അമ്മയുടെ കൈയിൽ തൂങ്ങി ആദ്യ തീവണ്ടിയാത്ര; ഓർമകളെല്ലാം മനസ്സിൽ തെളിയിച്ച വന്ദേഭാരത് | സ്നേഹഗംഗ


By ഡോ. വി.പി. ഗംഗാധരൻ

4 min read
Read later
Print
Share

ഡോ.വി.പി.ഗംഗാധരൻ

തീവണ്ടിയും തീവണ്ടി യാത്രകളും എനിക്ക് എന്നും ഹരമായിരുന്നു. വർഷത്തിൽ രണ്ടു പ്രാവശ്യം പുതുക്കി പ്രസിദ്ധീകരിച്ചിരുന്ന തീവണ്ടികളുടെ സമയവിവരപ്പട്ടിക കുട്ടിക്കാലത്ത് ഞാൻ പൂർണമായും വായിക്കാറുണ്ടായിരുന്നു. നല്ല ഇഷ്ടത്തോടെ തന്നെ. ജീവിതത്തിൽ എന്താകണം എന്ന ചോദ്യത്തിന് എനിക്ക് അന്നൊക്കെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - തീവണ്ടിയിലെ ഗാർഡ് ആകണം. ഓർമവെച്ച നാൾ മുതൽ തുടങ്ങിയ തീവണ്ടിയാത്രകൾ. വന്ദേഭാരത് എന്ന പുതിയ തീവണ്ടിയെക്കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോൾ ആ രംഗങ്ങളെല്ലാം ഇന്നലെയന്നോണം മനസ്സിൽ വീണ്ടും തെളിഞ്ഞു .

അമ്മയുടെ കൈയിൽ തൂങ്ങിയുള്ള അഞ്ചു വയസ്സുകാരൻ ഗംഗയുടെ തീവണ്ടിയാത്രകൾ എങ്ങനെയാണ് മറക്കാനാവുക! അച്ഛൻ, അമ്മ, മണിച്ചേട്ടൻ, ബാലച്ചേട്ടൻ, ചേച്ചി... അവരുടെ കൂടെ ഗംഗയും എന്നു പറയുന്നതാണ് എനിക്കിഷ്ടം. തിരുപ്പൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കും തിരികെയുമാണ് ഭൂരിഭാഗം യാത്രകളും. തിരുപ്പൂരിൽ നിന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന യാത്ര അവസാനിക്കുക രാവിലെ ഏഴര, എട്ട് മണിയോടെ ഇരിങ്ങാലക്കുടയിൽ എത്തുമ്പോളായിരിക്കും. അക്ഷരാർഥത്തിൽത്തന്നെ കൂകൂ കൂകൂ... കൂവുന്ന തീവണ്ടി. കരിവണ്ടി.

വണ്ടിയിറങ്ങുമ്പോൾ ഉറക്കച്ചടവിൽ മയങ്ങിയ കണ്ണുകൾ. പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ കണ്ണുകളിൽ പതിയുന്ന കരിക്കഷണങ്ങൾ മൂലം കണ്ണു രണ്ടും ചെമന്ന് വീങ്ങിയിരിക്കും. ‌തീവണ്ടിക്കുള്ളിലെ ഇരിപ്പിടങ്ങൾ പലകകൾ കൊണ്ടു തീർത്തതാണ്. അവയ്ക്കിടയിൽ യഥേഷ്ടം വിഹരിക്കുന്ന മൂട്ടകൾ. ആ മൂട്ടകളുടെ കടിയേറ്റ് പൃഷ്ഠവും വീങ്ങിയിരിക്കും. ദുരിതപൂർണമെന്ന് ഉറപ്പായും പറയാവുന്ന ഈ യാത്രകളെല്ലാം സന്തോഷപൂർണമാക്കുന്നത് അമ്മയുടെ കൈകൊണ്ടു വിളമ്പിത്തരുന്ന തൈരുസാതവും ദോശയും ഇഡ്ഡലിയും ചമ്മന്തിയുമൊക്കെയാണ്. തീവണ്ടിയാത്രയ്ക്കിടയിലെ ആ ഭക്ഷണത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾപോലും വായിൽ വെള്ളമൂറും.

