ഗംഗന് രാത്രി എങ്ങനെ ഉറങ്ങാൻ സാധിക്കുന്നെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. എനിക്ക് ഉറക്കം വരുന്നതേയില്ല. ഇന്ന് ഉറങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല. മണിക്കൂറുകളോളം കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നത് മിച്ചം. മനസ്സിൽ ഒരു വല്ലാത്ത അസ്വസ്ഥത... ഒരു ഭാരം. അയ്മനത്തു നിന്ന് ഗിരിജയുടെ ഫോൺ കോൾ. പതിവിൽ നിന്ന് വ്യത്യസ്തമായി രാത്രി വൈകിയാണ് ഗിരിജ വിളിച്ചത്. എന്തു പറ്റി വീണ്ടും വെള്ളപ്പൊക്ക ഭീഷണിയാണോ! കഴിഞ്ഞ രണ്ടു മൂന്നു വർഷമായി മുടങ്ങാതെയെത്തുന്ന വെള്ളപ്പൊക്കക്കെടുതി ഗിരിജയുടെ ഉറക്കം കെടുത്തുന്നത് അറിയാവുന്നതിനാൽ അതു തന്നെ ആയിരിക്കുമോ കാരണം എന്ന് ഞാൻ ചിന്തിച്ചു പോയി.

വെള്ളത്തിന്റെ പ്രശ്നം ഇപ്പോൾ ഇല്ല ഗംഗാ... പക്ഷേ, കഷ്ടമായിപ്പോയി ആ മരണം എന്നെ തളർത്തിക്കളഞ്ഞു... ഗിരിജ പറഞ്ഞപ്പോൾ ആരുടെ കാര്യമാണ് പറയുന്നതെന്ന് ഞാൻ ആലോചിക്കുമ്പോഴേക്ക് ഗിരിജ തുടർന്നു. നമ്മുടെ വീട്ടിലെ ഒരംഗം മരിച്ചതു പോലെ എസ്.പി.ബി.യുടെ മരണം മനസ്സിനെ വേദനിപ്പിക്കുന്നു ഗംഗാ...

ശരിയാണ്... ഞാനറിയാതെ തന്നെ എന്റെ മനസ്സും അത് ഏറ്റുപറഞ്ഞു. ഒരിക്കൽ പോലും പരിചയപ്പെട്ടിട്ടില്ലാത്ത, എന്തിന് അടുത്തു കണ്ടിട്ടു പോലുമില്ലാത്ത ആ മനുഷ്യന്റെ മരണം എന്റെ മനസ്സിനെയും അസ്വസ്ഥമാക്കിയിരുന്നു. യേശുദാസിന്റെയും ചിത്രയുടെയും സുജാതയുടെയുമെല്ലാം ദുഃഖം നമുക്ക് മനസ്സിലാവും. കാരണം അവരെല്ലാം ഒരേ തൂവൽപക്ഷികളാണല്ലോ. പക്ഷേ, ഗിരിജയും ഞാനുമൊക്കെയോ! ഈ ലോകത്തെ അനേകലക്ഷം എസ്.പി.ബി. ആരാധകരോ? അതാണ് അദ്ദേഹത്തിന്റെ വിജയം.

മനസ്സു നിറയെ സംഗീതവും ആരും കൊതിക്കുന്ന സ്വരമാധുരിയും നൽകിയനുഗ്രഹിച്ച് ദൈവം ഭൂമിയിലേക്ക് ഇറക്കിവിട്ട മഹാപ്രതിഭ. വേറിട്ട ശബ്ദമാധുരിയും അനായാസമായ ആലാപനവഴക്കവും അദ്ദേഹത്തെ മറ്റു സംഗീതജ്ഞരിൽ നിന്ന് വ്യത്യസ്തനാക്കി. മനസ്സുകളിൽ ആഹ്ലാദത്തിന്റെ പൂത്തിരികളും നേർത്ത വിഷാദത്തിന്റെ നിഴൽപ്പാടുകളുമായി വൈകാരികതയുടെ തിരമാലകളുയർത്താൻ അദ്ദേഹത്തിന്റെ ആലാപനത്തിന് കഴിഞ്ഞു.

കാട്ടുക്കുയിലെ മനസ്സുക്കുള്ളെ... ടി.വി.യിൽ നിന്ന് ഒഴുകിയെത്തിയ ഈ മധുരഗാനം എന്റെ ചിന്തകളെ പിടിച്ചെടുത്തു. ഞാൻ ബുൾബുൾ കൈയിലെടുത്തു. ഒരിക്കൽ പോലും ഞാൻ ബുൾബുളിൽ വായിച്ചു നോക്കിയിട്ടില്ലാത്തതാണ് ഈ ഗാനം. എന്നിട്ടും ഞാനറിയാതെ തന്നെ കൈവിരലുകൾ ആ ഗാനം പകർത്തി. മതിവരാതെ ഞാൻ വീണ്ടും വീണ്ടും പല്ലവിയും അനുപല്ലവിയും ആവർത്തിച്ചു കൊണ്ടിരുന്നു. സിംഗപ്പൂരിലെ ഒരു ഗാനമേള എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ഞാൻ അവസാനമായി ഈ പാട്ട് ടി.വി.യിൽ ആസ്വദിച്ച നിമിഷങ്ങൾ. വിജയ് യേശുദാസും എസ്.പി.ബി.യുടെ മകൻ ചരണും യേശുദാസും എസ്.പി.ബി.യും ചേർന്ന് പാടി അരങ്ങു തകർക്കുന്ന രംഗം... ഞാനറിയാതെ ബുൾബുളിൽ എന്റെ കൈവിരൽ ചലിക്കുന്നു. അതെ, എന്റെ മനസ്സിന്റെ ചലനം കൈവിരലിലൂടെ ബുൾബുളിലേക്ക്. മനസ്സ് ശാന്തമായതു പോലെ. കണ്ണുകളിൽ ഉറക്കത്തിന്റെ താളം. അതേ, ഇനി എനിക്ക് ഉറങ്ങാനാവും.

'എന്നെ മറന്നോ?' അത് അർച്ചനയുടെ ശബ്ദമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പുഞ്ചിരി നിറഞ്ഞ അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. എനിക്കെങ്ങനെയാണ്അവളെ മറക്കാനാവുക! അഞ്ചു വർഷമായി എന്റെ ചികിൽസയിലുണ്ടായിരുന്ന ഒരു കൊച്ചു മിടുക്കി. രക്താർബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കഴിഞ്ഞ അഞ്ചുവർഷത്തെ അവളുടെ ജീവിതം... എന്റെ മനസ്സിൽ ചിത്രങ്ങൾ ഒന്നൊന്നായി മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു. ചിരിക്കാൻ മാത്രമറിയുന്ന പെൺകുട്ടി. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു കൊച്ചു മിടുക്കി. നിമിഷങ്ങൾ കൊണ്ട് നമ്മുടെ മനസ്സിലേക്ക് കയറിപ്പറ്റാൻ കഴിവുള്ള പാറിപ്പറക്കുന്ന ഒരു ചിത്രശലഭം അവളെക്കുറിച്ചുള്ള വിശേഷണങ്ങളിൽ ചിലതു മാത്രം.

സാമ്പത്തിക പരാധീനതകളും പരിമിതികളുമുള്ള ഒരു കുടുംബം താങ്ങാനാവാത്ത ചികിൽസാച്ചെലവുകൾ. കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹായത്തോടെ ആദ്യഘട്ട ചികിൽസ പൂർത്തിയാക്കിയപ്പോൾ ഞാനും അഹങ്കരിച്ചു. അവൾ രക്ഷപ്പെട്ടല്ലോ എന്നോർത്ത് സന്തോഷിച്ചു. ദൈവനിശ്ചയം മറ്റൊന്നായിരുന്നു എന്ന് ഓർമിപ്പിച്ചു കൊണ്ട് മൂന്നു വർഷം കഴിഞ്ഞപ്പോൾ അവളുടെ അസുഖം തിരികെ വന്നു. കാൻസറിന് കീഴടങ്ങാൻ അവൾ തയ്യാറല്ല എന്ന് മനസ്സിലാക്കിയതു കൊണ്ടാകാം, രണ്ടാം ഘട്ട ചികിൽസ നൽകാൻ ഞങ്ങൾക്ക് വീണ്ടുമൊന്ന് ചിന്തിക്കേണ്ടി വന്നില്ല. സംഭവ ബഹുലമായ നാലു മാസത്തെ ചികിത്സ. മരണത്തെ മുഖാമുഖം കാണേണ്ടി വന്ന എത്രയെത്ര നിമിഷങ്ങളിലൂടെ അവൾക്ക് കടന്നുപോയെന്ന് ഓർത്തെടുക്കാൻ പ്രയാസം. ഒരിക്കലും മായാത്ത അവളുടെ മുഖത്തെ ചിരി തന്നെ ആയിരുന്നു ഞങ്ങളുടെ ഊർജം. ചികിത്സ കഴിഞ്ഞ് വീണ്ടും മജ്ജ പരിശോധിച്ചപ്പോൾ ഫലം തൃപ്തികരമായിരുന്നു. ഒരിക്കൽക്കൂടി അവളുടെ മുമ്പിൽ കാൻസർ മുട്ടുമടക്കിയിരുന്നു.

പാലക്കാട്ട് ഒരു കാൻസർ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തശേഷം ഞാൻ തിരികെപ്പോരാൻ ഒരുങ്ങുകയായിരുന്നു. 'അങ്കിൾ എന്റെ വീട്ടിൽ വരണം.' അവളുടെ ക്ഷണം എനിക്ക് നിരസിക്കാൻ സാധിച്ചില്ല. കെട്ടിപ്പിടിച്ചു കൊണ്ടാണ് അവൾ എന്നെ വീട്ടിലേക്ക് ആനയിച്ചത്. നിമിഷങ്ങൾ കൊണ്ട് അവൾ തികഞ്ഞ ഒരു ആതിഥേയയായി മാറുകയായിരുന്നു. 'ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ അങ്കിൾ സമ്മതിക്കുമോ?' എന്തായിരിക്കും അവളുടെ ആവശ്യം എന്ന് ഞാൻ ചിന്തിക്കുന്നതിന് മുമ്പ് അവൾ പറഞ്ഞു. ഈ പഞ്ചായത്തിലും അടുത്ത പഞ്ചായത്തിലുമൊക്കെ ഏതാനും കാൻസർരോഗികളുണ്ട്. ഈ അസുഖത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയും പേടിയുമായി ജീവിക്കുന്ന കുറേപ്പേർ. ഞാനവർക്കു വേണ്ടി കാൻസർ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കട്ടെ. ഞാനവളെ അത്ഭുതത്തോടെ നോക്കിയിരുന്നു. ഭംഗിവാക്കായിരിക്കും, പിന്നെ എന്റെ മനസ്സിൽ തോന്നിയത് അങ്ങനെയായിരുന്നു. അടുത്ത മൂന്നു മാസം കൊണ്ട് പഞ്ചായത്തുകളുമായി സഹകരിച്ചു കൊണ്ട് അവൾ ക്യാമ്പുകൾ നടത്തി. അതിൽ പങ്കെടുത്ത കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ ഭാരവാഹികളുടെ വോളന്റിയർമാരും ഒരേ സ്വരത്തിൽ പറഞ്ഞു: 'എന്തൊരു ചുറുചുറുക്കുള്ള പെൺകുട്ടി.'

കഴിഞ്ഞ കുറേ മാസങ്ങളായി എത്ര രോഗികളെ അവൾ കണ്ടെത്തി ചികിത്സയ്ക്കായി ഞങ്ങളുടെ അടുത്തെത്തിച്ചിരിക്കുന്നു എന്നതും ഓർത്തെടുക്കാൻ പ്രയാസം. തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന് അവൾ തിരിച്ചറിഞ്ഞോ!

ഇക്കുറി കാൻസർ അവളിലേക്ക് കടന്നുവന്നത് പൂർവാധികം വീര്യത്തോടെയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അർച്ചന ഞങ്ങളെ വിട്ടുപിരിഞ്ഞു. 'ഇല്ല അങ്കിളേ, ഞാൻ ഇവിടെത്തന്നെയുണ്ട്. എനിക്കെങ്ങനെ നിങ്ങളെയൊക്കെ വിട്ടു പോകാൻ സാധിക്കും. അതു കൊണ്ട് അങ്കിൾ സുഖമായി കിടന്നുറങ്ങിക്കോ.'

ഗംഗന് രാത്രി എങ്ങനെ ഉറങ്ങാൻ സാധിക്കുന്നു എന്നതിനുള്ള ഉത്തരം ഈ വാക്കുകളിൽ ഒളിച്ചിരിപ്പുണ്ടെന്ന് എന്റെ മനസ്സ് വിളിച്ചു പറയുന്നതു പോലെ...

Content Highlights:Snehaganga, DrVPGangadharan shares his memories about singer SP Balasubramanyam, Health