നുത്ത മഴ പൊടിയുന്ന ഇളം പ്രഭാതം. പഴയതിൽ നിന്ന് വ്യത്യസ്തമായി വളരെ കുറച്ച് ആളുകൾ മാത്രമേ നിരത്തിൽ ഉള്ളൂ. പണ്ടത്തെപ്പോലെ ചൂടൻ വാർത്തകൾ ചർച്ചചെയ്യാൻ ചായക്കടകളിൽ ആളില്ല.  പുറത്തിറങ്ങിയവരാകട്ടെ അനിശ്ചിതമായ ആകാംഷയോടു കൂടി ഭയചകിതരായ കണ്ണുകളാൽ പരസ്പരം അകൽച്ചയുടെ  നോട്ടം അയക്കുന്നവർ.

കാർ പാർക്ക് ചെയ്തു റോഡ് മുറിച്ചു കടന്നു. ഒ.പിയിൽ രോഗികളെ നോക്കി തുടങ്ങണം. മനസ്സ് അസ്വസ്ഥമാണ്. വല്ലാത്ത ക്ഷീണവും മന്ദതയും. തലേനാളത്തെ ഉറക്കച്ചടവ് കാരണമായിരിക്കും,  കണ്ണും തലയും അസഹ്യമായ വേദന. മനസ്സിന് യാതൊരു പോസിറ്റിവിറ്റിയും ആർക്കും നൽകാനാവുന്നില്ല. ഭാവനാത്മകമായ ആത്മകഥകൾ എഴുതുവാൻ രാത്രികളാണ് തിരഞ്ഞെടുക്കാറ്. ഇരുട്ട് സമ്മാനിക്കുന്ന ഏകാന്തത നൽകുന്ന ഏകാഗ്രത പണ്ടുമുതലേ ഇഷ്ടമാണ്.

അസമിലെ ഹൊജായ് ജില്ലയിൽ സ്യുജ് കുമാർ സേനാപതി എന്ന ഡോക്‌ടറെ ആൾക്കൂട്ടം ആക്രമിച്ച വാർത്തയുടെ ദൃശ്യങ്ങൾ വാട്സ്അപ്പിൽ പ്രചരിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾ ഡോക്ടറെ ആശുപത്രി മുറിയിലിട്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സൂക്ഷ്മമായി കണ്ടു. ഡോക്ടറുടെ ഷർട്ട് ഊരി പാത്രം കൊണ്ടും ചൂല് കൊണ്ടും തുടരെത്തുടരെ അടിക്കുന്നു.

ഇത്തരം സംഭവങ്ങൾ അങ്ങുദൂരെ ആണല്ലോ എന്നോർത്ത് ഇരിക്കുമ്പോൾ ഇതാ മാവേലിക്കരയിലെ ഡോക്ടർക്കും ഡ്യൂട്ടിക്കിടയിൽ മർദനമേറ്റിരിക്കുന്നു. മാസം ഒന്ന് കടന്നുപോയിട്ടും പോലീസിൽ പരാതി കൊടുത്തിട്ടും കാര്യം ഒന്നും ഉണ്ടായില്ല. തങ്ങളിൽ ഒരാളുടെ ജീവനുവേണ്ടി അന്യായമായ കടന്നുകയറ്റം. അത്തരം ദുരനുഭവങ്ങൾ. പേടിയുടെ വിറയലുകൾ സമ്മാനിക്കും, മനസ്സ് മടുപ്പിക്കും. ഡോക്ടർമാരുടെ രക്ഷയെ കുറിച്ചും ആശുപത്രി അധിക്രമങ്ങൾ കുറിച്ചും എഴുതണമെന്ന് കരുതിയിരുന്നതാണ് ഒന്നും നടന്നില്ല അത്രയ്ക്ക് ആഴത്തിൽ മുറിവേൽപ്പിക്കപ്പെട്ടിരിക്കുന്നു. ഡോക്ടർമാരുടെ സംഘടനകൾ സമരത്തിന് തയ്യാറെടുക്കുകയാണ് അദൃശ്യമായ ഒരു അതിർവരമ്പ് ഡോക്ടറും രോഗിയും തമ്മിൽ രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് രാവിലെ തന്നെ ആശുപത്രിയിലേക്ക് വരാൻ യാതൊരു താല്പര്യവും തോന്നിയില്ല.

