ജീവിതം സാർഥകമാണെന്ന അനുഭവം നമുക്ക് നൽകുന്ന ചില അനുഭവങ്ങളുണ്ട്... വളരെ വലുതാണ് അത് നൽകുന്ന ഊർജം. നീണ്ട 10 വർഷങ്ങൾക്കു ശേഷം ഇന്ദിര വീണ്ടും കണ്മുന്നിലെത്തിയപ്പോൾ അത്തരമൊരു സന്തോഷവും ഉണർവും തോന്നി. പുതിയ വർഷത്തേക്കുള്ള ഒരാഹ്ലാദ നിറവായി അത്. ഡിസംബറിൽ ക്രിസ്മസിനു മുമ്പായിരുന്നു. വർക്കലയ്ക്കടുത്ത് ഒരു സ്കൂളിൽ ഒരു പുരസ്കാരം ഏറ്റുവാങ്ങാനായി പോയി. അവിടെ ഇന്ദിരയുടെ അമ്മയും ഇന്ദിരയുടെ ഭർത്താവും മക്കളുമൊക്കെ എത്തിയിട്ടുണ്ടായിരുന്നു. 2001 മുതൽ ആറു വർഷക്കാലം പലപ്പോഴായി ഇന്ദിര ആശുപത്രിയിലുണ്ടായിരുന്നു. മരണത്തിനു കീഴടങ്ങുമ്പോഴും അവർ പ്രകാശം പൊഴിക്കുന്നൊരു ജ്യേഷ്ഠ സഹോദരിയായിരുന്നു എനിക്ക്. എന്തും തുറന്നുപറയുന്നയാളായിരുന്നു ഇന്ദിര. ചില ചാനലുകളിലൊക്കെ എന്തെങ്കിലും പരിപാടിയിൽ പങ്കെടുത്താൽ, ആ സ്റ്റുഡിയോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾത്തന്നെ വരും ഇന്ദിരയുടെ വിളി: ‘‘ഡോക്ടറുടെ പരിപാടി ഒട്ടും നന്നായില്ല... ബോറായിപ്പോയി... ഇനി അത് ശ്രദ്ധിക്കണം... ഇത് ശ്രദ്ധിക്കണം...’’ എന്നിങ്ങനെ തുറന്ന അഭിപ്രായങ്ങളും ഉപദേശങ്ങളുമുണ്ടാവും.

ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളോ കുറിപ്പുകളോ വന്നാലും ഉടനെത്തും ഇന്ദിരയുടെ കണിശമായ പ്രതികരണം. അതുകൊണ്ടു തന്നെ, ഇന്ദിരയുടെ പ്രതികരണമെന്തെന്ന് അറിയാൻ എപ്പോഴും ഒരാകാംക്ഷ ഉണ്ടായിരുന്നു. ചിലപ്പോൾ ഫോൺ വിളിച്ച് ഇന്ദിര ചോദിക്കും: ‘‘ഡോക്ടറേ മക്കളുടെ ജന്മനക്ഷത്രം പറയാമോ... ഞാനൊരു അമ്പലത്തിന്റെ നടയിലാണ്. അവരുടെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിക്കാനാണ്...’’

2007-ൽ ഇന്ദിര വിട്ടുപോയി. അതിനു ശേഷം 10 വർഷം കഴിഞ്ഞെങ്കിലും ആ കുടുംബം ഒന്നടങ്കം കാണാനായി വന്നിരിക്കുന്നു. വന്ദ്യ വയോധികയായ അമ്മ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. ഒരു കുടുംബാംഗത്തോടുള്ള നിറഞ്ഞ സ്നേഹവും അടുപ്പവുമാണ് അവരെനിക്കു നൽകിയത്.

അതേ സ്കൂളിൽത്തന്നെ പരിപാടിക്കിടെ രണ്ടു കുട്ടികളെ കൊണ്ടുവന്നു, സ്കൂൾ അധികൃതർ. ഏതാണ്ട് 15-18 പ്രായമുള്ള ഒരാൺകുട്ടിയും പെൺകുട്ടിയും. അവരെ എനിക്ക് ഒരു പരിചയവും തോന്നിയില്ല. ചികിത്സയിലുള്ള കുട്ടികളെ സാധാരണഗതിയിൽ മറക്കാൻ പറ്റാറില്ല.

അതിനാൽത്തന്നെ അവരെ പെട്ടെന്ന് തിരിച്ചറിയാനാവാത്തതിൽ ചെറിയൊരു ജാള്യം തോന്നാതിരുന്നില്ല. പക്ഷേ, അവരായിരുന്നില്ല ചികിത്സയിലുണ്ടായിരുന്നത്. 1993-94 കാലത്ത് ചികിത്സയിലുണ്ടായിരുന്ന ഷഹൻഷായുടെ മക്കളാണ് അവർ. ഷഹൻഷായ്ക്ക് കാലിൽ അസ്ഥിയെ ബാധിച്ച കാൻസറായിരുന്നു. അന്ന് അത്തരം രോഗം വന്നാൽ കാൽ മുറിച്ചുമാറ്റാതെ നിവൃത്തിയുണ്ടായിരുന്നില്ല. എന്നാൽ, ഞങ്ങളുടെയും ഷഹൻഷായുടെയും ഭാഗ്യത്തിന് ഒരു പരീക്ഷണമെന്ന നിലയിൽ നടത്തിയ മരുന്നുചികിത്സയിലൂടെ അദ്ദേഹത്തെ രോഗവിമുക്തനാക്കാൻ കഴിഞ്ഞു. കാൽ മുറിക്കേണ്ടി വന്നില്ല.

shahanshaഷഹൻഷാ ഇപ്പോൾ ഖത്തറിലാണ്. ചികിത്സാ കാലത്ത് കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നു. ഇപ്പോൾ സുഖമായി കഴിയുന്നു. വർക്കലയിൽ അവരുടെ നാടിനടുത്ത് എത്തുന്ന വിവരമറിഞ്ഞ് ഷഹൻഷാ, മക്കളോടും സ്കൂളധികൃതരോടും പറഞ്ഞ് കൂടിക്കാഴ്ചയ്ക്ക് അവസരമുറപ്പിക്കുകയായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങാനാണ് പോയതെങ്കിലും ലഭിച്ചത് ഒരു ഔപചാരിക സമ്മാനത്തെക്കാൾ വളരെ വലുതും മനസ്സു നിറയ്ക്കുന്നതുമായ വലിയ സമ്മാനങ്ങളായിരുന്നു.

പരിപാടി കഴിഞ്ഞ് പോരാൻനേരത്താണ് ഒരു യുവതി ഓടിപ്പിടിച്ച് എത്തുന്നത്... കവിത. കണ്ടു പരിചയമുണ്ടെങ്കിലും ആരാണ്, എന്താണ്, എങ്ങനെയാണ് പരിചയം എന്ന് കൃത്യമായി ഓർമ കിട്ടിയില്ല. പേരും സ്ഥലവും പറഞ്ഞപ്പോൾ കവിതയുടെ പഴയ അസുഖവിവരങ്ങൾ അങ്ങോട്ട് പറയാൻ പറ്റി. അടുത്തൊരു സ്കൂളിൽ പഠിപ്പിക്കുകയാണ് കവിത. അവിടെ നിന്ന് പ്രത്യേക അനുമതി വാങ്ങി വന്നതാണ് കവിത. കുറേനേരം വർത്തമാനം പറഞ്ഞു നിന്നു. അപ്പോൾ അവർ തന്നെ പറഞ്ഞു: ‘‘സ്കൂളിൽ നിന്ന് വന്നതാണ്. അടുത്ത പീരീഡ് ക്ലാസ്സുണ്ട്. പോകണം...’’

ജീവിതം അർഥപൂർണമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത് ഇന്നലെകളിൽ നിന്ന് വന്നു തൊടുന്ന ചില സ്നേഹസ്മരണകളാണ്. മനുഷ്യരുടെ മനസ്സിലുണരുന്ന സ്നേഹത്തെയും അടുപ്പത്തെയും കാൾ വലുതായി മറ്റെന്താണ് നമുക്ക് ജീവിതത്തിൽ നേടിയെടുക്കാനാവുക...? മറ്റെന്തു തന്നെ ലഭിച്ചാലും ഇനിയുമിനിയും കിട്ടണം കിട്ടണം എന്ന തോന്നലിൽ, മനസ്സ് ഒരിക്കലും നിറയാതെ ആർത്തിപിടിച്ചു കൊണ്ടിരിക്കും. എന്നാൽ, മനുഷ്യമനസ്സിൽ നിന്നുള്ള നന്മയുടെയും സ്നേഹത്തിന്റെയും പ്രവാഹം നമ്മുടെ മനസ്സു നിറയ്ക്കും.

മനസ്സു നിറയ്ക്കുന്ന ആ നന്മയും സ്നേഹവും നേടിയെടുക്കണമെന്നുള്ള ദൃഢപ്രതിജ്ഞയല്ലാതെ മറ്റെന്താണ് ഒരു പുതുവർഷത്തിൽ നമുക്കു വേണ്ടത്...? മറ്റുള്ളവർ അവരുടെ സ്നേഹവും സന്തോഷവും കൊണ്ട് നമ്മളെ അനുഗ്രഹിക്കണമെങ്കിൽ നമ്മൾ അവർക്കും സ്നേഹം നൽകണം... സന്തോഷം പങ്കുവയ്ക്കണം. അതിനുള്ള മനസ്സും കരുതലും നമുക്ക് എന്നുമുണ്ടായിരിക്കട്ടെ...