ഫോട്ടോ: കെ.കെ. സന്തോഷ്
''ലോകമെമ്പാടും എല്ലാ മേഖലകളും കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണല്ലോ. എന്റെ കാര്യവും അതു പോലെ തന്നെയാണ്. ഇതിനൊരു മാറ്റം വരട്ടെ, അപ്പോൾ സഹായിക്കാം...''
ഒരു കാൻസർ ചികിൽസാ സഹായ പദ്ധതിയുമായി എന്റെ ഒരു ഉറ്റ സുഹൃത്ത് മണി ഒരു സിനിമാ നടനെ സമീപിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഇത്. ഒരു സാധാരണ നടനല്ല. തെക്കേ ഇന്ത്യയിലെ ഒരു മഹാ നടൻ. എന്റെ സുഹൃത്തിന്റെ വാക്കുകളിൽ അമർഷമുണ്ടായിരുന്നു.
അടുത്ത ദിവസവും ആ സുഹൃത്ത് പറഞ്ഞു. കോടികൾ സമ്പാദിക്കുന്ന ഇവരുടെ മനസ്സ് കണ്ടോ സാറേ... അദ്ദേഹത്തെ കാണാൻ പോകണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. സാരമില്ല മണീ ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതേ ദിവസം എനിക്കുണ്ടായ മൂന്ന് അനുഭവങ്ങൾ ഞാൻ മണിയോട് പറഞ്ഞു.
സാർ നാളെ വീട്ടിലുണ്ടാകുമോ... ഞങ്ങൾക്ക് ഒന്നു വന്നു കാണാൻ വേണ്ടിയാണ്. കോവിഡ് പരിശോധനയൊക്കെ നടത്തിയിട്ടേ വരികയുള്ളൂ. ഞാനും ഭർത്താവും ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥിയും കൂടിയാണ് വരുന്നത്. കോവിഡ് തുടങ്ങിയതിൽ പിന്നെ സാറിനെ കാണാൻ വരാൻ പറ്റിയില്ല. രണ്ടു വർഷമായി സാറിന്റെ കുടവയറൊക്കെ കൂടിയോ... സ്വസിദ്ധമായ പൊട്ടിച്ചിരിയോടെ നസ്‌റയുടെ ഫോൺ വിളി. എപ്പോഴും ചിരി മാത്രം നിറയുന്ന അവളുടെ മനോഹര മുഖം എന്റെ മനസ്സിൽ തെളിഞ്ഞു. ഏകദേശം പത്തു വർഷം മുമ്പാണ് ലിംഫോംമ എന്ന കാൻസറുമായി അവൾ ചികിൽസ തേടി എന്റെയടുത്ത് എത്തുന്നത്. എല്ലും തൊലിയും മാത്രമായുള്ള ആ രൂപം. അതിനിടയിലും ചിരിച്ച മുഖവുമായി സ്‌ട്രെച്ചറിൽ കിടന്നിരുന്നു അവൾ ചോദിച്ച ആദ്യത്തെ ചോദ്യം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്- ഞാൻ രക്ഷപ്പെടുമോ സാറേ... ഞാൻ പോയാൽ ഇയാൾക്ക് പിന്നെ ആരുമില്ല. അടുത്ത് നിന്ന ഭർത്താവിന്റെ കൈയിൽ അവളുടെ പിടിമുറുകുന്നത് ഞാൻ ശ്രദ്ധിച്ചു. ചികിൽസിച്ച് മടുത്തു സാറേ... സൂചി കുത്തിക്കുത്തി എന്റെ കൈ കണ്ടോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതിനിടയിലും അവൾ കൈ ഉയർത്തിക്കാണിച്ചു.
അതൊന്നും സാരമാക്കാതിരിക്കൂ... മാറുന്ന അസുഖമേയുള്ളൂ. നസ്‌റയ്ക്ക് പൂർണമായും ജീവിത്തിലേക്ക് തിരിച്ചു വരാനാകും. എന്റെ വാക്കുകൾ യാന്ത്രികമായിരുന്നോ...
