സമാധാനത്തോടെ ജീവിക്കാൻ നല്ലത് കൊച്ചുകേരളം തന്നെ എന്നതിൽ മാറ്റം വന്നുതുടങ്ങി | സ്‌നേഹഗംഗ


സ്‌നേഹഗംഗ

By ഡോ.വി.പി.ഗംഗാധരന്‍

3 min read
Read later
Print
Share

ഡോ.വി.പി.ഗംഗാധരൻ| Photo: Mathrubhumi

ഇരുനിറം, കറുത്ത് ചുരു മുടി, മുഖത്തൊരു ചെറുപുഞ്ചിരി. ഓമനത്തം വിട്ടുമാറാത്ത അവളുടെ മുഖത്തു നോക്കി ഞാൻ ചോദിച്ചു: പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുകയാണെന്നല്ലേ പറഞ്ഞത്. ഇനി എന്താ പരിപാടി?
അണ്ഡാശയത്തിൽ കാൻസറുമായി ചികിൽസ തേടിയെത്തിയ ആർദ്രയുടെ മനസ്സ് ഒന്നു തണുപ്പിക്കാൻ ഞാൻ യാന്ത്രികമായി ഉതിർത്ത ഒരു ചോദ്യമായിരുന്നു അത്. നഴ്സിങ് പഠിക്കണം- അവളുടെ ഉത്തരം പെട്ടെന്നായിരുന്നു.
കേരളത്തിലാണോ വടക്കേ ഇന്ത്യയിലാണോ നിന്റെ പ്ലാൻ? ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
ഇല്ല അങ്കിളേ! ഞാൻ കാനഡയിലേക്കു പോകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ പോയി പഠിക്കണം. അവളുടെ കണ്ണുകളിൽ തിളക്കം.

ഇടുക്കിക്കാരിയായ ഒരു മിടുക്കിക്കുട്ടിയുടെ ആഗ്രഹം-എന്റെ മനസ്സ് മന്ത്രിച്ചു.
അതെന്താ അങ്ങനെയൊരു പദ്ധതി? നാടല്ലേ സുഖം? നാട്ടിൽ പഠിക്കാൻ നോക്കുന്നതല്ലേ നല്ലത്?
വിദേശരാജ്യങ്ങളിലെ ചെറിയ ജീവിതാനുഭവം വെച്ചുകൊണ്ട് ഞാൻ ഒരു ചെറിയ പ്രസംഗം തന്നെ നടത്തി.
അങ്കിളേ... അങ്കിൾ പറഞ്ഞതൊക്കെ ഞാൻ സമ്മതിച്ചു. പക്ഷേ, ഇവിടെ എനിക്കു പഠിക്കാനുള്ള ചെലവ് ആരു തരും?
കാനഡയിലാണെങ്കിൽ ഞാൻ എന്തെങ്കിലും ജോലി ചെയ്തു പൈസയുണ്ടാക്കും. കൂടെ പഠിത്തവും നടക്കും. എന്റെ നാട്ടിൽ നിന്ന് അങ്ങനെ പല ചേച്ചിമാരും പുറത്തുപോയി പഠിക്കുന്നുണ്ട്. അസുഖം മാറി എനിക്കു പുറത്തുപോയി പഠിക്കാൻ സാധിക്കുമല്ലോ അല്ലേ?

നീ ഒരിടത്തും പോകുന്നില്ല- ഒരു ഉറച്ച പുരുഷശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്.
ഞാനിവളുടെ അച്ഛനാ ഡോക്ടറേ... ഒറ്റമോളാ. അസുഖവും വെച്ചുകൊണ്ട് അവൾ ഒരിടത്തും പോകുന്നില്ല... അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

അങ്കിള് പറ... അസുഖം മാറുമെന്നു പറ. എന്നാലേ എനിക്കു പോകാൻ പറ്റൂ... അവൾ എന്റെ കൈ മുറുകെപിടിച്ചു.
അവളുടെ അസുഖമൊക്കെ പരിപൂർണമായി മാറും. അതു പറയുമ്പോളും എന്റെ മനസ്സിലുണ്ടായിരുന്നത് ആ ചോദ്യമാണ്- എന്തിനാണ് നീ നമ്മുടെ നാട് ഉപേക്ഷിച്ച് പുറത്തേക്കു പോകുന്നത്? എന്റെ കൂട്ടീ, നമുക്ക് നാടുതന്നെയല്ലേ നല്ലത്? നാട്ടിൽത്തന്നെ ജീവിക്കുന്നതല്ലേ നല്ലത്!

