തീവണ്ടിയാത്രയുടെ ചിത്രം മാറിമാറി വരുന്നു. ഇന്ന്‌ അത്‌ തീവണ്ടികളല്ല, കൽക്കരി കത്തി ഓടുന്ന തീയുള്ള വണ്ടികളില്ല. മറിച്ച്‌ ഡീസൽ വണ്ടികളും, വൈദ്യുതി വണ്ടികളുമായി അവ മാറി. കൂ കൂ.. കൂകൂം.. തീവണ്ടി... ഇല്ല, അവ കൂകുന്നില്ല. കൂകിപ്പായുന്നില്ല. കൽക്കരി തിന്നുന്നില്ല, വെള്ളം മോന്തുന്നില്ല. ഈ വരികൾ ഇന്ന്‌ പാഠപുസ്തകങ്ങൾക്ക്‌ പോലും അന്യമായിരിക്കുന്നു.

പക്ഷേ, തീവണ്ടി യാത്രയിലെ എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന ഒരു തോന്നൽ, തോന്നലല്ല, ശരിയാണ്‌, എസി കോച്ചുകളും, കുഷ്യനിട്ട സീറ്റുകളും തീവണ്ടിയാത്ര ശാരീരികമായി സുഖമുള്ളതാക്കിയെങ്കിലും മാനസികമായി തീവണ്ടിയാത്രയുടെ സുഖം, സൗഹൃദം.. നഷ്ടപ്പെട്ടു. ചായ, ചാാായ, കാപ്പി, കാാാപ്പി ഈണത്തിലുള്ള നീട്ടിയുള്ള ഈ വിളി. കുട്ടിക്കാലത്ത്‌ പലവട്ടം അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. ഈ വിളികൾ അപൂർവമായിക്കൊണ്ടിരിക്കുന്നു.

ഒരു തരം ഔപചാരികതയുടെ പരിവേഷം അണിഞ്ഞ ചായയിലും, കാപ്പിയിലുമായി അത്‌ ഒതുങ്ങുന്നു. പലപ്പോഴും, ചായ്‌ ചാഹിേയ, കാപ്പി ചാഹിയേ എന്ന ചോദ്യം. തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നത്‌ മറ്റൊരു സംസ്ഥാനത്താണോയെന്നൊരു തോന്നൽ?. ഷൊർണ്ണൂർ സ്റ്റേഷനിലെ ദോശയും, കോയമ്പത്തൂരിലെ ചൂട്‌ തയിർ സാദവും.നാവിൽ വെള്ളമൂറുന്നു.

VPGറെയിൽവേ സ്റ്റേഷനുകളിൽ മൈക്കിലൂടെയുള്ള ഇക്കാലത്തെ ഒരു സ്ഥിരം ഒരറിയിപ്പാണ്‌, ട്രെയിനിൽ അപരിചിതരുടെ കൈയിൽ നിന്ന്‌ ഭക്ഷണം വാങ്ങി കഴിക്കരുത്‌. അതെ, ഇന്ന്‌ അതിൽ അപകടം പതിയിരിക്കുന്നു. പണ്ടോ. ആരുടെ മനസ്സിലും അങ്ങനെയൊരു ചിന്തയേയില്ല. ഒരു ദോശ തിന്നപ്പോൾ, കടല കൊറിക്കുമ്പോൾ. സഹയാത്രികനുമായി പങ്കുവെയ്ക്കുക എന്നുള്ളത്‌ യാത്രയുടെ ഒരു ഭാഗമായിരുന്നു. പ്രത്യേകിച്ചും സഹയാത്രികരിൽ കുട്ടികളുണ്ടെങ്കിൽ, ട്രെയിൻ യാത്ര അവസാനിക്കുമ്പോഴേക്കും പരസ്പരം സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരിക്കും.

സഹയാത്രികർ, പരസ്പരം സൊറ പറഞ്ഞിരിക്കുന്ന യാത്രക്കാർ, നാട്ടുവിശേഷങ്ങൾ പങ്കു വയ്ക്കുന്നവർ. തീവണ്ടി യാത്രയിലെ ഊഷ്‌മളത ഇന്ന്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അന്നും ഇന്നും വിമാനയാത്രകളിൽ അനുഭവിക്കുന്ന ഏകാന്തത, മൗനാന്തരീക്ഷം. അത്‌ തീവണ്ടി യാത്രകളിലേക്കും പറിച്ചു നട്ടുകൊണ്ടിരിക്കപ്പെടുന്നു. തീവണ്ടി യാത്രയും ഒരു യാന്ത്രികതയിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്നു.

പാലും, പഴവും കൈകളിലേന്തി. തീവണ്ടി തൃശ്ശൂരെത്തിയാൽ ചപ്ളാം കട്ടയുമായി ഒരു അന്ധൻ ട്രെയിനിൽ കയറും. താളമൊപ്പിച്ച്‌ അതിമനോഹരമായി കുറച്ചു തമിഴ്‌-മലയാളം പാട്ടുകൾ യാത്രക്കാർക്ക്‌ ആസ്വദിക്കാം. അസഹിഷ്ണുത ലവലേശമില്ലാതെ എല്ലാവരും ആ പാട്ട്‌ ആസ്വദിക്കുന്നു. ഇരുമ്പു വളയങ്ങൾ കിലുങ്ങുന്ന ഒരു ശബ്ദം തിരിഞ്ഞു നോക്കുമ്പോൾ അരോഗ ദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ ആ ഇരുമ്പു വളയങ്ങളിലൂടെ തന്റെ മെയ്‌വഴക്കം കാണിച്ചു കൊണ്ട്‌ കൈയും തലയും, എന്തിന്‌ ശരീരം കൂടെ കടത്തിക്കൊണ്ട്‌ പുറത്തേക്കിറങ്ങി വരുന്നു.. തീവണ്ടി യാത്രയിലെ മറ്റൊരു അനുഭവം.

കൂലി..കൂലി..കൂലി.. - തീവണ്ടി ഒരു സ്റ്റേഷനിലെത്തി. പെട്ടിയും, ബാഗും ചുമക്കാൻ തലേക്കെട്ടുമായി ധാരാളം ആളുകൾ... പെട്ടികളിലും ബാഗുകളിലും ഉരുളുന്ന വീലുകൾ ഘടിപ്പിച്ചതോടെ ഇക്കൂട്ടരും പതുക്കെ പതുക്കെ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു. തീവണ്ടിയിൽ നിന്ന്‌ പുറത്തിറങ്ങുമ്പേൾ കുശലം ചോദിക്കുന്ന സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ്‌ പരിശോധിക്കാൻ പുറത്തെ വാതിലിൽ നിൽക്കുന്ന പരിശോധകൻ ഇവരെല്ലാം മനസ്സിന്റെ കോണിൽ നിന്ന്‌ ഉയർന്നു വരുന്നു.

ഓരോ തീവണ്ടിയും കടന്നു പോകുന്നത്‌ നോക്കി നിൽക്കാൻ എന്തു രസമായിരുന്നു. തീവണ്ടി, സ്റ്റേഷൻ കടന്നു പോകുമ്പോൾ എൻജിൻ ഡ്രൈവർ ഒരു സർക്കസ്സുകാരനെപ്പോലെ കൈമാറുന്ന ചൂരൽ വളയങ്ങൾ (അന്ന്‌ ഇന്നത്തെ സിഗ്നൽ സംവിധാനങ്ങളില്ല). ഇതെല്ലാം ഒരു കാഴ്ച തന്നെയായിരുന്നു. ഒരിക്കലും തിരികെ വരാൻ സാദ്ധ്യതയില്ലാത്ത കാഴ്ചകൾ. അനുഭവങ്ങൾ.

അന്ന്‌ നീ ഒരു കൊച്ചു കുട്ടിയായിരുന്നു. എല്ലാം ആസ്വദിക്കാനുള്ള ഒരു മനസ്സ്‌ നിനക്കുണ്ടായിരുന്നു. അതുകൊണ്ടാണ്‌ അന്നത്തെ തീവണ്ടി യാത്ര നീ ആസ്വദിച്ചിരുന്നത്‌. മാത്രമല്ല നിന്റെ ജീവിത സ്വപ്നം ഒരു ട്രെയിൻ ഗാർഡാവണമെന്നായിരുന്നില്ലേ’.... ഒരശരീരി പോലെ...
ശരിയാണ്‌, ഒരു പരിധി വരെ ആ പഴമയിലേക്കുള്ള തിരിച്ചുപോക്ക്‌ അസാദ്ധ്യമാണെന്നറിയാം.

എന്നാലും അതിന്റെ ഒരു ചെറിയ രൂപത്തിലെങ്കിലും ഇന്നത്തെ തലമുറയ്ക്ക്‌ അത്തരം യാത്രകൾ പരിചയപ്പെടുത്തേണ്ടതല്ലേയെന്ന്‌ മനസ്സ്‌ ചോദിക്കുന്നു. കൊച്ചിൻ ഹാർബർ ടെർമിനസ്സിൽ നിന്ന്‌, വെണ്ടുരുത്തി പാലത്തിലൂടെ, ആലുവ വരെയെങ്കിലും അങ്ങനെ ഒരു യാത്ര.. കുട്ടികൾ കണ്ട്‌ ആസ്വദിച്ച്‌ പാടട്ടെ - കൂകൂ... കൂകൂം തീവണ്ടി...