ഫോട്ടോ: കെ.കെ. സന്തോഷ്
എനിക്ക് ഫ്രീ ആയി തരുന്ന മരുന്നുകൾ നിർത്തരുതേ... പകരം ഞാൻ തരുന്ന പൈസ കൊണ്ട് മറ്റൊരാൾക്ക് നല്ല ചികിൽസ കൊടുക്കണം... ഞാനൊരു കാര്യം പറഞ്ഞാൽ സാറിന് ദേഷ്യം വരുമോ? അധികപ്രസംഗമാണെന്നു തോന്നരുത്. അല്ലെങ്കിൽ വേണ്ട... ഇപ്പോൾത്തന്നെ സാറിന്റെ മുഖഭാവം മാറിക്കഴിഞ്ഞു. ഞാൻ പിന്നെ വരാം. വേഗം പോയി കീമോ തെറാപ്പി എടുക്കട്ടെ.
രഹ്ന ധൃതിയിൽ മുറിവിട്ടിറങ്ങി.
"എന്തിനാ രഹ്ന ചേച്ചി കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയത് ഡോക്ടറേ..." ചോദ്യവുമായി മുറിയിലേക്കു കടന്നു വന്നത് ജിസ്‌നയാണ്. "ഒരു ഭയവുമില്ലാത്തയാളാണല്ലോ ചേച്ചി. ഒരിക്കൽപ്പോലും കരഞ്ഞു കണ്ടിട്ടില്ല...ഡോക്ടർ വഴക്കു പറഞ്ഞിട്ടോ അല്ലെങ്കിൽ അസുഖം കൂടുതലാണെന്നു പറഞ്ഞിട്ടോ ആയിരിക്കും കരഞ്ഞത് അല്ലേ..?"
"ഞങ്ങൾക്കു രണ്ടു പേർക്കും നോൺഹോഡ്ജ്കിൻസ് ലിംഫോമ എന്ന അസുഖമാണെന്ന് ചേച്ചി എപ്പോഴും പറയുമായിരുന്നു. മാറുന്ന അസുഖമാണെന്നു പറഞ്ഞ് ചേച്ചി എന്നെ സമാധാനിപ്പിക്കും. ഓരോരോ തമാശകൾ പറഞ്ഞ് എപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കും. ചേച്ചി ഗൾഫിലാണ് ജോലി ചെയ്യുന്നതെന്ന് സാറിന് അറിയാമോ... ഗൾഫിലെ ജീവിതവും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും ഒക്കെ വിവരിക്കുമ്പോളും ഒരിക്കലും കരയാറില്ലാത്ത ചേച്ചി ഇന്നെന്താ സാറേ കരഞ്ഞത്..." കുറ്റപ്പെടുത്തുന്ന മട്ടിൽ ജിസ്‌ന എന്നെ നോക്കി. \
Also Read
"അതിന് സാറൊന്നും പറഞ്ഞില്ലല്ലോ..." എന്റെ കൂടെ ഉണ്ടായിരുന്ന ശ്രുതി സിസ്റ്ററാണ് അതു പറഞ്ഞത്.
ഒ.പിയിലുണ്ടായിരുന്ന രോഗികളെ പരിശോധിച്ചതിനു ശേഷം ഞാൻ കീമോ തെറാപ്പി വാർഡിലേക്കു നടന്നു.
"രഹ്നയ്ക്ക് എന്തു പറ്റി സാറേ? ദിവസവും വാതോരാതെ സംസാരിക്കുന്ന അവൾ ഇന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല. സ്‌കാനിങ്ങിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ സാറേ... അവൾ അപ്പുറത്ത് ബെഡ്ഡിലുണ്ട്." കീമോ വാർഡിലെ മരിയ സിസ്റ്റർ എന്റെ മുൻപേ നടന്നു.
"ഗുഡ്‌മോണിങ് ഡോക്ടർ..."
അടുത്ത ബെഡ്ഡുകളിൽ നിന്നൊക്കെ പറഞ്ഞവരോട് യാന്ത്രികമായി ഗുഡ്‌മോണിങ് പറഞ്ഞ് ഞാൻ രഹ്നയുടെ അടുത്തേക്കു ചെന്നു. അവൾ കണ്ണടച്ചു കിടക്കുകയായിരുന്നു. വലതുകൈയിലൂടെ ചുവന്ന നിറത്തിൽ കീമോതെറാപ്പി മരുന്നു സാവധാനം കയറിക്കൊണ്ടിരുന്നു. കൈവിരലിൽ സ്പർശിച്ച ഉടൻ അവൾ കണ്ണുകൾ തുറന്നു. എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് കരച്ചിൽ തുടങ്ങി.
"എന്താ സാറ് ഒന്നും മിണ്ടാതിരുന്നേ..." കരച്ചിലിനിടയിൽ അവൾ വീണ്ടും ചോദിച്ചു.
ഞാൻ അവളുടെ അടുത്ത് കിടക്കയിൽ ഇരുന്നു. സാവധാനം അവൾ കരച്ചിൽ നിർത്തി.
"ഇനി പറയ്... എന്താണ് നീ പറയാൻ വന്നത്?"
കണ്ണീരിനിടയിലൂടെ ഒരു പുഞ്ചിരി പൊഴിച്ചു അവൾ. "സാറിന് ദേഷ്യം വരുമോ? എന്നാലും സാരമില്ല. ഞാൻ പറയട്ടേ..." അവൾ വീണ്ടും എന്റെ നേരേ നോക്കി. ചിരിച്ചു കൊണ്ട് തുടർന്നു.
"എനിക്കുള്ള മരുന്ന് സാറിന്റെ സൊസൈറ്റിയിൽ നിന്നാണല്ലോ തന്നുകൊണ്ടിരുന്നത്. ഞാൻ അത്യാവശ്യം പൈസയൊക്കെ സമ്പാദിച്ചു തുടങ്ങി. ഇനി മരുന്ന് ഞാൻ തന്നെ വാങ്ങിച്ചോളാം. സൊസൈറ്റിയിൽനിന്ന് എനിക്കു തരുന്ന ഫ്രീ മരുന്ന് തരണ്ട എന്നല്ല പറഞ്ഞു വരുന്നത്. അത് എനിക്ക് ഫ്രീ ആയിട്ടു തന്നെ തരണം. അതിനുള്ള പൈസ ഞാൻ സാറിനെ ഏല്പിക്കാം. ആ പൈസ കൊണ്ട് സാറ് വേറൊരു നോൺഹോഡ്ജ്കിൻസ് ലിംഫോമ രോഗിക്ക് മരുന്നു കൊടുക്കണം... സാറ് പിണങ്ങിയോ?" എന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ ചോദിച്ചു.
"ഇല്ല രഹ്നേ.."
എന്തിനാണ് നിന്നോട് പിണങ്ങുന്നത്! എനിക്കെങ്ങനെ ദേഷ്യപ്പെടാൻ സാധിക്കും! വളരെ വലുതാണ് നിന്റെ മനസ്സ്, നമിക്കുന്നു ഞാൻ ആ മനസ്സിനെ എന്നൊക്കെ അവളോട് പറയാൻ വന്നതാണ്. പക്ഷേ, വാക്കുകൾ കുരുങ്ങി. തീർച്ചയായും ചെയ്യാം... എന്നു മാത്രം പറഞ്ഞ്, അവളുടെ കൈയിൽ ഒന്നു കൂടി പിടിച്ചിട്ട് ഞാൻ അടുത്ത രോഗിയുടെ സമീപത്തേക്കു നീങ്ങി.
അപ്പോഴും എന്റെ മനസ്സു നിറയെ രഹ്നയായിരുന്നു. അഞ്ചു മാസം മുമ്പ് ചികിൽസയ്ക്കായി വന്നതാണ് അവൾ. ചെറിയ ഒരു ഓപ്പറേഷനു ശേഷം കീമോതെറാപ്പി മരുന്നുകൾ എടുക്കണം എന്നു പറഞ്ഞപ്പോൾ അവൾ മറുപടിയൊന്നും പറഞ്ഞില്ല. 35 വയസ്സുകാരിയായ ഒരു സ്ത്രീയുടെ മുഖത്ത് പ്രതീക്ഷിച്ച ഭാവഭേദങ്ങളൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല.
"മുടി പോയേക്കും. കുറച്ച് സൈഡ് എഫക്ട്‌സ് ഒക്കെ ഉണ്ടാകും- അതൊക്കെ തൽക്കാലത്തേക്കാണ്." എന്റെ വിശദീകരണങ്ങൾ കേട്ടിട്ടും അവൾ കാര്യമായി പ്രതികരിച്ചില്ല.
കുറച്ചൊന്ന് ആലോചിച്ചിട്ട് അവൾ ചോദിച്ചത് എനിക്ക് ഒരു മാസം സമയം തരുമോ എന്നായിരുന്നു.
"ചികിൽസ തുടങ്ങാൻ അധികം വൈകണ്ടാ. ഒരാഴ്ച പോരേ... അതിനപ്പുറം നീട്ടിവെക്കണ്ട. എന്താണ് പ്രശ്‌നം?"
"ഒരു മാസം എടുക്കും സാറേ... അപ്പോളേയ്‌ക്കേ പൈസ ശരിയാവുള്ളൂ. അതാ."
അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
"ആരാണ് ചികിൽസയ്ക്കു സഹായിക്കുന്നത്?" എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ചിരിച്ചു
"സഹായിക്കാനൊന്നും ആരുമില്ല സാറേ! ഞാൻ എന്റെ ചായക്കട വിറ്റു. അതിന്റെ പൈസ കിട്ടിയിട്ടു വേണം ചികിൽസ തുടങ്ങാൻ. അതാണ് ഒരു മാസം സമയം ചോദിച്ചത്."
അവൾ അവളുടെ കഥ പറഞ്ഞു- വാപ്പയും ഞാനും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മോനുമാണ് വീട്ടിൽ. ദുബായിലായിരുന്നു ആദ്യം. തട്ടിമുട്ടി ജീവിക്കാനുള്ള സൗകര്യമൊക്കെ ഉണ്ടായിരുന്നു. ചായക്കടയിൽ സഹായിച്ചിരുന്നത് വാപ്പ ആയിരുന്നു. ജോലിക്കിടെ പൊള്ളലേറ്റ് വാപ്പയെ നാട്ടിലേക്ക് വിടേണ്ടിവന്നു. അതു കഴിഞ്ഞ് അധികം വൈകാതെ എനിക്കും പോരേണ്ടി വന്നു. അവിടത്തെ ചായക്കട വിൽക്കാൻ തീരുമാനിച്ചു. അഡ്വാൻസും വാങ്ങി. മോനെ നാട്ടിൽ സ്‌കൂളിൽ ചേർത്തു.
"ചായക്കട വിറ്റാൽ പിന്നെ എങ്ങനെ ജീവിക്കും?"
"അതൊക്കെയങ്ങ് നടന്നു പോകും സാറേ..." എന്റെ സംശയത്തിന് അവൾ മറുപടി പറഞ്ഞതങ്ങനെ.
"ചായക്കട വിൽക്കാതിരുന്നാലോ..." ഞാൻ ചോദിച്ചപ്പോൾ അവൾ അറിയാതെ ചിരിച്ചു പോയി. "സാറ് സ്വപ്‌നലോകത്താണെന്നു തോന്നുന്നു. വിൽക്കാതെ എന്തു ചെയ്യും സാറേ. വേറേ മാർഗമൊന്നുമില്ല ചികിൽസ ചെയ്യാൻ. കുറച്ചു നാൾ കൂടി എന്റെ മോന് അവന്റെ ഉമ്മയെ വേണം ഡോക്ടറേ... അതാണ് ചികിൽസിക്കണമെന്നു തീരുമാനിച്ചത്."
"രഹ്നയുടെ ചികിൽസക്കാര്യമല്ലേ. അത് ഞങ്ങൾ കൊച്ചിൻ കാൻസർ സൊസൈറ്റി ഏറ്റെടുക്കാം. ചികിൽസിക്കാനുള്ള സഹായം സൊസൈറ്റി തരും. എന്തു പറയുന്നു?" അതു കേട്ട് അവൾ അത്ഭുതത്തോടെ എന്റെ മുഖത്തു നോക്കി. "അങ്ങനെയാണെങ്കിൽ ഞാൻ തിരിച്ചു പോയി ചായക്കട നടത്തി ആ പൈസയുണ്ടാക്കി സാറിന്... സൊസൈറ്റിക്ക് തിരിച്ചു തരാം."
അങ്ങനെയാണ് രഹ്നയുടെ ചികിൽസ ഒട്ടും വൈകാതെ തുടങ്ങിയത്. ചികിൽസയിലിരിക്കെ തന്നെ അവൾ ദുബായിലേക്കു പോയി. ഒരു സുഹൃത്തിന്റെ സഹായത്തോടെ, കാൻസർ രോഗികൾക്കു ലഭിക്കാവുന്ന സൗജന്യ വിമാനടിക്കറ്റ് ലഭിച്ചതോടെ അവൾ മുടങ്ങാതെ ചികിൽസയ്ക്ക് വന്നു. അതിനിടയിലാണ് ഒരു രോഗിയെ സഹായിക്കാനുള്ള പദ്ധതിയുമായി അവൾ എന്നെ സമീപിച്ചത്. ഞാൻ പ്രതികരിക്കാതിരുന്നപ്പോൾ കരഞ്ഞു കൊണ്ട് മുറിവിട്ടിറങ്ങിയതും.
ദുബായിലെ അവളുടെ ചായക്കടയിലെ വരുമാനത്തിൽനിന്ന് ഒരു വിഹിതം കൊച്ചിൻ കാൻസർ സൊസൈറ്റിക്കാണ്. അവളുടെ ആ വലിയ മനസ്സിനു മുന്നിൽ മനസ്സു കൊണ്ട് തൊഴുതപ്പോൾ എനിക്കും കണ്ണുകൾ ഈറനായി.
Content Highlights: dr vp gangadharan column snehaganga, cancer society


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..