Also Read

വേഷങ്ങൾ... ജന്മങ്ങൾ... ജീവിക്കാനുള്ള തത്രപ്പാടിനിടയിൽ ...

'ങ്ങളെ പോലൊരുമ്മ ഇനി ഈ ജന്മം നിക്ക്ണ്ടായിനെങ്കിൽ, ...

അന്നും ഇന്നും ഗോപാലനു മുന്നിൽ വെക്കാൻ ആ ...

'ഭാനുവേട്ടൻ അലറി; എനിക്ക് ആരോടും ഒന്നും ...

പഴയ തീവണ്ടി എൻജിനുകൾക്കു പകരം അതിവേഗത്തിലോടുന്ന, അധിക ശക്തിയുള്ള കനേഡിയൻ എൻജിനുകൾ വരുന്നു- സന്തോഷത്തോടെയാണ് അന്ന് ആ വാർത്ത വായിച്ചത്. കൂർത്ത മുഖവും മുഖത്ത് ഒരു വലിയ നക്ഷത്രവും നടുവിൽ അതിവെളിച്ചമാർന്ന ബൾബുമായി ഓടിയെത്തുന്ന കനേഡിയൻ എൻജിൻ ഘടിപ്പിച്ച നീലഗിരി എക്‌സ്പ്രസ് കാണാൻ തിരുപ്പൂർ സ്റ്റേഷനടുത്തുള്ള പാലത്തിൽ ഞാൻ എത്രയോ മണിക്കൂറുകളാണ് കാത്തിരുന്നിട്ടുള്ളത്. കൂട്ടിന് എന്നും ബാലച്ചേട്ടനുമുണ്ടായിരുന്നു. കുറച്ചു മാസങ്ങൾക്കു ശേഷമാണ് അത്തരം എൻജിൻ ഘടിപ്പിച്ച കൊച്ചിൻ എക്‌സ്പ്രസിൽ ഇരിങ്ങാലക്കുടയിൽ നിന്ന് തിരുപ്പൂരിലേക്ക് യാത്ര ചെയ്യാൻ അവസരം കിട്ടിയത്. അന്ന് അതിൽ, പുറത്തേക്കു നോക്കിയിരിക്കുമ്പോൾ മനസ്സിൽ ഒരു അഹന്ത! സാധാരണ എൻജിൻ ഘടിപ്പിച്ച് എതിരേ കടന്നു പോകുന്ന തീവണ്ടികളിലെ യാത്രക്കാരോട് ഒരു തരം പുച്ഛം! വാളയാർ സ്റ്റേഷനൊക്കെ അതിവേഗം പിന്നിടുമ്പോൾ മനസ്സിലോർത്തു പഴയ എൻജിൻ കിതച്ചു കിതച്ചു കയറ്റം കയറാനാവാതെ എത്രയോ വട്ടം പിറകിലോട്ട് പോയിരുന്നു. കനേഡിയൻ എൻജിൻ അത്യുഗ്രൻ! മനസ്സിൽ അത് കുറിച്ചിട്ടു.

അധികം വൈകാതെ ആ പഴയ ഗംഗ കോളേജ്കുമാരനായി. വീട്ടുകാരൊത്ത് നടയിത്തിരുന്ന യാത്രകൾ ഏറെയും കൂട്ടുകാരൊത്തായി. എത്രയോ വട്ടം തിരുപ്പൂരിൽ നിന്ന് തീവണ്ടിയിൽ കയറിപ്പറ്റാനാകാതെ വീട്ടിലേക്ക് തിരികെപ്പോയിരിക്കുന്നു. തിക്കിലും തിരക്കിലും പെട്ട് തൂങ്ങിക്കിടന്നുള്ള യാത്രകൾ. നിലത്ത് പേപ്പർ വിരിച്ച്, യാത്രക്കാരുടെയൊക്കെ ചവിട്ടുകളുമേറ്റ് സുഖമായി ഉറങ്ങിയിട്ടുള്ള തീവണ്ടി യാത്രകൾ. ദുർഗന്ധം വമിക്കുന്ന കക്കൂസ് മുറികൾക്കു മുൻപിൽ കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞ് നിന്നും ഇരുന്നുമുള്ള യാത്രകൾ... അത് തുടർന്നു കൊണ്ടേയിരുന്നു.

