എം.ബി.ബി.എസ്. കഴിഞ്ഞശേഷം ഐ.എ.എസ്. നേടി ഭരണതലത്തിലേക്ക് എത്തിയ ഒരുദ്യോഗസ്ഥൻ കഴിഞ്ഞദിവസം നടത്തിയ ഒരു പ്രസ്താവന കണ്ടു.

ഡോക്ടർമാർക്ക് അവരുടെ അടുത്തേക്ക് എത്തുന്ന ആളുകളെ മാത്രമേ സഹായിക്കാനാവൂ. എന്നാൽ, കളക്ടർസ്ഥാനത്തോ ഐ.എ.എസിലൂടെ ഭരണതലത്തിലെ മറ്റു പദവികളിലോ എത്തുന്നതോടെ സമൂഹത്തിനാകെ വിപുലമായ സേവനങ്ങൾ നൽകാനുള്ള അവസരമുണ്ടാകും. അതിനാലാണ് ഡോക്ടറായി നിൽക്കാതെ, ഐ.എ.എസിലേക്ക് പോയത് എന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 

നല്ല രീതിയിൽ ജനസേവനം നടത്താനുള്ള അദ്ദേഹത്തിന്റെ താത്പര്യം ആദരണീയമാണ്. സംശയമില്ല. എന്നാൽ, ഡോക്ടർമാർക്ക്‌ നൽകാനാവുന്ന സേവനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ തീർത്തും തെറ്റാണെന്ന് പറയാതെ വയ്യ. കൺസൾട്ടേഷൻ മുറിയുടെ നാലു ചുവരുകൾക്കകത്ത്, തന്നെ തേടിയെത്തുന്ന രോഗിക്കു മാത്രം നൽകാനാവുന്ന പരിമിതമായ ഒന്നല്ല ഡോക്ടറുടെ സേവനം.

 കളക്ടർമാർക്ക് നിരവധിയാളുകൾക്ക് മികച്ച ജീവിതം നൽകാൻ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. തികച്ചും ശരിയാണത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന അധികാരികൾക്ക് നിരവധിയാളുകളുടെ ജീവിതം മികച്ചതാക്കാൻ കഴിയും. അതേ തരത്തിൽ നൂറുനൂറ്‌ ആളുകളുടെ ജീവിതം മികവുറ്റതാക്കാനാകുന്നു എന്നതിനപ്പുറം, ജീവൻ തന്നെ തിരികെ നൽകാൻ കഴിയുന്നത് ഡോക്ടർമാർക്കാണ്. ജവിതം നൽകാനല്ലാതെ, ജീവൻ നൽകാൻ കളക്ടർമാർക്ക്‌ കഴിയില്ലല്ലോ.

എല്ലാ ഡോക്ടർമാരും ഒരുപോലെ പ്രവർത്തിക്കുന്നവരും തങ്ങളുടെ തൊഴിലിന്റെ മഹത്ത്വം ഉൾക്കൊള്ളുന്നവരുമാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ, ഈ ജ്ഞാന-സേവന മേഖലയുടെ മഹിമ ഒന്നു വേറെയാണ്. ഒരു വ്യക്തി രോഗിയായിരിക്കുന്ന ചെറിയ കാലയളവിലേക്ക് പരിമിതപ്പെടുന്നതല്ല ഡോക്ടറുടെ സേവനം. പലപ്പോഴും അത് ആജീവനാന്ത ബന്ധമാണ്. 

ചികിത്സ പൂർത്തിയാക്കി, രോഗമെല്ലാം ഭേദമായി പോയി വളരെ വർഷങ്ങൾ കഴിഞ്ഞ്, ‘ഡോക്ടറേ... എന്റെ മോൾക്ക്, അല്ലെങ്കിൽ മോന് വിവാഹം കഴിക്കാനാവുമോ... അയാൾക്ക് കുട്ടിയുണ്ടാവുമോ... എന്താണ് ചെയ്യേണ്ടത്...?’ എന്ന ചോദ്യവുമായി എത്തുന്നവർ നിരവധിയുണ്ട്.

‘ഞങ്ങളാരും പറഞ്ഞിട്ട് കേൾക്കുന്നില്ല... ഡോക്ടർ പറഞ്ഞാൽ അനുസരിക്കുമെന്ന് തീർച്ചയാണ്. ഒന്നു സംസാരിക്കുമോ...’ എന്ന് ജീവിതോപദേശം തേടിയെത്തുന്നവർ... കുഞ്ഞ്‌ ജനിച്ചുകഴിയുമ്പോൾ, വിവാഹദിനത്തിൽ ആശീർവാദം തേടിയെത്തുന്നവർ... ജീവിതത്തിന്റെ ഘട്ടങ്ങളിലോരോന്നിലും സ്നേഹപൂർവം ഡോക്ടർമാരെ തേടിയെത്തുന്ന സാധാരണ മനുഷ്യർ അത്രയേറെയാണ്.

ജീവിതത്തിലെ ഏറ്റവും ദുരിതംനിറഞ്ഞ ഘട്ടങ്ങളിൽ താങ്ങും തണലും അഭയവുമായി നിൽക്കുന്നവരാണ് ഡോക്ടർമാർ. അതുകൊണ്ടുതന്നെ അവരോട് സാധാരണക്കാരായ ആളുകൾക്ക് അത്തരത്തിലൊരു ഹൃദയബന്ധം ഉണ്ടാകാറുമുണ്ട്.

 കഴിഞ്ഞദിവസം കോട്ടയത്ത് ഒരിടത്തു നിന്ന് മടങ്ങാനൊരുങ്ങുമ്പോൾ ഒരു യുവതി ഓടിവന്നു. ഏതാണ്ട് 20-22 കൊല്ലം മുമ്പ് അവരുടെ അച്ഛനെ ചികിത്സിച്ചതിലൂടെയുള്ള പരിചയമാണ്. ‘‘ഡോക്ടറേ, അന്ന് ഡോക്ടർക്ക് ചന്ദനനിറമുള്ള ഒരു ഓമ്‌നി കാറായിരുന്നു. കെ.ഇ.ഒ. 666 നമ്പർ. ആ കാറിനു മുന്നിൽ ചാടി, വണ്ടി തടഞ്ഞ് അച്ഛന്റെ വിവരങ്ങൾ ചോദിച്ചിരുന്നു ഞാൻ...’’ -അവർ സ്നേഹത്തോടെ, സന്തോഷത്തോടെ, വേർപിരിഞ്ഞ അച്ഛനെക്കുറിച്ചുള്ള വേദനകളോടെ പറഞ്ഞു.

ഇടപെടുന്ന മനുഷ്യരുടെ വൈകാരിക ജീവിതത്തിലാണ് ഡോക്ടർമാരുടെ സ്ഥാനം. അല്ലെങ്കിൽ, അങ്ങനെ സ്ഥാനം പിടിക്കുന്നവരാണ് നല്ല ഡോക്ടർമാർ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കൂടെയുണ്ടാവും നല്ല ഡോക്ടർ.

ഡോക്ടർമാർ തങ്ങളാലാവുംവിധം ഓരോ കാര്യങ്ങളിലും ഇടപെടുന്നത് പ്രത്യേകിച്ചെന്തെങ്കിലും അധികാരമോ ഔദ്യോഗിക പദവിയോ ഉപയോഗിച്ചല്ല. മാനവികതയുടെ, വൈകാരികതയുടെ സ്നേഹോഷ്മളത കൊണ്ടു മാത്രമാണ്... ആ വൈകാരികതയല്ലേ നമ്മുടെയൊക്കെ ജീവിതത്തെ ജീവിതയോഗ്യമാക്കിത്തീർക്കുന്നത് ?

ഇതുപോലെ ഒരോ വ്യക്തിയെയും ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു മേഖല അധ്യാപനവൃത്തിയാണ്. നമ്മളറിയാതെ, നമ്മളെ രൂപപ്പെടുത്തുന്നവരാണ് അധ്യാപകർ.  

വ്യക്തികളുടെ ജീവിതത്തിൽ ഇടപെടുക മാത്രമല്ല ഡോക്ടർമാർ ചെയ്യുന്നത്. പൊതുസമൂഹത്തിന് ആരോഗ്യജീവിതത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കേണ്ട അധ്യാപകർ കൂടിയാണ് ഡോക്ടർമാർ. ചികിത്സ പോലെ തന്നെ പ്രധാനമാണ് ഡോക്ടർമാർക്ക് അത്തരത്തിലുള്ള സാമൂഹിക ഇടപെടലുകളും.

സമൂഹത്തിന്റെ നല്ല അധ്യാപകരായി, ഡോക്ടർമാർ വേണ്ട രീതിയിൽ ഇടപെടാതിരിക്കുമ്പോഴാണ് അബദ്ധധാരണകളും അശാസ്ത്രീയ വിവരങ്ങളുമൊക്കെ വേരുപിടിക്കുന്നത്. സമൂഹത്തോടുള്ള അത്തരം ഉത്തരവാദിത്വത്തെക്കുറിച്ച് നമ്മുടെ ഡോക്ടർമാർ ഇനിയും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് തോന്നുന്നത്.

സമൂഹത്തിൽ നിന്നകന്ന് ദന്തഗോപുരത്തിൽ കഴിയേണ്ടവരല്ല ഡോക്ടർമാർ. പിന്നെ, ഒരു ഡോക്ടർ എല്ലായ്‌പ്പോഴും ഡോക്ടറായിരിക്കും. ഉല്ലാസയാത്ര പോകുമ്പോഴും തീവണ്ടിയിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോഴും ഒക്കെ ഒരു ഡോക്ടർക്ക് ഡോക്ടറായി പ്രവർത്തിക്കേണ്ടി വരാറുണ്ട്. മറ്റൊരു ജ്ഞാന-സേവന മേഖലയ്ക്കുമില്ലാത്ത ഒരധികച്ചുമതലയാണത്. 

തീർച്ചയായും എല്ലാ തൊഴിൽ മേഖലയ്ക്കുമുണ്ട് അതിന്റേതായ മഹത്ത്വവും സവിശേഷതയും. അധികാര പദവികളിലേക്ക് കൂടുതൽ അടുത്തു നിൽക്കുന്ന തൊഴിൽ മേഖലകൾക്ക് കൂടുതൽ പ്രഭാവമുണ്ടെന്ന് തോന്നിയേക്കാമെന്നു മാത്രം.  ഡോക്ടറുടെയും അധ്യാപകരുടെയുമൊക്കെ തൊഴിലുകൾക്ക് ഉത്തരവാദിത്വം കുറച്ചുകൂടി അധികമായിരിക്കും. അതുകൊണ്ടുതന്നെ, അവരോടുള്ള അടുപ്പത്തിന് വൈകാരികമൂല്യവും കൂടും.