നാലു വയസ്സുകാരി മകൾ വാശിപിടിച്ചപ്പോൾ ലീവ് ഉണ്ടായിരുന്നെങ്കിൽ പോകേണ്ടതില്ലായിരുന്നു എന്ന് മനസ്സിനു തോന്നിപ്പോയി. ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്നതിൽ വലിയ അർഥം ഒന്നുമില്ലെന്നും സ്വന്തം മകളുടെ കൂടെ സന്തോഷമായി ഇരിക്കണമെന്നും ആഗ്രഹിച്ചു. ജീവിതത്തിൽ സ്വാർഥമായി ചിന്തിച്ചു തുടങ്ങിയാൽ സന്തോഷം വരും എന്നു തോന്നി. ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരം പ്രതികാരബുദ്ധി മുൻപിൽ കണ്ട ഓരോ രോഗിയോടും തോന്നി.

നേരത്തെ വന്ന് നിരീക്ഷണത്തിൽ കിടക്കുന്ന ഒരു രോഗി ഉണ്ട്. അവരെ കണ്ടു. പരിശോധിച്ചു. ക്ഷീണിച്ച് വേച്ച് വേച്ച് നടക്കുന്ന ഒരു വൃദ്ധ. നടക്കാനും കുളിമുറിയിൽ പോകാനും ഒക്കെ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവണം. 

ഇഞ്ചക്ഷൻ വച്ചശേഷം നഴ്സ് പറഞ്ഞു.
" വൈറ്റൽസ് സ്റ്റേബിൾ ആണ് "
എന്നാലും എനിക്ക് തോന്നി, വീട്ടിൽ പോയി കഷ്ടപ്പെടുന്നതിനേക്കാൾ ഇവിടുത്തെ മാലാഖമാരുടെ നിരീക്ഷണത്തിൽ അഡ്മിറ്റായി കിടക്കുന്നതാണ് നല്ലത്. കൂടെ വന്ന മകനോട് കാര്യം പറയുവാൻ അവർ പറഞ്ഞു 
"അതൊന്നും വേണ്ടിവരില്ല  ഡോക്ടറെ. എന്നെ എന്റെ മോൻ നോക്കിക്കോളും. "
അവർ പുറത്തേക്ക് മകനെ അന്വേഷിച്ചു നോട്ടവും പായിച്ച ഇരിക്കുകയാണ്.
"എന്റെ മോൻ ഒരു ചായ കുടിക്കാൻ പോയതാവും. അവന്റെ ഒരു കഷ്ടപ്പാട് ". -പെട്ടെന്നുതന്നെ മകൻ കടന്നുവന്നു. കയ്യിൽ കടലാസു കപ്പിൽ ചായയുമായി അയാൾ ധൃതിയിൽ വന്നു.
"മണി ഒൻപതായി.. അമ്മേ ദാ ഒരു ചായ കുടിക്ക്.... അമ്മയ്ക്ക് വേണ്ടി കൊണ്ടുവന്ന ചായ നൽകി. വൃദ്ധ അതു കുടിച്ചു. .
"ഡോക്ടറെ. അമ്മയ്ക്ക് വായ്ക്ക് രുചി പോയി. രണ്ടീസായി ഒന്നും കഴിക്കാൻ പറ്റുന്നില്ല. അതാ ഇത്ര ക്ഷീണം "
"എന്നാൽ അഡ്മിറ്റ് ആക്കാം. ഗ്ലൂക്കോസ് ഇടുകയും ചെയ്യാം."
"അതൊന്നും വേണ്ട ഡോക്ടർ. വീട്ടിൽ പോയാൽ സംഗതി ഉഷാറാവും. ഡോക്ടർ മരുന്നു കുറിച്ചു തന്നാ മതി. ന്റെ അമ്മേ പൊന്നുപോലെ ഞാൻ നോക്കിക്കോളാം.
"നിങ്ങൾക്ക് എന്താണ് പണി? "
"ടൗണിൽ ഓട്ടോ ഓടിക്കുന്നു ഡോക്ടർ. "-അടിസ്ഥാന അധ്വാനിക്കുന്ന ജനതയുടെ പ്രതിനിധി.
"കുറച്ചു കാലമായി സമാധാനത്തോടെ ഉള്ള ജീവിതമായിരുന്നു. കോവിഡ് കാലം വഴിമുട്ടിച്ചു. ആകപ്പാടെ വേവലാതിയാണ്. നാലു വയറു കഴിയണം.

അമ്മയുടെ കാര്യങ്ങൾ കൃത്യമായി വിവരിച്ചു കൊടുത്തു. വീട്ടിൽ പോയാൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടാവുകയാണെങ്കിൽ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു കൊള്ളാനും പറഞ്ഞു.
വീണ്ടും എന്തൊക്കെയോ പറയാനുള്ള പോലെ അയാൾ ചുറ്റിപ്പറ്റിനിന്നു

"ഡോക്ടറെ, മെഡിക്കൽകോളേജിലെ പ്രേമ മാഡത്തിന് അറിയുമോ?"
"ഉവ്വ്. എനിക്കറിയാം."
"അജിത്ത് സാറിനെയോ?".
"അറിയാം. "
കുറച്ചുനാൾ മെഡിക്കൽ കോളേജിൽ ജോലി ചെയ്തത് കാരണം അവിടുത്തെ കുറച്ച് ഡോക്ടർമാരെ ഒക്കെ പരിചയമുണ്ട്. മേൽപ്പറഞ്ഞ രണ്ടുപേരും കാൻസർ രോഗവിദഗ്ധരാണ്.  അയാൾ തുടർന്നു.
"ഞാനുണ്ടല്ലോ, അവരുടെ അടുത്തേക്ക് ഒക്കെ നിർധനരായ കാൻസർ രോഗികളെ ഫ്രീയായി ഓട്ടോയിൽ കൊണ്ടുപോകും. അതോണ്ട് അവർക്കൊക്കെ എന്നെ അറിയാം."
കൂടുതൽ സംസാരിക്കാൻ തോന്നാത്തത് കാരണം അയാളെ വേഗം തിരിച്ചു പറഞ്ഞയക്കാൻ ശ്രമിച്ചു. വീണ്ടും വീണ്ടും എന്തൊക്കെയോ പറയാൻ ഉള്ളതുപോലെ അയാൾ അത്യധികം സന്തോഷത്തോടുകൂടി പറഞ്ഞുകൊണ്ടേയിരുന്നു. രോഗി ഇരിക്കുന്ന ഒരു സ്റ്റൂൾ എടുത്തു നീക്കി.
"ഡോക്ടർ ഞാനിവിടെ ഇരുന്നോട്ടെ"?-
ലോകം മാറിക്കൊണ്ടിരിക്കുകയാണ് രോഗിയോടും ബന്ധുക്കളോടും ഒന്നും ഇത്രയ്ക്ക് അടുപ്പം ഭാവിക്കണ്ട എന്ന് ഉപബോധമനസ്സ് പറഞ്ഞു. പ്രകോപിതനായി ഏതു നിമിഷവും കടന്നുവരാവുന്ന ഒരു ശത്രു ഇയാളിലും ഉണ്ട് എന്നൊരു ഉൾചിന്ത കടന്നുവന്നു.
അല്പം ദൂരം വിട്ട് എനിക്ക് അഭിമുഖമായി മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ഇരുന്നു.
"ന്റെ പേര് രേവത് ബാബു ".
പ്രകടനപരതയും ഔപചാരികതയും ഒന്നും കാണിക്കാതെ നിഷ്കളങ്കമായി അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ മുഴവൻ നീരസവും പൊടുന്നനെ അപ്രത്യക്ഷമായി.
"ഡോക്ടർ ഒരു വാർത്ത കേട്ടിട്ടുണ്ടോ? തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ വണ്ടി ഓടിച്ചിട്ട് ഒരുത്തൻ കാശു തരാതെ ഓട്ടോ ഡ്രൈവറെ പറ്റിച്ച്  കടന്നു കളഞ്ഞില്ലേ? അത് ഞാനാണ്. ഈ രേവത് ബാബു "