ദീർഘദൂര യാത്രകൾ ആരംഭിക്കുന്നത് ഡൽഹിയിലെ പഠന കാലത്താണ്. അപ്പോഴേക്കും കരി എൻജിനുകൾ ഡീസൽ എൻജിനുകൾക്ക് വഴിമാറിക്കഴിഞ്ഞിരുന്നു. രണ്ടു മൂന്നു ദിവസം രാപകലില്ലാതെയുള്ള തീവണ്ടി യാത്രകൾ. ഇരിപ്പിടങ്ങളിൽ പലകകളുടെ സ്ഥാനത്ത് മെത്തകൾ. കാലേ കൂട്ടി റിസർവ് ചെയ്ത് സൗകര്യമായി യാത്ര ചെയ്യാനുള്ള അവസരങ്ങൾ തീവണ്ടികളിൽത്തന്നെ ഭക്ഷണം പാകം ചെയ്തു തരുന്ന സംവിധാനങ്ങൾ. തീവണ്ടിയാത്രകൾ ക്രമേണ സൗകര്യപൂർണമായി എക്കാലത്തും. ശീതീകരിച്ച കോച്ചുകൾ അക്കാലത്ത് വിരളമായിരുന്നു. അതിന്റെ ചെലവ് താങ്ങാൻ ശേഷിയുള്ളവരും കുറവായിരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലും മറ്റും കൊടുംചൂടിൽ ആന്ധ്രയിലൂടെയൊക്കെയുള്ള യാത്ര അങ്ങേയറ്റം ദുരിതപൂർണമായിരുന്നു. തോർത്തു നനച്ച് ദേഹത്തുപുതച്ചാണ് ചൂടിനെ നേരിട്ടിരുന്നത്. റിസർവേഷൻ കിട്ടണമെങ്കിൽ നേരായ മാർഗത്തിൽ നടക്കില്ലാത്ത കാലമായിരുന്നു അത്. പലവട്ടം പാൻട്രികാറിൽ കിടന്നുറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. പാൻട്രികാറിലെ ജീവനക്കാരോട് ഇപ്പോഴും നന്ദി പറയുന്നു.

ദുർഗന്ധം വമിക്കുന്ന വൃത്തി ഹീനമായ ശൗചാലയങ്ങളായിരുന്നു തീവണ്ടികളിലെല്ലാം തന്നെ. തീവണ്ടിപ്പാതകളിൽ അങ്ങോളമിങ്ങോളം യാത്രക്കാരുടെ മലമൂത്ര വിസർജനങ്ങൾ വിതറിക്കൊണ്ടുള്ള ആ യാത്രകൾക്ക് അവസാനമായിട്ട് പത്തോ ഇരുപതോ കൊല്ലമേ ആയിട്ടുണ്ടാവൂ എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ് ഇപ്പോൾ. രാജ്യമെമ്പാടും തീവണ്ടിപ്പാളങ്ങൾക്കു ചേർന്ന് വൈദ്യുതി ലൈൻ വലിച്ച് വണ്ടികളെല്ലാം വൈദ്യുതഎൻജിനുകളിൽ ഓടിത്തുടങ്ങിയതോടെ ഡീസൽ എൻജിനുകളും വഴിമാറി. ശീതീകരിച്ച തീവണ്ടി മുറികൾ സർവസാധാരണമായി. ശീതീകരിച്ച കമ്പാർട്ടുമെന്റുകൾ മാത്രമുള്ള വണ്ടികളും വന്നു. തീവണ്ടികളുടെ എണ്ണം എത്രയോ കൂടി. അതിവേഗ തീവണ്ടികൾ വന്നു. കൊങ്കൺ പാത പോലുള്ള പുതുപാതകൾ വന്നു. യാത്രാസമയം ഗണ്യമായി കുറഞ്ഞു. തീവണ്ടി യാത്ര രസകരമായ അനുഭവമായി മാറി.

