ങ്കല്പങ്ങൾക്കുംസ്വപ്നങ്ങൾക്കും പ്രവേശനമില്ലാത്ത ഇടമാണ് ആശുപത്രി വരാന്തകൾ. ജനനവും മരണവും ഒരേ വൈകാരികതയോടെ അളക്കുവാൻ വിധിക്കപ്പെട്ടവരാണ് ഭിഷഗ്വരൻമാർ. വാക്കുകൾ ജീവിതാനുഭവങ്ങളിൽ നിന്നും അടയാളപ്പെടുത്താൻ ശ്രമം നടത്തണം. ആതുരസേവനം പുണ്യകർമ്മമാണ്. ചിലപ്പോൾ അതൊരു സാഹസസഞ്ചാരവും.

ഹൗസ് സർജൻസി കഴിയുന്നതോടെ ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്യാനുളള ആത്മവിശ്വാസം ലഭിക്കണമെന്നില്ല. കരുതലുളളവർ ചുറ്റുമുണ്ടെന്ന തോന്നലുകൊണ്ടാണ് കുഗ്രാമത്തിലെ ആ ആശുപത്രിയിൽ ജോലി തുടങ്ങാം എന്നു വിചാരിച്ചത്. മുഴുവൻ സമയ ഡോക്ടറുടെ ആവശ്യമുണ്ടെന്ന് ഒരു സുഹൃത്താണ് പറഞ്ഞത്. കുറച്ചുനാൾ അവിടെ ജോലി ചെയ്താൽ എല്ലാ അർഥത്തിലും ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവുമെന്ന് മനസ്സുപറഞ്ഞു.

വാരാന്ത്യങ്ങളിൽ മാത്രം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാം. ബാക്കി ദിവസങ്ങളിൽ കർമ്മനിരതയാവാം. താമസം, ഭക്ഷണം എല്ലാം സൗജന്യം. തുടക്കക്കാരിയെ സംബന്ധിച്ച് ഭാരിച്ച ശമ്പളവും.

അത്യാവശ്യ സൗകര്യങ്ങളെല്ലാമുളള ആശുപത്രിയിലെ മുഴുവൻ സമയ ഡോക്ടറായി ഞാൻ മാത്രം. ബാക്കി രണ്ടുപേർ സ്പെഷ്യലിസ്റ്റുകളാണ്. അവരുടെ ഒ.പി സമയങ്ങളിൽ രോഗികളെ നോക്കും. സംശയങ്ങൾ പറഞ്ഞുതരും. നഴ്സുമാർ മുഴുവൻ കന്യാസ്ത്രീകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വിദ്യാർഥികൾ പഠിക്കുന്ന ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നാണ് അവർ ബിരുദമെടുത്തിരിക്കുന്നത്. ആ ആത്മവിശ്വാസം അവർക്കുണ്ട്. എത്ര ദുർഘടം പിടിച്ച രോഗികളേയും രക്ഷപ്പെടുത്തണം എന്ന അർപ്പണമനോഭാവവും ദൈവീക ചിന്തയുമുണ്ട്. മറ്റൊരർഥത്തിൽ പറഞ്ഞാൽ അവർക്ക് അങ്ങനെ ചിന്തിച്ചേ മതിയാവൂ. കാരണം അടുത്തെങ്ങും മറ്റ് ആശുപത്രികളില്ല. സാധാരണക്കാരായ കുടുംബങ്ങൾക്ക് ആകെയുളള ആശ്വാസ കേന്ദ്രം കൂടിയാണത്.

ആശുപത്രിക്ക് കിഴക്കു വശത്ത് ഡോക്ടേഴ്സ് ക്വാർട്ടേഴ്സ്. മുഴുവൻ സമയ ഡോക്ടർക്കു വേണ്ടി പണികഴിപ്പിച്ചതാണ്. എനിക്കു മുൻപു ജോലിചെയ്തിരുന്ന ഡോക്ടർമാർ അവിടെ താമസിച്ചിരുന്നത്രേ. കഴിഞ്ഞ മൂന്നു വർഷങ്ങളായി ആൾത്താമസമില്ലാതെ കിടക്കുകയാണ്.

