ഡോ.വി.പി.ഗംഗാധരൻ | Photo: Mathrubhumi
പേര് ജോസ് അല്ലേ!.. തൃശൂരടുത്ത് വീട്...
എന്റെ വലതു വശത്ത് കസേരയിൽ ഇരിക്കുന്ന പ്രായമായ രോഗിയുടെ മുഖത്തു നോക്കി ഞാൻ ചോദിച്ചു: ജോസ് മാഷ് ഇപ്പോൾ എന്തു ചെയ്യുന്നു?
അപ്പച്ചൻ മാഷായിരുന്നെന്ന് സാറ് എങ്ങനെയറിഞ്ഞു?- കുറച്ചു മാറിയിരുന്ന മകന്റെ മുഖത്ത് അത്ഭുത ഭാവം.
മാഷായിരുന്നു. കഴിഞ്ഞ നാലു വർഷമായി പഠിപ്പിക്കുന്നില്ല- അതു പറഞ്ഞത് ജോസിന്റെ ഭാര്യ.
ഇവളും എന്നെപ്പോലെ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടിയാണ് കഴിഞ്ഞ 30-35 വർഷമായി വീട്ടിൽ ട്യൂഷൻ ക്ലാസ്സ് നടത്തിയിരുന്നത്. പക്ഷേ... ജോസ് മാഷ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി...
ഇതൊന്നുമറിഞ്ഞിട്ടല്ല ഞാൻ അദ്ദേഹത്തെ മാഷ് എന്നു വിളിച്ചത്. തൃശൂർക്കാരനാണെന്ന് കണ്ടതിനാൽ വിളിച്ചതാണ്- ഞാൻ മകനെ നോക്കി പറഞ്ഞു.
ഓരോ ദിവസവും ഇരുന്നൂറോളം കുട്ടികളെ പഠിപ്പിക്കും. രാവിലെ തുടങ്ങിയാൽ രാത്രി വരെ ജീവിതത്തിൽ വേറൊരു ചിന്തയുമില്ലായിരുന്നു സാറേ... ജീവിത കാലം മുഴുവൻ മാഷായി ജീവിച്ചു. മരിക്കുമ്പോഴും അങ്ങനെയായിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അത് മേണ്ടം (മുമ്പ് തൃശൂർക്കാരുടെ നാട്ടുഭാഷയിൽ ടീച്ചറിനെ മേണ്ടം എന്നു പറയുമായിരുന്നു) ആ വാചകം പൂർത്തിയാക്കിയില്ല.
അതെന്തു പറ്റി, കുട്ടികൾ ട്യൂഷന് വരാതായോ! ഇപ്പോൾ ഹൈ ടെക് ട്യൂഷൻ സെന്ററുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ പ്രയാസം തന്നെയാണ്. എന്റെ വാക്കുകൾ കേട്ട് ജോസ് മാഷ് ചിരിച്ചു.
ഇന്നലെയും കുറേ കുട്ടികൾ വന്നിരുന്നു. മാഷേ ഒന്നു പഠിപ്പിക്കാമോ എന്നു ചോദിച്ചാണ് വന്നത്. ഞാൻ ട്യൂഷൻ എടുക്കുന്നത് നിർത്തിയിട്ട് അഞ്ചു വർഷത്തോളമായി. ഞാൻ തന്നെ വേണ്ടെന്നു വെച്ചതാണ്. അതോടെ അവളും വേണ്ടെന്നു വെച്ചു. അദ്ദേഹം ഭാര്യയുടെ മുഖത്തേക്കു നോക്കി.
വയ്യ സാറേ, വയസ്സുകാലത്ത് ജയിലിൽ കിടക്കാൻ വയ്യാ. ജയിൽവാസം ദുഃസ്വപ്നം കണ്ട് ഉറങ്ങാനാവാതെ പോയ എത്രയെത്ര രാത്രികൾ! ഇപ്പോൾ കാൻസറും കൂടിയായി. ഇനി മരണം മാത്രമല്ലേ ഉള്ളൂ.
Also Read
അല്ല മാഷേ... ഞാൻ പെട്ടെന്ന് മാഷിനെ തിരുത്തി. ഈ കാൻസർ കൊണ്ട് താങ്കൾ മരിക്കുകയൊന്നുമില്ല. അസുഖം മാറി സുഖമായി തിരികെ പോകാൻ പറ്റും.
അതല്ല സാറേ... മേഡത്തിന്റെ മുഖത്തെ ചിരി മാഞ്ഞു. സന്തോഷത്തോടെയല്ല ഞങ്ങൾ ട്യൂഷൻ മതിയാക്കിയത്. പ്രായമായതു കൊണ്ടോ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടോ അല്ല ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ആ പണി വേണ്ടെന്നു വെച്ചത്. സത്യത്തിൽ ഭയമാണ് ഇപ്പോൾ കുട്ടികളെ പഠിപ്പിക്കാൻ. അവരുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു.
