എന്റെ രണ്ടാം ജന്മം, ഞാൻ ആരോട്‌ നന്ദി പറയണം.? ഈ ചിന്ത എന്റെ മനസ്സിലുയർത്തിയത്‌ നാലുവയസ്സുകാരി ജസാലയാണ്‌. ഇന്നലെ ഒ.പി.യിൽ രോഗികളെ പരിശോധിക്കുന്നതിനിടയിൽ അവൾ ഓടിവന്ന്‌ എന്റ മടിയിലിരുന്നു. ‘‘ഡോക്ടറുടെ ആരോഗ്യത്തനു വേണ്ടി അവൾ എന്നും പ്രാർഥിക്കുമായിരുന്നു.’’ -ഉമ്മയുടെ കണ്ണ്‌ നിറഞ്ഞു.

‘‘ഡോക്ടറങ്കിളിനെ എനിക്ക്‌ അത്ര ഇഷ്ടാ.’’ -കൊഞ്ചി കൊഞ്ചിയുള്ള അവളുടെ മറുപടി. ‘‘ഞാൻ അങ്കിളിനു വേണ്ടി എന്നും പ്രാർഥിക്കുമായിരുന്നു. അങ്കിളിന്‌ സുഖമാണോ? എനിക്ക്‌ അങ്കിളിന്റെ ശബ്ദം കേട്ടാൽ മതിയായിരുന്നു.’’ 
 തലേദിവസം രാത്രി വാർഡിലെ നഴ്‌സിനോട്‌ വഴക്കുണ്ടാക്കി എന്റെ ശബ്ദം കേൾക്കാൻ ഫോൺ വിളിപ്പിച്ചതും അവൾ സംസാരിച്ചതും എന്റെ ഓർമയിൽ വന്നു. ഞാൻ കരഞ്ഞോ...? ‘നന്ദി’ എന്ന വാക്ക്‌ അവൾക്ക്‌ അന്യമാണ്‌. അവളുടെ മനസ്സിൽ ആത്മാർഥമായ സ്നേഹം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ, യാന്ത്രികച്ചുവയുള്ള ‘നന്ദി’ എന്ന വാക്ക്‌ ഞാൻ വിഴുങ്ങി.

80 വയസ്സുകാരൻ നാരായണൻ നമ്പൂതിരി ആശുപത്രി പരിസരം മറന്ന്‌, കരഞ്ഞുകൊണ്ട്‌ എന്നെ കെട്ടിപ്പിടിച്ചു. ‘‘എനിക്ക്‌ പ്രാർഥിക്കാൻ മാത്രമേ കഴിയുള്ളൂ ഡോക്ടറെ.. ആയുഷ്മാൻ ഭവ.’’ -വിറക്കുന്ന കൈവിരലുകൾ എന്റ തലയിൽ വെച്ച്‌ അനുഗ്രഹിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. നന്ദി എന്ന വാക്കിന്‌ അർഥമില്ലെന്ന്‌ തോന്നിയ നിമിഷങ്ങൾ.

 2017 ജൂൺ 1, വ്യാഴാഴ്ച. സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കം. ഫോണിലൂടെ എനിക്കു വന്ന ഒരു മെസ്സേജ്‌ ആണിത്‌: ‘‘ഞാൻ ഹരിപ്രിയ. ഏപ്രിൽ 26 മുതൽ അങ്ങേക്കായി ഒരു നേരം ഭക്ഷണം കഴിച്ച്‌, രാവിലെ ‘ഹരിനാമകീർത്തന’വും രാത്രി ‘ഹരിവരാസന’വും അർപ്പിച്ച്‌ പ്രാർഥനയോടെ കഴിയുന്നു. ഒരു ‘ഹലോ’ എന്ന്‌ സാറിൽ നിന്ന്‌ കേൾക്കുവോളം. ഒന്ന്‌ വിളിക്കാമോ, ‘ഹലോ’ എന്ന ആ ശബ്ദം കേട്ടാൽ മാത്രം മതി. പ്രാർഥനയോടെ ഒരു മകൾ...’’

 ഞാൻ തിരികെ ഫോണിൽ വിളിച്ചപ്പോൾ പതിഞ്ഞ ഒരു ശബ്ദം മറുവശത്തു നിന്ന്‌: ‘‘ഞാൻ ടീച്ചറാണ്‌, പ്രഭാതഭക്ഷണം മാത്രം കഴിച്ച്‌ സ്കൂളിൽ പോയപ്പോൾ ഭയങ്കര ക്ഷീണം. പിടിച്ചുനിൽക്കാൻ പറ്റുമെന്ന്‌ തോന്നുന്നില്ല. ഡോക്ടറുടെ ശബ്ദം കേട്ടിട്ടേ എനിക്ക്‌ വ്രതം നിർത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ്‌... അപരാധമായെങ്കിൽ ക്ഷമിക്കണം.’’ 
മറുപടി പറയാൻ സാധിച്ചില്ല. വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയ ഒരനുഭവം. ഞാൻ ഒരിക്കലും  കണ്ടിട്ടില്ലാത്ത ഒരു മകളുടെ മനസ്സ്‌ എനിക്കുവേണ്ടി കേഴുന്നു... പ്രാർഥിക്കുന്നു. അതെ, നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ...?


 ഒരിക്കൽക്കൂടി ഞാൻ ഓർമകൾ ചികഞ്ഞുനോക്കി. ആരോടൊക്ക ഞാൻ നന്ദി പറയണം...? അർധരാത്രി, നീറുന്ന മനസ്സും നിറഞ്ഞ പ്രാർഥനയോടും സമചിത്തത കൈവിടാതെ എന്നെയും കൊണ്ട്‌ ആശുപത്രിയിലേക്കോടുകയും അന്നുമുതൽ ഇന്നുവരെ എന്റെ ഓരോ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടറിഞ്ഞും സഹിച്ചും പരിഹരിച്ചും എന്നെ തിരികെ ജീവിതത്തിലേക്ക്‌ കൊണ്ടുവന്ന എന്റെ രമ (എന്റെ ഭാര്യ ഡോ. ചിത്രതാര),  ആശുപത്രിക്കിടക്കയിലും അതിനുശേഷവും എന്നോടൊപ്പമുണ്ടായിരുന്ന എന്റെ മക്കൾ, മരുമക്കൾ, ബന്ധുമിത്രാദികൾ... ഇവരൊക്കെ എന്റെ ജീവനാണ്‌. അവരോട്‌ ഞാനെങ്ങനെ നന്ദി പറയും...?

ഞാൻ ആശുപത്രിയിലെത്തി നിമിഷങ്ങൾക്കകം ആ അർധരാത്രി ഓടിയെത്തിയ ഡോ. സിസി, ഡോ. ഭീം ശങ്കർ, എന്നെ പരിചരിച്ച ഡോ. ആനന്ദ്‌, മറ്റു ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ്‌ ആശുപത്രി ജീവനക്കാർ, ആശുപത്രി ഭാരവാഹികൾ ഇവരെല്ലാം എന്റെ സഹപ്രവർത്തകർ... ഇവരോട്‌ ഞാൻ എങ്ങനെ നന്ദി പറയും...? 

 തിരികെ വീട്ടിലെത്തി, ഒരു ആശുപത്രിക്കിടയിലെന്ന പോലെയുള്ള എന്റെ ജീവിതത്തിനിടയിൽ എന്നെ ശുശ്രൂഷിച്ച ജിബിറ്റി ജോ, വിനോദ്‌... അവരെഴുതി: ‘‘അങ്ങയെ ശുശ്രൂഷിക്കാൻ ലഭിച്ച ഈ അവസരം ഞങ്ങൾ എന്നു ചെയ്ത പുണ്യമാണോ എന്തോ. തികഞ്ഞ ആത്മാർഥതയോടെ ഞങ്ങൾ അത്‌ നിറവേറ്റി എന്ന്‌ വിശ്വസിക്കുന്നു...’’ എങ്ങനെ ഞാൻ ഇവരോട്‌ നന്ദി പറയും...?

എനിക്കു വേണ്ടി മനമുരുകി പ്രാർഥിച്ച എന്റെ സ്നേഹിതർ, എന്റെ രോഗികളും അവരുടെ ബന്ധുക്കളും... ഇവരെല്ലാം എന്റെ ജീവാത്മാവും പരമാത്മാവും. അവരോട്‌ നന്ദി പറയുന്നത്‌,  ഞാൻ എനിക്കു വേണ്ടി പ്രാർഥിക്കുന്നതു പോലെയാണ്‌. പിന്നെയും അതേ ചോദ്യം... നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ.? 

 ഉത്തരം കിട്ടാത്ത ചോദ്യം...? അല്ല, എനിക്കൊരു ഉത്തരമുണ്ട്‌... സഹിക്കാവുന്നതിലും വേദന തന്ന്‌ ആ അർധരാത്രി എന്നെ ഉണർത്തിയ ദൈവീകശക്തിക്ക്‌, ആലസ്യത്തിൽ ഉറങ്ങാൻ സമ്മതിക്കാതെ ആ വേദനയുടെ ആക്കം കൂട്ടി എന്നെ ആശുപത്രിയിലെത്താൻ പ്രേരിപ്പിച്ച ദൈവത്തിന്‌... നന്ദി പറഞ്ഞേ മതിയാകൂ. ആ വേദന എനിക്ക്‌ തന്നില്ലായിരുെന്നങ്കിൽ, എന്നെ ഉറക്കത്തിൽ നിന്ന്‌ ഉണർത്തിയില്ലായിരുന്നെങ്കിൽ... ഞാൻ  പിന്നീടൊരിക്കലും ഉണരുകയില്ലായിരുന്നു.

മനസ്സിലെവിടെയോ ഒരു തേങ്ങൽ... ഈ വേദനയുടെ ഒരംശം ബാലച്ചേട്ടന്‌ നൽകിയിരുന്നെങ്കിൽ... എന്റെ ബാലച്ചേട്ടനെ എനിക്ക്‌ നഷ്ടപ്പെടുകയില്ലായിരുന്നു...