'ഞങ്ങള് ഇടയ്ക്കൊക്കെ അടിച്ചു കഴുകി വൃത്തിയാക്കും ഡോക്ടർക്കു വേണമെങ്കിൽ അവിടെ താമസിക്കാം'- ആശുപത്രിയെക്കുറിച്ചു പരിചയപ്പെടുത്തുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആഗ്നസ് കൂട്ടിച്ചേർത്തു.

ഒരു കുടുംബത്തിനു സുഖമായി ജീവിക്കുവാൻ പറ്റിയ ഇടം. സഹായത്തിന് ആളെ കിട്ടാൻ ഒരു പണിയുമില്ല. ഒറ്റയ്ക്കു താമസിച്ച് ജോലിചെയ്യുക എന്നലക്ഷ്യമായതിനാൽ എനിയ്ക്ക് ഒരു മുറി തന്നെ ധാരാളം. മാത്രമല്ല കുറേനാൾ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലമാണ്. പാമ്പുകൾ ഉണ്ടായേക്കാം. കന്യാസ്ത്രികൾ താമസിക്കുന്ന കെട്ടിടത്തിൽ ഒരുമുറി- അതുമാത്രമായിരുന്നു എന്റെ ആവശ്യം.

നാളുകൾ ഏറെ കഴിയുന്തോറും ആശുപത്രിയിലെ ജീവനക്കാരും സ്നേഹ സമ്പന്നരായ നാട്ടുകാരും അവരിലൊരാളായി എന്നെയും കൂട്ടി. നാലു മാസത്തിൽ കൂടുതലായി സ്ഥിരം ഡോക്ടർ ഉളളതിനാൽ തിരക്കുകൂടി. ഒരാളേയും കൂടി നിയമിച്ചാൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്ന് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആഗ്നസിനെ അറിയിച്ചു.

അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല. പത്രപരസ്യം കണ്ടിട്ടാവണം പുതിയ ഡോക്ടർ വന്നു ഡോ. പാർത്ഥൻ. പക്ഷേ ഒറ്റ പ്രശ്നമേയുളളൂ. 'തമിഴനാണ്. കുറച്ചുനാൾ നിന്നു കിട്ടിയാൽ മതിയായിരുന്നു. ഭാഷയൊക്കെ പതിയെ പഠിച്ചോളും'- സിസ്റ്റർ ആഗ്നസ് ആത്മവിശ്വാസം കൈവെടിഞ്ഞില്ല.

എനിക്കുവേണ്ടി കാടുവെട്ടിത്തെളിയിച്ച് വൃത്തിയാക്കിയിട്ട ഡോക്ടർ ക്വാർട്ടേഴ്സിൽ പുതിയ ഡോക്ടറും കുടുംബവും താമസമാക്കി. കൂടുതൽ പരിചയപ്പെടാൻ ഒരു ദിവസം വരണമെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ ക്ഷണം ലഭിച്ചു.

'ഇവിടുത്തെ രീതികൾ ചെന്നൈയിലെ പോലെയല്ല' - തമിഴ് കൂട്ടിക്കലർത്തിയ മലയാളത്തിൽ ഡോക്ടർ പറഞ്ഞു.

ശരിയാണ്. നഗരങ്ങളിൽ നിന്നും വ്യത്യാസമുണ്ട്. സ്വന്തം കുടുംബങ്ങളിലേതു പോലെയുളള അംഗീകാരം നൽകുമ്പോൾ തിരിച്ചും ആ സ്നേഹവും കരുതലും പ്രതിബദ്ധതയും നാട്ടുകാർ പ്രതീക്ഷിക്കും. നിയമങ്ങൾക്കും പാഠപുസ്തകങ്ങളിലേയും പഠനങ്ങൾക്കും അതീതമാണ് മനുഷ്യബന്ധങ്ങൾ.

