'ഞാൻ ഉള്ളിടത്തോളം നിന്നെ ഒന്നിനും വിട്ടുകൊടുക്കില്ല എന്നു പറഞ്ഞ് അദ്ദേഹം ആദ്യം പോയി' | സ്നേഹ​ഗം​ഗ


സ്നേഹ​ഗം​ഗ

By ഡോ.വി.പി. ഗംഗാധരന്‍

3 min read
Read later
Print
Share

ഡോ.വി.പി. ഗംഗാധരൻ

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തുടര്‍ പരിശോധനയ്‌ക്കെത്തിയ ലില്ലിയുടെ മുഖം മ്ലാനമായിരുന്നു. കോവിഡ് കാരണം രണ്ടു വര്‍ഷം വരാന്‍ സാധിച്ചില്ല, സാറ് വഴക്കു പറയരുത്. കൈയിലിരുന്ന ബൈബിളില്‍ നിന്ന് ഒരു ചെറിയ കാര്‍ഡെടുത്ത് എന്റെ നേരേ നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു- എന്നെ പൊന്നുപോലെ നോക്കിയ അദ്ദേഹം... സാറ് ഈ കാര്‍ഡിലോട്ട് ഒന്നു നോക്കിയേ... ചിരിച്ചു കൊണ്ടിരിക്കുന്ന ആ മുഖം... അദ്ദേഹം എന്നെ വിട്ട് പോയി. കോവിഡായിരുന്നു. ഒരാഴ്ച ഐ.സി.യു.വില്‍ കിടന്നു. അന്നും ആ മുഖത്ത് ഇതേ ചിരിയുണ്ടായിരുന്നു.

അവര്‍ വീണ്ടും ആ കാര്‍ഡ് എന്റെ നേരേ നീട്ടിക്കൊണ്ട് പറഞ്ഞു. രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കോവിഡ് കൊണ്ടു പോയി.
ഞാന്‍, അവര്‍ തന്ന ആ കാര്‍ഡിലൂടെ കണ്ണോടിച്ചു. ഏറ്റവും മുകളില്‍ യേശുക്രിസ്തുവിന്റെ ചിത്രം. സ്‌നേഹസ്മരണയ്ക്ക് എന്നെഴുതിയതിനു താഴെ ചിരിച്ചു കൊണ്ടിരിക്കുന്ന ഷെല്ലിയുടെ ചിത്രം. കോട്ടും ടൈയുമണിഞ്ഞ് സുന്ദരനായിരിക്കുന്നു. അദ്ദേഹം ഇതേ വേഷത്തില്‍ തന്നെയാണ് ആശുപത്രിയിലും വരാറുള്ളതെന്ന് ഞാന്‍ ഓര്‍ത്തു.

ഇത്രയും നല്ല ഒരു ഭര്‍ത്താവിനെ ആര്‍ക്കും കിട്ടില്ല സാറേ- ലില്ലി തുടര്‍ന്നു. കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ ചെല്ലുന്ന ദിവസം ഛര്‍ദിച്ച് അവശയായി ഞാന്‍ അദ്ദേഹത്തിന്റെ മടിയില്‍ കിടക്കും. കൊച്ചു കുട്ടിയെ പരിചരിക്കുന്ന പോലെ അദ്ദേഹം എന്റെ നെറ്റിയില്‍ തലോടിക്കൊണ്ട് നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കും. നിനക്കൊന്നും സംഭവിക്കില്ല. നിന്നെ എനിക്കു വേണം... ഞാനുള്ളേടത്തോളം നിന്നെ ഞാന്‍ ഒന്നിനും വിട്ടു കൊടുക്കില്ല, ദൈവത്തിനു പോലും. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു. ആ ദിവസം ഞാന്‍ ഇന്നുമോര്‍ക്കുന്നു- എന്തോ ഓര്‍ത്തിട്ടെന്ന പോലെ ലില്ലി വീണ്ടും വാചാലയായി. അന്ന് അദ്ദേഹത്തിന് പനിയും ഛര്‍ദിയുമായിരുന്നു. പതിവു പോലെ അന്നും ഞാന്‍ കീമോ തെറാപ്പി കഴിഞ്ഞ് അദ്ദേഹത്തിന്റെ മടിയില്‍ തളര്‍ന്നു കിടന്നുറങ്ങി. ഉറക്കമുണര്‍ന്നപ്പോള്‍ ചുമരില്‍ ചാരിയിരുന്ന് ഉറങ്ങുന്ന അദ്ദേഹത്തെ കണ്ട് സങ്കടം തോന്നി. ചുമരിലെ ക്ലോക്കില്‍ സമയം രാവിലെ അഞ്ചു മണി കഴിഞ്ഞിരുന്നു. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന അദ്ദേഹം തീര്‍ത്തും അവശനായിരുന്നു. പോയിക്കിടന്ന് ഉറങ്ങാമായിരുന്നില്ലേ! ദേഷ്യത്തോടെയുള്ള എന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നീ എന്റെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. അതുകൊണ്ട് ഉണര്‍ത്തണ്ട എന്നു കരുതി...

Also Read

വേഷങ്ങൾ... ജന്മങ്ങൾ... ജീവിക്കാനുള്ള തത്രപ്പാടിനിടയിൽ ...

അന്നും ഇന്നും ഗോപാലനു മുന്നിൽ വെക്കാൻ ആ ...

'ഭാനുവേട്ടൻ അലറി; എനിക്ക് ആരോടും ഒന്നും ...

Premium

അമ്മയുടെ കൈയിൽ തൂങ്ങി ആദ്യ തീവണ്ടിയാത്ര; ...

Premium

കാൻസർ ചികിത്സ കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു: ഞാനുണ്ടാക്കിയ ...

അദ്ദേഹം വാക്കു പാലിച്ചു- എന്നെ മരണത്തിനു വിട്ടുകൊടുത്തില്ല, പകരം അദ്ദേഹം പോയി... അതു പറഞ്ഞതും ലില്ലി പൊട്ടിക്കരഞ്ഞു.
ഞാന്‍ വീണ്ടും ആ കാര്‍ഡിലേക്കു നോക്കി. ഷെല്ലിയുടെ മുഖത്തെ ആ മായാത്ത ചിരി എന്റെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു. അതിനിടയിലൂടെ മറ്റൊരു മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. അത് രമയുടെ മുഖമായിരുന്നു. രമയുടെ ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുന്നതു പോലെ!

******************************

അച്ഛന്‍ ഇനി എത്രനാള്‍ എന്റെ കൂടെ കാണും സാറേ... രമയുടെ ഈ ചോദ്യം കേട്ടുകേട്ട് എന്റെ ചെവികള്‍ തഴമ്പിച്ചിരുന്നു. എനിക്കറിയാം അധികനാള്‍ ഉണ്ടാവില്ലെന്ന്. എത്രനാളായാലും ഞാന്‍ കാണും അച്ഛന്റെ കൂടെ- ഒരു നിഴലായിട്ടു തന്നെ. ആ അച്ഛന്റെ മൂശേട്ട സ്വഭാവം ഞാന്‍ ധാരാളം കണ്ടിട്ടുള്ളതാണ്. എന്റെ മുന്നില്‍ വെച്ചു തന്നെ എത്രയോ പ്രാവശ്യം രമയം ചീത്തവിളിച്ചിരിക്കുന്നു. ആ അച്ഛന്റെ കൂടെ...രമയെ നോക്കി ഞാന്‍ അറിയാതെ പറഞ്ഞു പോയി.

