ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍മാര്‍ എഴുതുന്നു.. 'ഹോസ്പിറ്റല്‍ ഡയറീസ്..'

രുപത്തിയഞ്ച് വയസ്സിനിടയ്ക്ക് ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്,അമ്മയും സഹോദരിയും കൂട്ടുകാരിയും അധ്യാപികയും ഒക്കെ ഒരുപാട് റോളുകള്‍. പക്ഷേ ഞാന്‍ പറയാന്‍ പോകുന്നത് മറ്റൊരു സ്ത്രീയെ കുറിച്ചാണ്. എന്തുകൊണ്ട്  അവര്‍ ഇപ്പോഴും മനസ്സില്‍ നിന്ന് പോയിട്ടില്ല എന്ന് ചോദിച്ചാല്‍ മറുപടി എനിക്ക് അറിയില്ല.

ഹൗസ് സര്‍ജന്‍സി സമയത്ത് മെഡിസിന്‍ പോസ്റ്റിംഗ് സമയത്താണ് ഒരു ദിവസം ഒ.പിയില്‍ നിന്ന് വാര്‍ഡിലേക്ക് ഒരു 40 വയസുള്ള ചേട്ടന്‍ അഡ്മിറ്റ് ആയത്. കൂടെ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു കൂട്ടിന്. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ഗുജറാത്തിലും ഉത്തരേന്ത്യയിലും ആയി ജീവിതം കെട്ടിപ്പടുത്ത ഒരു സാധാരണ കുടുംബം.

4-5 മാസം ആയി വിട്ടു മാറാത്ത ചുമയും ശ്വാസം മുട്ടലും ഇടക്ക് ഉള്ള പനിയും ക്ഷീണവും ആണ് പ്രശ്‌നങ്ങള്‍. ക്ഷയരോഗം ആണ് ആദ്യം സംശയിച്ചത് എങ്കിലും എക്‌സ്‌റേ പരിശോധനയിലും കഫപരിശോധനയിലും അതുറപ്പിക്കാന്‍ ആവുന്ന ഒന്നും ഇല്ലായിരുന്നു.HRCT (High Resolution CT), ക്യാന്‍സര്‍ പരിശോധന തുടങ്ങി അതി നൂതനമായ പരിശോധനകള്‍ നടത്തി എങ്കിലും ഒരു ഡയഗ്‌നോസിസ് മാത്രം അകന്നു നിന്നു. ഒടുവില്‍ നിരാശരായി അവര്‍ ഡിസ്ചാര്‍ജ് ആവശ്യപെട്ടു യൂണിറ്റ് ഹെഡ് സുകുമാരന്‍ സാര്‍ HIV പരിശോധനയ്ക്കുള്ള രക്തം എടുത്ത് വിട്ടിട്ട്  പിന്നീട് ഒ.പിയില്‍ വന്നു കണ്ടാല്‍ മതി എന്ന് നിര്‍ദേശം കൊടുത്തു അവരെ പറഞ്ഞു വിട്ടു. HIV പരിശോധനയ്ക്ക് രക്തം എടുക്കാന്‍സമ്മതം ഒപ്പിട്ട് വാങ്ങുമ്പോള്‍ അസാധാരണമായി ഒന്നും ഞാന്‍ ആ മുഖത്ത് കണ്ടില്ല.

അങ്ങനെ 4-5 ദിവസങ്ങള്‍ക്ക് ശേഷം ഇതെല്ലാം മറന്നു മറ്റു ജോലികളില്‍ മുഴുകി ഇരിക്കുമ്പോള്‍ മെഡിസിന്‍ ഓഫീസിലേക്ക് 'Highly Confidential' എന്ന് എഴുതിയ ഒരു റിപ്പോര്‍ട്ട് ലാബില്‍ നിന്നും വന്നു. അദ്ദേഹത്തിന്റെ HIV പരിശോധന പോസിറ്റീവ് ആയി റിപ്പോര്‍ട്ട് വന്നിരിക്കുന്നു.

അദ്ദേഹത്തിന്റെ നമ്പര്‍ ഫയലില്‍ നിന്നും തപ്പി എടുത്ത്, ഏറ്റവും അടുത്ത ദിവസം തന്നെ ഒ.പിയില്‍ വരണം എന്ന് അറിയിക്കാന്‍ ഉള്ള ഡ്യൂട്ടി യൂണിറ്റ് ഹെഡ് എന്നെയാണ് ഏല്‍പ്പിച്ചത്. ഞാന്‍ വിളിച്ചു,  പുരുഷ ശബ്ദം കേട്ടപ്പോള്‍ അടുത്ത ദിവസം തന്നെ ഒപി വരെ ഒന്ന് വരണം എന്ന് ആവശ്യപ്പെട്ടു. ഒരു നിമിഷത്തെ അങ്കലാപ്പില്‍ പുള്ളി ചോദിച്ചു'ഡോക്ടര്‍ എന്തെങ്കിലും കുഴപ്പം?'. 'ഇല്ല'. ഞാന്‍ നുണ പറഞ്ഞു.

