ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച... ഹാപ്പി ഫാദേഴ്‌സ്‌ ഡേ, ഇന്ത്യയിൽ.  

ഇക്കഴിഞ്ഞ ഞായറാഴ്ച, ജൂൺ 18-ാം തീയതി ഞാൻ ഉറക്കമുണർന്നത്‌ ഒരു ഫോൺകോളിന്റെ ശബ്ദത്തിലാണ്‌. ‘Happy fathers day...’ നിത്യയുടെ കോളാണ്‌.  തുടരെത്തുടരെ വന്ന കുറേ ഫോൺ മെസ്സേജുകൾ, ഇ-മെയിലുകൾ... എല്ലാം എന്നെ, അച്ഛനെപ്പോലെ സ്നേഹിക്കുന്ന കുറേ കുട്ടികളുടെ സ്നേഹപ്രകടനമാണ്‌. ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ അച്ഛന്റെ സ്വന്തം മകളായി ജനിക്കാൻ പ്രാർഥിക്കുന്നു.’ രാജിയുടെ വാക്കുകളാണ്‌, (as your biological daughter -  എന്നാണെഴുതിയിരുന്നത്‌).

 ഓർമകൾ കുറേ പിറകോട്ട്‌ പോയി. 1992-ൽ എനിക്ക്‌ നഷ്ടപ്പെട്ട എന്റെ അച്ഛൻ.‘സൂര്യനായ്‌ തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം’ -കൈതപ്രത്തിന്റെ മനോഹരമായ വരികൾ. ഓരോ പ്രാവശ്യം ഈ വരികൾ ചെവിയിലെത്തുമ്പോഴും ഞാൻ അച്ഛനെ ഓർക്കും... എന്നെ ഞാനാക്കി മാറ്റിയതിൽ ഒരു പ്രധാന പങ്കുവഹിച്ച അച്ഛൻ.

‘പച്ചയായ ഒരു മനുഷ്യൻ.’ അച്ഛനെക്കുറിച്ചുള്ള ഈ വിവരണം പലവട്ടം കേട്ടിട്ടുണ്ട്‌. അക്ഷരാർഥത്തിൽ ശരിയാണത്‌. കാപട്യങ്ങളില്ലാത്ത, ആർഭാടങ്ങളില്ലാത്ത അഹങ്കാരമില്ലാത്ത ഒരു ജീവിതത്തിനുടമ. ഫാക്ടറിയിൽ നിന്ന്‌ ഒരു സൈക്കിളിൽ തിരുപ്പൂരിലെ വീട്ടിലെത്തുന്ന അച്ഛനെ ഞാൻ കൃത്യമായി ഓർക്കുന്നുണ്ട്‌. പിന്നീടത്‌ മോട്ടോർ സൈക്കിളായി. standard 10 കാറായി. തിരികെ വന്നാൽ മണിക്കൂറുകളോളം അച്ഛൻ സംസാരിച്ചിരിക്കും. ഞങ്ങളെല്ലാവരും കൂടെയിരുന്ന്‌ കാരംസ്‌ കളിക്കും... അങ്ങനെ എത്രയെത്ര ദിവസങ്ങൾ.

ബാലച്ചേട്ടന്റെ എം.ബി.ബി.എസ്. അഡ്‌മിഷന്റെ ദിവസങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇത്രയും രൂപ മുടക്കി എം.ബി.ബി.എസ്സിന്‌ പഠിക്കാൻ പോകണോയെന്ന അമ്മയുടെയും ബാലച്ചേട്ടന്റെയും ചോദ്യത്തിന്‌ അച്ഛന്റെ മറുപടി ഉറച്ചതായിരുന്നു. ‘‘പഠിക്കാനും ആഹാരത്തിനും എത്ര രൂപ വേണമെങ്കിലും ചെലവാക്കിക്കോ, അതൊരു ചെലവല്ല’’ -ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്ന ഒരു ഗുണപാഠമാണത്‌.

ഡോ. ചിത്രയുമായുള്ള എന്റെ പ്രേമത്തെക്കുറിച്ച്‌ അറിഞ്ഞപ്പോൾ അച്ഛൻ പ്രതികരിച്ചതിങ്ങനെയാണ്‌: ‘‘അത്‌ എന്നോട്‌ പറയാനും വിവാഹം കഴിച്ചുതരാനും പറയാനുള്ള ധൈര്യം നിനക്ക്‌ വേണം, അതുണ്ടാകണം. അതുണ്ടെങ്കിൽ ഞാൻ വിവാഹത്തിന്‌ സമ്മതിക്കാം.’’ വർഷങ്ങൾക്കു മുൻപ്‌ നടന്ന, അച്ഛന്റെ പ്രതികരണം ഇന്നും പലർക്കും സാധിക്കുമെന്ന്‌ തോന്നുന്നില്ല. ഖദർ മാത്രം ധരിച്ചിരുന്ന അച്ഛന്റെ ഒരേ ഒരു ദുഃസ്വഭാവം പുകവലിയായിരുന്നു. അച്ഛന്റെ ഉപദേശം ഇങ്ങിനെയായിരുന്നു:  ‘‘മദ്യപന്മാരുടെയും പുകവലിക്കാരുടെയും കൂടെ നടക്കാതിരിക്കുന്നതല്ല കാര്യം. അവരുടെ കൂടെ നടക്കുകയും എന്നാൽ, നിങ്ങൾ അത്‌ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്‌ കാര്യം. അതാണ്‌ മനസ്സിന്റെ ശക്തി.’’ -ഈ വാക്കുകളാണ്‌ ഞങ്ങളെ പുകവലിയിൽ നിന്നും മദ്യപാനത്തിൽ നിന്നും തികച്ചും അകറ്റിനിർത്തിയത്‌.