തുടക്കത്തിൽ രോഗികൾക്ക് അപരിചിതത്വം ഉണ്ടായിരുന്നുവെങ്കിലും വളരെ പെട്ടെന്നുതന്നെ എല്ലാം ശരിയായി. ആത്മാർഥതയും കഠിനാധ്വാനവും ഉളള ഒരാൾക്ക് എളുപ്പത്തിൽ നേടിയെടുക്കുവാൻ പറ്റുന്ന ഒന്നാണ് സ്നേഹവും വിശ്വാസവും.

ഇടയ്ക്കൊക്കെ വൈകുന്നേരങ്ങളിൽ അവിടുത്തെ പ്രധാനികൾ തങ്ങളുടെ വീട്ടിൽ വിരുന്നു സൽക്കാരത്തിനു കൊണ്ടു പോവും. കുടുംബസമേതം വരണമെന്നു നിർബന്ധിച്ചാലും ഒറ്റയ്ക്കാണ് ഡോക്ടർ പോവുക.

വീണുകിട്ടുന്ന അത്തരം സന്ദർഭങ്ങളിൽ തന്റെ ഏകാന്തത ഭേദിക്കുവാൻ ഡോക്ടറുടെ ഭാര്യ ചായസത്‌ക്കാരത്തിനെന്ന പേരിൽ എന്നെയും വിളിക്കും. ചെന്നൈ പോലൊരു സാധ്യതകളുടെ നഗരത്തിൽ നിന്ന് എന്തിനാണ് ഇങ്ങനെയൊരു കുഗ്രാമത്തിൽ വന്ന് ഒളിച്ചിരിക്കുന്നത് എന്ന ആകാംക്ഷ എനിക്കും ഉണ്ടായിരുന്നു. കാലാതിവർത്തിയായ രചനകളിലേക്ക് എഴുത്തുകാരനെ ആകൃഷ്ടനാക്കുന്നത് അന്യന്റെ ഭൂതകാലത്തിന്റെ കെട്ടുപാടുകളാണല്ലോ.

ഉദാരമതിയായ അച്ഛന്റെയും സ്വാർഥയായ അമ്മയുടേയും എകമകനാണയാൾ. അച്ഛന് പക്ഷാഘാതം സംഭവിച്ചതിനു ശേഷം വീട്ടിൽ പലതരത്തിലുളള ആളുകൾ വന്നു തുടങ്ങി. ഭർത്താവിന്റെ കാലശേഷം ലഭിക്കാനിരിക്കുന്ന സർക്കാർ ജോലി ആയിരിക്കണം അവരെക്കൊണ്ട് കൊടുംപാപങ്ങൾ ചെയ്യിച്ചത്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവസാന വർഷ പരീക്ഷയ്ക്കിടയിലാണ് അച്ഛന്റെ മരണവാർത്ത അയാളെ തേടി എത്തിയത്.

ജീവിതം നൽകിയ നിസ്സംഗതകളിൽ ഏകനായ ഒരാൾ. പണത്തിന് മറ്റു മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ഉപരിപഠനത്തിനു പോയില്ല. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഡോക്ടർമാർക്ക് ശമ്പളം കൂടുതലാണ്.

ആശുപത്രിയിലെ മലയാളി നഴ്സുമായി പ്രണയവും വിവാഹവും. ജീവിതം നൽകിയ ഉണങ്ങാത്ത മുറിവുകൾ വരുകാല ബന്ധങ്ങളിൽ നീറ്റലുണ്ടാക്കുമല്ലോ. ഭാര്യയെ സംശയമാണ്. അതിനാൽ അവർ ബിരുദധാരിയായ കുടുംബിനിയായി വീട്ടിലൊതുങ്ങി.