അതെന്തു പറ്റി? എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ? കുട്ടികളോ മാതാപിതാക്കളോ മറ്റോ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയോ? എനിക്ക് ജിജ്ഞാസ ഏറി.
ഇല്ല സാറേ... പ്രശ്നമൊന്നും ഉണ്ടായില്ല. ഒന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെയൊരു തീരുമാനമെടുത്തത്. സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതല്ലേ സാറേ നല്ലത്! മാഷും വികാരാധീനനായി.
മലയാളമാണ് മാഷ് പഠിപ്പിച്ചിരുന്നത് അല്ലേ? ഭാഷ കേട്ടാൽ അറിയാം. ഞാൻ ചിരിച്ചു കൊണ്ട് മാഷുടെ കൈ പിടിച്ചു.
അല്ല, മാഷ് കണക്കാണ് പഠിപ്പിച്ചിരുന്നത്. ഞാൻ സയൻസും- മേഡം എന്നെ നോക്കി പറഞ്ഞു.
ഇവർ രണ്ടു പേരും പഠിപ്പിക്കുന്നതിനിടയിൽ കുട്ടികളെ അടിക്കും. എനിക്കും കിട്ടിയിട്ടുണ്ട് ധാരാളം അടി. മകൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
ചെറിയ കുസൃതികൾക്കൊന്നും അടി കിട്ടില്ല. ഹോംവർക്ക് ചെയ്യാതെ വന്നാൽ അടി നിശ്ചയം. പിന്നെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരിക്കുക, ക്ലാസ്സെടുക്കുമ്പോൾ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുക... ഇതൊന്നും അപ്പച്ചനും അമ്മച്ചിക്കും സഹിക്കാൻ സാധിക്കില്ല- മകൻ വിശദീകരിച്ചു.
ഫീസും തന്ന് മാതാപിതാക്കൾ എന്റെയടുത്ത് കുട്ടികളെ പറഞ്ഞു വിടുന്നത് അവരെ പഠിപ്പിച്ച് വലിയവരാക്കാൻ വേണ്ടിയല്ലേ! അങ്ങനെ എത്രയെത്ര കുട്ടികൾ പഠിച്ചു വളർന്ന് വലിയവരായിരിക്കുന്നു! അവരൊക്കെ ഇപ്പോളും ഇടയ്ക്കിടയ്ക്ക് ഞങ്ങളെ കാണാനായി വരാറുണ്ട്. കുട്ടികൾ നന്നായി വരണമെന്ന് ഒരൊറ്റ ആഗ്രഹമേ എന്റെ മനസ്സിലുള്ളൂ. അല്ലാതെ മനസ്സിൽ പകവെച്ച് ഞാൻ ഒരു കുട്ടിയെയും അടിച്ചിട്ടില്ല. മാഷുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ ശ്രദ്ധിച്ചു.
അച്ഛന് കുട്ടികളെ വളരെ ഇഷ്ടമാണ്. അതു പോലെ കുട്ടികൾക്ക് അച്ഛനെയും ഇഷ്ടമാണ്. അടി കൊണ്ട കുട്ടിക്ക് അന്ന് ഒരു മിഠായി നിശ്ചയം- അതു പറയുമ്പോൾ മകൻ ചിരി നിർത്താൻ പാടുപെടുന്നുണ്ടായിരുന്നു.
ആ കാലമൊക്കെ കഴിഞ്ഞില്ലേ... മാഷും മേഡവും ഒരേ സ്വരത്തിൽ പറഞ്ഞു. അന്നൊന്നും ഒരു രക്ഷാകർത്താവും പരാതിയുമായി ഞങ്ങളുടെ മുന്നിൽ വന്നിട്ടില്ല. പക്ഷേ, ഇന്നാണെങ്കിലോ! ഞങ്ങൾ ഒന്നു കണ്ണുരുട്ടിയാൽ മതി, ഉപദേശിച്ചാൽ മതി, അച്ഛനമ്മമാർ പരാതിയുമായി ഓടിയെത്തും, നാട്ടുകാരിളകും. രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ പ്രതികരിക്കും. പോലീസ് കേസാകും. പിന്നെ ഞങ്ങളുടെ ജീവിതം ജയിലിലും കോടതി വരാന്തയിലുമായി തീർക്കേണ്ടി വരും. അതുകൊണ്ടാണ് സാറേ... മാഷ് പറഞ്ഞു മുഴുമിപ്പിച്ചില്ല.