അവര്‍ ഒ.പിയില്‍ വന്ന ഉടന്‍ തന്നെ എന്നെ വിളിച്ചു. ഞാന്‍ ക്യൂ തെറ്റിച്ചു അവരെ സുകുമാരന്‍ സാറിന്റെ അടുത്ത് എത്തിച്ചു. ഭാര്യ പുറത്ത് ഇരിക്കൂ എന്ന് സാര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തോട് ആയി ഈ രോഗം വരാന്‍ ഉള്ള എല്ലാ സാധ്യതകളും സുകുമാരന്‍ സാര്‍ ചോദിച്ചെങ്കിലും അദ്ദേഹം എല്ലാം നിഷേധിച്ചു. ഒടുവില്‍ സാര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് പറഞ്ഞു കൊടുത്തു. ഒരു തരം നിര്‍വികാരതയോടെ താഴേക്ക് മാത്രം നോക്കി ഇരുന്ന അദ്ദേഹം ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഒരു അപേക്ഷ വെച്ചു. ദയവു ചെയ്ത് ഈ വിവരം ഭാര്യയും മക്കളും അറിയരുത് എന്ന്..!

പക്ഷേ ഒരിക്കലും അത് പറയാതെ പറ്റില്ല. കാരണം ഭര്‍ത്താവില്‍ നിന്ന് ഭാര്യക്ക് പകരാന്‍ ഒരുപാട് സാധ്യത ഉള്ളതും ഈ സമയം കൊണ്ട് തന്നെ ഒരുപക്ഷെ അവര്‍ക്ക് പകര്‍ന്ന് കഴിഞ്ഞിരിക്കും എന്നുള്ളത് കൊണ്ടും ഭാര്യയോട് പറയാതെ വേറെ വഴി ഇല്ല. ഭാര്യയെ വിളിച്ചു, അവരോടും ഈ കാര്യം പറഞ്ഞു. അവര്‍ക്കും രക്ത പരിശോധന നടത്തണം എന്നും സാര്‍ സൂചിപ്പിച്ചു.

ഇനിയാണ് എന്നെ ഞെട്ടിച്ച ആ സ്ത്രീയുടെ പെരുമാറ്റം ഉണ്ടായത്. കേട്ട ഷോക്കില്‍ വന്ന രണ്ടു തുള്ളി കണ്ണുനീര്‍ വേഗം തുടച്ചു കളഞ്ഞു അവര്‍ പറയുവാന്‍ തുടങ്ങി. ' എനിക്ക് എന്റെ ഭര്‍ത്താവിനെ ഒരുപാട് വിശ്വാസമാണ്. ഒരിക്കലും അദ്ദേഹം വേറെ വഴിയില്‍ പോയിട്ടില്ല. പണ്ട് എപ്പോഴോ എടുത്ത കുത്തിവെപ്പ് വഴിയോ 10 കൊല്ലം മുന്നേ രക്തം സ്വീകരിച്ചത് വഴിയോ ആവാം ഇങ്ങനെ വന്നത്'.

ഭര്‍ത്താവിന്റെ കയ്യില്‍ മുറുകെ പിടിച്ചു പിന്നെയും പിന്നെയും അവര്‍ അത് ആവര്‍ത്തിച്ചു. പിന്നെ അവര്‍ കരഞ്ഞില്ല.  ഈ സമയം കൊണ്ട് തനിക്ക് രോഗം വന്നിരിക്കാം എന്നത് പോലും മറന്നു അടിസ്ഥാന വിദ്യാഭ്യാസം മാത്രം ഉള്ള അവര്‍ ആ സമയത്ത് ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി അവര്‍ പറഞ്ഞ ഈ ഡയലോഗ്.. എന്റെ മനസ്സില്‍ ഞാന്‍ നേരത്തെക്കൂട്ടി ഭാവനയില്‍ കണ്ട സീനുകള്‍ എല്ലാം തെറ്റിക്കുന്ന തരത്തിലുള്ളതായിരുന്നു. ഏറെ നേരത്തിനു ശേഷം എയ്ഡ്‌സ് തുടര്‍ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ്  ലക്ഷ്യമാക്കി ഒ.പി വിട്ട് ഇറങ്ങുമ്പോഴും അവര്‍ ആ  കൈകള്‍ ഒരുമിച്ച് തന്നെ കൂട്ടിപ്പിടിച്ചിരുന്നു. 

എല്ലാ സ്ത്രീകളും ഇത് പോലെ ആണോ എനിക്ക് അറിയില്ല, പക്ഷേ ഇവര്‍ കാണിച്ച ആ ധൈര്യം, മനോബലം അത് എന്നും ആ മുഖം എന്റെ മനസ്സില്‍ മായാതെ നിര്‍ത്തുന്നു.

Content Highlight: Hospital stories of a doctor