യാത്രക്കാർക്ക് കിടക്കയും തലയണയും കമ്പിളിയും വെള്ളവും ആഹാരവുമൊക്കെ ലഭിക്കുന്ന സ്ഥിതി വന്നു. തീവണ്ടികളുടെ നീളം കൂടി. രൂപഭാവങ്ങൾ മാറി. വേഗം കൂട്ടാൻ പാതകൾ പരിഷ്‌കരിച്ചു. രണ്ടു വരിപ്പാതകൾ വന്നതോടെ എതിർദിശകളിൽ വരുന്ന തീവണ്ടികൾക്ക് കടന്നുപോകാൻ സ്‌റ്റേഷനുകളിൽ കാത്തുകിടക്കുമായിരുന്നതൊക്കെ ഓർമയായി മാറി. നിരന്തരം നവീകരിക്കപ്പെടുന്നുണ്ടായിരുന്നു തീവണ്ടിയാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും. സ്റ്റേഷനുകൾ, പാളങ്ങൾ, വണ്ടികൾ, സൗകര്യങ്ങൾ എല്ലാമെല്ലാം മെച്ചപ്പെട്ടുകൊണ്ടേയിരുന്നു. ജനശതാബ്ദി, രാജധാനി... ഇതാ ഇപ്പോൾ വന്ദേഭാരതും കേരളത്തിൽ ഓടിത്തുടങ്ങിയിരിക്കുന്നു. വർഷങ്ങൾക്കു മുമ്പ് അമേരിക്കയിൽ ഒരു തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്- ഇതു പോലൊരു തീവണ്ടിയാത്ര എന്നായിരിക്കും നമ്മുടെ നാട്ടിലുണ്ടാവുക എന്ന്. അത്തരമൊന്നു തന്നെ ആയിരിക്കണം വന്ദേ ഭാരത്.

പക്ഷേ, തീവണ്ടി യാത്രകൾ നൽകിയിരുന്ന ആ പഴയ ഹരം ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ചായ.. ചാായാ.. കാപ്പി.. കാാപ്പീീ.. വിളികളും പഴംപൊരിയും പരിപ്പുവടയുമൊക്കെ ചുമന്നുള്ള പോർട്ടർമാരുടെ വരവും ഇപ്പോൾ വിരളമായിരിക്കുന്നു. അവരുടെ വരവിൽ ഹരംപിടിക്കുന്ന കുട്ടികളുടെ എണ്ണവും നന്നേ കുറഞ്ഞിരിക്കുന്നു. യാത്രാ സൗഹൃദങ്ങൾ തീരെ ഇല്ലാതായിത്തുടങ്ങി. അടുത്തിരിക്കുന്ന ആൾ എങ്ങോട്ടാണെന്നു പോലും ചോദിക്കില്ലാത്ത സ്ഥിതിയാണ്. എല്ലാവരും അവരവരുടെ മൊബൈൽ ഫോണിലൂടെ തനിക്കു തൊട്ടടുത്തല്ലാത്ത ഒരു കൂട്ടം ആളുകളുമായോ ഒരു മറുലോകവുമായോ വലിയ സംഭാഷണത്തിലും സംവാദത്തിലും ഇടപെടലുകളിലുമായിരിക്കും. അടുത്തടുത്ത് അപരിചിതരായിരുന്നു ഓരോ ലോകങ്ങളിൽ ആണ്ടുമുഴുകിയിരിക്കുന്ന മനുഷ്യർ. തീവണ്ടിയിലെ സൗകര്യങ്ങൾ വിമാനത്തിലേതിനു സമമാകുന്നത് സന്തോഷം തന്നെ. പക്ഷേ, തീവണ്ടിയാത്രകളും വിമാനയാത്രകൾ പോലെ തന്നെ വിരസമാകുന്നത് ദുഃഖകരം തന്നെയാണ്.

Content Highlights: dr vp gangadharan sharing memories of train journeys, vande bharat express

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented