ഡോ.വി.പി. ഗംഗാധരൻ
''എന്റെ ചികില്‍സ കഴിഞ്ഞോ! അപ്പോള്‍ ഇനി ഞാന്‍ ഡോക്ടറെ കാണാന്‍ വരണ്ടേ?''
ഗ്ലൗസിട്ട എന്റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ട് നിമ്മി ചോദിച്ചു. അവളുടെ കണ്ണുകളില്‍ സന്തോഷത്തിളക്കം. ''ചികില്‍സ പൂര്‍ത്തിയായി. ഇനി മൂന്നു മാസം കൂടുമ്പോള്‍ തുടര്‍ചികില്‍സകള്‍ക്കും പരിശോധനകള്‍ക്കും മാത്രം വന്നാല്‍ മതി.''
മറുപടി കേട്ടതും അവള്‍ കൈകള്‍ കൂപ്പി ഞങ്ങളെല്ലാവരെയും മാറിമാറി നോക്കിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകളില്‍ ആനന്ദക്കണ്ണീര്‍. അവള്‍ എന്തോ പറയാന്‍ തുനിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. ''എന്തു പറ്റി നിമ്മി എന്തെങ്കിലും പറയാനുണ്ടോ?'' ചോദിച്ചു തീരും മുമ്പോ നിമ്മി പറയാന്‍ തുടങ്ങി.
"ചികില്‍സയ്ക്കു വന്ന അന്നു മുതല്‍ സാറിനോട് കുറച്ചു സമയം സ്വതന്ത്രമായി സംസാരിക്കണമെന്ന് വിചാരിക്കുന്നതാണ്. രോഗികളുടെ തിരക്കു കാണുമ്പോള്‍ വേണ്ടെന്നു വെക്കും. ഇന്നും ഒ.പിയില്‍ നല്ല തിരക്കാണ്, പിന്നീട് എപ്പോഴെങ്കിലും സംസാരിക്കാം സാര്‍..." തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ നിമ്മിയോട് ഞാന്‍ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ അവള്‍ എന്നെ നോക്കി ഒന്നും മിണ്ടാതിരുന്നു.
''തിരക്ക് ഒഴിയാന്‍ നോക്കിയാല്‍ എപ്പോഴും ഇങ്ങനെയായിരിക്കും. അത് സാരമില്ല. എന്താണ് നിമ്മിക്ക് പറയാനുള്ളത്?'' കേസ് ഫയലില്‍ കണ്ണോടിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം നിമ്മി മെല്ലെ പറയാന്‍ തുടങ്ങി.
Also Read
കാന്‍സര്‍ വന്നതിനെക്കാള്‍ മനഃപ്രയാസവും ദുഃഖവും തോന്നിയത് വീട്ടുകാരുടെയും നാട്ടുകാരുടെയും മനോഭാവം കണ്ടപ്പോഴാണ്. ഭര്‍ത്താവ് അടുത്ത മുറിയിലേക്ക് താമസം മാറ്റി. ഭക്ഷണം കഴിക്കാനും എന്റെ കൂടെ ഇരിക്കാതായി. അദ്ദേഹത്തിനുള്ള ഗ്ലാസ്സും പ്ലേറ്റും സ്പൂണുമെല്ലാം മാറ്റി വെച്ചു. കുടിക്കാനുള്ള വെള്ളം പോലും വേറൊരു കുപ്പിയിലാക്കി അദ്ദേഹത്തിന്റെ മുറിയിലേക്ക് മാറ്റി വെച്ചു. എനിക്ക് ഏറ്റവും സങ്കടം വന്നത്... അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു അതു പറയുമ്പോള്‍. കീമോതെറാപ്പി എടുക്കുന്ന സമയത്തു പോലും ഞാന്‍ അടുക്കളയില്‍ കയറി അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എന്തെങ്കിലുമൊക്കെ ഉണ്ടാക്കി വെക്കുമായിരുന്നു. അതിനു ശേഷം ക്ഷീണം കൊണ്ട് കിടന്നുറങ്ങിപ്പോകും. ഒരു സമയത്ത് കഞ്ഞി എടുത്തു കുടിക്കാനായി അടുക്കള ഭാഗത്തേക്ക് ചെന്ന ഞാന്‍ കണ്ട കാഴ്ച... അതു പറയാനാവാതെ അവള്‍ വിങ്ങിപ്പൊട്ടിപ്പോയി. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ച കഞ്ഞിയും തോരനുമെല്ലാം അദ്ദേഹം പറമ്പിലേക്ക് ഇട്ട് അതെല്ലാം കാക്കകള്‍ വന്ന് കൊത്തിത്തിന്നു തീര്‍ക്കുന്നുണ്ടല്ലോ എന്നു നോക്കിനില്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായി എന്നെ കണ്ട് അദ്ദേഹം പറഞ്ഞു- ഇനി നീ നിനക്കുള്ളതു മാത്രം ഉണ്ടാക്കിയാല്‍ മതി. ഞാന്‍ ആഹാരം പുറത്തുനിന്ന് കഴിച്ചോളാം. മോള്‍ക്കും നീ ഉണ്ടാക്കിക്കൊടുക്കണ്ട. അവള്‍ക്കും കൂടി കാന്‍സര്‍ പടര്‍ന്നാലോ... പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ടാണ് അയാള്‍ അകത്തേക്കു കയറിപ്പോയത്. ഒരു ദീര്‍ഘനിശ്വാസത്തോടെ നിമ്മി പറഞ്ഞു.