‘‘ആത്മാർഥമായി ജോലി ചെയ്യണം. ആരുടെ മുൻപിലും തലകുനിക്കേണ്ട സാഹചര്യം ഉണ്ടാവരുത്‌. ചെയ്തത്‌ ശരിയാണെന്ന്‌ തോന്നുകയാണെങ്കിൽ ആരുടെ മുൻപിലും തലകുനിക്കാനും പാടില്ല.’’  -ജീവിതത്തിൽ പല സന്ദർഭങ്ങളിലും പതറാതെ മുന്നോട്ട്‌ പോകാൻ സഹായിച്ചിരുന്നത്‌ അച്ഛന്റെ ഈ വാക്കുകൾ തന്നെയാണ്‌.

ഓണം, വിഷു... മറക്കാൻ സാധിക്കാത്ത ദിവസങ്ങൾ. ഞങ്ങളെല്ലാവരും നിർബന്ധമായും ഈ ദിവസങ്ങളിൽ അച്ഛന്റെയടുത്തെത്തിയിരിക്കണം. അച്ഛൻ ഞങ്ങൾക്ക്‌ ഓണപ്പുടയും വിഷുക്കൈനീട്ടവും തരും. ഞങ്ങളുടെ അടുത്ത തലമുറയിലെ എല്ലാവർക്കും ഞങ്ങൾ നൽകുകയും വേണം. അച്ഛന്റെ മരണശേഷവും ഞങ്ങൾ പിന്തുടർന്നിരുന്ന ഒരു ചിട്ട... ഞങ്ങളുടെയെല്ലാവരുടേയും മനസ്സിൽ സ്നേഹബന്ധം അരക്കിട്ടുറപ്പിച്ച ഇത്തരം എത്രയോ ചെറിയ ചെറിയ സംഭവങ്ങൾ.

അച്ഛൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്‌ അച്ഛന്റെ ജോലി തന്നെയായിരുന്നു. വസ്ത്ര വ്യവസായത്തിൽ ഒരു ഡൈയിങ്‌ മാസ്റ്റർ (dyeing master) ആയി തുടങ്ങി, സ്വന്തം ഡൈയിങ്‌ ഫാക്ടറി വരെ ചെന്നെത്തിയ ജീവിതം. ആ പ്രവൃത്തിയിൽ നിന്ന്‌ അച്ഛൻ മാറിയത്‌... ഒരർഥത്തിൽ പറഞ്ഞാൽ ഞങ്ങൾ മാറ്റിയതായിരുന്നു, ഞങ്ങൾ ചെയ്ത ഏറ്റവും വലിയ അബദ്ധം. പ്രായമായി വരുന്നു, അച്ഛന്‌ വിശ്രമം വേണം എന്ന ചിന്താഗതിയാണ്‌ ഞങ്ങളെ അതിനു പ്രേരിപ്പിച്ചത്‌. പക്ഷേ, അത്‌ അച്ഛനെ മാനസികമായും ശാരീരികമായും തളർത്തി.

പെട്ടെന്നായിരുന്നു അച്ഛൻ രോഗിയായത്‌. കിഡ്‌നി സംബന്ധമായ രോഗമാണ്‌ അച്ഛന്റെ മരണകാരണമായത്‌. പെരിട്ടോണിയൽ ഡയാലിസിസിലൂടെയാണ്‌ ജീവിതം കുറേ മുന്നോട്ട്‌ കൊണ്ടുപോയത്‌. വേദന സഹിക്കവയ്യാതെ അച്ഛൻ പറയുമായിരുന്നു: ‘‘എനിക്കിതൊന്നും വേണ്ട; എന്റെ രണ്ടു മക്കൾ ഡോക്ടർമാരായതിനാലാണ്‌ എനിക്ക്‌ ഈ വേദന സഹിക്കേണ്ടി വരുന്നത്‌. ഇങ്ങനെ എന്റെ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകേണ്ട?’’

 ദൈവം അതു കേട്ടെന്ന്‌ തോന്നുന്നു. 1992 ഡിസംബർ 18ന്‌ അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞു. എന്റെ മനസ്സിൽ ഒരാഗ്രഹം മാത്രം, ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക്‌ നഷ്ടപ്പെട്ട അച്ഛന്റെ മകനായി തന്നെ ജനിക്കാൻ സാധിക്കണേ... അച്ഛന്‌ ഒന്നും ചെയ്തുകൊടുക്കാൻ എനിക്ക്‌ സാധിച്ചിട്ടില്ല. അച്ഛൻ അതിനുവേണ്ടി കാത്തുനിന്നില്ല. അച്ഛനെ ഓർക്കാൻ, ആ ഓർമകൾ അയവിറക്കാൻ വർഷത്തിൽ ഒരു ദിവസം പോരാ, വർഷങ്ങൾ തന്നെ തികയാതെ വരും.
writer is...    
പ്രശസ്ത അർബുദ  ചികിത്സാവിദഗ്ദ്ധൻ