ഇയാൾക്ക് ചെറിയൊരു പച്ചക്കറിക്കച്ചവടമാ... ഭർത്താവിനെ നോക്കി അവൾ ചിരിച്ചു. ചെറിയൊരു പിക്കപ്പ് വണ്ടി ഉണ്ടായിരുന്നു. എന്റെ ചികിൽസയ്ക്കായി അതും വിറ്റു. അതുകൊണ്ട് കൈയിൽ പൈസയൊന്നും ഇല്ല സാറേ...
അതു പറയുമ്പോഴും അവളുടെ മുഖത്ത് ചിരി ഉണ്ടായിരുന്നു.
അതൊന്നും പ്രശ്‌നമല്ല സാറേ... പൈസയൊക്കെ എങ്ങനെയെങ്കിലും ഉണ്ടാക്കാം. ഇയാൾക്ക് സുഖമായാൽ മതി.
ഭർത്താവിന്റെ വാക്കുകളിൽ ഒരു പതർച്ചയുമില്ലായിരുന്നു.
തികച്ചും അപ്രതീക്ഷിതമായിത്തന്നെ എന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു- ചികിൽസയോടുള്ള നസ്‌റയുടെ പ്രതികരണം അത്ഭുതാവഹമായിരുന്നു. അസുഖം നിയന്ത്രണത്തിൽ വരുമ്പോഴും ശ്വാസകോശങ്ങൾക്ക് മുമ്പ് ഏറ്റിരുന്ന ക്ഷതം അവളെ അലട്ടുന്നുണ്ടായിരുന്നു.
ഇതെല്ലാം ശരിയായിട്ടേ ഞാൻ വീട്ടിൽ പോകുന്നുള്ളൂ. ഇല്ലെൽ ഞാൻ സാറിന്റെ വീട്ടിൽ കൂടിക്കോളാം. ഇയാൾക്ക് എന്തെങ്കിലുമൊരു ജോലി കൊടുത്താൽ മതി. ആശുപത്രിയിൽ വെച്ച്, ഭർത്താവിനെ നോക്കി അവൾ ശ്വാസം മുട്ടുന്നതു വരെ പൊട്ടിച്ചിരിക്കും. ഒരു വർഷത്തോളം നീണ്ടു നസ്‌റയുടെ ചികിൽസ. ഒരു വിധം ഭേദപ്പെട്ട ആരോഗ്യത്തോടെ അവൾ വീട്ടിലേക്ക് യാത്രയായി. രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ മുടങ്ങാതെ തുടർ പരിശോധനയ്ക്ക് എത്തുമായിരുന്നു നസ്‌റ. സാറിന് നല്ല പച്ചക്കറി വല്ലതും വേണോ? ഇയാളോട് പറഞ്ഞാൽ മതി. പത്താം ക്ലാസ്സും ഗുസ്തിയുമാണെങ്കിലും ഇയാൾക്ക് കച്ചോടം ചെയ്യാനറിയാം സാറേ.
ഓ! നീ വലിയ പഠിത്തക്കാരി. കളക്ടറല്ലേ ഇവൾ! ഭർത്താവും വിട്ടു കൊടുക്കില്ല. ഞാൻ ബി.എ. രണ്ടാം റാങ്കു കാരിയാ...അറിയാമോ സാറിന്! അവൾ എന്നെ അവരുടെ കുടുംബകലഹത്തിലേക്ക് വലിച്ചിഴച്ചു.
ങേ! ബി.എ റാങ്കുകാരിയോ! ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
അതെ സാറേ. ബി.എ ഉറുദു. യൂണിവേഴ്‌സിറ്റിയിൽ രണ്ടാം റാങ്കായിരുന്നു എനിക്ക്. പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ ചന്തയിൽ നിന്ന് കൂട്ടുകാരാണ് ഇയാളെ പിടിച്ചു കൊണ്ടു പോയത്. പരീക്ഷാ ഹാളിൽ ചെന്നപ്പോളാണ് ഏതാണ് വിഷയം എന്നു പോലും അറിഞ്ഞത്. അവൾ വീണ്ടും ചിരിച്ചു.
ഭർത്താവിന്റെ മുഖത്ത് ഒരു ജാള്യം!
