തിരുത്തലുകളും പൊളിച്ചെഴുത്തുകളും ജീവിതത്തിന് കുറുകെ വരുമ്പോള്‍ എഴുത്തുകാരന്‍ പച്ചയായ മനുഷ്യനായി മാറുന്നു.  തന്റെ ദിശാബോധം വാക്കില്‍ നിന്നിറങ്ങി കേവലം ഹൃദയത്തിന് കുറുകെ വരഞ്ഞ നേര്‍ത്ത രേഖ മാത്രമാക്കിയ കഥാപാത്രങ്ങളെ........ നിങ്ങള്‍ നല്‍കിയ തിരിച്ചറിവിനു നന്ദി.

അതിസാധാരണത്വത്തിന്റെ ഇരുള്‍ ബാധിച്ച എന്റെ കഥാനായകനാവട്ടെ ഇന്നത്തെ ആദ്യ രോഗി.

'എത്ര പ്രാവശ്യം ആയി  മാഡത്തിനെ വിളിക്കുന്നു,  എന്താ ഫോണ്‍ എടുക്കാത്തെ?'.

ഏകദേശം ആറുമാസത്തോളം ആശുപത്രി കാന്റീനില്‍ ജോലി ചെയ്തു പ്രത്യേകിച്ച് ലാഭം ഒന്നും ഉണ്ടാക്കാനാവാതെ  ഷിബു കഴിഞ്ഞവര്‍ഷമാണ് ഉപജീവനത്തിനായി ദുബായിലേക്ക് പോയത്. അവിടെ എത്തി മൂന്നോ നാലോ വട്ടം എന്നെ വിളിച്ചിരുന്നുവത്രേ. അറിയാത്ത നമ്പര്‍ ആയതുകൊണ്ടോ അങ്ങനെ വിദേശത്തുനിന്ന് വിളിക്കുവാന്‍ പ്രത്യേകിച്ച് ആളുകള്‍ ഇല്ലാത്തതു കൊണ്ടോ ആവാം ആ കോളുകള്‍ ഞാനത്ര കാര്യമാക്കിയിരുന്നില്ല. കോവിഡ് കാലം ആയപ്പോള്‍ അവിടെ നിന്ന് തിരിച്ചുവന്നു.  വീണ്ടും തല്‍ക്കാലം കാന്റീനില്‍ കയറിപ്പറ്റാം എന്ന് വിചാരിച്ചു.

കടങ്ങളില്‍ തുടങ്ങി കടങ്ങളാല്‍ ജീവിതം തള്ളിനീക്കുന്ന ഒരു ശരാശരി  മനുഷ്യന്‍. കരാര്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആശുപത്രിയിലെ കാന്റീന്‍ നടത്തിപ്പോരുന്നത്. സ്‌നേഹവും സൗഹൃദത്തിന്റെ സാമീപ്യവും നല്‍കി ഒരു വര്‍ഷക്കാലം ആശുപത്രി ജീവനക്കാരെയും രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും ഊട്ടി കഴിയുമ്പോള്‍ കോണ്‍ട്രാക്ട് പ്രകാരം  അവര്‍ അവരുടെ അടുത്ത സ്ഥലത്തേക്ക് പോകും. എന്നെപ്പോലെയുള്ള ഉദ്യോഗസ്ഥ കുടുംബിനികള്‍ക്ക് ഏറെ ആശ്വാസമാണ് ഈ കാന്റീന്‍. തനിക്കുമാത്രം അമൂല്യമായി തോന്നുന്ന കുടുംബബന്ധങ്ങള്‍ക്ക് അടിമപ്പെട്ട് അടുക്കള ഭാരം ചുമക്കുന്ന ശരാശരി സ്ത്രീയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കുവാന്‍ ഞങ്ങള്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു വര്‍ഷത്തോളം കൂടെ നിന്നവര്‍ ഇന്നലെ യാത്ര പറഞ്ഞു ഇരിങ്ങാലക്കുടയിലേക്ക് സാധന സാമഗ്രികളുമായി മാറി. ഇനി പുതിയവര്‍.

നെയ് റോസ്റ്റ്,  മസാലദോശ, ഓംലെറ്റ്, വൈകുന്നേരത്തെ ചായ കടികള്‍ എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പുറമേ നിന്നെ കൊണ്ടു വരുന്നതാണ്. ഇതിനായി പുറത്ത് ഒരു വീടെടുത്ത് കുശിനിക്കാരെയും വച്ച് പാചകം ചെയ്ത ഭക്ഷണസാധനങ്ങള്‍ ഓട്ടോറിക്ഷയില്‍ ആക്കി കൊണ്ടുവരുന്നതും ബാക്കിവരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ചു നഗരത്തിലെ ഏതോ പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കൊണ്ട് കൊടുക്കുക എന്ന് തുടങ്ങി ഷിബുവിന്റെ  ഓട്ടോയ്ക്ക് നിര്‍ത്തുവാന്‍ സമയം ഉണ്ടാവാറില്ല.

ഇതിനിടയില്‍ എവിടെ കണ്ടാലും ഓടി വരും. മുന്‍കാല പരിചയമുള്ള ഏതോ ഒരു രക്ഷിതാവിനോടെന്നപോലെ  സംസാരിച്ചുകൊണ്ടേയിരിക്കും. അയാള്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കും എങ്കിലും ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം മനസ്സില്‍ കുരുങ്ങിക്കിടക്കുന്നു 

പുരുഷന്റെ ദുഃഖത്തിന് ഞാന്‍ അധികം വിലകല്‍പ്പിക്കാറില്ല. ശാരീരികമായും മാനസികമായും സ്ത്രീയെക്കാള്‍ കരുത്തരായ അവര്‍ക്ക്  എന്റെ പിന്തുണ അവരുടെ അത്യാവശ്യമാണെന്ന് തോന്നാറില്ല. അനുകമ്പയും സഹതാപവും കുറവ് ഉള്ളവരാണ് അവര്‍ അവരോട് തിരിച്ചും അത്ര കാട്ടേണ്ട ആവശ്യമുണ്ടോ എന്ന് മനസ്സ് ഇടയ്ക്കിടെ ചോദിക്കും.

എന്നാല്‍ സീമയുടെ വേദനകള്‍ അനുതാപ പൂര്‍വ്വം ഞാന്‍ കേട്ടിരിക്കാന്‍ ഉണ്ട്. സുന്ദരമായ പല്ലുകളുള്ള അവളുടെ  ചിരി ഇതുവരെ കണ്ടിട്ടില്ല. ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പിറകെ ഉള്ള  ഓട്ടപ്പാച്ചിലില്‍ ആണ്. ഇടയ്ക്ക് വന്ന്

'മാഡം ഒരു രണ്ടായിരം ഉറുപ്പിക തരുമോ?ഈ മാസം ആകെ ടൈറ്റ് ആണ് കാര്യങ്ങള്‍. കുട്ട്യോള്‍ക്ക് പുസ്തകം വാങ്ങാന്‍ കാശില്ല. '.

സ്ഥിരം പല്ലവിയായി മദ്യപാനിയും നിര്‍ഗുണനും ആയ തന്റെ ഭര്‍ത്താവിനെക്കുറിച്ച്  പറയുന്ന ഒന്ന് രണ്ടു വാചകങ്ങള്‍.

'എന്ത് ചെയ്യാനാ മാഡം.. എന്റെ വീട്ടില്‍ മൂന്ന് പെങ്കുട്ട്യോളാ. വീട്ടുകാർ പ്രാരബ്ധം തീര്‍ത്തു. പറഞ്ഞ പോലെ ഒന്നും അല്ല. ഞങ്ങള്‍ക്ക് ചതി പറ്റി. '
കാശ് കയ്യില്‍ എത്ര കിട്ടിയാലും ഇനിയും തീരാത്ത പ്രാരബ്ധങ്ങള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കല്‍. ഇന്നലെ അവള്‍ വന്നത് ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടാണ്.

'എന്തൊക്കെ എത്ര ചെയ്തിട്ടും എത്ര സ്‌നേഹിച്ചിട്ടും ഒരു കാര്യവുമില്ല മാഡം.. വന്ന പെണ്ണ് വന്ന പെണ്ണന്ന്യാ.....'.

കൂട്ടുകുടുംബത്തിലെ വീട്ടുജോലിയും ജീവിതച്ചെലവും നോക്കുന്ന മുക്കാല്‍ഭാഗം മരുമകളുടെയും മനസ്സില്‍ സ്ഥിരം തോന്നുന്ന ചിന്തകള്‍ തന്നെ..

'എന്താ ഉണ്ടായേ? '- ആശ്വസിപ്പിക്കാന്‍ എന്നവണ്ണം ഞാന്‍ ചോദിച്ചു.

സീമ കരഞ്ഞാല്‍ എനിക്ക് വലിയ വിഷമമാണ്. ആടിയും പാടിയും ആസ്വദിച്ച് ജീവിതം പൂത്തുതളിര്‍ക്കേണ്ട കൗമാരത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടി. ഇനിയും ജീവിതം എത്രയോ ബാക്കി. തന്റെ ചുമലില്‍ എടുത്താല്‍ പൊങ്ങാവുന്നതിലും വലിയ ഭാരവും കൊണ്ട് നെട്ടോട്ടമോടുന്നവള്‍.

അത്യാഹിത വിഭാഗത്തിന്റെ ഫ്രണ്ട് ഡെസ്‌കില്‍ ഉച്ചവരെ ജോലി. അതുകഴി ഞ്ഞാല്‍  ഒരു സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറുടെ അടുത്തേക്ക് വരുന്ന രോഗികളെ നിയന്ത്രിക്കുകയും ബുക്കിങ്ങിന് അനുസരിച്ച് വിളിക്കുകയും ചെയ്യും.  ഒരു ജോലിസ്ഥലത്തുനിന്നും മറ്റേ സ്ഥലത്തേക്ക് ഓടുന്നതിനിടയില്‍ വിശപ്പിനെ മറന്നു പോകുന്നവള്‍. മാസംതോറും ഉച്ചയ്ക്കുള്ള ഡോക്ടേഴ്സ് മീറ്റിങ്ങിലെ എന്റെ ബിരിയാണിപ്പൊതി ഞാന്‍ അവള്‍ക്കുള്ളതാണ്.  ജീവിതത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ അവളുടെ തലയില്‍ ആണ്. ഭര്‍ത്താവിനെ കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല. എങ്കിലും നിസ്വാര്‍ത്ഥമായി അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം ചെയ്തു വീട്ടുകാരെയും നോക്കി കുഞ്ഞുങ്ങളെയും കൊണ്ട് ജീവിച്ചു പോരുകയാണ് അപ്പോഴതാ അദ്ദേഹത്തിന്റെ വീട്ടിലെ അദ്ദേഹത്തിന്റെ അനുജന്‍ ഒരു ദുബായിക്കാരന്‍ കോവിഡ് സാഹചര്യത്തില്‍ തിരിച്ചു നാട്ടില്‍ എത്തിയിരിക്കുന്നു. എല്ലാവര്‍ക്കും വിദേശത്തുനിന്ന് സമ്മാനപ്പൊതി ഉണ്ട്. സീമയ്ക്കു മാത്രം ഇല്ല. അവഗണന അവളെ വിഷമിപ്പിച്ചു. അത് എണ്ണിപ്പെറുക്കി പറഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവള്‍ ഇന്നലെ ഉറക്കെയുറക്കെ കരഞ്ഞുകൊണ്ട്  ഇന്നലെ ഡ്യൂട്ടി റൂമില്‍ വന്നു കരഞ്ഞിട്ട് പോയത് മനസ്സിന് വലിയ മുറിവായി. 

കാര്യം നിസ്സാരം ആണെങ്കിലും അവളെ ഞാന്‍ ഒരുവിധത്തില്‍ ആശ്വസിപ്പിച്ച് പറഞ്ഞയച്ചു. ആള്‍ക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ആനന്ദം കണ്ടെത്തിയിരുന്ന  മനുഷ്യന് തിരിച്ചറിവുമായാണ് കോവിഡ് കാലം വന്നത്. ഇങ്ങനെയൊരു കാലത്ത് ഒരു തിരിച്ചുവന്ന പ്രവാസികള്‍ നിന്ന് സമ്മാനം പ്രതീക്ഷിക്കുക എന്നത് ഒരു വിഡ്ഢിത്തരം ആണ്. പ്രശ്‌നം നിസ്സാരമാണെങ്കിലും പക്ഷപാതം അനുഭവിക്കുന്ന ശരാശരി മരുമക്കളുടെ പ്രതിനിധിയായിട്ടാണ് എനിക്ക് അവളെ തോന്നിയത്.

'ഒ.പി. കഴിയുമ്പോള്‍ പറയണംട്ടോ മാഡം. അല്ലെങ്കില്‍ ഞാന്‍ വിളിക്കാം ഒരു കാര്യംണ്ട്.' ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും ഷിബു പറഞ്ഞുകൊണ്ടേയിരുന്നു.
മുന്‍പ് പലപ്രാവശ്യം മെഡിക്കല്‍ ചെക്കപ്പിന് മറ്റുമായി അയാള്‍ ഓഫീസില്‍ വരാറുണ്ട് പ്രമേഹരോഗത്തിന് തുടക്കക്കാരന്‍ ആയിരുന്നു. ഒരുപ്രാവശ്യം ഞാന്‍ മരുന്നുകളൊക്കെ എഴുതിക്കൊടുത്തു. പിന്നീട് കുറച്ചു നാള്‍ കണ്ട കഴിഞ്ഞു കണ്ടപ്പോള്‍ ശരീരം നന്നേ മെലിഞ്ഞിരിക്കുന്നു. എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയിട്ട് കുറെ നാളായി അത്രേ. ഏതോ പ്രകൃതി ചികിത്സക്കാരനെ കണ്ടു പ്രമേഹത്തിന് ചികിത്സ എടുക്കുകയായിരുന്നു. എന്നിട്ട് ഒന്നും മാറുന്നില്ല.

'അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം. മാഡത്തിന് അടുത്തേക്ക് ഞാന്‍ ഒന്നുകൂടി വരാം.''
 എനിക്കെന്തോ ദേഷ്യമാണ് തോന്നിയത്. ചികിത്സയും പരിശോധനകളും മരുന്നുകളും എല്ലാം സര്‍ക്കാര്‍തലത്തില്‍ സൗജന്യമായി ലഭിക്കുമ്പോള്‍ വികസിത രാജ്യത്ത് ശാസ്ത്രത്തെ ഒട്ടും വിശ്വസിക്കാതെ ഇത്തരം പ്രാകൃത ചികിത്സകരുടെ അടുത്തുപോയി എത്ര കാശ് ചെലവാക്കാനും മടിയില്ലാത്ത മലയാളികള്‍ നിരവധിയാണ്. എന്നിട്ട് വീണ്ടും അലോപ്പതിയിലേക്ക് തന്നെ തിരിച്ചു വരും അപ്പോഴേക്കും ചികിത്സിച്ചു ഭേദമാക്കാവുന്നതിലും അപ്പുറം ആയിട്ടുണ്ടാവും രോഗം. ഷിബുവിന്റെ ശരീരം കണ്ടാലറിയാം. ഏതെങ്കിലും അവയവത്തെ ബാധിച്ച ഉണ്ടാവുമെന്ന്.
' അല്ലെങ്കില്‍ വേണ്ട ഞാന്‍ മേടത്തിന്റെ ആളെ കാണാന്‍ വീട്ടിലേക്ക് വരാം. ' എന്റെ മുഖത്തെ സന്തോഷം ഇല്ലായ്മ കണ്ടിട്ടാവാം അയാള്‍ അങ്ങനെ പറഞ്ഞത്. ഭര്‍ത്താവിനെ കാണിക്കുകയാണെങ്കില്‍ അത് നന്നായെന്ന് ഞാനും കരുതി. ചികിത്സയുടെ സമയം പറഞ്ഞു കൊടുത്തു. അയാള്‍ വരും എന്ന ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. കാരണം തന്റെ രോഗത്തിനു അത്ര വലിയ മുന്‍തൂക്കം ഒന്നും അയാള്‍ കൊടുക്കുന്നുണ്ട് എന്ന് തോന്നിയില്ല.

വൈകുന്നേരമായപ്പോള്‍ പറഞ്ഞതുപോലെ അയാള്‍ വന്നു. അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെ വിവരങ്ങള്‍ പറഞ്ഞു. മരുന്നും വാങ്ങി മകളെയും കളിപ്പിച്ച് മടങ്ങി. പിന്നീട് കുറെ നാള്‍ കാന്റീന്‍ പരിസരത്ത് ഒന്നും കണ്ടില്ല. അങ്ങനെ ഒരു ദിവസം  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമായി വന്നപ്പോഴാണ് ദുബായില്‍ ജോലി ലഭിച്ചെന്ന് സന്തോഷത്തോടെ അറിയിച്ചത്. രക്ഷപ്പെടട്ടെ എന്ന്  ഞാനും വിചാരിച്ചു. അവിടെനിന്ന് നിരവധി തവണ എന്നെ വിളിച്ചിരുന്നു അത്രേ. ഞാന്‍ എടുക്കാഞ്ഞത് അയാള്‍ക്ക് വിഷമമായി.
 
എന്തായാലും പ്രവാസലോകത്തെ ജോലിയെക്കുറിച്ച് കോവിഡ് കാലത്ത് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. പഴയ കടങ്ങള്‍ ഒന്നും തിരിച്ചു നല്‍കാന്‍ മാത്രം  ഈ ചെറിയ കാലയളവുകൊണ്ട് കഴിഞ്ഞിട്ടുമില്ല. എന്തിനാണ് അറിയില്ല എന്നെ കാണണമെന്ന് അയാള്‍ പറഞ്ഞത്. കാശ് കടം ചോദിക്കാന്‍ ആവും. അല്ലാതെ വേറെ എന്ത്?. അന്ന് മുറിയില്‍ വന്നതിനുശേഷം റോഡരികില്‍ ഞാന്‍ വണ്ടി ഓടിച്ചു പോകുമ്പോള്‍ സമാന്തരമായി ഓട്ടോയില്‍ ഇരുന്ന് എന്നെ കണ്ടിട്ടാവണം കെെ കാണിച്ച് എന്തൊക്കെയോ പറയാന്‍ തുടങ്ങിയിരുന്നു. അയാള്‍ ഉദ്ദേശിക്കുന്ന ആവശ്യം എന്നെക്കൊണ്ട് നിറവേറ്റാന്‍ പറ്റുമോ എന്ന് അറിയില്ല. ഒന്നോ രണ്ടോ തവണ മനപ്പൂര്‍വ്വം കാണാത്തതുപോലെ, അറിയാത്തതുപോലെ അങ്ങനെ അഭിനയിച്ചു. പിന്നീട് കാന്റീന്‍ വഴി പോകുമ്പോള്‍ അയാള്‍ ഓടി വന്നു.
' എനിക്ക് ഒരു കാര്യം പറയാനുണ്ട്. എപ്പോഴാ ഫ്രീ ആവുക? ' - അവഗണിക്കും തോറും പരിഗണനയ്ക്കായി ഉള്ള അയാളുടെ സംസാരം മനസ്സില്‍ തന്നെ അങ്ങനെ നിന്നു.

ഉയര്‍ന്ന ശമ്പളം ഉള്ളവര്‍ക്ക് അവരുടേതായ ജീവിതരീതി. സഹായിക്കണം എന്നുണ്ട്. അയാള്‍ എപ്പോഴും കാര്യം പറഞ്ഞില്ല.

'ഫ്രീ ആവില്ല ഷിബു. ഒ.പി. കഴിഞ്ഞാല്‍ ധൃതി വെച്ച് വീട്ടിലേക്ക് ഓടണം. കുഞ്ഞ് വിശന്നിരിക്കുന്നുണ്ടാവും. സഹായത്തിനുള്ള സ്ത്രീ കുറച്ചുദിവസമായി വരാറില്ല. അവരുടെ കോളനിയില്‍ കോവിഡ് രോഗികള്‍ ഉണ്ടത്രേ. ഞാന്‍ ചെന്നിട്ട് വേണം ഉച്ചയൂണ് കൊടുക്കാന്‍. '

പറഞ്ഞതെല്ലാം സത്യമാണെങ്കിലും ഓരൊഴിഞ്ഞുമാറ്റത്തിന്റെ ധ്വനി ഉണ്ടായിരുന്നു. വീട്ടിലെത്തി. ഷിബുവിന്റെ ഫോണ്‍ പ്രതീക്ഷിച്ചു. അന്നെന്നല്ല കുറച്ചു ദിവസങ്ങളായി ആശുപത്രി കാന്റീനിലും അയാളെ കണ്ടില്ല. ഒ.പി. ഡ്യൂട്ടി,  കോവിഡ് ഡ്യൂട്ടി, നൈറ്റ് ഡ്യൂട്ടി, അത്യാഹിതവിഭാഗം ഡ്യൂട്ടി എന്നിങ്ങനെ ഡ്യൂട്ടികള്‍ ആയി കെട്ടി വരിയപ്പെട്ട് ജീവിതം പഴയതിനേക്കാള്‍ വേഗതയില്‍ ഓടിക്കൊണ്ടിരുന്നു.

പതിവുപോലെ സീമ വീണ്ടും ഒ.പി. മുറിയില്‍ വന്നു. തിരക്കില്ലാത്ത ദിവസമായിരുന്നു.

'മാഡത്തിനോട് ഒരു കാര്യം പറയാനുണ്ട് '- സാധാരണ കാണുന്ന മുഖഭാവം അല്ലായിരുന്നു. ചിരിച്ച് എന്റെ കൈപിടിച്ച്  അവളുടെ ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു കവര്‍ കയ്യില്‍ തന്നു.

'മാഡത്തിനു തരാനായി മ്മളെ കാന്റീനിലെ ഷിബു ചേട്ടന്‍ തന്നതാണ്. രണ്ടുമൂന്ന് ദിവസം ഒ.പി. കഴിയുന്നവരെ കാത്തുനിന്നു. ആള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന തന്നെ വീണ്ടും കിട്ടിയത്രേ. പോവാണ് എന്ന് പറയാനും അന്ന് കൊണ്ടുവന്ന ഒരു സമ്മാനം തരാനും ആയി പലപ്രാവശ്യം ഒ.പിയില്‍ വന്നെത്തി നോക്കിയിരുന്നു. തിരക്കിനിടയില്‍ ശല്യപ്പെടുത്തേണ്ട എന്ന് കരുതിയാവണം ഞങ്ങളെ ഏല്‍പ്പിച്ചിട്ട് പോയി. ' കുറ്റബോധം കൊണ്ട് എന്റെ ശിരസ്സ് താണു. ഞാന്‍ അറിയാത്ത എനിക്ക് നിയന്ത്രിക്കാനാവാത്ത എന്റെ മനസ്സിലെ ഏതോ ഒരു ദുഷ്ടതയെ ഒരു നിമിഷം ശപിച്ചു 

'ആള് അവിടന്ന് മാഡത്തിന് കൊണ്ടുവന്ന എന്തോ സമ്മാനമാണ്. അത് തുറക്ക് മാഡം. ഞങ്ങള്‍ക്ക് കാണാന്‍ തിടുക്കമായി. ' അവളുടെ ആകാംക്ഷ കാരണം അത് തുറന്നു കൊള്ളാന്‍ ഞാന്‍ തന്നെ പറഞ്ഞു.
 
ഇളം റോസ് നിറത്തിലുള്ള നാലഞ്ച് അറകളുള്ള സുന്ദരമായ ഒരു ബാഗ്. അതിനുള്ളില്‍ ചെറിയ കുപ്പി പെര്‍ഫ്യൂം.

' ഹായ്.... എന്തൊരു ഭംഗിള്ള ബേഗാ..... ഈ മാഡം എന്തൊരു ഭാഗ്യവതിയാ....... ' സീമ തുടര്‍ന്നു.
അത് ഞാന്‍ അവളോട് എടുത്തുകൊള്ളാന്‍ പറഞ്ഞു. ഷിബു അറിയരുതെന്ന പ്രത്യേക നിര്‍ദേശവും. കണ്ണുകള്‍ നിറഞ്ഞൊഴുകി. എങ്കിലും സീമയുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരി ആയിരുന്നു.പെര്‍ഫ്യൂമിന്റെ കുപ്പിയെടുത്ത് എന്റെ കയ്യില്‍ തന്നു

'മേടം ഇതെടുക്ക്. എല്ലാം കൂടി എനിക്ക് വേണ്ട. ഷിബു ഏട്ടന്‍ സ്‌നേഹത്തോടെ തന്നതല്ലേ. ആരുടെ ഒരു സന്തോഷത്തിന്. ' - അവള്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ തന്ത്രപെട്ടു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അടച്ചുവെച്ച  പ്രിയ പുസ്തകത്തിന്റെ ഏടുകളില്‍ നിന്ന് ഇറങ്ങി പോകുവാന്‍ വെമ്പുന്ന അക്ഷരങ്ങളെ പിടിച്ചു നിര്‍ത്തണം. ആക്രികാരനെയും കാത്ത് തട്ടിന്‍പുറത്തിരിക്കുന്ന ആ പുസ്തകം തുറക്കണം. ഒരു സുഗന്ധ ലേപനങ്ങള്‍ക്കും പിടി കൊടുക്കാനാവാത്ത ഒരു മണമുണ്ട് അതിനുള്ളില്‍. അതിലലിയണം. അലിഞ്ഞലിഞ്ഞു ചേരണം. 

Content Highlights: Hridayasmitham Dr.smitha Menon shares her hospital memories, Health