കുട്ടപ്പനങ്കിള്‍ മരിച്ചു.. ശ്രീകുമാര്‍ സാറിന്റെ അമ്മ മരിച്ചു..അപ്പുച്ചേട്ടന്‍ മരിച്ചു...ഈ മരണങ്ങളെല്ലാം ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു. ഞാന്‍ സ്‌നേഹിച്ചിരുന്ന എന്നെ സ്‌നേഹിച്ചിരുന്ന മൂന്ന് ജീവിതങ്ങള്‍ എന്നെവിട്ടു പോയി.

'അങ്കിള്‍ പോയി ഡോക്ടറേ...' -കുഞ്ഞമ്മ ആന്റിയുടെ ഫോണിലൂടെയുള്ള കരച്ചിലാണ് ആ ഒരു ദിവസം എന്നെ ഉറക്കമുണര്‍ത്തിയത്.

'ആരെയും കഷ്ടപ്പെടുത്താതെ അങ്കിള്‍ ഈലോകത്തുനിന്ന് യാത്രയായി. തൊണ്ണൂറ് കഴിഞ്ഞ അങ്കിളിന്റെ ആഗ്രഹവും അതായിരുന്നു...' -തിരുവനന്തപുരത്ത് താമസിക്കുന്ന ആന്റിയെ കാണാന്‍ ചെന്നപ്പോള്‍ കരച്ചിലടക്കാന്‍ പാടുപെട്ടുകൊണ്ട് ആന്റി തുടര്‍ന്നു.

'മരണമെത്തിയ രാത്രിയില്‍ അത്താഴവിഭവങ്ങള്‍ ഉണ്ടാക്കിയതും എല്ലാവര്‍ക്കും വിളമ്പിയതും അങ്കിളായിരുന്നു. ഉറക്കത്തില്‍ സുഖമായ മരണം...'ആന്റി പറഞ്ഞുനിര്‍ത്തി.

'അങ്കിളിന് അങ്ങിനെയൊരു നല്ല മരണമേ ദൈവം തരൂ' -എന്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ പിറകോട്ട് പോയി. 1992-93 കാലഘട്ടം. ഞാന്‍ തിരുവനന്തപുരത്ത് വീടുവയ്ക്കുന്ന കാലം.അങ്കിളിന്റെ വീടിന്റെ മതിലിനോട് ചേര്‍ന്നായിരുന്നു എന്റെ പുരയിടം. മണ്ണും കട്ടയും കല്ലുമെല്ലാം ഇറക്കാനായി ലോറികള്‍ മാറി മാറി വരും. അര്‍ധരാത്രിയിലും അതിരാവിലെയും മാത്രം എത്തുന്ന ഈ ലോറികള്‍ വരുമ്പോള്‍ കണക്കെടുക്കാന്‍ ഉറക്കച്ചടവോടെ വന്നു നില്‍ക്കാറുള്ള എന്നെ കണ്ടപ്പോള്‍ അങ്കിള്‍ ചോദിച്ചു: 'ഡോക്ടറെന്തിനാ ഉറക്കംകളഞ്ഞ് ഇവിടെ വരുന്നത്.? ഞാന്‍ എന്തായാലും റിട്ടയര്‍ ചെയ്ത് വെറുതെയിരിക്കുകയാണ്. ഞാന്‍ കണക്കെടുത്ത് ഡോക്ടറിന് തരാം...'

അങ്കിളിനെ ഞാന്‍ മനസ്സിലാക്കിയ ദിവസം,അങ്ങിനെ എത്രയെത്ര സന്ദര്‍ഭങ്ങള്‍...

റീജണല്‍ കാന്‍സര്‍ സെന്ററില്‍ ജോലിചെയ്യുന്ന കാലഘട്ടം.എന്റെ ജീവിതത്തിലെ സംഘര്‍ഷഭരിതമായ കുറേ ദിവസങ്ങള്‍. എനിക്ക് ലഭിച്ച ഒരു സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍.-ആ രാത്രി മനസ്സില്‍ തെളിഞ്ഞുവന്നു.

അര്‍ധരാത്രിയോടടുത്ത് അങ്കിള്‍ എന്റെ മുറിയില്‍ കയറിവന്നു. എന്റെ കൈ മുറുകെപ്പിടിച്ചുകൊണ്ട് പറഞ്ഞു: 'നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം. എന്താവശ്യമുണ്ടെങ്കിലും, പണമടക്കം ഞങ്ങളുണ്ട് കൂടെ. ഈ അങ്കിളുണ്ടാകും കൂടെ.'
മരിച്ചുപോയ എന്റെ അച്ഛന്‍ തിരികെ വന്നപോലെ. ഇതെഴുതുമ്പോഴും എന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ തിരിച്ചറിയുന്നു.

'സ്‌നേഹിക്കാന്‍ മാത്രമറിയാമായിരുന്ന അങ്കിള്‍' -ആന്റിയുടെ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്. 'ഒരിക്കല്‍പ്പോലും ശബ്ദമുയര്‍ത്തി ദേഷ്യത്തിലുള്ള ഒരു വാക്കുപോലും അങ്കിള്‍ പറഞ്ഞിട്ടില്ല.' -ആന്റി വീണ്ടും അസ്വസ്ഥയായി.

'അതെ, മുഖത്ത് ചിരിമാത്രം.എന്നും എപ്പോഴും. അതാണ് അങ്കിളിന്റെ മുഖമുദ്ര.' എന്റെ മനസ്സ് മന്ത്രിച്ചു.

'അങ്കിള്‍ അടുത്തുള്ളപ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഒരു ധൈര്യമുണ്ടായിരുന്നു.' -അടുത്ത വീട്ടിലെ ശോശാമ്മ ആന്റിയാണത് പറഞ്ഞത്.

യാത്രപറഞ്ഞിറങ്ങുമ്പോള്‍ ആന്റി ഓര്‍മിപ്പിച്ചു: 'അങ്കിളിന്റെ ശരീരം മാത്രമേ പോയിട്ടുള്ളൂ.ആത്മാവ് ഇവിടെ എന്റെ കൂടെയുണ്ട്.ഞങ്ങളെ കാണാന്‍ ഡോക്ടര്‍ ഇനിയും വരണം കേട്ടോ. അങ്കിളിന്റെ ആത്മാവ് തീര്‍ച്ചയായും ഇടയ്ക്കിടക്ക് ഡോക്ടറെ അന്വേഷിക്കും.അത്ര ഇഷ്ടമായിരുന്നു അങ്കിളിന്. 

Content Highlights: VP Gangadharan, Oncologist VP Gangadharan