും മറുപടി നല്‍കുകയും ചെയ്യുക. ചിലരുടെ പ്രശ്‌നങ്ങള്‍ കേള്‍വിക്കാരിലൊരാളായി ഇരുന്നാല്‍ മതി. എന്നാല്‍ മറ്റു ചിലര്‍ക്ക് അവനവന്റെ തെറ്റുകളുടെ ഏറ്റുപറച്ചില്‍, ചിലര്‍ക്ക് ജീവിതം ഇനിയെന്തിന്? ചിലര്‍ക്ക് ആര്‍ക്കും അറിയാതിരുന്നാല്‍പ്പോരേ? എന്നാല്‍ പ്രായോഗികമായി നേരിടാന്‍ മറ്റുചിലര്‍, പെണ്‍ അതിജീവനങ്ങളുടെ കഥ, അങ്ങനെ തിരക്കഥകള്‍ കേട്ടുകേട്ട് ചിലപ്പോള്‍ എന്റെതന്നെ യുക്തിബോധത്തിനും ഒരുപാട് ഒരുപാട് ഉയരത്തില്‍ കടന്നുചെന്നു മനസ്സിന്റെ ഉള്‍ത്തട്ടില്‍ നൊമ്പരം ഉണ്ടാക്കാറുണ്ട്. ചിലര്‍ പറയുന്നതില്‍ 100 ശതമാനം സത്യം ചിലതില്‍ അതിലും കുറവ്. അവിടെ വിശകലനം ഇല്ല. ശരിതെറ്റുകള്‍ ഉറക്കെപ്പറയാനുള്ള സ്വാതന്ത്ര്യമുള്ളിടം, കെട്ടുവള്ളികള്‍ വരിഞ്ഞു മുറുക്കിയത് ചിലമനസ്സുകളുടെ നിശബ്ദ തേങ്ങലുകളായി, മറ്റുചിലര്‍ക്ക് കൂടുതല്‍ കരുത്താര്‍ന്നു പറക്കുവാനുള്ള ഈര്‍ജ്ജം അങ്ങനെ ഓരോ ജീവിതത്തില്‍ ഓരോ തരത്തിലുള്ള മാറ്റങ്ങള്‍. പറയുന്നത് കേള്‍ക്കുക, പോസിറ്റീവ് ആയിട്ടുള്ള മറുപടി കൊടുക്കുക, മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് എച്ച്.ഐ.വി. നിയന്ത്രണം, അണുബാധിതര്‍ക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവര്‍ക്കും പ്രാപ്യമാക്കുക.

വൈകാരികതയുടെ അമിതപ്രാധാന്യം തന്നെയാണ് മറ്റു ക്ലിനിക്കുകളില്‍ നിന്നും എ.ആര്‍.ടി. ക്ലിനിക്കിനെ വ്യത്യസ്തമാക്കുന്നത്. സമകാലീന രാഷ്ട്രീയ സാമൂഹിക ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കഥകള്‍. അകലെ മാറ്റിനിര്‍ത്തപ്പെട്ട ഒരു ചെറിയകൂട്ടം മനുഷ്യര്‍. അപ്രതീക്ഷിത രംഗങ്ങള്‍ ജീവിതത്തില്‍ വന്നവര്‍. എല്ലാ മാസവും മരുന്ന് വാങ്ങാന്‍ വരുന്നവരായതിനാല്‍ എല്ലാവരോടും ഒരു കുടുംബാംഗത്തെപ്പോലെയുള്ള അടുപ്പം സൂക്ഷിക്കാറുണ്ട്. ഡോക്ടര്‍-രോഗി ബന്ധത്തെക്കാളുപരി സ്‌നേഹത്തിന്റെ ഏറ്റുപറച്ചില്‍, ദുഃഖങ്ങള്‍, സന്തോഷങ്ങള്‍ എല്ലാം പങ്കു വയ്ക്കുന്നവര്‍...സങ്കടം കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ ചാരിയിരിക്കാന്‍ ഒരു തോളുണ്ടെന്ന വിശ്വാസം അതുമതി... അവരില്‍ പലരും ഡോക്ടറുടെ കാര്യങ്ങളും ചോദിക്കാന്‍ മറക്കാറില്ല.

