ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
രണ്ടാഴ്ച മുമ്പ് ഒരു ചൊവ്വാഴ്ച കാറില്‍ നിന്നിറങ്ങി ആശുപത്രിയിലേക്ക് കയറാന്‍ തുടങ്ങുകയായിരുന്നു. സാറേ... പിറകില്‍ നിന്ന് ഒരു വിളി കേട്ടാണ് നോക്കിയത്. കൈയില്‍ ഒരു സഞ്ചിയുമായി ഗിരിജ നില്‍ക്കുന്നു. കൂടെ ഭര്‍ത്താവ് രാജനുമുണ്ട്. ഗിരിജയുടെ മുഖത്ത് സാധാരണ കാണാറുള്ള ചിരിയില്ല. ഒരു ചെറിയ ഭീതിയാണുള്ളത്. അവരുടെ അടുത്തേക്ക് ഞാന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും പിന്നിലേക്ക് മാറി. സാര്‍ അടുത്ത് വരണ്ട. ഞങ്ങള്‍ ഇപ്പോള്‍ കോവിഡ് ടെസ്റ്റ് ചെയ്തു. എന്റെ ടെസ്റ്റില്‍ ഒരു ചെറിയ പ്രശ്‌നം. ചേട്ടന് കുഴപ്പമൊന്നുമില്ല. രാജനെ നോക്കി ഗിരിജ പറഞ്ഞു.
ഇിനിയെന്താണ് പ്ലാന്‍? എന്റെ ചോദ്യത്തിന് അവര്‍ക്ക് പെട്ടെന്നൊരു മറുപടി പറയാനുണ്ടായിരുന്നില്ല.
ചേട്ടന്റെ ഇന്നത്തെ കീമോതെറാപ്പി എന്തു ചെയ്യും സാര്‍! ബാക്കിയൊന്നും അത്ര സാരമില്ലായിരുന്നു- ഗിരിജയുടെ ശബ്ദം ഇടറിയിരുന്നു. അതു സാരമില്ല. കീമോതെറാപ്പി നമുക്ക് രണ്ടാഴ്ച മാറ്റിവെക്കാം. അതുവരെ എന്തു വേണമെന്ന് പറയാം. അതല്ല, വീട്ടിലെ കാര്യമാണ് ഞാന്‍ ചോദിച്ചത്. രാജന്റെ മുഖത്ത് നിസ്സഹായതയാണ് തെളിഞ്ഞു നിന്നിരുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികളാണ് രാജനും ഗിരിജയും. ഏക മകന്‍ ജര്‍മനിയിലാണ്. രണ്ടു മാസം മുമ്പ് മകനെ നേരില്‍ കണ്ടത് എനിക്ക് പെട്ടെന്ന് ഓര്‍മ വന്നു. തിരികെ പോകുന്നതിന്റെ തലേ ദിവസം അദ്ദേഹം എന്റെ മുറിയില്‍ വന്ന് തന്റെ ജോലിക്കാര്യത്തെക്കുറിച്ചും അച്ഛന്റെ അസുഖത്തെക്കുറിച്ചും കുറേ നേരം സംസാരിച്ചിരുന്നു. എനിക്ക് തിരികെ പോയേ പറ്റുകയുള്ളൂ സാറേ... ഇനി എന്നാണ് വരാന്‍ പറ്റുക എന്ന് അറിയില്ല. അച്ഛനെ ഞാന്‍ സാറിന്റെ കൈയില്‍ ഏല്പിക്കുകയാണ്. ഞാന്‍ വിളിച്ചോളാം... സാറിനെ ബന്ധപ്പെട്ടോളാം. അയാളുടെ വാക്കുകളില്‍ വേര്‍പാടിന്റെ ദുഃഖം നിഴലിക്കുന്നുണ്ടായിരുന്നു.
തല്‍ക്കാലം ഞങ്ങള്‍ വീട്ടിലേക്ക് പോകാം... അല്ലേ സാറേ.,. ഗിരിജയുടെ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.
അപ്പോള്‍ ആഹാരമൊക്കെ എങ്ങനെയാണ്...
എന്റെ ചോദ്യത്തിന് ഒരു ചിരിയായിരുന്നു ഗിരിജയുടെ മറുപടി. ഞാന്‍ വീട്ടില്‍ ചെന്നിട്ട് ആലോചിച്ചിട്ട് സാറിനെ വിളിക്കാം. ഗിരിജ ആംഗ്യഭാഷയില്‍ യാത്ര പറഞ്ഞു.
ഓ.പി.യില്‍ ഇരിക്കുമ്പോഴും എന്റെ ചിന്ത ഗിരിജയെയും കുറിച്ചായിരുന്നു. മോന്‍ ഒരു മദാമ്മയെ കെട്ടാന്‍ പോകുന്ന കാര്യം ഞാന്‍ സാറിനോട് പറഞ്ഞിരുന്നല്ലോ. കല്യാണം ആര്‍ഭാടമായി നാട്ടില്‍ വെച്ച് നടത്താന്‍ ഞാന്‍ മനസ്സില്‍ തീരുമാനിച്ചിരുന്നതാണ്. നാടന്‍ മട്ടിലുള്ള ഒരു മദാമ്മക്കല്യാണം! കൊറോണ എല്ലാം അട്ടിമറിച്ചു. ഇനിന എന്നാണ്... എന്താണ്.... എങ്ങനെയാണ്... ഒന്നും അറിയില്ല. ആ!... വരുന്നതു പോലെ വരട്ടെ. അല്ലേ സാറേ! എല്ലാം നമ്മള്‍ വിചാരിക്കുന്നതു പോലെയല്ലല്ലോ. കഴിഞ്ഞയാഴ്ച വന്നപ്പോള്‍ ഗിരിജ പങ്കിട്ട കുടുംബവിശേഷങ്ങളാണിതൊക്കെ.
ഉച്ച കഴിഞ്ഞപ്പോഴും വിവരങ്ങളൊന്നും അറിയാത്തതു കൊണ്ട് ഞാന്‍ ഗിരിജയെ വിളിച്ചു. ചേട്ടന്റെ മുറി ഒരുക്കണ്ടേ സാറേ... ഇനി രണ്ടാഴ്ച ഞങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കല്ലേ. അതിന്റെ തിരക്കിലായിരുന്നു സാറേ. അതാ വിളിക്കാന്‍ പറ്റാതിരുന്നത്. ഗിരിജയുടെ ശബ്ദത്തില്‍ അവര്‍ വീണ്ടെടുത്ത ആത്മവിശ്വാസത്തിന്റെ സ്ഫുരണമുണ്ടായിരുന്നു.
ശാപ്പാടിന്റെ കാര്യമൊക്കെ എങ്ങനെ? എന്തെങ്കിലും പ്ലാന്‍ ചെയ്യണോ
ഞാന്‍ ചോദിച്ചു തീരും മുമ്പ് ഗിരിജയുടെ മറുപടി വന്നു- ആ സാറേ... ഉച്ചയ്ക്കത്തേക്കുള്ളത് രാവിലെ തന്നെ തയ്യാറാക്കി വെച്ചിട്ടാണ് ഞങ്ങള്‍ പോന്നത്. രണ്ടു വശത്തുമുള്ള അയല്‍ക്കാര്‍ ഞങ്ങളുടെ കാര്യം അറിഞ്ഞ ഉടനെ തന്നെ ഭക്ഷണവും അത്താഴത്തിനുള്ളതും എത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഉച്ചയൂണ് വാര്‍ഡ് മെംബര്‍ എത്തിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ജനലിലൂടെ ആഹാരം മുറിയില്‍ എത്തിക്കാനുള്ള സംവിധാനവും അവര്‍ ചെയ്തു കഴിഞ്ഞു. പുതിയ ടെക്‌നിക്ക്- ഗിരിജയുടെ ചിരി എനിക്ക് കേള്‍ക്കാമായിരുന്നു. മനസ്സില്‍ സന്തോഷം തോന്നി. അന്യം നിന്നു എന്ന് കരുതിയിരുന്ന അയല്‍പക്ക ബന്ധവും മനുഷ്യത്വവും സഹാനുഭൂതിയുമൊക്കെ തിരികെ കൊണ്ടു വരാന്‍ സഹായിച്ചതിന് ആ വൈറസിനോട് കുറച്ചൊക്കെ നന്ദി പറയണമെന്നും തോന്നി. അണുകുടുംബ രീതികളില്‍ നിന്നു കൂടി നാം വിമുക്തരായെങ്കില്‍ എന്ന് മനസ്സ് ആശിച്ചു.
എന്തു കൊണ്ടാണ് ഇങ്ങനെയൊരു മാറ്റം! മനസ്സ് അപഗ്രഥിക്കാന്‍ തുടങ്ങി. മരണം മുന്നില്‍ കാണുമ്പോള്‍ ജീവിതത്തിന്റെ ഒരു അര്‍ഥശൂന്യത മനസ്സിനെ വേട്ടയാടുമ്പോള്‍, ജാതിമത വ്യത്യാസങ്ങളില്ല. രാഷ്ട്രീയ വൈരങ്ങളില്ല. വിദ്വേഷങ്ങളില്ല. എല്ലാം വെട്ടിപ്പിടക്കണമെന്ന വ്യഗ്രതയുമില്ല. ഒരു നിസ്സംഗതയ്ക്കു ശേഷമുള്ള മനംമാറ്റമായി നല്ലൊരു ദിശയിലേക്ക് മനുഷ്യ മനസ്സുകള്‍ മാറുന്നുവോ? ഇത് താല്‍ക്കാലികമായ ഒരു മാറ്റമല്ലേ? ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ മനസ്സിലുണര്‍ന്നു.
സാമൂഹ്യ അടുക്കളകള്‍, തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍, ഭക്ഷണക്കിറ്റുകളുടെയുള്ളില്‍ അത്യാവശ്യത്തിന് ഉപകരിക്കട്ടെ എന്നു കരുതി പണ കൂടി കെട്ടി നല്‍കുന്ന സാധാരണക്കാരായ വീട്ടമ്മമാര്‍, വഴിയോരത്ത് തളര്‍ന്ന് വീണുറങ്ങുന്നവര്‍ക്ക് ഒരു നേരത്തെ അന്നം നല്‍കുന്നവര്‍, സൗജന്യ ആംബുലന്‍സുകള്‍, പണം വാങ്ങാതെ ഓട്ടോ ഓടിച്ച് മറ്റുള്ളവര്‍ക്കായി അധ്വാനിക്കുന്നവര്‍, സന്മനസ്സുകളുടെ നിര നീണ്ടു നീണ്ടു പോവുകയാണ്.
*********************
ഫോണ്‍ ശബ്ദിക്കുന്നതു കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. ഞാന്‍ നെഗറ്റീവായി സാറേ- ഗിരിജയുടെ വാക്കുകളില്‍ സന്തോഷം. ചേട്ടനും കുഴപ്പമൊന്നുമില്ല. സുഖമായിരിക്കുന്നു. ഒരാഴ്ച കൂടി വിശ്രമിച്ചോളൂ, ആഹാരം ഞങ്ങള്‍ എത്തിച്ചോളാം എന്നാണ് അയല്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. സ്‌നേഹമുള്ള അയല്‍ക്കാര്‍ വലിയൊരു ഭാഗ്യമാണ് അല്ലേ സാറേ! അടുത്ത ആഴ്ച ആശുപത്രിയില്‍ വരാം...ഗിരിജ കണ്‍സള്‍ട്ടേഷനുള്ള തീയതിയും പറഞ്ഞു.
********************************
അങ്കിളേ... ആര്‍ക്കെങ്കിലും എന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കരുത് കേട്ടോ. അങ്കിള്‍ പറഞ്ഞാല്‍ മതി, ഞാന്‍ സാധിക്കുന്നതൊക്കെ ചെയ്തു തരാം. പ്രത്യേകിച്ചും ആഹാരത്തിന്റെ കാര്യത്തില്‍. ഇഡ്ഡ്‌ലിയോ ദോശയോ ഊണോ... എന്താണെങ്കിലും കുഴപ്പമില്ല. കോളേജ് വിദ്യാര്‍ഥിനിയായ നിരഞ്ജനയുടെ വാക്കുകളാണിത്.
ഈ മഹാമാരിയുടെ കാലത്ത് ഞാന്‍ ആര്‍ക്കും ഒന്നും ചെയ്തു കൊടുക്കുന്നില്ലല്ലോ എന്ന നിരാശയാണ്ട് മനസ്സില്‍ - ബീനയുടെ വാക്കുകളാണ്. ആരെയും സഹായിക്കാന്‍ കഴിയാത്തതില്‍ കുറ്റബോധമുള്ളതു പോലെയാണ് ബീനയുടെ ശബ്ദം.
ബീന കാന്‍സര്‍ രോഗികള്‍ക്കായി ഈ സമയത്തും ധാരാളം സഹായം ചെയ്യുന്നുണ്ടല്ലോ-ഞാന്‍ ബീനയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അതല്ല സാറേ... ഇക്കഴിഞ്ഞ ദിവസം ഇടവകയിലെ പല കുടുംബങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍... നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യണം സാറേ! ഏതെങ്കിലും തരത്തില്‍ അവരെ സഹായിക്കണം... കഴിയുന്നതു പോലെ... എന്തോ നിശ്ചയിച്ചുറപ്പിച്ച മട്ടില്‍ ബീന പറഞ്ഞു,.
എത്ര നാളായി മക്കളേ, നിങ്ങളെയൊക്കെ കണ്ടിട്ട്... ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തുടര്‍ പരിശോധനയ്ക്കായി വന്ന ത്രേസ്യാമ്മ ഓടി വന്ന് ഞങ്ങളുടെ കൈപിടിച്ച് മുത്തമിട്ടു കൊണ്ടിരുന്നു. ഇത് നിങ്ങള്‍ക്കുള്ള ചക്ക ഉപ്പേരി- അവര്‍ കവര്‍ വെച്ചു നീട്ടി. ഒരു വര്‍ഷമായി മക്കളേ ഞാന്‍ പുറം ലോകം കണ്ടിട്ട്. വീടിനു പുറത്തിറങ്ങാന്‍ ഇവള്‍ സമ്മതിക്കില്ല. കൂടെ വന്ന മകളെ ചൂണ്ടി ത്രേസ്യാമ്മ പറഞ്ഞു. ഇതെന്തൊരു ജീവിതമാ മക്കളേ... ഇനി എന്നാ പഴയതു പോലെയാവുന്നേ... അവര്‍ സങ്കടത്തോടെ ചോദിച്ചു.
പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞു വന്നത് റൂബന്റെ രൂപമാണ്. അമ്മ രക്ഷപ്പെടുമോ സാറേ... ഞാന്‍ ചികില്‍സയെക്കുറിച്ച് വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റൂബന്‍ ചോദിച്ചത്. ഞാന്‍ ചായക്കട നടത്തുകയാണ് സാറേ. ഇപ്പോഴത്തെ സ്ഥിതി സാറിനറിയാമല്ലോ. എങ്ങനെയെങ്കിലും അമ്മയ്ക്ക് എല്ലാ ചികില്‍സയും കൊടുക്കണം സാറേ. അതിനുള്ള വഴി ഞാന്‍ എങ്ങനെയെങ്കിലും കണ്ടെത്തിക്കോളാം സാറേ. അനിയത്തിയുടെ വിവാഹം ഒക്ടോബറിലാണ്. അതുവരെയെങ്കിലും അമ്മ... ഞാന്‍ അവനെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമായിരുന്നു. ഇങ്ങനെ എത്രയെത്ര റൂബന്മാര്‍ നെഞ്ചു പൊട്ടി കരയുന്നുണ്ടാകുമെന്ന ചിന്തയായിരുന്നു അപ്പോള്‍ മനസ്സില്‍.
അടുത്ത ദിവസം പതിവിലും നേരത്തേ ഉറക്കമുണര്‍ന്നു. ടെറസില്‍ പതിവു നടത്തം തുടരുമ്പോള്‍ മുറ്റത്തെ മാവില്‍ ഓടിക്കളിക്കുന്ന അണ്ണാന്‍ കുഞ്ഞുങ്ങളും വലിയ അണ്ണാനും ശ്രദ്ധ പിടിച്ചെടുത്തു. താഴെ റോഡിലൂടെ രണ്ട് കീരിക്കുഞ്ഞുങ്ങളും അമ്മക്കീരിയും ഓടിപ്പോകുന്നുണ്ടായിരുന്നു. മുറ്റത്തിന്റെ കോണില്‍ രണ്ടു പൂച്ചക്കുഞ്ഞുങ്ങള്‍ക്കൊപ്പം ഉരുണ്ടു മറിഞ്ഞു കളിക്കുകയാണ് തള്ളപ്പൂച്ച.
എന്നാല്‍, മുറ്റത്തും റോഡിലും നിറയെ കാണാറുണ്ടായിരുന്ന കുട്ടികളില്ല. സ്‌കൂള്‍ ബസില്‍ കയറാനായി ഓടിപ്പോകുന്ന കൊച്ചു കുട്ടിക്കൂട്ടങ്ങളെ കാണാനേയില്ല. മനുഷ്യക്കുഞ്ഞുങ്ങളെല്ലാം വീട്ടിനുള്ളില്‍ അടച്ചിട്ട മുറികളിലായിരിക്കുന്നു. വീട്ടിനുള്ളില്‍... അടച്ചിട്ട മുറികളില്‍ നാമെല്ലാം.
ഓരോരോ തുരുത്തില്‍ ഒറ്റപ്പെട്ടു പോയി നമ്മളെല്ലാം അല്ലേ ഗംഗാധരാ...ഫോണില്‍ സംസാരിക്കുന്നതിനിടെ സ്‌കൂളിലെ പഴയ സഹപാഠി അച്ചു വികാരാധീനനായി പറഞ്ഞു. നമ്മുടെയൊക്കെ കുട്ടിക്കാലം പോലെയൊന്നും വന്നില്ലെങ്കിലും മനുഷ്യര്‍ക്ക് ഇറങ്ങി നടക്കാനും കൂട്ടംകൂടാനും പരസ്പരം ഒന്നു ചേര്‍ത്തു പിടിക്കാനുമൊക്കെ കഴിയുന്ന കാലം... അതിനി എന്നു വരും ഗംഗാധരാ...
ഉത്തരം നല്‍കാന്‍ എനിക്ക് മൗനം മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഉത്തരം കിട്ടാത്ത ചോദ്യമാവുകയാണോ അതെന്ന് തോന്നിപ്പോയി. എങ്കിലും ഞാന്‍ പറഞ്ഞു.. ശരിയാകും ശരിയാകും അച്ചൂ... എല്ലാ തിരിച്ചു വരും.
Content Highlights: Dr VP Gangadharan Oncologist, Cancer, Snehaganga Covid Human Relationship
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..