Also Read

വേഷങ്ങൾ... ജന്മങ്ങൾ... ജീവിക്കാനുള്ള തത്രപ്പാടിനിടയിൽ ...

അന്നും ഇന്നും ഗോപാലനു മുന്നിൽ വെക്കാൻ ആ ...

Premium

അമ്മയുടെ കൈയിൽ തൂങ്ങി ആദ്യ തീവണ്ടിയാത്ര; ...

Premium

കാൻസർ ചികിത്സ കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു: ഞാനുണ്ടാക്കിയ ...

Premium

'ഞാൻ ഉള്ളിടത്തോളം നിന്നെ ഒന്നിനും വിട്ടുകൊടുക്കില്ല ...

നാലഞ്ചു മാസം മുൻപ് സമാനമായൊരു സംഭവമുണ്ടായത് എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. കൂത്തുപറമ്പ് കോളേജിൽ ഒരു കാൻസർ ബോധവൽക്കരണ ക്ലാസ്സിനു ശേഷം ഞാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു. കോളേജിലെ രണ്ട് അധ്യാപികമാരാണ് എന്റെ കൂടെ ഉണ്ടായിരുന്നത്. കോളേജിൽ ഭൂരിഭാഗവും പെൺകുട്ടികളാണല്ലേ- കാറിൽ അടുത്തിരുന്ന അധ്യാപികയോട് ഞാൻ ചോദിച്ചു.

വണ്ടി ഓടിച്ചിരുന്ന ടീച്ചറാണ് ഉത്തരം പറഞ്ഞത്. നാലഞ്ചു വർഷമായി പഠിക്കാൻ വരുന്നതിൽ ആൺകുട്ടികൾ കുറവാണ്. 12-ാം ക്ലാസ്സ് കഴിയേണ്ട താമസം വിദേശരാജ്യങ്ങളിലേക്ക് ചേക്കേറാനാണ് അവരുടെയെല്ലാം ശ്രമം. അതിൽ മിക്കവരും വിജയിക്കാറുമുണ്ട്. അന്യരാജ്യത്തു ചെന്നാൽ എന്തു ജോലി ചെയ്യാനും അവർ തയ്യാറാകും. കൂടെ പഠിത്തവും നടക്കും. പഠിത്തം കഴിഞ്ഞ ശേഷം അവരിൽ ഭൂരിപക്ഷവും അവിടെത്തന്നെ തമ്പടിക്കും. ഞാൻ താമസിക്കുന്നത് കൂത്തുപറമ്പിൽനിന്ന് 25-30 കിലോ മീറ്റർ മാറിയാണ്. നാട്ടിൽ ജോലി ചെയ്തു ജീവിക്കുന്ന ആൺകുട്ടികൾ വളരെ കുറവാണ്- ടീച്ചർ വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞു.
എല്ലാവരും അക്കരെപ്പച്ച എന്ന ചിന്താഗതിയോടെ പോവുകയാണ് അല്ലേ... എന്റെ വാക്കുകളോട് രണ്ടു ടീച്ചർമാരും പ്രതികരിച്ചില്ല.

ഏതാനും ദിവസങ്ങൾക്കു മുമ്പു വരെ ഞാൻ ഇത്തരം ചിന്താഗതിക്കാരനായിരുന്നു. സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ഏറ്റവും നല്ലത് നമ്മുടെ കൊച്ചുകേരളം തന്നെ എന്ന ചിന്താഗതിക്കാരൻ. എന്നാൽ, അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങൾ എന്റെ ഈ ചിന്താഗതിയിൽ മാറ്റം വരുത്തിത്തുടങ്ങി. ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നു. രോഗിയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രികൾ തല്ലിത്തകർക്കുന്നു. പുലർച്ചെ നാലു മണി വരെ ഉറക്കമില്ലാതെ ജോലി ചെയ്യുന്നതിനിടെ ഒരു യുവ ഡോക്ടറെ രോഗി ദാരുണമായി കൊലപ്പെടുത്തുന്നു. അതിൽ അമ്പരന്ന് വലിയ സങ്കടത്തോടെ പ്രതികരിക്കുന്നവരെ എതിർത്ത് സോഷ്യൽ മീഡിയയിൽ ഒരാൾക്കൂട്ടമുണ്ടാകുന്നു. ഇത്തരം നീചകൃത്യങ്ങളെപ്പോലും ന്യായീകരിക്കാൻ വാദമുഖങ്ങളുയർത്തുന്ന ഒരു വിഭാഗമാളുകൾ കേരളത്തിൽത്തന്നെയാണുള്ളത്!
ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ കണ്ടുമടുത്ത മുഖങ്ങൾ ചേരിതിരിഞ്ഞ് രാഷ്ട്രീയമായി പോരാടുന്ന ദൃശ്യങ്ങൾ. പത്രവാർത്തകളിലെല്ലാം നിത്യേനയെന്നോണം നിറഞ്ഞു നിൽക്കുന്ന കൊലപാതക വാർത്തകൾ. പീഡനങ്ങൾ. ആത്മഹത്യകൾ. ഇങ്ങനെയൊക്കെയല്ലാതെ മനസ്സിനു കുളിർമയേകുന്ന വാർത്തകൾ വായിക്കുന്നതും കേൾക്കുന്നതും തികച്ചും വിരളമായിരിക്കുന്നു.

പെട്ടെന്ന് എന്റെ ചിന്ത മറ്റൊരു ദിശയിലേക്ക് ഓടി. ഞാൻ എല്ലാ വേദികളിലും ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്- ജീവിതത്തിൽ തിരഞ്ഞെടുക്കാൻ പറ്റിയ രണ്ടു പ്രൊഫഷനുകൾ ഏതൊക്കെയാണെന്ന് അറിയാമോ?
ചോദ്യമായി വെച്ചിട്ട് ഉത്തരവും ഞാൻ തന്നെയാണ് പറയാറുള്ളത്. അധ്യാപകവൃത്തിയും ഡോക്ടർ പ്രൊഫഷനും എന്നാണ് എന്റെ പതിവ് ഉത്തരം. എന്റെ ഉത്തരങ്ങളെ സാധൂകരിക്കാനുള്ള ന്യായങ്ങളും പറയാറുണ്ട്. ഈ ചിന്താഗതിയും മാറേണ്ടിയിരിക്കുന്നു എന്ന് മനസ്സ് ഓർമിപ്പിക്കുകയാണ് ഇപ്പോൾ.

സാറ് എന്തോ ഓർത്തുകൊണ്ടിരിക്കുകയാണെന്നു തോന്നുന്നു- എന്റെ സഹപ്രവർത്തകരായ രണ്ടു ലേഡി ഡോക്ടർമാർ മുറിയിലേക്കു കടന്നു വന്നത് ഞാൻ അറിഞ്ഞില്ല.
ഞങ്ങൾ രണ്ടു പേരും അടുത്ത മാസത്തോടെ പുറത്തേക്കു പോവുകയാണ് സാർ. ഇവിടെനിന്ന് റിസൈൻ ചെയ്യണം. റെസിഗ്‌നേഷനിൽ സാറ് ഒന്ന് ഒപ്പിടണം...

തയ്യാറാക്കിക്കൊണ്ടു വന്ന രാജിക്കത്ത് അവർ മേശപ്പുറത്തു വെച്ചു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കുറേയേറെ നഴ്‌സുമാരും ഡോക്ടർമാരും ഇവിടെനിന്നു തന്നെ രാജ്യം വിട്ടിരിക്കുന്നു- എന്റെയടുത്തിരുന്ന ഡോക്ടർ രാജീവ് പറഞ്ഞു.

ചെറുപ്പക്കാരെല്ലാവരും നാടുവിടാൻ തയ്യാറെടുക്കുകയാണ്- ഞാനും യാന്ത്രികമായി പറഞ്ഞു.

Content Highlights: dr vp gangadharan column on international migration

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vpg

5 min

പെണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് അതെന്തായാലും വേണം സാറേ! അവര്‍ തറപ്പിച്ചു പറഞ്ഞ വാക്കുകള്‍...

Dec 20, 2021


vpg

4 min

മുറിയിലേക്ക് കടന്നതും അയാള്‍ തറയില്‍ തൊട്ടു വന്ദിച്ചു. അദ്ദേഹം മലയാളിയല്ലെന്ന് തീര്‍ച്ച!

Jul 14, 2021


VPG

8 min

പാട്ടു പാടാനും അഭിനയിക്കാനും പോലും പറ്റും! ഉറ്റവര്‍ ഒപ്പമുണ്ടെങ്കില്‍

Jun 16, 2021

Most Commented