മകൻ ഡോക്ടറായി നല്ലനിലയിൽ പ്രാക്ടീസ് ചെയ്യുന്നതിനാൽ ശമ്പളം കിട്ടുന്ന ദിവസം കണക്കുകൂട്ടി അമ്മ എത്തും. വരുമ്പോൾ കൈയ്യിൽ ഒന്നോ രണ്ടോ തീറ്റ സാധനങ്ങളുടെ പൊതിയുണ്ടാവും ചോദിക്കുന്ന കാശു കിട്ടിയില്ലെങ്കിൽ രംഗം വഷളാവും. തമിഴിൽ ഉറക്കെ ഉറക്കെ ശണ്ഠ കൂടും. അത്തരത്തിലുളള ശണ്ഠയുടെ ഫലമായി മുൻപ് രണ്ടുമൂന്നാശുപത്രികളിൽ നിന്ന് രായ്ക്കുരാമാനം സ്ഥലം വിട്ടത് ഒരൽപ്പം ഹാസ്യം കലർത്തി അവർ പറഞ്ഞു. അത്താണിയില്ലാത്ത അയാളുടെ ജീവിത ഭാരകഥകൾ എന്നെയും വേദനപ്പിച്ചു.

അതിസുന്ദരിയാണ് ഡോക്ടറുടെ ഭാര്യ. കാതിലും കഴുത്തിലും മഞ്ഞച്ചരടിൽ കോർത്ത താലിയൊഴിച്ചാൽ സ്വർണ്ണത്തിന്റെ ഒരു തരിപോലുമില്ല.

'ഉളളത് അഴിച്ചുകൊടുത്താൽ പിന്നെ ചീത്തവിളി കേൾക്കേണ്ടല്ലോ മേഡം. ഇനി വാങ്ങുമ്പോൾ ഡയമണ്ടിന്റെ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാസം ഒന്നാം തിയ്യതി അയാളുടെ മുഖം പ്രസന്നമാവും. സന്തോഷം അൽപ്പം സൗന്ദര്യമായി മാറും. അഞ്ചാം തിയ്യതി ആവുമ്പോഴേക്കും അതണയും. ഇത്തവണ അഞ്ചാം തിയ്യതി കഴിഞ്ഞിട്ടും പ്രകാശത്തിനു കുറവില്ല.

'മ്മളെ പടിപ്പുരയ്ക്കലെ ഇട്ടിച്ചന് പുത്യ ഡോക്ടറെ വല്ല്യ ഇഷ്ടാ'- ലഹരി അങ്ങനെയാണല്ലോ. കരളിനെ പിടിമുറുക്കുമ്പോൾ ഹൃദയത്തെ അയച്ചുവിടും. ജീവിതസായാഹ്നത്തിൽ പണം മാത്രം കൂട്ടിനുളള ഇട്ടിച്ചന് ഒരു ഡോക്ടർ സൗഹൃദം ഗുണം ചെയ്യും. സംരക്ഷണവും. ആശുപത്രിയിലെ ജീവനക്കാരെയെല്ലാം സ്വന്തം കുടുംബാംഗങ്ങളെ പോലെ കാണുന്നയാളാണ് അദ്ദേഹം. പ്രാർത്ഥനകളിൽ പങ്കെടുക്കും. നിർധന കുടുംബങ്ങൾക്ക്, രോഗികൾക്ക് അങ്ങനെ പണം ആവശ്യമുളളവർക്ക് ദാനം ചെയ്യും. ഭാര്യ മരിച്ചതിനുശേഷം കഴിഞ്ഞ പത്തു വർഷമായി ഒറ്റക്കാണ് താമസം. രണ്ടു പെൺമക്കളുണ്ട്. ഭർത്താക്കൻമാരോടൊപ്പം വിദേശത്താണു താമസം. അവരുമായി വലിയ ബന്ധമൊന്നുമില്ല. പണത്തിന് ആവശ്യമില്ലാത്തവരാണ് ചുരുക്കിപ്പറഞ്ഞാൽ അവരൊക്കെ.