അതൊന്നും പ്രശ്‌നമല്ല സാറേ... വീട്ടുകാര്യം നോക്കുന്നതിൽ ഒന്നാം റാങ്കാ. എന്നോട് നല്ല സ്‌നേഹമുള്ളയാളാ സാറേ... നസ്‌റ എന്റെ ചെവിയിലേക്ക് ഒരു രഹസ്യം പോലെയാണ് പറഞ്ഞത്.
രണ്ടു വർഷത്തോളം കഴിഞ്ഞു കാണും. ഒരിക്കൽ നസ്‌റയുടെ ഫോൺ- സാറേ എനിക്ക് ഒരു സ്‌കൂളിൽ ടീച്ചറായി ജോലി കിട്ടി. നാളെ ഞാൻ ജോലിക്ക് ചേരും. അങ്ങനെ അവളൊരു സ്‌കൂൾ അധ്യാപികയായി.
ഒരിക്കൽ ആശുപത്രിയിൽ കാണാൻ വന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു- ജോലി കിട്ടിയിട്ട് ഇതുവരെ ചെലവൊന്നും ചെയ്തില്ല കേട്ടോ!
പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു- ജോലി കിട്ടിയിട്ട് വർഷങ്ങൾ രണ്ടു മൂന്നായെങ്കിലും ശമ്പളമൊന്നും കിട്ടിത്തുടങ്ങിയില്ല സാറേ... ജീവിതം ഇപ്പോഴും പച്ചക്കറി കൊണ്ടു തന്നെയാ.
അവൾ ഒരു അമ്മയായത് ഞാനോർത്തു. ഗൈനക്കോളജിസ്റ്റും പൾമനോളജിസ്റ്റും അത് വേണ്ടെന്നു പറഞ്ഞു സാറേ. എനിക്ക് അത് താങ്ങാനുള്ള ശേഷിയില്ലെന്നാണ് അവർ പറഞ്ഞത്. ചിലപ്പോൾ ഞാൻ മരിച്ചു പോകാനിടയുണ്ടെന്നു വരെ പറഞ്ഞു. ഞങ്ങളും ഇത് ഒഴിവാക്കിയാലോ എന്ന് ആലോചിച്ചതാ സാറേ. പിന്നെ ഒരു ധൈര്യത്തിൽ ഞാൻ മുന്നോട്ടു പോയി. ഭാഗ്യം അല്ലേ സാറേ! നസ്‌റയുടെ കണ്ണുകളിലെ തിളക്കം...
സാറേ എനിക്ക് അരിയർ സഹിതം ശമ്പളം കിട്ടി കേട്ടോ. രണ്ടര വർഷം മുമ്പ് വന്ന ഫോൺകോളിലാണ് അവൾ അക്കാര്യം പറഞ്ഞത്. അതിനു ശേഷം അവൾ എന്നെ കാണാൻ വന്നിരുന്നില്ല.
കോവിഡും കുഞ്ഞും- അതുകൊണ്ടാണ് വരാതിരുന്നത്.
സാറേ... ഇന്ന് എന്തായാലും ഇങ്ങു പോന്നു. അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു.
എങ്ങനെയുണ്ട് ജോലിയും ശമ്പളവുമൊക്കെ?... എന്റെ ചോദ്യത്തിന് അവളുടെ മറുപടി പെട്ടെന്നായിരുന്നു.
കോവിഡ് കാരണം ജോലിയുടെ സുഖം പോയി സാറേ! ശമ്പളം മുടങ്ങാതെ കിട്ടുന്നതു കൊണ്ട് രക്ഷപ്പെട്ടു. കോവിഡ് വന്നതോടെ പച്ചക്കറിക്കച്ചവടം തഥൈവ! അവൾ പൊട്ടിച്ചിരിക്കുക തന്നെയാണ്.
ശമ്പളമില്ലായിരുന്നെങ്കിൽ പട്ടിണിയായേനേ സാറേ... പറഞ്ഞത് ഭർത്താവാണ്.
വാ തോരാതെ സംസാരിക്കുന്നതിനിടയിൽ എന്തോ ഓർത്തിട്ടെന്ന പോലെ അവൾ പെട്ടെന്ന് നിർത്തി. ഞാനൊരു കാര്യം പറഞ്ഞാൽ സാർ വേണ്ട എന്നു പറയരുത്. അവൾ ഒരു കവർ എടുത്ത് നീട്ടി. ഇത് എന്റെ ഒരു മാസത്തെ ശമ്പളമാണ്. സാറിന്റെ കാൻസർ ചികിൽസാ ഫണ്ടിലേക്ക് ചെറിയൊരു തുക.
