ക്കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ ഒരു മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ അവരുടെ മാഗസിനില്‍ പ്രസിദ്ധീകരിക്കാനായി എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു. അവര്‍ക്ക് പ്രധാനമായും അറിയേണ്ടിയിരുന്നത് എന്റെ കുട്ടിക്കാലവും കോളേജ് ജീവിതവുമൊക്കെയായിരുന്നു.

അതെല്ലാം ചോദിച്ചു മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ അതിലൊരു മിടുക്കി എന്റെ നേരേ വ്യത്യസ്തമായ ഒരു ചോദ്യം തൊടുത്തുവിട്ടു: 'കാന്‍സര്‍ ചികിത്സാ രംഗത്ത് വന്ന മാറ്റങ്ങളില്‍ സാറിന് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് എന്താണ്...?'

എന്റെ മറുപടി പെട്ടെന്നായിരുന്നു: 'അത് ശസ്ത്രക്രിയാ രംഗത്ത് വന്ന മാറ്റങ്ങളല്ല, റേഡിയേഷന്‍ ചികിത്സാരംഗത്ത് വന്നസാങ്കേതിക മികവുകളല്ല, കീമോ തെറാപ്പി, അഥവാ മരുന്നുകള്‍ കൊണ്ട് ചികിത്സാരംഗത്ത് വന്ന കണ്ടുപിടിത്തങ്ങളല്ല, ഇമ്യൂണോ തെറാപ്പി എന്ന നൂതന ചികിത്സാ സംവിധാനങ്ങളല്ല, മറിച്ച്...'

ഒരു ചെറിയ മൗനത്തിന് ശേഷം ഞാന്‍ തുടര്‍ന്നു: 'ജനങ്ങളുടെ മനസ്സില്‍ വന്ന ഒരു വലിയ മാറ്റമുണ്ട്. അതാണ് ഏറ്റവും വലിയ മാറ്റം. 'കാന്‍സര്‍' ജനങ്ങള്‍ക്ക് ഒരു പേടി സ്വപ്നമായിരുന്നു. കാന്‍സര്‍ എന്ന വാക്ക് കേള്‍ക്കാനോ ഉച്ചരിക്കാനോ പോലും ജനങ്ങള്‍ക്ക് പേടിയായിരുന്നു. ജനത്തിന്റെ ഉറക്കംകെടുത്തുന്ന ഒരസുഖം. ആ ഭീതി ഇന്ന് ഒരു പരിധിവരെയെങ്കിലും മാറിക്കഴിഞ്ഞിരിക്കുന്നു. കാന്‍സറിനെക്കുറിച്ചുള്ള ഭയം, ഭീതി, തെറ്റിദ്ധാരണ ഇവയൊക്കെ കുറേ മാറ്റിയെടുക്കാന്‍ സാധിച്ചതാണ് കാന്‍സര്‍ ചികിത്സാ രംഗത്തെ ഏറ്റവും മഹത്തരമായ കാല്‍വെപ്പ്. ആ മാറ്റത്തില്‍ ഒരു ചെറിയ പങ്ക് എനിക്കും അവകാശപ്പെടാം.' -ഞാന്‍ പറഞ്ഞുനിര്‍ത്തി.

'കഴിഞ്ഞ 35 വര്‍ഷത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍...?'എന്റെ മനസ്സില്‍ നിന്ന് കുറേ ഓര്‍മകള്‍ ചികഞ്ഞെടുക്കാന്‍ സാധിച്ചു.

ആദ്യമായി തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലിനെ കാണാന്‍ പോയ ദിവസം മനസ്സില്‍ തെളിഞ്ഞുവന്നു.

ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത് ഒരു അഡ്മിഷനോ ശുപാര്‍ശയ്‌ക്കോ വേണ്ടിയായിരുന്നില്ല. ആ സ്‌കൂളില്‍ സൗജന്യമായി ഒരു കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ ഞാന്‍ തയ്യാറാണെന്നും അതിനുള്ള അനുവാദം തരണമെന്നും അഭ്യര്‍ത്ഥിക്കാന്‍വേണ്ടി മാത്രമുള്ള ഒരു കണ്ടുമുട്ടലായിരുന്നു അത്.

ഉത്തരം നിരാശാജനകമായിരുന്നു. 'സിലബസ്സിലുള്ള ഭാഗങ്ങള്‍ പോലും മുഴുവനും പഠിപ്പിച്ചുകഴിഞ്ഞിട്ടില്ല. അതിനിടയില്‍ ഇതിനൊന്നും സമയമില്ല ഡോക്ടറേ.? ഡോക്ടര്‍ക്ക് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കണ്ടേ...?'

അദ്ദേഹത്തിന്റെ, ഹാസ്യംകലര്‍ന്ന ചിരിയുടെ പൊരുള്‍ ഞാന്‍ തിരിച്ചറിഞ്ഞു: 'സിലബസിലെ ഭാഗങ്ങള്‍...' -എന്റെ മനസ്സ് ചിന്തിച്ചു.

'രണ്ടാം ലോകമഹായുദ്ധത്തില്‍ ആരു ജയിച്ചെന്നോ, മൗണ്ട്ബാറ്റണ്‍ പ്രഭു വരുത്തിയ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ചോ പഠിക്കുന്നതിനേക്കാള്‍ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത്, സ്വന്തം ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമാണ്' എന്ന് വിളിച്ചുപറയണമെന്ന് തോന്നി. ചെറുപ്പത്തിന്റെ ചോരത്തിളപ്പ് കൊണ്ടാകാം പരാജയം സമ്മതിച്ച് പിന്മാറാന്‍ ഞാനും തയ്യാറല്ലായിരുന്നു.

ഒന്നുരണ്ടു മാസത്തെ ശ്രമഫലമായി ഒരു വിമെന്‍സ് കോളേജില്‍ ക്ലാസെടുക്കാനുള്ള ക്ഷണം ലഭിച്ചു. അവിടത്തെ അനുഭവം.... മനസ്സില്‍ ചിരിപൊട്ടി.

'ഡോക്ടര്‍ക്ക് വേണ്ടി ഞങ്ങളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഒരു സ്‌കിറ്റ്...' -അതായിരുന്നു തുടക്കം. കീമോതെറാപ്പി എടുത്ത് വികൃതയായ ഒരമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന മകള്‍. അവസാനം ആ അമ്മ മരിക്കുന്നതോടെ കഥ തീരുന്നില്ല. ഒരു ശോകഗാനവും പാടി, 'ഭൂമിയില്‍ ഇനി ഒരാള്‍ക്കും കാന്‍സര്‍ വരുത്തരുതേ... എന്റെ അമ്മയുടെ അവസ്ഥ ഉണ്ടാകരുതേ...' എന്ന് പ്രാര്‍ത്ഥിച്ച് മകള്‍ തളര്‍ന്നുവീഴുന്ന രംഗത്തോടെയാണ് തിരശ്ശീല വീഴുന്നത്.

'തിരികെപ്പോയാലോ...' -മനസ്സ് വീണ്ടും വീണ്ടും ചോദിച്ചു.

'ഡോക്ടറുടെ ക്ലാസ് തുടങ്ങാന്‍പോകുകയാണ്...' -മൈക്കിലൂടെ ഒരു കിളിനാദം. ഡോക്ടറെ സദസ്സിന് പരിചയപ്പെടുത്താനും ഡോക്ടര്‍ക്ക് സ്വാഗതം ആശംസിക്കാനുമായി ബഹുമാനപ്പെട്ട പ്രിന്‍സിപ്പലിനെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. തയ്യാറാക്കിവെച്ച കുറിപ്പ് ധൃതിയില്‍ പോക്കറ്റില്‍ നിന്നെടുത്ത് പ്രിന്‍സിപ്പല്‍ സ്റ്റേജിലേക്ക് നടന്നുനീങ്ങി.

ആദ്യത്തെ വാചകംതന്നെ എന്റെ ചങ്കില്‍ തറച്ചുകയറി: 'ഇത് ഡോക്ടര്‍ ഗംഗാധരന്‍... ഈ ലോകത്തുനിന്ന് മറ്റൊരു ലോകത്തേക്ക് പോകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന രോഗികളെ സഹായിക്കുന്ന ഡോക്ടര്‍...'

ബാക്കി ഞാന്‍ കേട്ടില്ല... 'അത് കാലനല്ലേ...?' -എന്റെ മനസ്സില്‍ മാത്രം ഉയര്‍ന്ന ഒരു കുസൃതിച്ചോദ്യം.

മൈലുകള്‍ താണ്ടി കഷ്ടപ്പെട്ടാണ് തിരുവില്വാമലയ്ക്കടുത്ത് ഒരു ക്ലാസെടുക്കാന്‍ എത്തിപ്പറ്റിയത്. കൃത്യം രണ്ടുമണിക്കുതന്നെ ഞാന്‍ സ്ഥലത്തെത്തി. സംഘാടകരുടെ മുഖത്ത് ഒരു ജാള്യത പ്രകടമായിരുന്നു.

'എന്തോ, പന്തികേടുണ്ട്...' -എന്റെ മനസ്സ് മന്ത്രിച്ചു.

മൂന്നുമണിയായിട്ടും സംഘാടകരൊഴികെ ആരും എത്തിയിരുന്നില്ല... മൂന്നരമണിക്ക് മീറ്റിങ്ങാരംഭിച്ചു. ഭാഗ്യം, ആരും എന്നെ 'കാലന്‍' എന്ന് വിശേഷിപ്പിച്ചില്ല. 'വി.കെ.എന്നിന്റെ നാടല്ലേ, അതുകൊണ്ടായിരിക്കും...' -മനസ്സ് വീണ്ടും മന്ത്രിച്ചു.

ഞാന്‍ ക്ലാസ് തുടങ്ങി. രണ്ടുവരിയില്‍ ഒതുങ്ങുന്ന, യൂണിഫോമിട്ട ഇരുപത് കുട്ടികള്‍... പിന്നെ സംഘാടകരും. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ കാന്‍സറിനെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. നാലുമണിയായപ്പോള്‍ യൂണിഫോമിട്ട ഇരുപത് കുട്ടികളും ചാടിയെഴുന്നേറ്റു. 'സ്‌കൂള്‍ബസ് പോകും. ഞങ്ങള്‍ പൊയ്‌ക്കോട്ടേ സാറേ' -ദയനീയമായിരുന്നു ആ ചോദ്യം.

'കാലം മാറി, കാറ്റിന്‍ ഗതിമാറി...' ഇന്ന് ക്ലാസെടുക്കാന്‍ ഞാന്‍ സമയം കണ്ടെത്തേണ്ട സ്ഥിതിയായി. അത് എന്റെ തിരക്ക് കൂടിയതുകൊണ്ടല്ല... കാന്‍സറിനെക്കുറിച്ച് കേള്‍ക്കാന്‍, മനസ്സിലാക്കാന്‍ ജനം തയ്യാറായി മുന്നോട്ടുവരുന്നു എന്ന അവസ്ഥ വന്നതുകൊണ്ടാണ്. ആ മാറ്റമാണ് ഞാന്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് കണ്ട ഏറ്റവും വലിയ മാറ്റം.

'കുറേയധികം സ്‌കൂളുകളിലും കോളേജുകളിലും പൊതുസ്ഥലങ്ങളിലും സാറ് ക്ലാസുകളിലും ചര്‍ച്ചകളിലും പങ്കെടുക്കാറുണ്ടെന്നറിഞ്ഞു. ഒന്നുരണ്ട് അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ...?' -ഇപ്രാവശ്യത്തെ ചോദ്യം ഒരു ആണ്‍കുട്ടിയുടേതായിരുന്നു.

തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജിന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞുവന്നു. കോളേജ് ഡയറക്ടറുടെ മുറിയിലെ കണ്ണാടിയലമാര, ആ കോളേജിലെ കുട്ടികള്‍ അദ്ദേഹത്തിന് സ്‌നേഹപൂര്‍വം അയയ്ക്കുന്ന ക്രിസ്മസ്-ന്യൂ ഇയര്‍ കാര്‍ഡുകള്‍ കൊണ്ടും ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടുള്ള കാര്‍ഡുകള്‍ കൊണ്ടും നിറഞ്ഞിരുന്നു. അതിനെക്കുറിച്ച് വിവരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞൊഴുകുന്നത് ഞാന്‍ ശ്രദ്ധിച്ചു.

ക്ലാസ് കേള്‍ക്കാന്‍ എത്തിയവരെക്കൊണ്ട് കോളേജ് ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞിരുന്നു. നൂറുകണക്കിന് കുട്ടികള്‍ ഒന്നര മണിക്കൂര്‍ ഒരേനില്പുനിന്നാണ് നീണ്ട ആ ക്ലാസ് കേട്ടത്. ചില സാങ്കേതികത്തകരാര്‍ മൂലം ഇടയ്ക്ക് ക്ലാസ് നിര്‍ത്തേണ്ടിവന്നപ്പോഴും പരിപൂര്‍ണ നിശ്ശബ്ദതപാലിച്ച കുട്ടികളെ ഞാന്‍ മുക്തകണ്ഠം പ്രശംസിച്ചു.

ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പിറകില്‍ നിന്ന് ഒരു വിളി: 'അങ്കിള്‍...'

കേട്ടുപരിചയമുള്ള സ്വരം... തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ ഊഹിച്ച അതേ മുഖം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ചികിത്സ അതേ മിടുക്കി, അവള്‍ ഓടി എന്റെയടുത്ത് വന്നു: 'അങ്കിള്‍... ഞാന്‍ ഇവിടെയാണ് പഠിക്കുന്നത്...'-ആ അസുലഭ മുഹൂര്‍ത്തം എങ്ങനെ ഞാന്‍ മറക്കും...?

'സാര്‍, മറക്കാനാഗ്രഹിക്കുന്ന ഒരു ക്ലാസ്...?' -മറ്റൊരു പെണ്‍കുട്ടിയുടെ ചോദ്യം.

അതും ഒരു കോളേജാണ്... ന്യൂജെന്‍ കുട്ടികള്‍ ചെവിയില്‍ ഫോണുമായി സംസാരിച്ചുകൊണ്ട് ഹാളില്‍ കയറിയിറങ്ങി നടക്കുന്നു. അവസാന വരിയില്‍ കുറേപ്പേര്‍ മൊബൈല്‍ ഫോണില്‍ മറ്റെന്തോ ആസ്വദിക്കുന്നു. ഞാന്‍ വിവരിക്കുന്നതും പറയുന്നതുമൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന മട്ടിലുള്ള ഒരു സമീപനം. ഞാന്‍ മുഴുമിപ്പിച്ചില്ല... ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാന്‍ എഴുന്നേറ്റു...

കൈകൊടുത്ത് പിരിയുമ്പോള്‍ ഞാന്‍ ആ കുട്ടിഡോക്ടര്‍മാരോട് പറഞ്ഞു: 'ആശുപത്രിയിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ നിങ്ങള്‍ സമൂഹത്തിലേക്ക് ഇറിങ്ങിച്ചെല്ലുക. സമൂഹം നിങ്ങളെ കാത്തിരിക്കുന്നു... ഒരു മാറ്റത്തിനായി...'

Content Highlights:Oncologist VP Gangadharan