'നമുക്ക് ആത്മബന്ധങ്ങൾ നിലനിർത്താൻ പണം തികയാതെ വരുന്നു. പണമുളളവന് ആത്മബന്ധങ്ങൾ ഇല്ലാതാനും'- ചാക്കു കണക്കിന് പണം സേഫിലാക്കി സൂക്ഷിച്ചിരിക്കുകയാണ് ആ വീട്ടിൽ. ഒരു താക്കോൽ ഇട്ടിച്ചന്റെ കൈയിലാണ്. മറ്റൊന്ന് എനിക്കു കൈമാറുന്നതിനിടയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

'വേണ്ടവർക്ക് വേണ്ടതു പോലെ കൊടുക്കാൻ ഡോക്ടർക്കറിയാം. അവസാന വിളി എന്റെ കാതിൽ മുഴങ്ങിയാൽ പിന്നീടുളള തീരുമാനങ്ങളെല്ലാം ഡോക്ടറുടേതാണ്. ഡോക്ടറുടേതു മാത്രം'- അദ്ദേഹം മുഖം തരാതെ പറഞ്ഞത് ഓർമ്മ വന്നു.

ഡോ. പാർഥൻ വന്നതിനു ശേഷം ഇട്ടിച്ചന്റെ വിളി കുറഞ്ഞു. പുതിയ ആത്മബന്ധം ഉടലെടുക്കുന്നതിൽ ഞാൻ സന്തോഷിച്ചു. ഡോക്ടർക്ക് പ്രാരബ്ധങ്ങളുണ്ട്, മോഹങ്ങളുണ്ട്; പലവിധ രോഗങ്ങൾ അലട്ടികൊണ്ടിരിക്കുന്ന ഇട്ടിച്ചന് സൗഹൃദം ആത്മവിശ്വാസം ന കിയിട്ടുണ്ടാവണം.

നഗരത്തിലെ ഏറ്റവും നല്ല വിദ്യാലയത്തിൽ കുഞ്ഞുങ്ങളെ വിടണം. നാൽപ്പതിനായിരത്തിൽ കുറവ് ഡൊണേഷനുളള സ്വകാര്യ സ്കൂളുകളില്ല- സ്വന്തം നാട് വെറും ഓർമ്മയായി അവശേഷിക്കുന്ന അയാൾക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ ബുദ്ധിമുട്ടാണ്. ശുപാർശകൾക്ക് ഈ നാട്ടിൽ ആരെയും പരിചയമുണ്ടാവില്ല. ഇട്ടിച്ചൻ എല്ലാം വേണ്ടപോലെ ചെയ്തു സഹായിച്ചു.

'അവിടങ്ങളിൽ കുഞ്ഞുങ്ങളെ ചേർത്താൽ പിന്നെ ബെൻസ് അല്ലെങ്കിൽ ബി.എം.ഡബ്ലിയു. അതില്ലാതെ പറ്റില്ല' - വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. എത്രപണം കിട്ടിയാലും തികയാത്ത ആഗ്രഹങ്ങൾ........ കൂടെയുളളതോ ഖജനാവിന് ഓട്ടതുളക്കുന്ന അമ്മയും ഭാര്യയും.

പാർഥന് കൊച്ചിയിൽ മെഡിക്കൽ സംബന്ധമായ മീറ്റിങ്ങിന് എട്ടുമണിക്ക് എത്തണമെന്നും വൈകുന്നേരം പുറപ്പെടുമെന്ന് സിസ്റ്റർ മുന്നറിയിപ്പു തന്നു. രാത്രി വരുന്ന രോഗികളെ കാണേണ്ട ചുമതലയുണ്ട്. ഉറക്കത്തിലേക്ക് വഴുതി വീഴാതെ രാവിലെ വരെ പിടിച്ചു നിൽക്കണം.

