ദ്യത്തെ പരീക്ഷയ്ക്ക് എല്ലാ സബ്ജക്ടിനും ജയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് എം.ബി.ബി.എസിനെക്കുറിച്ച് പറയാറുണ്ടായിരുന്നത്, ഞങ്ങള്‍ പഠിച്ചിരുന്ന സമയത്ത്. ഇപ്പോള്‍ നിത്യേനെയന്നോണം ആത്മഹത്യാ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പഴയകാര്യം ഓര്‍ത്തുപോയതാണ്. എം.ബി.ബി.എസിന് ചേര്‍ന്നുകഴിഞ്ഞാല്‍ ആദ്യത്തെ കോളേജ് ലെവല്‍ എക്‌സാമിന് എല്ലാ വിഷയത്തിനും ജയിക്കുന്ന ആരുമുണ്ടാവില്ലായിരുന്നു അന്ന്. അഥവാ ആരെങ്കിലും നന്നായി എഴുതിയാലും അധ്യാപകര്‍ തോല്‍പിക്കും എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്.

അന്ന് എന്‍ട്രന്‍സ് പരീക്ഷയില്ല. മിക്കവാറും റാങ്കുകാരും മറ്റുമാണ് എം.ബി.ബി.എസിന് ചേരുക. ജീവിതത്തില്‍ അന്നോളം എഴുതിയിട്ടുള്ള എല്ലാ പരീക്ഷയ്ക്കും റാങ്ക് മാത്രം നേടിയിരുന്നവരാണ് നിസ്സാരമായ ഒരു കോളേജ് പരീക്ഷയ്ക്ക് തോറ്റുപോകുന്നത്. അതും സ്വപ്നസാക്ഷാത്കാരമായി ചെന്നുചേരുന്ന എം.ബി.ബി.എസിന്!

ആ തോല്‍വി പക്ഷേ, വലിയൊരു പഠനമാണ്. തോല്‍ക്കാനുംകൂടി പഠിക്കുമ്പോഴേ ജീവിതപാഠങ്ങള്‍ പൂര്‍ണമാവുകയുള്ളൂ. തോല്‍ക്കാന്‍ പഠിച്ചവര്‍ക്കേ ജയത്തിന്റെ മൂല്യവും മധുരവും മനസ്സിലാവുകയുള്ളൂ.

ഇന്ന് തോല്‍വി ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ പോലും തയ്യാറല്ല മിക്കവരും. അതുകൊണ്ടാണ് നിസ്സാര കാര്യങ്ങളുടെ പേരില്‍പ്പോലും ആളുകള്‍ ആത്മഹത്യയിലേക്ക് പോകുന്നത്. ഒരു ശരാശരി കുടുംബത്തിലുള്ളവര്‍ പ്രധാനമായും നാലുതരം ഇടപെടല്‍ കാലങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് എനിക്കു തോന്നുന്നു. ആദ്യത്തേത് വീടുതന്നെ. പിന്നെ പഠനകാലത്തെ സാഹചര്യങ്ങള്‍. അതുകഴിഞ്ഞാല്‍ ജോലിസ്ഥലം. അവസാനമായി ചുറ്റുമുള്ള സമൂഹം.

വീട്ടില്‍ മിക്കവാറും കുട്ടികള്‍ക്ക് ഒരൊറ്റ കാര്യമേ കേള്‍ക്കാനുണ്ടാവൂ-പഠിക്കുക...നന്നായി പഠിക്കുക... കൂടുതല്‍ നന്നായി പഠിക്കുക. പഠനമല്ലാതെ മറ്റൊരു കാര്യത്തെക്കുറിച്ചും ചിന്തിക്കാന്‍കൂടി പറ്റില്ല മിക്ക കുട്ടികള്‍ക്കും. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ഒരുദിവസത്തെ പരിപാടി അവളുടെ അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ്, 

'രാവിലെ ആറേകാലിന് വീട്ടില്‍നിന്ന് ഇറങ്ങും. രണ്ടിടത്തായി രണ്ട് സബ്ജക്ടിന് ട്യൂഷനുണ്ട്. അതു കഴിഞ്ഞ് നേരേ ക്ലാസിലേക്ക്. വൈകുന്നേരം ക്ലാസുകഴിഞ്ഞാലുടനെ എന്‍ട്രന്‍സ് കോച്ചിങ് ഉണ്ട്. അതും കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഏഴു മണിയാകും. നേരേ ചെന്ന് പഠിക്കാനിരിക്കണം. എങ്കിലേ ഹോംവര്‍ക്കുകളും അസൈന്‍മെന്റുകളും ഒക്കെ പൂര്‍ത്തിയാക്കി അന്ന് പഠിച്ചതുംകൂടി നോക്കാനെങ്കിലും പറ്റുകയുള്ളൂ...'

പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛന്‍ പകുതി തമാശയായിട്ടെന്നതുപോലെ പറഞ്ഞത്, 'അവന് ഭ്രാന്തുപിടിക്കാതിരുന്നാല്‍ മതിയായിരുന്നു' എന്നാണ്. എന്‍ട്രന്‍സ് പഠിക്കുന്നതിനുള്ള സൗകര്യത്തിനായി ഒരു ഹോസ്റ്റലില്‍ താമസിച്ച് പ്ലസ് വണ്ണും കോച്ചിങ്ങുമായി പഠനത്തിരക്കിലാണ് കുട്ടി. എല്ലാ ആഴ്ചയും അച്ഛനും അമ്മയുംകൂടി മകനെ കാണാന്‍ ചെല്ലും. ഒരു ദിവസം മകന്‍ പറഞ്ഞു, 

'അച്ഛനും അമ്മയും കൂടി ഇനി വരേണ്ട. കൂടുതല്‍ ലീവ് ഉള്ളപ്പോള്‍ വീട്ടില്‍പ്പോകാന്‍ വന്നാല്‍ മതി. എല്ലാ ആഴ്ചയും നിങ്ങള്‍ വന്നുപോയിക്കഴിഞ്ഞാല്‍ പിന്നെ പഠിക്കാനുള്ള ആ മൂഡിലേക്ക് വരണമെങ്കില്‍ ആറേഴ് മണിക്കൂറെടുക്കും,വെറുതേ അത്രയും സമയം കളഞ്ഞാല്‍ ശരിയാവില്ല...'

പത്തുപതിനാറ് വയസ്സ് മാത്രമുള്ള കുട്ടിയാണ്... 'പഠിച്ചു പഠിച്ച് മകന് ഭ്രാന്തായിപ്പോകല്ലേ...' എന്ന് അച്ഛന്‍ ആഗ്രഹിച്ചുപോകുന്നത് വെറുതേയല്ലല്ലോ!

'അച്ഛനമ്മമാരുടെ പ്രതീക്ഷകള്‍ക്കൊപ്പം എത്താന്‍ പറ്റുന്നില്ലല്ലോ' എന്നൊരു വേവലാതിയുണ്ടാവും കുട്ടികള്‍ക്ക്. അച്ഛനമ്മമാരുമായി നല്ല അടുപ്പമുള്ള പ്രിയപ്പെട്ട മക്കള്‍ പോലും പലപ്പോഴും അവരോട് ഒരു വാക്കുപോലും പറയാതെ ഡിപ്രഷനിലേക്കോ ആത്മഹത്യയിലേക്ക് പോലുമോ എത്തിപ്പെടുന്നത് അപ്പോഴാണ്.

'താന്‍ അത്ര കഴിവുള്ള ആളല്ലല്ലോ' എന്ന സങ്കടം, 'ഇത്രയും അധ്വാനിച്ചാല്‍ പോരേ' എന്ന ഭയം, 'എനിക്ക് പറ്റുന്നില്ലല്ലോ' എന്ന വിഷമം ഒക്കെ നമ്മുടെ മക്കളെ വേട്ടയാടും. ഏതു വഴിയിലേക്കാണ് അവരുടെ മനസ്സ് കലങ്ങിമറിഞ്ഞുപോവുക എന്ന് പ്രവചിക്കാനാവില്ല.

അഞ്ചിലോ ആറിലോ എത്തുമ്പോള്‍ത്തന്നെ കുട്ടിക്ക് 'ടാര്‍ജറ്റ്' നിശ്ചയിച്ചുകൊടുത്തിട്ടുണ്ടാവും-'ഡോക്ടര്‍', 'എഞ്ചിനീയര്‍', 'സയന്റിസ്റ്റ്'... - മനഃപൂര്‍വമല്ലാതെതന്നെ വന്നുചേരുന്ന താരതമ്യപ്പെടുത്തലുകളുമുണ്ടാവും.

'ദാ... ആ കുട്ടിയെ നോക്കൂ...അവന്‍ അങ്ങനെയായി... അവള്‍ ഇങ്ങനെയായി...' എന്ന മട്ടില്‍ വെറുതേ സംസാരിക്കുന്നതായിരിക്കും അച്ഛനമ്മമാര്‍.

കുട്ടികള്‍ അത് ഉള്‍ക്കൊള്ളുക പക്ഷേ, മറ്റൊരു തരത്തിലായിരിക്കും. ആ മിടുക്കനെയോ മിടുക്കിയെയോ പോലെ താന്‍ ആയിത്തീരാത്തതില്‍ അച്ഛനമ്മമാര്‍ക്ക് വിഷമമുണ്ടെന്ന മട്ടില്‍. 'തനിക്കുവേണ്ടി ഇത്രയധികം ബുദ്ധിമുട്ടുകയും തന്നെ ഇത്രയും സ്‌നേഹിക്കുകയും ഒക്കെ ചെയ്യുന്ന അച്ഛനമ്മമാരുടെ പ്രതീക്ഷയ്‌ക്കൊപ്പം എത്താനാവുന്നില്ലല്ലോ' എന്ന സങ്കടം കുട്ടിയുടെ ഉള്ളില്‍ക്കിടന്ന് ക്രമേണ വിഷാദത്തിന്റെ കാടായി മാറും. ഈ പഠനകാര്യങ്ങളല്ലാതെ മക്കള്‍ക്ക് അച്ഛനമ്മമാരോടോ നല്ല കൂട്ടുകാരോടോ ഒന്ന് മനസ്സുതുറന്ന് വര്‍ത്തമാനം പറയാനോ കളിചിരികളുമായി കൂടാനോ ഒന്നും സമയം കിട്ടുകയേ ഇല്ല. 

അധ്യാപകര്‍ക്കാണെങ്കില്‍ സിലബസ് നേരത്തേ പഠിപ്പിച്ചുതീര്‍ക്കാനും കൂടുതല്‍ മാര്‍ക്ക് ഉറപ്പാക്കാനുമായി ആവര്‍ത്തിച്ച് പഠിപ്പിച്ചുറപ്പിക്കാനുമുള്ള കാര്യങ്ങളല്ലാതെ മറ്റൊന്നും മനസ്സിലേ ഉണ്ടാവില്ല. സിലബസിനപ്പുറം എന്തെങ്കിലും പറയാനുള്ള സമയമോ മനസ്സോ ഉണ്ടാവില്ല മിക്ക അധ്യാപകര്‍ക്കും. പാഠപുസ്തകത്തിനപ്പുറത്തുള്ള അറിവിന്റെ ലോകം കുട്ടികള്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കാനെങ്കിലും അറിവുള്ള അധ്യാപകരും കുറവായിരിക്കും.

സിലബസിലുള്ളതല്ലാതെ ഒന്നും അറിയാത്തയാളാണെങ്കിലും നല്ല മാര്‍ക്കുള്ള കുട്ടിയെ അധ്യാപകര്‍ പ്രശംസിച്ചു പൊക്കും. 'നീ ഐ.ഐ.ടി.യിലേ ചേരാവൂ...ഡോക്ടറായേ തീരൂ...' എന്നൊക്കെ... വീട്ടില്‍നിന്ന് വെച്ചുകെട്ടിയിരിക്കുന്ന അമിത പ്രതീക്ഷയുടെ ഭാരം ഇരട്ടിയാക്കുകയാണ് അധ്യാപകര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ മകന്‍ യു.കെ.ജി.യില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ അവിടത്തെ ടീച്ചര്‍ ഞങ്ങളെ വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു: ''ഡോക്ടറുടെ മകന്‍ 'അപ് ടു ദ മാര്‍ക്ക്' ആവുന്നില്ല, അയാള്‍ പഠിക്കുന്നത് പോരാ...''

എനിക്ക് ചിരിയാണ് വന്നത്...'ഇത്ര ചെറിയ കുട്ടിക്ക് എന്തു മാര്‍ക്കാണ്...എന്ത് പഠിത്തമാണ്... ക്ലാസില്‍ പോകുന്നത് ഇഷ്ടപ്പെടാന്‍ അവന് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്നെങ്കിലും അവന് പഠനം താത്പര്യമുള്ള കാര്യമായി മാറുമോ...?'

'അവന്‍ ഇങ്ങനെയൊക്കെ പഠിച്ചാല്‍ മതി, ടീച്ചറേ...'എന്ന് പറയുന്നത് ആ അധ്യാപികയ്ക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ലായിരുന്നു. 'ഇങ്ങനത്തെ പേരന്റ്സാണെങ്കില്‍ കുട്ടികള്‍ പിന്നെയെങ്ങനെയാണ് നല്ല മാര്‍ക്ക് മേടിക്കുക' എന്ന അതിശയമായിരുന്നു അവര്‍ക്ക്.

ഇന്ന് സ്‌കൂളില്‍ ആഹ്ലാദജീവിതത്തിന് അവസരമേ കൊടുക്കുന്നില്ല, കുട്ടികള്‍ക്ക്. ചെറുപ്പത്തിലേ അവര്‍ക്ക് 'അംബീഷന്‍' കുത്തിവെക്കുകയാണ്... 'ടാര്‍ജറ്റ്' കൊടുക്കുന്നു, അത് 'അച്ചീവ്' ചെയ്ത് ജീവിതത്തില്‍ 'സക്‌സസ്' കൊയ്യുന്നു. എന്നതാണ് പലരുടെയും ധാരണ.

മുമ്പ് ഞങ്ങള്‍ക്കൊന്നും ഇതൊന്നും വേണ്ടിയിരുന്നില്ല... പറ്റുന്നതുപോലെ പഠിക്കുന്നു, ആവുന്നതുപോലെ ആയിത്തീരുന്നു. ഒരു സൈക്കിള്‍ കിട്ടിയാല്‍ സന്തോഷം, കിട്ടിയില്ലെങ്കില്‍ നമുക്കൊന്നുമില്ല, നടന്നുപോകും. മറ്റാരുടെയെങ്കിലും സൈക്കിള്‍ കുറച്ചുനേരം ചവിട്ടാന്‍ കിട്ടിയാല്‍ അവിടെ നമ്മുടെ സന്തോഷം രൂപപ്പെടുത്തും.

കഴിവുപോലെ, അവസരം കിട്ടുംപോലെ ഓരോരുത്തരും ജീവിതത്തില്‍ ഓരോരോ ഇടങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും... അത്രയൊക്കെയേ ഉള്ളൂ ജീവിതം... അല്ലെങ്കില്‍ അത്രയേറെയാണ് ജീവിതം.

ഒരു പുഴ ഒഴുകുന്നതുപോലെ ഇരുകരകളെയും നനച്ച്, കുളിരും തണുവും നല്‍കി നിത്യവും പുതിയതായി ഒഴുകുന്നതാണ് നമ്മുടെ ജീവിതം. അതിന്റെ മഹത്ത്വം ഒന്നു വേറെയാണ്. ആ മഹത്ത്വം മനസ്സിലാക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇടയ്ക്കുവെച്ച് ജീവിതം കെടുത്തിക്കളയണമെന്ന് തോന്നുന്നത്.

പഠനകാലത്തേ ടാര്‍ജറ്റുകളുണ്ടാക്കുന്ന, വിറളിപിടിച്ച കാലംകഴിഞ്ഞ് എന്തെങ്കിലും ജോലിയിലെത്തിക്കഴിഞ്ഞാലാകട്ടെ, ഒന്നിനുപിറകേ ഒന്നായി ടാര്‍ജറ്റുകളും നൂറു നൂറ് ടെന്‍ഷനുകളും വരവായി. സമയത്ത് ജോലി തീര്‍ക്കാനാവില്ല. സമയത്ത് വീട്ടിലെത്താനാവില്ല. തീരുമാനിക്കുന്ന മറ്റു കാര്യങ്ങളൊന്നും ചെയ്യാനാവില്ല. ജോലിസ്ഥലത്ത് നിറയെ ടെന്‍ഷനാണ്. അതുംകൂടി വീട്ടിലേക്കു കൊണ്ടുപോകും പലരും. ഭാര്യയും ഭര്‍ത്താവും സ്വന്തം ടെന്‍ഷനുകള്‍ കൊണ്ടുവന്ന് വീട്ടിലിറക്കുന്നതോടെ അവിടം പലതരം സമ്മര്‍ദങ്ങളുടെ കേന്ദ്രമാകുന്നു. ആകെക്കൂടി നോക്കിയാല്‍ ഒരുതരത്തില്‍, തീക്കനലിന് മുകളിലിരിക്കുന്നതുപോലെയാണ് പലരുടെയും ജീവിതം. ആശ്വാസത്തിന്റെ കുളിരോ തണുവോ ഒന്നും പകരാന്‍ ആരും എവിടെയുമില്ല എന്നതാണ് സ്ഥിതി.

അങ്ങനെ വരുമ്പോഴാണ്, തീരെ നിസ്സാരമായ കാര്യങ്ങള്‍പോലും താങ്ങാന്‍ പലര്‍ക്കും കഴിയാതെവരുന്നത്,ആത്മഹത്യ പോലെ മാറ്റാനാവാത്ത ദുരന്തങ്ങളില്‍ പോയി അവസാനിക്കുന്നത്.

ജീവിതത്തില്‍ നല്ല പങ്കാളിത്തവും സ്‌നേഹംനിറഞ്ഞ ഒപ്പംചേരലുമാണ് വീട്ടുകാരും കൂട്ടുകാരുമൊക്കെ നല്‍കേണ്ടത്. 'നിങ്ങള്‍ കഴിവുപോലെ സന്തോഷമായി ജീവിക്കൂ, അച്ഛനുമമ്മയും ഒപ്പമുണ്ടാവും' എന്ന ഉറച്ച ബോധമാണ് മക്കള്‍ക്ക് നമ്മള്‍ പകര്‍ന്നുനല്‍കേണ്ടത്. ഏതു ജീവിതപ്രതിസന്ധിയിലും ഒപ്പംനില്‍ക്കുന്ന പിന്തുണയാണ് നമ്മുടെ മക്കള്‍ക്കും സഹോദരങ്ങള്‍ക്കും നല്‍കേണ്ടത്. ആത്മഹത്യ ഒരു വഴിയേ അല്ല..അതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യംപോലുമില്ല. വശങ്ങളിലുള്ള ലോകവിശാലത കാണാതെ പായുന്ന കുതിരയെപ്പോലെയല്ല നമ്മുടെ മക്കള്‍ വളരേണ്ടത്. പഠനത്തിനും സിലബസിനുമപ്പുറം അവര്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും മേഖലയില്‍ രസകരമായി മുഴുകി, ജീവിതം മഹത്ത്വവും മൂല്യവുമുള്ള ഒരാഹ്ലാദമാണെന്ന് തിരിച്ചറിഞ്ഞ്, അതിനൊത്ത് മുന്നേറാന്‍ കഴിയണം. 

Content Highlights: VP Gangadharan, Oncologist VP Gangadharan