രക്ഷകർത്താക്കൾ പരാതിപ്പെടണമെന്നില്ല. ഒരു കുട്ടി പരാതി എഴുതിയിട്ടാൽ മതി. പിന്നെ അന്വേഷണമായി, പത്രമാധ്യമങ്ങളിൽ വാർത്തയായി... എന്തിനാണ് സാറേ ഈ വയസ്സു കാലത്ത് ഈ പുലിവാലൊക്കെ! മേഡവും പാതി പറഞ്ഞു നിർത്തി.
അതു കേട്ടപ്പോൾ എന്റെ കുട്ടിക്കാലമാണ് മനസ്സിൽ തെളിഞ്ഞു വന്നത്. കബീർദാസ് കഹ്തേ ഹേം... തേ ആണ് തി അല്ല... പിള്ള മാഷുടെ ശബ്ദം ചെവിയിൽ മുഴങ്ങുന്നു. അതിന്റെ പിന്നാലെ ചന്തിക്ക് കിട്ടുന്ന ചൂരൽ പ്രയോഗത്തിന്റെ വേദനയും മറക്കാനാവുന്നില്ല. പക്ഷേ, മാഷ് അന്നു പഠിപ്പിച്ച കവിതയിലെ വരികൾ ഏതു പാതിരാത്രിക്കു വിളിച്ചുണർത്തി ചോദിച്ചാലും ഇന്നും പാടാൻ കഴിയും. ധീരേ ധീരേ രേ മനാ...ധീരേ സബ് കുഛ് ഹോയ്...
അങ്ങനെ നീണ്ടു പോകുന്ന ആ കവിതയിലെ വരികൾ. പേരുകൾ മറന്നാലും കബീർദാസിന്റെ ദോഹ മറക്കില്ല.
ചെവിയിൽ ആരോ പിടിച്ചു തിരുമ്മന്ന പോലെ- കൂടെ മലയാളം പഠിപ്പിച്ച രാമു മേനോൻ മാഷുടെ ശബ്ദം ചെവിയിൽ മുഴങ്ങി. 'മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ എട്ടു ചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേർ.'
കൂടെ പാടെടാ... ചെവിയിലെ തിരുമ്മലിന്റെ ശക്തി കൂടിയും കുറഞ്ഞുമിരിക്കും. മഞ്ജരി, കേക... വൃത്തങ്ങളുടെയൊക്കെ ലക്ഷണം ഇന്നും മനപ്പാഠം തന്നെ. കൂടെ ചെവി കൂട്ടിയുള്ള തിരുമ്മലും ഓർക്കുമെന്നു മാത്രം. അടിക്കില്ലെങ്കിലും സദാ വടിയുമായി നടക്കുന്ന ഹെഡ്മാഷ് ശ്രീധരമേനോൻ മാഷും ഓർമയിൽത്തന്നെയുണ്ട്. എം.ബി.ബി.എസ്. പഠനകാലത്ത് ചെവിയിൽ പിച്ചുകയും വാർഡിന്റെ ഒത്ത നടുക്കായി സ്റ്റൂളിൽ കയറ്റി നിർത്തുകയും ചെയ്തിരുന്ന ജേക്കബ് സാറിനെയും പെട്ടെന്ന് ഓർത്തു.
ഇവർക്കാർക്കും ഒരു കുട്ടിയോടും പകയില്ലായിരുന്നു. സ്നേഹം മാത്രമായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ഇന്നും അവരെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. എന്നെ ഒരിക്കലും അടിക്കാത്ത അധ്യാപകരെക്കാൾ ഒട്ടും കുറവില്ലാതെ തന്നെ. അതോ അവരെക്കാളധികമായോ... ഉത്തരമില്ലാത്ത ചോദ്യം- മനസ്സ് പറഞ്ഞു.
മുറി വിട്ടിറങ്ങുമ്പോൾ ഞാൻ മാഷെ നോക്കി പറഞ്ഞു: ചികിൽസയൊക്കെ കഴിഞ്ഞ് തിരികെ പോയി നിങ്ങൾ കുറേ കുട്ടികളെക്കൂടി പഠിപ്പിക്കണം. ഫീസ് വാങ്ങണ്ട എന്നു തീരുമാനിച്ചാൽ മതി.
ഫീസില്ലാതെ കുറേ കുട്ടികളെ പഠിപ്പിക്കാറുണ്ട്. അതല്ല പ്രശ്നം സാറേ... പ്രശ്നം വടിയും അടിയും തന്നെയാണ്. മകന്റെ മുഖത്ത് വീണ്ടും ചിരി. എനിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
Content Highlights: dr vp gangadharan column about teachers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..