ശരിയാ സാറേ.. അച്ഛന്റെ സ്വഭാവം- സാറ് പറഞ്ഞത് നൂറു ശതമാനം ശരിയാ. ഇതിലും കര്‍ക്കശക്കാരനായിരുന്നു എന്റെ കുട്ടിക്കാലത്ത്. എന്റെ ബാല്യം നശിപ്പിച്ചതു തന്നെ അച്ഛനാണ്. ഒരിക്കലും ഞാന്‍ ഓര്‍ക്കാനാഗ്രഹിക്കാത്ത കുട്ടിക്കാലമാണ് എന്റേത്. ഒരുതരംഭ്രാന്തന്‍ സ്വഭാവമായിരുന്നു അച്ഛന്റേത്. ചൂരല്‍ കൊണ്ട് നിര്‍ത്താതെ അടികള്‍ കിട്ടാത്ത ദിവസങ്ങള്‍ വിരളം. എത്രയോ ദിവസങ്ങള്‍ ഞാന്‍ അത്താഴപ്പട്ടിണി കിടന്നിരിക്കുന്നു, അച്ഛന്റെ പിടിവാശി മൂലം. ആകെ ഒരാശ്വാസം അമ്മ മാത്രമായിരുന്നു. പക്ഷേ, അമ്മയ്ക്ക് അച്ഛനെ പേടിയായിരുന്നു. പട്ടിണികിടക്കേണ്ടി വരുന്ന ദിവസം ജനലക്കമ്പികള്‍ക്കിടിയിലൂടെ അമ്മ എന്തെങ്കിലുമൊക്കെ എനിക്കു കൊണ്ടുതരുമായിരുന്നു. അതു കണ്ടുപിടിച്ച ഒരു ദിവസം അതിനും എനിക്ക് പൊതിരെ തല്ലുകിട്ടി. കൂടെ അമ്മയ്ക്കും. അതോടെ അമ്മയ്ക്ക് പിന്നെ അത്തരം ദിവസങ്ങളില്‍ എന്റെ അടുത്തു വരാന്‍ ഭയമായിരുന്നു. വിശന്ന വയറുമായി തണുത്തുറഞ്ഞ സിമന്റു തറയില്‍ കിടന്ന് തളര്‍ന്നുറങ്ങിയ രാത്രികള്‍. അതൊക്കെ സഹിക്കാമായിരുന്നു പക്ഷേ... രമ തുടയിലേക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു- പഴുപ്പിച്ച ചട്ടുകം കൊണ്ട് തുടയില്‍ പൊള്ളിക്കുമ്പോള്‍... അവര്‍ക്ക് പറയാന്‍ കഴിയാതെ വിതുമ്പല്‍ വന്നു. അച്ഛനു ദേഷ്യം വന്നാല്‍, സാറേ വിശ്വസിക്കില്ല... തിളയ്ക്കുന്ന വെള്ളം എടുത്തു തന്നിട്ട് കുടിക്കെടീ എന്നു പറഞ്ഞ് കുടിപ്പിക്കും. അതും മുളകുപൊടിയിട്ട വെള്ളം. അമ്മ മരിച്ചതില്‍ പിന്നെയാണ് അച്ഛന്‍ കുറച്ചെങ്കിലും ശാന്തനായത്.
അയാള്‍ അനുഭവിക്കട്ടെ... അറിയാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു പോയി.

സാറ് ഓര്‍ക്കുന്നതെന്താണെന്ന് മനസ്സിലായി ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും ഞാന്‍ എന്തിനാണ് അച്ഛനെ പരിചരിച്ച് ഒപ്പം നില്‍ക്കുന്നത് എന്നല്ലേ! എന്തൊക്കെയായാലും അദ്ദേഹം എന്റെ അച്ഛനല്ലേ സാറേ! ഈ അവസാന നാളുകളില്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചില്ലെങ്കില്‍... വേറേ ആരുമില്ലല്ലോ! അതു കൊണ്ടുമാത്രമാണ് ഞാന്‍ എന്റെ രണ്ടു പെണ്‍കുട്ടികളെയും ഭര്‍ത്താവിനെ ഏല്പിച്ച് അച്ഛന്റെകൂടെ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുവദിക്കുമെങ്കില്‍... ഡോക്ടര്‍ സമ്മതിക്കുമെങ്കില്‍ ഞാന്‍ അച്ഛനെ വീട്ടിലേക്കു കൊണ്ടു പോവുകയാണ്. ഞാന്‍ നോക്കിക്കോളാം. വരില്ലെന്ന് അച്ഛന്‍ വാശിപിടിക്കുന്നുണ്ട്. ജോലിക്കാരെ ഏല്പിച്ചു പോകാന്‍ മനസ്സു വരുന്നില്ല. സാറും കൂടി ഒന്ന് അച്ഛനെ പറഞ്ഞു മനസ്സിലാക്കണം.

ഞാന്‍ മനസ്സുകൊണ്ട് രമയെ തൊഴുതുപോയി. ഷെല്ലി, രമ, അപൂര്‍വമായി മാത്രമാണെങ്കിലും കാണുന്ന സുകൃത ജന്മങ്ങള്‍. വിശാലമായ മനസ്സിനുടമകള്‍.. പുണ്യജന്മങ്ങള്‍... മനസ്സ് അറിയാതെ പറഞ്ഞുകൊണ്ടിരുന്നു

Content Highlights: dr vp gangadharan column snehaganga

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented