കുറ്റി മീശക്കാരൻ... കുറ്റിമുള്ള് ദേഹത്ത് തറച്ചു നടക്കുന്നവൻ- ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒരു സങ്കോചവുമില്ലാതെ കയറിയിറങ്ങി നടക്കുന്നവൻ- സമൂഹദ്രോഹി!. രാവോ പകലോ എന്നില്ലാതെ അവൻ നിങ്ങളുടെ ഇടയിൽ നാശം വിതറി ഓടി നടന്നപ്പോൾ നിങ്ങൾ എന്നെ മറന്നു. ഞണ്ടിനെ മറന്നു. സുന്ദരനായ എന്നെ മറന്നു. നിയമം തെറ്റിച്ച് ഒരിക്കൽ പോലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കയറാൻ ശ്രമിക്കാത്ത എന്നെ നിങ്ങൾ അവഗണിച്ചു. നിങ്ങളിലെ ഭയം എന്ന വികാരം കോവിഡിൽ മാത്രമായി ഒതുങ്ങി. നിങ്ങൾ കൊറോണ വൈറസിനെ ഭയപ്പെട്ടു. ആ ഭയത്തിനിടയിൽ കാൻസർ കോശമായ ഞാൻ പുറന്തള്ളപ്പെട്ടു. എന്നെ നിങ്ങൾക്ക് ഭയമില്ലാതായി. കൊറോണയെയും കോവിഡ് മഹാമാരിയെയും നിങ്ങൾ ഉടൻ കീഴ്പ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്. ഒരു ചെറിയ ആയുധം മതി അവനെ കീഴ്പ്പെടുത്താൻ. വാക്സിൻ അഥവാ പ്രതിരോധ കുത്തിവെപ്പിനു മുന്നിൽ അവൻ മുട്ടുമടക്കും. ജനിതകമാറ്റങ്ങളിലൂടെ അവൻ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. പക്ഷേ, അവസാനം അവന് കീഴടങ്ങേണ്ടി വരും. തോൽവി സമ്മതിക്കേണ്ടി വരും. പക്ഷേ, എന്നെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ നിങ്ങൾ ഇനിയും തുടരേണ്ടിയിരിക്കുന്നു. എന്നിരുന്നാലും നിങ്ങൾ എന്നെ കീഴ്പ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ആ സത്യം എനിക്കുമറിയാം. അത് നിങ്ങൾ പൊതുജനങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

എങ്ങനെയാണ് നിങ്ങൾ എന്നെ തോല്പിച്ച് കീഴടക്കിക്കൊണ്ടിരിക്കുന്നത് എന്ന് ഞാൻ തന്നെ വിശദീകരിക്കാം. സ്വന്തം കീഴടങ്ങലിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. എന്നാലും നിങ്ങൾക്കു വേണ്ടി ഞാൻ എന്റെ കീഴടങ്ങൽ കാര്യങ്ങൾ വിശദീകരിക്കാം- ഒരു ദീർഘ നിശ്വാസത്തോടെ കാൻസർ കോശം ആ കഥ പറയുകയാണ്.

സർജറി അഥവാ ഓപ്പറേഷൻ, റേഡിയേഷൻ ചികിത്സ, കീമോ തെറാപ്പി അഥവാ മരുന്നു ചികിത്സ, ഇമ്യൂണോ തെറാപ്പി- ഇതെല്ലാമാണല്ലോ നിങ്ങൾ എനിക്കെതിരേ പ്രയോഗിക്കുന്ന ആയുധങ്ങൾ. ഈ വിദ്യകളിൽ പ്രാവീണ്യം നേടിയവരെ നിങ്ങൾ പ്രധാനമായും സർജിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ് എന്നിങ്ങനെ പേരിട്ടു വിളിക്കുന്നു. ഇവരിൽ പലരും വീണ്ടും തരംതിരിഞ്ഞ് തങ്ങളുടേതായ മേഖലകളിൽ കൂടുതൽ പ്രാവീണ്യം നേടുന്നു. പഴയ കാലങ്ങളിൽ ഇവരൊക്കെ ഒറ്റയ്ക്കൊറ്റയ്ക്കാണ് എന്നെ ആക്രമിച്ചിരുന്നത്. ഇന്നാകട്ടെ ഇവരെല്ലാം കൂടി ഒന്നിച്ചിരുന്ന് എന്നെ കീഴ്പ്പെടുത്താൻ തന്ത്രങ്ങൾ മെനയുന്നു. ട്യൂമർ ബോർഡ് എന്ന വിചിത്രമാണ് ഈ കൂടിയിരിപ്പിന് അവർ നൽകിയിരിക്കുന്നത്. അവർ ഒന്നിക്കുമ്പോൾ ഞാൻ പരാജയപ്പെടുന്നു എന്ന സത്യം ഞാൻ മറച്ചു വെക്കുന്നില്ല. കാൻസർ കോശത്തിന്റെ ശബ്ദത്തിൽ അനിവാര്യമായ കീഴടങ്ങലിന്റെ ഒരു പതറിച്ച.

പണ്ടൊക്കെ സർജിക്കൽ ഓങ്കോളജിസ്റ്റ് എന്നെ എന്നെ നശിപ്പിക്കാൻ വേണ്ടി ചെയ്യുന്നത് ഞാൻ കയറിക്കൂടിയിട്ടുള്ള അവയവത്തെ മുഴുവനായിത്തന്നെ മുറിച്ചുമാറ്റുകയാണ് ചെയ്തിരുന്നത്. നല്ല ഒരു മനുഷ്യരൂപത്തെ വെട്ടിമുറിച്ച് വികൃതമാക്കുകയാണ് ചെയ്യുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ, എലിയെ കൊല്ലാൻ ഇല്ലം ചുടുന്നപോലെയായിരുന്നു അത്. കാൻസർ കോശം പൊട്ടിച്ചിരിച്ചു.

ഇന്ന് അവർ അത് മനസ്സിലാക്കിയിരിക്കുന്നു. സുന്ദരമായ മനുഷ്യ ശരീരത്തിന്റെ സൗന്ദര്യവും പ്രവർത്തന രീതികളും ഒട്ടും തന്നെ നശിപ്പിക്കാതെ എന്നെ മുറിച്ചുമാറ്റാനും നശിപ്പിക്കാനുമുള്ള വിദ്യകൾ പഠിച്ചിരിക്കുന്നു. എന്നെയങ്ങനെ ഒഴിവാക്കുന്നതും ഇല്ലായ്മ ചെയ്യുന്നതും എനിക്കൊട്ടും വിഷമമുണ്ടാക്കുന്നില്ലെന്നു പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും എന്നെനിക്കറിയാം. സൗന്ദര്യവും പ്രവർത്തനങ്ങളും വീണ്ടെടുക്കാനുള്ള വിദ്യ കൂടി അവർ വശപ്പെടുത്തിയിരിക്കുന്നു. അതു തുറന്നു സമ്മതിക്കാനും എനിക്കൊരു മടിയുമില്ലെന്നതാണ് വാസ്തവം.

ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഒരു തുടർക്കഥ തന്നെയാണ് റേഡിയേഷൻ ചികിൽസയിൽ വന്ന മാറ്റങ്ങൾ. പഴയ റേഡിയേഷൻ മെഷീനുകൾ- ചികിൽസാ രീതി തുടങ്ങിയവയൊക്കെ ഇന്ന് നോക്കുമ്പോൾ പ്രാകൃതമാണെന്ന് വേണമെങ്കിൽ പറയാം. എനിക്കു ചുറ്റുപാടുമുള്ള പാവം നല്ലകോശങ്ങളെയൊക്കെക്കൂടി കരിച്ച് ചാമ്പലാക്കുമ്പോൾ അതിൽ നിന്നു മാറി നിന്ന് ഞാൻ വിജയച്ചിരി ചിരിച്ചു കൊണ്ടിരുന്ന എത്രയെത്ര സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നറിയാമോ! അവയവങ്ങളിൽ ഞാൻ പതുങ്ങിക്കൂടിയിട്ടുള്ള ഓരോ ഇടവും കൃത്യമായി കണ്ടു പിടിക്കാനോ കൃത്യമായി എന്റെ നേരെ മാത്രം ഉന്നം പിടിച്ച് റേഡിയേഷൻ നൽകാനോ കഴിയാത്ത പഴഞ്ചൻ റേഡിയേഷൻ മെഷീനുകൾ. ഇന്നോ! ലീനിയർ ആക്സിലറേറ്റർ, ഗാമാ നൈഫ് തുടങ്ങിയ കൃത്യതയാർന്ന ചികിത്സാ ഉപകരണങ്ങൾ. ഇലക്ട്രോൺ, പ്രോട്ടോൺ എന്ന വ്യത്യസ്ത സ്വഭാവമുള്ള അണുതരംഗങ്ങൾ, എം.ഐ.ആർ.ടി., ഐ.ജി.ആർ.ടി. തുടങ്ങിയ വിദ്യകൾ... ഇവയെല്ലാം ഒത്തു ചേർന്ന് എന്നെ തുരത്താൻ നീക്കങ്ങൾ നടത്തുമ്പോൾ എനിക്ക് നിൽക്കക്കള്ളിയില്ലാതായി.

നല്ല കോശങ്ങൾക്കൊന്നും തകരാറു പറ്റാതെ സംരക്ഷിച്ചു കൊണ്ട് അവർ എന്നെ മാത്രം കൃത്യമായി ലക്ഷ്യം വെച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലും എനിക്ക് സങ്കടമൊന്നുമില്ല കേട്ടോ! അതു പറയുമ്പോൾ, ഇല്ല കാൻസർ കോശത്തിന്റെ വാക്കുകൾ സങ്കടമൊന്നുമില്ല. താൻമൂലമുണ്ടാകുന്ന വിഷമതകൾ പരിഹരിക്കപ്പെടുന്നുണ്ടല്ലോ എന്ന ആശ്വാസം തന്നെയാണ് അവനുമുള്ളത്.

കീമോ തെറാപ്പി അഥവാ മരുന്നു ചികിൽസകളിലാണ് ഏറ്റവും വലിയ മാറ്റങ്ങൾ വന്നതെന്നു വേണം പറയാൻ. പണ്ടൊക്കെ കാടടച്ച് വെടിവെക്കുന്ന പരിപാടിയായിരുന്നല്ലോ. തീർത്തും നിരപരാധികളായ എത്രയെത്ര നല്ല കോശങ്ങളാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടുള്ളതെന്നോ! എന്നാലോ! ഞങ്ങൾ പലപ്പോഴും രക്ഷപ്പെടുകയും ചെയ്യും. അതു പറയുമ്പോൾ കാൻസർ കോശത്തിന് ചിരിയടക്കാൻ കഴിയുന്നില്ല.
അതും പോരാഞ്ഞ് ആ മരുന്നുകളുണ്ടാക്കുന്ന പാർശ്വഫലങ്ങൾ വേറെയും. അവ മൂലമായിരുന്നു പാവം ജനങ്ങൾ വല്ലാതെ കഷ്ടപ്പെട്ടിരുന്നത്. ഛർദി, മനംപിരട്ടൽ, മുടി കൊഴിച്ചിൽ, വായിലും തൊണ്ടയിലുമൊക്കെ വരുന്ന വൃണങ്ങൾ, രക്തക്കുറവ്... ഇങ്ങനെ നൂറു കൂട്ടം പ്രശ്നങ്ങളാണ് കീമോ തെറാപ്പി മൂലം ഉണ്ടായിക്കൊണ്ടിരുന്നത്. ലക്ഷ്യബോധമില്ലാത്ത ചികിത്സാരീതിയായിരുന്നു അന്നൊക്കെയുണ്ടായിരുന്നത് എന്ന് പറയാതെ വയ്യ. ഇന്ന് അതൊക്കെ എന്തുമാത്രം മാറിയിരിക്കുന്നു! കാൻസർ കോശത്തിന്റെ കണ്ണുകളിലുമുണ്ട് പുതിയ ചികിത്സാരീതികളുടെ മികവു കണ്ടിട്ടുണ്ടായ ഒരു അതിശയത്തിളക്കം. എന്നെ കൃത്യമായി തിരിച്ചറിഞ്ഞ് എന്നെ മാത്രമായി കൃത്യം ലക്ഷ്യം വെച്ച് നശിപ്പിക്കാനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിരിക്കുന്നു ഇപ്പോൾ. അതിന് അവർ നൽകിയിട്ടുള്ള പുതിയ പേരാണ് ടാർഗറ്റഡ് കീമോ തെറാപ്പി. അതിൽ ലക്ഷ്യം വെക്കുന്നത് ഞങ്ങളുടെ കൂട്ടക്കാരായ കാൻസർ കോശങ്ങളെ മാത്രമാണ്. കാൻസർ കോശങ്ങളെ മാത്രം കൃത്യമായി തെരഞ്ഞു പിടിച്ച് കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ടാർഗറ്റഡ് തെറാപ്പി. നല്ല കോശങ്ങളെയൊന്നും നശിപ്പിക്കാതെ കാൻസർ കോശങ്ങളെ കൃത്യമായി ലക്ഷ്യം വെക്കുന്ന മികച്ച വിദ്യ.

എങ്ങനെയാണ് ഞങ്ങൾ കാൻസർ കോശങ്ങളെ മാത്രം കൃത്യമായി കണ്ടെത്തി ലക്ഷ്യമിടുന്നത് എന്ന് സംശയിക്കുന്ന വായനക്കാർ വിരളമല്ലെന്ന് അറിയാം. സാധാരണ കോശങ്ങളിൽ നിന്ന് കാൻസർ കോശങ്ങൾക്കുള്ള വ്യത്യാസങ്ങൾ എന്തൊക്കെ എന്ന തിരിച്ചറിവാണ് ഇക്കാര്യത്തിൽ ഒന്നാമത്തെ പാഠം.

ഒരമ്മ പെറ്റ മക്കൾക്കെല്ലാം ഒരേ ഛായ, ഒരേ പ്രകൃതം എന്നു പറയുന്ന പോലെ ഒരമ്മ പെറ്റ ഞങ്ങൾ കാൻസർ കോശങ്ങൾക്കുമുണ്ട് ചില സവിശേഷതകൾ. കാൻസർ കോശം പെറ്റമ്മയെ ഓർത്തിട്ടെന്ന പോലെ ഒരു നിമിഷം നിശ്ശബ്ദതയിലായി. ആ ഛായയെ നിങ്ങളുടെ ഗവേഷകർ ആന്റിജൻ എന്ന് വിളിച്ചു. കുറച്ചു കൂടി കൃത്യമായി അറിയാവുന്നവർ ട്യൂമർ ആന്റിജൻ എന്ന് വിളിച്ചു. ആ ആന്റിജനെതിരേ ആന്റിബോഡികൾ നിർമിച്ചു. ഒരൊറ്റ ആന്റിജനെ മാത്രം തിരിച്ചറിയാൻ കഴിയുന്നതും അതിനെതിരേ പ്രവർത്തിക്കുന്നതുമായ ആന്റിബോഡി. അവയുടെ പല പരിവർത്തനങ്ങളും വന്നു. അങ്ങനെ, ഏത് ഉത്സവപ്പറമ്പിലാണെങ്കിലും പോലീസുകാരെ തിരിച്ചറിയാൻ പറ്റുമെന്നതു പോലെ ഞങ്ങൾ കാൻസർ കോശങ്ങളും കൃത്യമായി തിരിച്ചറിയപ്പെടാൻ തുടങ്ങി. അതായിരുന്നു ഞങ്ങളുടെ വലിയ പരാജയത്തിന്റെ തുടക്കം.

നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾക്ക് ജീവിക്കാൻ അതിന് അകത്തും പുറത്തുമുള്ള രാസപ്രക്രിയകളെയും രാസവസ്തുക്കളെയും ആശ്രയിക്കേണ്ടതുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടല്ലോ. ഞങ്ങൾ കാൻസർ കോശങ്ങളും അതു പോലെ തന്നെയാണ് ജീവിക്കുന്നത്. ആ പ്രക്രിയകളും വസ്തുക്കളും ഞങ്ങളെ നശിപ്പിക്കാനുള്ള ലക്ഷ്യമായി തിരഞ്ഞെടുക്കുകയായിരുന്നു നിങ്ങളുടെ ഗവേഷകർ. ആ വിവരം ഞങ്ങൾ കാൻസർ കോശങ്ങൾ മനസ്സിലാക്കിയത് ഏറെ വൈകിയാണ്. എങ്ങനെയും അതിജീവിക്കണം, അതിജീവിച്ചേ മതിയാകൂ എന്ന ചിന്ത ഞങ്ങളെ അലട്ടാൻ തുടങ്ങി. നിങ്ങളുടെ ഗവേഷകർ മെനയുന്ന തന്ത്രങ്ങളെ മറികടക്കാനുള്ള വഴികൾ കണ്ടെത്താനുള്ള ഞങ്ങളുടെ പരിശ്രമങ്ങൾ ആരംഭിക്കുന്നത് അങ്ങനെയാണ്. നിങ്ങളുടെ ഗവേഷകർ നിർമിച്ച ആന്റിബോഡികൾ ഞങ്ങൾ കാൻസർ കോശങ്ങളെ തിരിച്ചറിയാതിരിക്കാൻ ഞങ്ങൾ സ്വയം ചില മാറ്റങ്ങൾ വരുത്തി. ഞങ്ങളുടെ മുഖഛായയിൽ മാറ്റം വരുത്തിയെന്ന് പറയാം. ഞങ്ങൾ ഞങ്ങളുടെ ആന്റിജനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾത്തന്നെ നിങ്ങളുണ്ടാക്കിയ ആന്റിബോഡികൾക്ക് ഞങ്ങളെ തിരിച്ചറിയാൻ പറ്റാതായി. പല കാലഘട്ടങ്ങളിലും ഈ ആന്റിജനുകളെ ഞങ്ങൾ ഞങ്ങളുടെ ഉള്ളിലേക്ക് വലിച്ചു നിർത്തി. ആന്റിജനുകളെ അന്വേഷിച്ചുള്ള ആന്റിബോഡികളുടെ ദയനീയ യാത്ര ഞങ്ങൾ അടുത്തു നിന്നു കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട് പലപ്പോഴും. ഞങ്ങളുടെ ഒരു രാസപ്രവർത്തനത്തിന് നിങ്ങൾ തടയിട്ടപ്പോൾ മറ്റു ചില രാസവസ്തുക്കളെയും രാസപ്രക്രിയയെയും ആശ്രയിച്ച് ജീവിക്കാൻ ഞങ്ങൾ സ്വയം കഴിവു നേടിയെടുത്തു. നിങ്ങളുടെ ഗവേഷകരുടെ നിരന്തര യത്നങ്ങളുമായുള്ള പോരാട്ടങ്ങൾ ഞങ്ങൾ കാൻസർ കോശങ്ങൾക്ക് ജീവന്മരണ പോരാട്ടമാണല്ലോ. അതിജീവിക്കാൻ പ്രകൃതി നൽകിയ ഒരു ശേഷി ഞങ്ങൾക്കുമുണ്ട്.

സാധാരണക്കാരിൽ സാധാരണക്കാരായ വെറും കോശങ്ങളായി ജീവിതമാരംഭിച്ചവരാണ് ഞങ്ങളും. ഏതോ ഒരു നിമിഷത്തിൽ ഞങ്ങളുടെ ജനിതകഘടകങ്ങൾക്ക് എന്തൊക്കെയോ ചില മാറ്റങ്ങൾ വന്നിട്ടാണ് ഞങ്ങൾ കാൻസർ കോശങ്ങളായി മാറുന്നത്. ദുർമൂർത്തികൾ ആവേശിച്ചിട്ടെന്നതു പോലെ പിന്നെ ഞങ്ങളുടെ പ്രവൃത്തികൾ നിങ്ങൾക്കാകെ വിനാശകരമായതായി മാറുന്നു. സാധാരണ കോശം എന്ന അവസ്ഥയിൽ നിന്ന് മാറി ഞങ്ങൾ കാൻസർ കോശങ്ങളായിത്തീരുന്ന പരിവർത്തനത്തിന് നിങ്ങൾ നൽകിയിട്ടുള്ള പേര് കൊള്ളാം- ജീൻ മ്യൂട്ടേഷൻ. ഞങ്ങളെ നിയന്ത്രിക്കുന്ന, ഞങ്ങളെ ശക്തരാക്കുന്ന ഒരു ജീൻ ഞങ്ങളോരോരുത്തരിലുമുണ്ടെന്നും അവയെ നശിപ്പിച്ചാൽ ഞങ്ങൾ അശക്തരാകുമെന്നും തനിയെ നശിച്ചു പോകുമെന്നും നിങ്ങളുടെ ഗവേഷകർ മനസ്സിലാക്കിയതോടെ ഞങ്ങൾ വീണ്ടും അസ്വസ്ഥരായി. നിങ്ങൾ അവയെ ഡ്രൈവർ മ്യൂട്ടേഷൻസ് എന്ന ഓമനപ്പേരിട്ടു വിളിച്ചു. അർഥവത്തായ ഒരു പേരായിരുന്നു അത്. ആ ഡ്രൈവറെ നിങ്ങൾ തിരഞ്ഞു പിടിച്ചു നശിപ്പിച്ചതോടെ ഞങ്ങൾ വീണ്ടും അബലരായി.

ജീൻ മാപ്പിങ്ങ് എന്ന സാങ്കേതിക വിദ്യയിലെ സാങ്കേതിക വിദ്യയിൽ നിങ്ങളുടെ ഗവേഷകർ നടത്തുന്ന മുന്നേറ്റങ്ങൾ ഞങ്ങൾ അറിയുന്നുണ്ട്. അത് ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. അത് വിജയമാകുന്നതോടെ ഞങ്ങളുടെ അന്ത്യമായെന്നു വരാം. എന്‍.ജി.എസ്‌. അഥവാ നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് എന്ന സങ്കേതത്തിലൂടെ ഞങ്ങളിലെ ഓരോ ജീനുകളെയും വെവ്വേറെയായി കണ്ടു പിടിക്കാനുള്ള കാലതാമസം നിങ്ങളുടെ ഗവേഷകർ ഈ വിദ്യയിലൂടെ മറികടന്നിരിക്കുകയാണ്. നാനാത്വത്തിൽ ഏകത്വമെന്നും ഏകത്വത്തിൽ നാനാത്വമെന്നും ഒക്കെ നിങ്ങൾ തിരിച്ചറിയാനുള്ള കാരണവും ഇതു തന്നെയാണ്. ഉദാഹരണത്തിന് പണ്ട് നിങ്ങൾ സ്തനാർബുദത്തെയും ശ്വാസകോശാർബുദത്തെയും തികച്ചും വ്യത്യസ്തമായി കണ്ട് ചികിത്സിച്ചിരുന്നുവെങ്കിൽ ഇന്ന് പല സന്ദർഭങ്ങളിലും അവയെ നിയന്ത്രിക്കുന്ന ഡ്രൈവർ മ്യൂട്ടേഷനുകൾ ഒന്നു തന്നെയാണ് എന്ന് നിങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതു പോലെ തന്നെ രണ്ട് സ്തനാർബുദ രോഗികൾ ഒരേ സ്വഭാവക്കാരാകണമെന്നില്ലെന്നും അവരുടെ ഡ്രൈവർ മ്യൂട്ടേഷനുകൾ വ്യത്യസ്തമാണെന്നുമുള്ള തിരിച്ചറിവ് നിങ്ങളുടെ കാഴ്ചപ്പാടിലും ചികിത്സയിലും വളരെയധികം മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

നിങ്ങൾക്ക് സന്തോഷമുണ്ടാക്കുന്നതാണെങ്കിലും ഞങ്ങളുടെ കദന കഥയാണ് പറഞ്ഞുകൊണ്ടിരുന്നത്. ഒരു വിവരം കൂടി നിങ്ങളുടെ അറിവിലേക്കായി പങ്കു വെക്കാനുണ്ട്. അടുത്ത കാലം വരെ നിങ്ങൾ ശത്രുസ്ഥാനത്ത് കണ്ടിരുന്നത് ഞങ്ങൾ കാൻസർകോശങ്ങളെ മാത്രമാണല്ലോ. അതുകൊണ്ടു തന്നെ നിങ്ങളുടെ ആയുധങ്ങളും യുദ്ധമുറകളും ഞങ്ങളെ മാത്രം ലക്ഷ്യമിട്ടായിരുന്നു. ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഞങ്ങളെ സഹായിക്കുന്ന, ഞങ്ങൾക്ക് ശക്തി പകരുന്ന ചുറ്റുമുള്ള മറ്റു കോശങ്ങളെയും സഹായപ്രക്രിയകളെയും തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാനുള്ള തന്ത്രങ്ങളും കൂടി ആവിഷ്കരിച്ചു കഴിഞ്ഞിരിക്കുന്നു നിങ്ങൾ. ആ പിന്നണി കോശങ്ങളില്ലെങ്കിൽ ഞങ്ങളില്ലെന്നതാണ് സത്യം.

ഞങ്ങളുടെ ജീവൻ നിലനിർത്താൻ ആവശ്യമായ ഓക്സിജനും ഗ്ലൂക്കോസും മറ്റ് അവശ്യ വസ്തുക്കളും പോലും ഞങ്ങൾക്കു കിട്ടാത്ത വിധം തടയുകയാണ് നിങ്ങളുടെ രീതി. അവ ഞങ്ങളിലേക്ക് എത്തിക്കുന്ന രക്തധമനികൾക്കു കൂടി നിങ്ങൾ തടയിടുന്നു. ആന്റി ആൻജിയോജനസിസ് എന്ന പ്രക്രിയ വൻ വിജയമായി നിങ്ങൾ കൊണ്ടാടുമ്പോൾ ശ്വാസം കിട്ടാതെ, ആഹാരത്തിനൊന്നും കിട്ടാതെ അനുദിനം മരിക്കുകയാണ് ഞങ്ങൾ ഓരോരുത്തരും.