ആകാശം ചുവന്ന് ഇരുണ്ടരാത്രി. കിഴക്കോട്ട് തുറന്നിടാവുന്ന ജാലകത്തിലൂടെ ഞാൻ നക്ഷത്രങ്ങളെ തിരഞ്ഞു. പ്രധാന കവാടത്തിൽ നിന്ന് അൽപം മാറി ഒറ്റയടിപ്പാതയുണ്ട്. നിഴലിനോടു മാത്രം കൂട്ടുകൂടിയുളള ആ രാത്രിനടത്തം ഞാനും കൂടി കാണുന്നുണ്ടെന്ന് അയാൾ അറിഞ്ഞിട്ടുണ്ടാവില്ല. ഞാനേ കണ്ടുളളൂ, ഞാൻ മാത്രം.....

കാഴ്ചയുംകണ്ട് എന്തൊക്കെയോ ചിന്തിച്ച് നേരം പുലർന്നതറിഞ്ഞില്ല. അത്യാഹിത വിഭാഗത്തിൽ നിന്നും ഡ്യൂട്ടിഡോക്ടറുടെ മുറിയിലേക്കു കണക്ഷൻഫോണുണ്ട്. അത് തുടരെത്തുടരെ അങ്ങനെ അടിച്ച് എന്റെ ചിന്തകൾക്കു കടിഞ്ഞാണിട്ടു. 'ഒരു മരണം ഉണ്ട്. ഡോക്ടർ റെഡിയായിക്കോ .സുനില് ഇപ്പോ എത്തും'- വാക്കുകൾ വിറകൊണ്ടു.

അയൽപക്കങ്ങളിൽ മരണങ്ങൾ വല്ലതും നടന്നിട്ടുണ്ടെങ്കിൽ അതുറപ്പിക്കാൻ വീടുകളിൽ പോവേണ്ടിവരും. ആശുപത്രികളിലല്ലാതെ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ പോസ്റ്റ് മോർട്ടം ചെയ്യണം. അതാണ് നിയമം. അവിടെ ജോലിക്കു കയറിയതിനു ശേഷം നാലു പ്രാവശ്യം പോയിട്ടുണ്ട.് പാർഥൻ വന്നതിനു ശേഷം ഇത്തരം കാര്യങ്ങൾക്ക് അയാൾ പോവുക വലിയ ആശ്വാസമാണ്.

ഞങ്ങൾ ആംബുലൻസിൽകയറി ഇ.സി.ജി. മെഷിനും കൊണ്ടിരിക്കുന്ന സിസ്റ്ററുടെ മ്ലാനത.

'നമ്മുടെ ഇട്ടിച്ചന്റെ കാര്യത്തിൽ ഒരു തീരുമാനമായെന്നാണ് തോന്നുന്നത്.' വണ്ടി ബംഗ്ലാവിനു മുൻപിലെത്തി. ജോലിക്കാരൻ വിതുമ്പലോടെ പറഞ്ഞു. 'പോയി ഡോക്ടറെ. രാവിലെ ഞാൻ വന്നപ്പോൾ കതകു ചാരിക്കിടപ്പുണ്ട്. വിളിച്ചപ്പോൾ മിണ്ടാട്ടമില്ല.'

സിസ്റ്റർ ഇ.സി.ജി. മെഷിൻ കണക്ടു ചെയ്തു. ധനികന്റെതായാലും ദരിദ്രന്റെതായാലും മരണത്തിന് ഒരൊറ്റ രേഖയേയുളളൂ.