ഇത് ഇപ്പോൾ വേണ്ട.. പിന്നെയാകാം. നിങ്ങൾ ജീവിതം ഒന്നു സുരക്ഷിതമാക്കിയിട്ട്, കോവിഡിന്റെ പ്രശ്‌നമൊക്കെ തീർന്നിട്ട് തന്നാൽ മതി. ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
അതൊക്കെയങ്ങു നടക്കും സാറേ... അതിനൊന്നും ഒരു പ്രശ്‌നവും വരില്ല. പറഞ്ഞത് ഭർത്താവാണ്.
ആ കവർ എന്റെ മേശപ്പുറത്തു വെച്ച് നടന്നു നീങ്ങുമ്പോൾ നസ്‌റ പറഞ്ഞു. എനിക്ക് ഇനി ഒരു കാര്യം കൂടി ചെയ്തു തീർക്കാനുണ്ട് സാറേ!
വാപ്പ വിസ പ്രശ്‌നമായി ഗൾഫിൽ കുടുങ്ങി കിടക്കുകയാണ്. എന്തു വില കൊടുത്തും നാട്ടിലേക്ക് കൊണ്ടു വരണം. എന്റെ ചികിൽസയ്ക്ക് പണമുണ്ടാക്കാനും കൂടിയാണ് വാപ്പ ഗൾഫിലേക്ക് പോയത്. ജോലിയും കിട്ടിയില്ല. കൈയിലുള്ളത് പോവുകയും ചെയ്തു.
ഞാൻ അവളുടെ മുഖത്തേക്ക് അതിശയത്തോടെ നോക്കി! എന്റെ മനസ്സിൽ തെളിഞ്ഞത് കോവിഡ് കാലത്തെ ദാരിദ്ര്യം പറഞ്ഞ ആ മഹാനടന്റെ മുഖമാണ്.
ഇനി മറ്റൊരുളുടെ കാര്യം പറയാം. ഒമ്പതു മണിക്കുള്ള ചായ മേശപ്പുറത്തു വെച്ചു കൊണ്ട് ഞാൻ തുടർന്നു.
എന്നെ മനസ്സിലായോ സാർ...
ഞാൻ, മരിച്ചു പോയ അംബികയുടെ മകളാണ്. സാറിന് പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടു വരാറുള്ള അംബിക. ഈ മുഖവുരയോടെയാണ് ആ ചെറുപ്പക്കാരി എന്നെ കാണാൻ വന്നത്. പെട്ടെന്ന് അംബികയുടെ മുഖവും സംസാരവും എന്റെ മനസ്സിലേക്ക് ഓടിയെത്തി.
വീട്ടിലിരുന്ന് ഞാൻ ചെറിയ കടികൾ ഉണ്ടാക്കും. അതാണ് ജീവിതമാർഗം! ചികിൽസയ്ക്കിടെ അത് സാധിക്കുമോ സാറേ! ചോദിക്കുമ്പോൾ അംബികയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് ഞാൻ ഓർത്തു.
അമ്മയുടെ ആണ്ടാണ് സാറേ! അമ്മയുടെ ഓർമയ്ക്കായി ചെറിയൊരു തുകയാണിത്. കുറച്ച് രൂപയേ ഉള്ളൂ. കുറച്ചു രോഗികൾക്ക് ഒരു ദിവസത്തെ ആഹാരം നൽകണം. അതിനാണിത്. ആഹാരം നൽകലായിരുന്നല്ലോ അമ്മ ചെയ്തുകൊണ്ടിരുന്നത്.
ആരാണ് അമ്മയുടെ പാത പിന്തുടരുന്നത്? എന്റെ ചോദ്യത്തിന് മകൾ പറഞ്ഞു- അത് ചേച്ചിയാണ് സാറേ! കോവിഡ് ആയതു കൊണ്ട് ചേച്ചിക്കും അധികം പണിയില്ല. തട്ടിയും മുട്ടിയും പോകുന്നു... അത്രേയുള്ളൂ.
അപ്പോളും എന്റെ മനസ്സിൽ വന്നു ആ മഹാനടന്റെ ദാരിദ്ര്യം.
ബോറടിച്ചോ മണീ... എന്റെ കഥകൾ കേട്ടിട്ട്?
മണി എന്നെ നോക്കി പതുക്കെയൊന്നു ചിരിച്ചതേയുള്ളൂ.
കഴിഞ്ഞയാഴ്ച കല്യാണം കഴിഞ്ഞ മകനെയും കൊണ്ടാണ് ശോഭന വന്നത്. കോവിഡ് കാലത്തെ കല്യാണമായതു കൊണ്ട് ആർഭാടങ്ങളൊന്നുമില്ലായിരുന്നു. ആളുകളും തീരെ കുറവായിരുന്നു. വിവാഹത്തിന് കരുതി വെച്ചിരുന്ന തുകയിൽ ബാക്കി വന്ന ഒരു ചെറിയ തുക ഈ കവറിലുണ്ട്- ശോഭ ഒരു നീല കവർ വെച്ചു നീട്ടി. ഇത് ഒരു പാവപ്പെട്ട രോഗിയുടെ ചികിൽസയ്ക്കായി സാറ് ഉപയോഗിക്കണം. കോവിഡ് കാലമല്ലേ! ചികിൽസയ്ക്ക് പണത്തിനായി പരക്കം പായുന്ന ഒരുപാട് ആളുകളുണ്ടാവും. ഞങ്ങളും അത് അനുഭവിച്ചറിഞ്ഞതാ. മരിച്ചു പോയ ഭർത്താവിനെ ഓർത്തിട്ടായിരിക്കണം ശോഭ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു.
ഇക്കുറി മഹാനടന്റെ മുഖമല്ല എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്. കോവിഡ് കാലത്തിന്റെ ദുരിതങ്ങൾക്കിടയിലും സ്വന്തം ജീവിതത്തിനപ്പുറം ചിന്തിക്കുന്ന കുറേയേറെ മനസ്സുകൾ- അവരാണ് മനസ്സിൽ നിറഞ്ഞത്.
എറണാകുളത്തെ ഇന്ദിരാഗാന്ധി ആശുപത്രിയുടെ മുൻപിൽ തട്ടുകട നടത്തുന്ന പ്രായമായ ഭാര്യാഭർത്താക്കന്മാരുടെ മുഖവും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. എന്റെ സാരഥി ജഫ്രിയാണ് പറഞ്ഞത്- ഈ തട്ടുകട നടത്തുന്നവർ സാറിന്റെ രോഗികൾക്ക് എക്‌സ്ട്രാ കടികൾ കൊടുക്കും സാറേസ, കണക്കൊന്നും നോക്കാതെ.
ചിലർക്കൊക്കെ സൗജന്യമായും ചായയും കടിയും കൊടുക്കും. ഞങ്ങൾക്ക് ജീവിക്കാനുള്ള പൈസ കിട്ടുന്നുണ്ട്! അത് മതി എന്ന ചിന്താഗതിയാണ് അവർക്ക്- ജഫ്രി പറഞ്ഞു.
ഇങ്ങനെയുള്ള ആളുകൾ ഈ ലോകത്തുള്ളപ്പോൾ നമ്മുടെ പദ്ധതികൾക്ക് പൈസയൊന്നും പ്രശ്‌നമാവില്ല അല്ലേ സാറേ! ഇവരൊക്കെ മതി മനസ്സിന് സന്തോഷം നൽകാനും. യാത്ര പറഞ്ഞിറങ്ങുമ്പോൾ മണിയുടെ മുഖത്ത് തിളക്കമുള്ളൊരു ചിരിയുണ്ടായിരുന്നു. ദരിദ്രനായ ആ മഹാ നടനെ മറന്നേക്കാം സാറേ.. ഗുഡ്‌നൈറ്റ്... ചിരിച്ചു കൊണ്ട് മണി കാറിലേക്ക് കയറി.
Content Highlights: dr vp gangadharan column, oncologist, dr v p gangadharan latest news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..