അന്ന് ആ വാർത്ത ഞാൻ ശ്രദ്ധിച്ചിരുന്നു. അതെക്കുറിച്ച് ആകുലതയും ഉണ്ടായിരുന്നു.  ഒരു പാവപ്പെട്ട ഓട്ടോ ഡ്രൈവർ രാത്രി രണ്ടു മണി നേരത്ത് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചും അയാളെ കൊണ്ട് വണ്ടി ഓടിച്ചിട്ട് കാശ് ഒന്നും കൊടുക്കാതെ യാത്രികൻ കടന്നുകളഞ്ഞു. ആ ഓട്ടോ ഡ്രൈവർ ആണ് ഇപ്പോൾ  എന്റെ മുൻപിൽ ഇരിക്കുന്നത്.
"ഡോക്ടർ യൂട്യൂബ് അടിച്ചിട്ട് നോക്കിയേ.. അല്ലെങ്കിൽ വേണ്ട ഡോക്ടർക്ക് ഫെയ്സ്ബുക്ക് ഉണ്ടോ?  എന്റെ പേര് അടിക്ക്. ന്ന് ട്ട് നോക്ക്."
അയാളുടെ സന്തോഷത്തിനും ഉന്മേഷത്തിനും സ്നേഹത്തിനു മുൻപിൽ എനിക്ക് നിരാശപ്പെടുത്താൻ തോന്നിയില്ല. ഫെയ്സ്ബുക്ക് എടുത്തുനോക്കി.
"ദേ..ഇത് കണ്ടോ ഡോക്ടറെ... മണി ചേട്ടന്റെ കൂടെ നിൽക്കുന്ന ഫോട്ടോ കണ്ടോ. എന്റെ എല്ലാമായിരുന്നു മണിച്ചേട്ടൻ.
അന്തരിച്ച പ്രശസ്ത സിനിമാതാരം കലാഭവൻ മണിയോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ ഉണ്ട്.  രേവത് ബാബുവിനെ ഓട്ടോയുടെ പേരാണ് Ben 100. ഓട്ടോയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ, അവയിൽ ഓട്ടം കൊണ്ടുപോയ അവരുടെ കൂടെ നിൽക്കുന്നവ, നടൻ ജയസൂര്യയുടെ കൂടെ നിൽക്കുന്ന പടം, എന്നിങ്ങനെ വളരെ സംഭവബഹുലമാണ് രേവതിന്റെ ഫെയ്സ്ബുക്ക്.

അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് ഒരു വാർത്ത വന്നത് അതിൽ നിന്ന് കേട്ടത്. കുട്ടിക്കാലത്തുതന്നെ അച്ഛൻ മരിച്ചു പോയ രേവത് ബാബുവിനെ കലാഭവൻ മണി കണ്ടെടുക്കുകയായിരുന്നു. ഇതാരാണെന്ന് പലരും മണിച്ചേട്ടനോട് ചോദിക്കുമ്പോൾ എന്റെ മകനാണ് എന്നാണത്രെ പറഞ്ഞത്. കുട്ടിക്കാലത്ത് ചെറുപ്രായത്തിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന കഥാനായകന് കലാഭവൻ മണി ഒരു സി.ഡി. കട ഇട്ടുകൊടുത്തു.

കൊരട്ടി പള്ളിയിലെ പെരുന്നാൾ മുതൽ ഏതു ഉത്സവത്തിനും കലാഭവൻ മണിയുടെ സി.ഡി. ഉൾപ്പെടെയുള്ള പാട്ടുകൾ വിറ്റ് രേവത് ബാബു ജീവിച്ചു. അൽപ്പായുസ്സ് ആയി ഒരു പ്രഭാതത്തിൽ അദൃശ്യനായ മണി ചേട്ടന്റെ വിയോഗം എന്നെയും ഏറെ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നാടൻപാട്ടുകൾ എന്റെ മകളെ പാടി പഠിപ്പിക്കുമ്പോൾ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു പോകും. പച്ചയായ മനുഷ്യനെ മറ്റുള്ളവരെ സ്നേഹം കൊണ്ടു കീഴടക്കാനാവു. .  രേവത്ബാബുവിൽ മണി ചേട്ടന്റെ സാമീപ്യം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു.
തന്റെ ഓട്ടോ BEN 100 ൽ അമ്മയെയും കയറ്റി ആശുപത്രി ഗേറ്റ് കടന്നു. ഒരേസമയം ശരീരം മരണത്തിനും നന്മകളാൽ മറ്റൊരാൾക്ക് ജീവനും സമ്മാനിക്കുന്നവരുണ്ട്. മനസ്സ് ആർദ്രമായി.
"മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണ് എങ്ങോട്ടാണീ തിടുക്കം?
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടെ? "

ആകുലതകൾ തനിച്ചാക്കുമ്പോൾ കൂട്ടിനിരിക്കുന്നത് സമയോചിതമായി ആരൊക്കെയോ ചെയത നന്മകൾ ആയിരിക്കും. സ്നേഹത്തോടെ എന്നെന്നും കൂട്ടിരിക്കും എന്ന് വാഗ്ദാനം നൽകി മണിച്ചേട്ടൻ പാടിക്കൊണ്ടേയിരുന്നു. ഞാൻ മാത്രം ആ പാട്ട് കേട്ടു.

Content Highlights: Hridayasmitham, Dr.smitha Menon shares her hospital memories, Health