'വേണ്ടപ്പെട്ടവരെ അറിയിക്കാൻ ഇട്ടിച്ചൻ എന്നെ ഏൽപ്പിച്ച സേഫിന്റെ താക്കോൽ കൈയ്യിൽ കരുതിയിരുന്നു. സർവ്വതും അപഹരിക്കുവാൻ വീടുകുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവിന്റെ ചങ്കിടിപ്പോടെ സേഫ് തുറന്നു. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അത് കാലിയായിരുന്നു. കിടുകിടാ വിറയ്ക്കുന്നകൈകളോടെ അതുപൂട്ടി. അടയാളപ്പെടുത്താനാവാത്ത ഏതോ ഒരു അസഹ്യ വികാരം.... ജാലകത്തിലൂടെ സൂര്യപ്രകാശം അകത്ത് വെളിച്ചം പതിപ്പിച്ചിരിക്കുന്നു. ഒളിക്കാൻ ഒത്തിരി ഇരുട്ട്. ആരും കാണാതെ മുഖം പൊത്തി ചുരുണ്ടുകൂടാൻഇത്തിരി തണുപ്പ്..... ആഗ്രഹിച്ചുപോയി. യാന്ത്രികമായ ഒരാത്മഗതത്തോടെ സിസ്റ്ററോടു പറഞ്ഞു- 'പോസ്റ്റുമോർട്ടം നടത്തണം'.
'അതിനു പിളേളരു സമ്മതിക്കണ്ടേ ഡോക്ടറെ. അവർക്ക് ഇതേചൊല്ലി കളയാൻ സമയമില്ലത്രേ....... ബാക്കി കാര്യങ്ങൾ നമ്മളോട് തീരുമാനിച്ചോളാനാപറയണെ.' - വലിയ അദ്ഭുതമൊന്നുമില്ലാതെ സിസ്റ്റർ വാക്കുകൾ മുഴുവിപ്പിച്ചു.

സമയത്തിനു വിലയുണ്ട്. ലാഭത്തിലവസാനിക്കാത്ത ബാധ്യതകൾ ചിലർക്ക് താങ്ങാനാവാത്ത ഭാരമാണ്. അത്തരക്കാർ വർത്തമാനകാല ജീവിതത്തിൽ മുഴുകി ജീവിക്കട്ടെ. അവർ ഗൃഹാതുരത്വത്തിന്റെയോ ആഢ്യത്വത്തിന്റെയോ സാമൂഹിക മൂല്യങ്ങളെയോ പറ്റി സംസാരിച്ച് പിടിവാശിയ്ക്ക് നിൽക്കേണ്ട.

'ആചാരപ്രകാരം മറവുചെയ്യാനുളള ഒരുക്കങ്ങൾ ചെയ്തോളൂ'- ആംബുലൻസിൽ കയറിയതോ തിരിച്ച് ആശുപത്രിയിലെത്തിയതോ അറിഞ്ഞില്ല. ഡ്രെവർ വണ്ടി തുറന്നു. ലോകവുമായുളള ബന്ധവിച്ഛേദനത്തിൽ നിന്ന് പുറത്തുവന്നു. സഹപ്രവർത്തകൻ അത്യാഹിത വിഭാഗത്തിലുണ്ട്.

നിസ്സംഗതയോടെയെങ്കിലും കണ്ണുറപ്പുളള ഒരു നോട്ടം അയാൾക്കു നേരെ പായിച്ചിട്ട് മുറിയിലേക്കു നടന്നു. ഒരു രാത്രിയിൽ കൈവിട്ടുപോയ എന്റെ പേനയുടെ തിരച്ചിലാരംഭിച്ചു. പാതിവഴിയിൽ നിലച്ച കഥാസന്ദർഭത്തെ വീണ്ടെടുക്കണം. ഓർമ്മയിൽ നിന്ന് നിഷ്ക്രമിച്ച അക്ഷരങ്ങൾ അവശേഷിപ്പിക്കണം. അവഅനാഥപ്പെടാനുളളതല്ല. അതിനു പാർഥനെ കാണണം. പാർഥനേ സാധിക്കൂ. അമ്മയുടെ ആവശ്യങ്ങൾക്കും ഭാര്യയുടെ വജ്രത്തിളക്കമുളള സമ്മാനവും കുഞ്ഞുങ്ങൾക്ക് ഉന്നത വിദ്യഭ്യാസവും സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കാനും തയ്യാറെടുക്കുന്ന പാർഥന്. പാർഥന് മാത്രം.

Content Highlights:Arogyasmitham, Dr Smitha Menon shares her memories, Health