നിങ്ങളുടെ ശരീരത്തിൽ സദാസമയവും ജാഗരൂകനായി ജോലിചെയ്യുന്ന ഒരു കാവൽ പോലീസുകാരനുണ്ട്. അത് ആരാണെന്നറിയാമോ... കാൻസർ കോശം ഒരു ചോദ്യം ഉയർത്തി വിവരണമൊന്നു നിർത്തി. ഉത്തരത്തിനു കാത്തു നിൽക്കാതെ ആ കോശം തുടരുകയാണ്- നിങ്ങളുടെ ആ കാവൽക്കാരനാണ് സൈറ്റോടോക്സിക് ടി സെൽസ്. അവൻ ഉണർന്നിരിക്കുമ്പോൾ ഞങ്ങൾ കാൻസർകോശങ്ങൾക്ക് ഒരിക്കലും വളരാനോ പെരുകാനോ സാധിക്കില്ല. അതുകൊണ്ട് ഞങ്ങൾ ഒരു ശരീരാവയവത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞാൽ ആദ്യം ശ്രമിക്കുന്നത് നിങ്ങളുടെ ആ കാവൽക്കാരനെ മയക്കിക്കിടത്താനാണ്. അതിനുള്ള സൂത്രവിദ്യകളൊക്കെ ഞങ്ങളുടെ പക്കലുണ്ട്. ചെക് പോയിന്റ് ഇൻഹിബേറ്റേഴ്സ് എന്ന മിസൈൽ ഉപയോഗിച്ച് നിങ്ങൾ തകർത്തത് ഞങ്ങളുടെ ആ സൂത്രവിദ്യകളെയാണ്.

ഇപ്പോൾ എല്ലാ വഴിയും മുട്ടി കീഴടങ്ങലിന്റെ അവസ്ഥയിലാണ് ഞങ്ങൾ. പക്ഷേ, പറഞ്ഞല്ലോ പ്രകൃതി എല്ലാ ജീവകോശങ്ങൾക്കും അനുവദിച്ചിട്ടുള്ള ചില അതിജീവനവഴികളുണ്ട്. അവിടെ എന്തെങ്കിലും പഴുതു കിട്ടുമോ എന്ന് പരതുകയാണ് ഞങ്ങൾ. ഇപ്പോഴല്ലെങ്കിൽ ഒട്ടും വൈകാതെ എന്നേക്കുമായി കീഴടങ്ങേണ്ടി വരും ഞങ്ങൾക്ക്. അതറിയാം. സമ്പൂർണ പരാജയം തൊട്ടു മുന്നിലാണെന്ന് ഞങ്ങൾ കാൻസർ കോശങ്ങൾ തിരിച്ചറിയുന്നുണ്ട്. അതിനിടെയാണ് കോവിഡ് കാലം വന്നത്. സത്യം പറയട്ടേ, അത് ഞങ്ങൾക്ക് ആശ്വാസകാലമായിരുന്നു. നിങ്ങളെല്ലാവരും കൊറോണയുടെയും കോവിഡിന്റെയും പിറകേ ആയിരുന്നല്ലോ. ആ യുദ്ധം നിങ്ങൾ ഏതാണ്ട് ജയിച്ചിരിക്കുന്നു. നിങ്ങൾ വീണ്ടും ഞങ്ങൾക്കു നേരേ വരികയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. കാൻസർ കോശത്തിന്റെ ആ ശബ്ദം നേർത്തു നേർത്തു വരുമ്പോൾ... പാടില്ല ഒട്ടും വിട്ടുവീഴ്ച വേണ്ട. ഒരു പഴുതുമില്ലാതെ, ഒരു ദാക്ഷിണ്യവുമില്ലാതെ കീഴ്പ്പെടുത്തി എന്നേക്കുമായി അവസാനിപ്പിച്ചേ മതിയാകൂ നമുക്ക്.

Content Highlights:Snehaganga, what is cancer and how to treat the diseaseDr V P Gangadharan speaks, Health, Cancer Awareness