സങ്കടം നിറഞ്ഞ ഒരു ചെറുമൗനത്തിനു ശേഷം നിമ്മി വീണ്ടും പറയാന്‍ തുടങ്ങി. ആദ്യമൊക്കെ എന്റെ മോള്‍ വന്ന് അടുത്തിരുന്ന് സ്‌കൂളിലെ വര്‍ത്തമാനങ്ങളൊക്കെ പറയുമായിരുന്നു. പിന്നീട് അവളും മുറിക്കുള്ളിലേക്ക് വരാതായി. വാതില്‍ക്കല്‍ വന്ന് എത്തിനോക്കിയിട്ടു പോകും. ഒരിക്കല്‍ ഒരു തുണ്ടുകടലാസ് മുറിക്കുള്ളിലേക്ക് എറിഞ്ഞിട്ടിട്ട് അവള്‍ വേഗം നടന്നു പോയി. അതിലെ വരികള്‍ വായിച്ചപ്പോള്‍.... നിമ്മി വീണ്ടും വിങ്ങിക്കരയാന്‍ തുടങ്ങി.
മോളെഴുതിയിരിക്കുന്നു- എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടമാണ് ഇപ്പോഴും... പക്ഷേ, അച്ഛന്‍ വഴക്കു പറയും. അതു കൊണ്ടാ. പിന്നെ, അച്ഛന്‍ വീട്ടിലില്ലാത്ത സമയം നോക്കി അവള്‍ ഓടി അടുത്തുവരും. അത് വലിയ ആശ്വാസമായിരുന്നു. സങ്കടവും. ഇന്നു ഞാന്‍ ആശുപത്രിയിലേക്ക് വരാന്‍ ഇറങ്ങുമ്പോള്‍ അദ്ദേഹം പത്രം വായിച്ചുകൊണ്ട് വരാന്തയില്‍ ഇരിക്കുന്നുണ്ടായിരുന്നു. കീമോതെറാപ്പി കഴിഞ്ഞു, അതിനു ശേഷമുള്ള പരിശോധനയ്ക്കാണ് ഞാന്‍ ഇന്ന് പോകുന്നത്. ഡോക്ടറെയും കാണണം. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു. അതിന് നിന്റെ അസുഖം മാറില്ലല്ലോ... അത് നിന്നെയും കൊണ്ടേ പോകൂ. എത്രയും വേഗം തീരുമെങ്കില്‍ അത്രയും നല്ലത്. ഞങ്ങള്‍ക്കെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാമല്ലോ...
അദ്ദേഹം പറഞ്ഞതു കേട്ടിട്ടും എനിക്ക് കരച്ചിലൊന്നും വന്നില്ല. ഇടവഴിയിലൂടെ നടന്നു പോരുമ്പോള്‍ മോള്‍ പിറകെ ഓടി വന്നു. ഞാനും അമ്മേടെ കൂടെ പോരുവാ... അവള്‍ എന്റെ കൈയില്‍ മുറുകെ പിടിച്ചു കൊണ്ടു പറഞ്ഞു. ഇതാ അവള്‍ പുറത്ത് ഇരിക്കുന്നുണ്ട്. കൈ ചൂണ്ടിക്കൊണ്ട് നിമ്മി പറഞ്ഞു.
നിമ്മി പതുക്കെ കസേരയില്‍നിന്ന് എഴുന്നേറ്റു. ഞാന്‍ ഇനി ആ വീട്ടിലേക്ക് പോകുന്നില്ല ഡോക്ടര്‍. ഞാനല്ല, ഞങ്ങള്‍. എന്റെ സ്വന്തം വീട്ടിലേക്കു പോവുകയാണ്. അച്ഛനോടും അമ്മയോടും പറഞ്ഞിട്ടുണ്ട്. അതു പറയുമ്പോള്‍ നിമ്മി പുഞ്ചിരിക്കുകയായിരുന്നു. പുറത്തേക്കു നടക്കുന്നതിനിടെ തിരിഞ്ഞ് വീണ്ടും ഞങ്ങള്‍ക്കടുത്തേക്കു വന്ന് നിമ്മി പറഞ്ഞു- "ചികില്‍സയ്ക്കു മുമ്പ് സാറ് മരുന്നുകളുടെ സൈഡ് എഫക്റ്റ്‌സിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. അതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു സാറേ. വീട്ടുകാരുടെയും നാട്ടുകാരുടെയുമൊക്കെ ഇത്തരം പെരുമാറ്റങ്ങള്‍- അതാണ് മനസ്സിനെ തളര്‍ത്തുന്നത്. ഇനി വരുന്ന രോഗികളോട് സാറ് അതും കൂടി പറഞ്ഞു കൊടുക്കണം. പിന്നെ, കൂടെ വരുന്ന ബന്ധുക്കള്‍ക്ക്, കാന്‍സര്‍ രോഗികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഒരു ക്ലാസ്സും എടുത്തു കൊടുക്കണം. ചികില്‍സ പോലെ തന്നെ പ്രധാനമാണ് സാറേ അതും."
നിമ്മി പറഞ്ഞ വാക്കുകള്‍ എന്റെ ചെവിയില്‍ ഒരു അശരീരി പോലെ മുഴങ്ങി. ബോധവല്‍ക്കരണങ്ങളെക്കുറിച്ച് നിമ്മി എന്നെ ബോധവല്‍ക്കരിക്കുകയായിരുന്നല്ലോ.
Content Highlights: dr vp gangadharan column snehaganga, cancer awareness
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..