എയ്ഡ്സ് രോഗചികിത്സയില്‍ രോഗം ഉറപ്പിക്കുന്നത് മുതല്‍ അതിന്റെ മരുന്ന് ശരീരത്തില്‍ പിടിക്കല്‍ വരെ കാര്യങ്ങള്‍ നിഗൂഡമാണ്. ലൈംഗികജന്യ രോഗമായത് കൊണ്ടാവണം. ഇത്രയേറെ സങ്കീര്‍ണ്ണത. അവിടെ ഡോക്ടര്‍ ആയി നിയമനം കിട്ടുമ്പോള്‍ ആദ്യം തന്നെ മനസ്സിനെ തിട്ടപ്പെടുത്തിയിരുന്നു. ലൈംഗികതയെന്നതൊരു തെറ്റല്ല. തികച്ചും മാനുഷികമായ ശരീരത്തിന്റെ ഒരു ചോദന. ഇവിടെ ഫയലിലെ ഒരു കോളം മാര്‍ക്കുചെയ്യുവാന്‍ വേണ്ടി മാത്രം ഉള്ളതാണ്. ആരുടെ ജീവചരിത്രത്തിന്റെ അധ്യായം വായിച്ചാലും അവയെല്ലാം വെളുത്ത കടലാസ്സില്‍ കണ്ട കറുത്ത അക്ഷരങ്ങള്‍ എന്നതല്ലാതെ അതില്‍ കൂടുതല്‍ ആലോചിക്കരുത് എന്ന് മനസ്സ് മുന്നറിയിപ്പ് നല്‍കുന്നു.

പുതിയ സുഹൃത്തിനോട് പേര് ചോദിച്ചില്ല, ഫയലില്‍ നോക്കിയുമില്ല. പലപ്പോഴും ശരിയായ പേരുവച്ചല്ല രജിസ്റ്റര്‍ ചെയ്യാറ്. പേരെന്തായാലെന്ത്?. പലരിലൊരാള്‍. വെളുത്ത കുമ്മായമടിച്ച തെക്കേ ഭിത്തിയിലെ ജനാലയിലൂടെ കാറ്റ് അവളുടെ മുടിയിഴകളെ തലോടിക്കൊണ്ടേയിരുന്നു.
'മാഡം ഐ ആം എലൈസ പോസിറ്റീവ്.'
ഒരു ക്ഷീണിച്ച പുഞ്ചിരിയോടെ മൊഴിഞ്ഞു.
'പ്ലീസ് മേക്ക് മി അറേഞ്ച് മെന്റ്‌സ് ഫോര്‍ മെഡിസിന്‍ ഫോര്‍ ദാറ്റ്.'
പനിക്കും ജലദോഷത്തിനും കൊടുക്കുന്ന മരുന്നുകള്‍ പോലെ അല്ല എ.ആര്‍.ടി. മരുന്നുകള്‍. സര്‍ക്കാര്‍ തലത്തില്‍ ഒരു മാസമോ അല്ലെങ്കില്‍ ചിലപ്പോള്‍ രണ്ടുമാസത്തിലോ കൂടുതല്‍ കൊടുക്കില്ല. കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയെ കൊടുക്കൂ എല്ലാ മാസവും ഡോക്ടറെ കണ്ടു ശരിയായ ശരീരപരിശോധന ആവശ്യമാണ്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ക്കനുസരിച്ച് ചിലപ്പോള്‍ ഡോസ് മാറ്റുക, അല്ലെങ്കില്‍ ഒരു വിഭാഗം മരുന്നില്‍ നിന്ന് മറ്റേ വിഭാഗത്തിലേക്കാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആവശ്യമാണ്. ഇങ്ങനെ കൃത്യമായ തിയ്യതിയില്‍ വരാത്തവരെ ലോസ്റ്റ് ഫോള്ളോ അപ്പ് എന്ന് പറയും. അങ്ങനത്തെ ലിസ്റ്റില്‍ ഉള്ളവരുടെ പേര് മനസ്സില്‍ ഉണ്ടാവും.
'കാര്യങ്ങള്‍ വിശദമായി പറഞ്ഞ് തരാം.''
ചെറുതായൊന്നു വിക്കി. ചില പെണ്‍കുട്ടികളുടെ മുഖത്തെ അമിത ആത്മവിശ്വാസവും ധൈര്യവും ചിലപ്പോള്‍ എന്നെ ഒന്നു പകപ്പിക്കാറുണ്ട്. നുണക്കുഴികള്‍ വിടര്‍ത്തി പുഞ്ചിരിയോടെ ആണ് ഇരുപ്പ്, സാധാരണ വരുന്ന പുതിയ രജിസ്‌ട്രേഷനുകളുടെ മുഖത്ത് കാണിക്കുന്ന പകപ്പ്, ഭയം എന്നിവയൊന്നും കണ്ടില്ല. ഏത്രയോ കാലം മുന്‍പ് തന്നെ ഇവിടെ ഉണ്ടായിരുന്നു എന്ന ഓര്‍മപ്പെടുത്തല്‍ പോലെ.
ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന ഗാന്ധിജിയുടെ ചിത്രം അപ്പോഴും അവളെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
'ആര്‍ യു കംഫര്‍ട്ടബിള്‍?'
'യസ് മാം. ഐ ആം'.

ശരീരപരിശോധനകള്‍ നടത്തി. ലോകത്തെ ഒളിഞ്ഞു നോക്കുന്ന കണ്ണുകള്‍ക്ക് തളര്‍ച്ച ഉണ്ട് വിളര്‍ച്ചയാണത്. ആരോഗ്യമാനദണ്ഡങ്ങളിലെ അളവുകോലുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ലക്ഷണങ്ങള്‍ പ്രകടമാണ്. വിട്ടുമാറാത്ത ചുമയും ക്ഷീണവും തളര്‍ച്ചയും ഉണ്ട്. നെഞ്ച് മിടിക്കുന്നത് സ്പീഡിലും. നീണ്ടുനില്‍ക്കുന്ന വിളര്‍ച്ച കാരണം ഹൃദയമിടിപ്പ് കൂടിയതാവണം. കഫപരിശോധനയില്‍ ക്ഷയരോഗമുണ്ടെന്ന് ഉറപ്പിച്ച് കഴിഞ്ഞു. ക്ഷയരോഗത്തിനുള്ള മരുന്ന് ആണ് ആദ്യം തുടങ്ങിയത്. മൂന്നാഴ്ച കഴിഞ്ഞു എ.ആര്‍.ടി. മരുന്നുകളും തുടങ്ങി. ഇന്നുവരെ ഒരു മാസം പോലും മുടക്കിയിട്ടില്ല. ഓരോ വരവിലും കൂടുതല്‍ അടുത്തടുത്തു പോകുന്ന പോലെ.

എണ്‍പതുകളിലും തൊണ്ണൂറുകളിലും എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ച് സാധാരണക്കാര്‍ക്ക് പറഞ്ഞു കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം എന്നാല്‍ കാലവും മനുഷ്യനും മാറിയപ്പോള്‍ ശാസ്ത്രത്തിന്റെ ഇടപെടലുകള്‍ ഈ ലോകത്ത് നിന്നും ഇത് ഉന്മൂലനം ചെയ്യുക എന്നത് ഒരു വലിയ ലക്ഷ്യമായി മാറി. ഇപ്പോള്‍ പ്രിയ തന്റെ പേര് വെളിപ്പെടുത്തിയ ആന്റി എച്ച്.ഐ. വി. ആക്ടിവിസ്റ്റാണ്. അവളുടെ ജീവിതം ഈ രോഗം വന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പ്രചോദനം ആണ്. സ്ത്രീ ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍, മയക്കുമരുന്ന് കുത്തിവെപ്പ് എടുക്കുന്നവര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരെയാണ് ആദ്യം ലക്ഷ്യം വച്ചത്. അസുഖത്തെ കുറിച്ചുള്ള കൃത്യമായ അറിവില്ലാത്തതും, ആരോഗ്യ സേവനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതിലെ പരിമിതികളും, ലൈംഗികസുരക്ഷയെ കുറിച്ചുള്ള അറിവില്ലായ്മയും, ഇവര്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളും ഒക്കെയാകാം ഇവരില്‍ അണുബാധയ്ക്കു കാരണം.

ഇത് കൂടാതെ അണുബാധ പൊതുസമൂഹത്തില്‍ എത്തിക്കുന്ന ചില ബ്രിഡ്ജ് വിഭാഗങ്ങള് ഉണ്ട്. ട്രക്ക് ഡ്രൈവര്‍മാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. നിലവില്‍ ഇത്തരം ഹൈറിസ്‌ക് വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഇവരുടെ പങ്ക് ചെറുതല്ല.

ഓണ്‍ലൈനില്‍ ഇണകളെ തേടുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. സാങ്കേതിക സേവനങ്ങളും കണ്ടെത്തലുകളും വളരുന്നതിനനുസരിച്ച് ഓണ്‍ലൈന്‍ ഡേറ്റിംഗ് ബന്ധങ്ങളും വര്‍ധിച്ചിരിക്കുന്നത്. ഇത് അശ്ലീല ഉള്ളടക്കങ്ങളുടെ വില്‍പ്പനയേക്കാള്‍ ഏറെ മുന്നിലാണ്. അമേരിക്കയിലെ 40 ദശലക്ഷം പേര് ഓണ്‍ലൈനില്‍ ഡേറ്റിംഗ് ചെയ്യുന്നവരാണ്. ഡേറ്റിംഗ് സേവനത്തിനായി ഇവിടത്തുക്കാര്‍ വര്‍ഷവും ശരാശരി 239 ഡോളര് ചെലവഴിക്കുന്നു. ഇത്തവണത്തെ പ്രിയയുടെ ഇടപെടലുകള്‍ ഡേറ്റിംഗ് ആപ്പുകളെ കേന്ദ്രീകരിച്ചു ആണ്. സ്വന്തം പേര് വെളിപ്പെടുത്തിത്തന്നെ. പലരും ടെസ്റ്റു ചെയ്യുവാന്‍ ആദ്യത്തെയും രണ്ടാമത്തെയും പ്രാവശ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു കൊടുത്തപ്പോള്‍ മനസ്സിലാക്കി ടെസ്റ്റു ചെയ്യാന്‍ സമ്മതിക്കുകയാണ് ഉണ്ടായത്. ഓരോ സംസ്ഥാനത്തും സ്ഥാപിച്ചിട്ടുള്ള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഒറ്റപ്പെടുത്തിയാലും കുറ്റപ്പെടുത്തിയാലും തകരാത്ത ആത്മവിശ്വാസം. ആദ്യമായാണ് എ.ആര്‍.ടി. ജീവിതത്തില്‍ ഇങ്ങനെ ഒരാള്‍, ഇങ്ങനെ ഒരധ്യായം. തനിക്ക് രോഗം വന്നതില്‍ പഴിക്കാതെ ആരോടും പകയില്ലാതെ. രോഗബാധിതരായി അച്ഛനും അമ്മയും മരിച്ചതിനു ശേഷം സ്വയം ടെസ്റ്റു ചെയ്യാന്‍ വരികയായിരുന്നു. വിദ്യാഭ്യാസം കൊണ്ട് നേടിയ ആത്മവിശ്വാസവും ശാസ്ത്രത്തിലുള്ള വിശ്വാസവുമാണ് ആ പെണ്‍കുട്ടിയെ സ്വന്തം ചികിത്സയോടൊപ്പം തന്നെ അവബോധം സൃഷ്ടിക്കുവാന്‍ ഉള്ള സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ ഉള്ള ആത്മവിശ്വാസം നല്‍കിയത്.

എയ്ഡ്സ് എന്നത് മറ്റേത് രോഗത്തെപ്പോലെയും മരുന്ന് കഴിക്കേണ്ട ആവശ്യമുള്ള രോഗമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍കൊണ്ട് പകര്‍ച്ച തടയാവുന്നതാണ്. എവിടുന്നു കിട്ടിയെന്നാലോചിച്ച് ആരെയും പഴിക്കാതെ തന്നെക്കൊണ്ട് ആവുന്നത് ചെയ്തു അതില്‍ ആത്മനിര്‍വൃതി കണ്ടെത്തിയ ഒരു പെണ്‍കുട്ടി. ഇങ്ങനെയൊരു ജീവിതകഥ ഓരോരുത്തര്‍ക്കും പാഠമാവേണ്ടത് തന്നെയാണ്. ഡോക്ടര്‍ ജീവിതത്തിലെ അനുഭാവക്കാഴ്ചകളിലൊന്ന്.........

സ്റ്റാച്യു ജംക്ഷനില്‍ നിന്ന് പ്രിയയുടെ ടു വീലറിന്റെ പിറകിലെ സീറ്റില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ ഞങ്ങളെക്കാത്തിരിക്കുന്ന പത്ത് പെണ്‍കുട്ടികള്‍ക്ക് വേണ്ടി കുറച്ചു മധുരം വാങ്ങണം മറക്കരുതെന്ന് സ്വയം ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. അച്ഛനമ്മമാര്‍ പോയപ്പോള്‍ ഏറ്റുവാങ്ങിയവളുടെ കൈകളിലഭയം തേടിയവര്‍......... ഇന്നിനി അവരുടെ കൂടെ...... താരാട്ടുപാട്ടിനൊപ്പം കുഞ്ഞിക്കഥ കാത്തിരിക്കുന്ന മോള്‍ക്ക് ഒരു പാട് കഥകളുമായി നാളെ തിരിച്ചുപോക്ക്... നല്ല നാളേക്ക് വേണ്ടിയുള്ള കഥകള്‍...

Content Highlights: Hridayasmitham, Dr.smitha Menon shares her hospital memories