പ്രഭാത നടത്തം കഴിഞ്ഞ് എത്തി ബാൽക്കണിയിൽ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. അപൂർവമായി മാത്രം വീണു കിട്ടുന്ന ഒരു അവധി ദിവസം പുറത്ത് മഴ തകർത്തു പെയ്യുന്നു. അതിനിടയിലൂടെ ഓടി മുറ്റത്തെ മാവിലെ കൊമ്പുകൾക്കിടയിൽ ചാടിച്ചാടിക്കളിക്കുന്ന അണ്ണാൻകുഞ്ഞ്. ഇടയ്ക്കിടെ ശരീരം കുടഞ്ഞ് വെള്ളത്തുള്ളികൾ തെറിപ്പിച്ചു കളഞ്ഞ് കൂട്ടുകാരെ വിളിച്ചു കൊണ്ട് ഒരു നീലക്കിളി വീട്ടിനു മുന്നിലെ ഇരുമ്പു കമ്പിയിൽ. ഇതെല്ലാം ഞാൻ യാന്ത്രികമായി നോക്കിക്കൊണ്ടിരുന്നു.

അച്ചച്ചാ... മാവ്.. കുഞ്ചുവിന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. മാവിന് ക്ഷീണം... പാവം. മമ്മാ... തളിർത്തു നിൽക്കുന്ന മുറ്റത്തെ മാവിലേക്ക് വിരൽ ചൂണ്ടി അവൾ കൊഞ്ചിക്കൊഞ്ചി പറഞ്ഞു. അവളുടെ കുഞ്ഞു കണ്ണുകളിൽ തിളങ്ങുന്ന അത്ഭുതം! പച്ച നിറമുള്ള മാവിലകളുടെ സ്ഥാനത്ത് ഇളം റോസ് നിറത്തിൽ പുത്തൻ മാവിലകൾ. അവയിലെ വെള്ളത്തുള്ളികൾ അവൾ ആസ്വദിക്കുന്നത് ആ കണ്ണുകളിലെ തിളക്കം കണ്ടാലറിയാം.

അന്നാൻ മയ നനേണു... അവൾ കൊഞ്ചിക്കൊഞ്ചി പറഞ്ഞു. കിളി കുളിക്കണു മമ്മാ.. ഈ കാഴ്ചകൾ കണ്ട് അവൾക്ക് മതിയാകുന്നില്ല.
മയ.. മയ.. കുട.. കുട.. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. മഴയും കിളിയും അണ്ണാറക്കണ്ണനുമൊക്കെയായി പ്രകൃതിയുടെ ഭംഗികൾ അവൾ ആസ്വദിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. എത്രയോ നേരം നോക്കിയിരുന്നിട്ടും എനിക്ക് ആസ്വദിക്കാൻ സാധിക്കാതെ പോയ ദൃശ്യങ്ങൾ. എന്തു കൊണ്ടായിരിക്കും അണ്ണാൻ മഴ നനയുകയാണല്ലോ എന്ന് എനിക്ക് തോന്നാതിരുന്നത്? എന്റെ മനസ്സിന് പ്രായമായതു കൊണ്ടാണോ.

കൊച്ചു ഗംഗയുടെ മനസ്സ് ഇങ്ങനെയല്ലായിരുന്നു. കൗതുകങ്ങൾ മാത്രം നിറഞ്ഞ ബാല്യകാലം മനസ്സിൽ തെളിഞ്ഞു വന്നു. ഇരിങ്ങാലക്കുടയിലെ വീട്ടിൽ തിണ്ണയിൽ കിടന്ന് പുറത്തേക്കു നോക്കി മനസ്സു കുളിർക്കുന്ന കാഴ്ചകളിൽ നിറഞ്ഞിരുന്ന എത്രയെത്ര ദിവസങ്ങൾ! മഴത്തുള്ളികൾ ആഞ്ഞടിച്ച് തിണ്ണയിലും മുഖത്തുമെല്ലാം വീഴുന്നതും ആസ്വദിക്കാനുള്ള മനസ്സ് ആ ബാല്യത്തിനുണ്ടായിരുന്നു. എത്ര വട്ടം അണ്ണാറക്കണ്ണന്റെ പിറകേ ഓടിയിരുന്നു എന്ന് ഓർത്തെടുക്കാൻ പ്രയാസം. തൊട്ടാവാടിച്ചെടികൾ, ചേമ്പിലയിൽ സ്‌ഫടികം കണക്കെ തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികൾ, മരച്ചില്ലകളിലെ കിളിക്കൂടുകൾ... എല്ലാം ഒന്നിനൊന്ന് കൗതുകകരമായിരുന്നു. അതെല്ലാം ആസ്വദിക്കാനുള്ള മനസ്സ് ബാല്യത്തിനുണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി.

ശരീരവും മനസ്സും വളർന്നപ്പോൾ ആ വളർച്ചയ്ക്കിടെ എവിടെയോ വെച്ച് ആ കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കമായ ആസ്വാദനശേഷി നഷ്ടപ്പെട്ടു. ജീവിക്കാനുള്ള തത്രപ്പാടിൽ ഉപേക്ഷിച്ചുകളഞ്ഞതാണ് അവയെന്ന് എന്റെ മനസ്സ് പറയുന്നു. ശരിയാണ്. വീട്, കാറ്, ആശുപത്രി... ഇതിലൊതുങ്ങിയിരിക്കുന്നു ഇപ്പോൾ ജീവിതം. മഴ ഒരു ശല്യമാണെന്ന് ചിലപ്പോൾ തോന്നിത്തുടങ്ങി. ഒരിക്കൽ വല്ലാതെ സ്നേഹിച്ചിരുന്ന, കാണാൻ കൊതിച്ചിരുന്ന മഴയെ മനസ്സു കൊണ്ട് ശപിച്ചിട്ടുണ്ട് ചിലപ്പോൾ. അണ്ണാറക്കണ്ണനും കിളിയും പ്രകൃതിയിലെ മറ്റു കാഴ്ചകളുമൊക്കെ അന്യരായി. ജീവിതത്തിൽ കൗതുകങ്ങളില്ലാതായി. മനസ്സിന് ആസ്വാദന ശേഷിയും നഷ്ടമായി. ബാല്യവും കൗമാരവും യൗവനവുമെല്ലാം താണ്ടി മനസ്സ് വാർധക്യത്തിലേക്ക് എത്തുന്നതിന്റെ സൂചനയാണത് ഒരു അശരീരി കണക്കെ ചെവിയിൽ മുഴങ്ങുന്ന വാക്കുകൾ.

മനസ്സ് തളർന്നാൽ ശരീരം തളരും. മനസ്സിന്റെ ചെറുപ്പമാണ് ശരീരത്തിന്റെ ചെറുപ്പത്തെക്കാൾ പ്രധാനം. നമുക്ക് അറിയാത്ത തത്ത്വങ്ങളല്ലിത്. പ്രായമാകുമ്പോൾ ശരീരത്തിന്റെ ചെറുപ്പം നിലനിർത്താൻ നാം ശ്രമിക്കാറുണ്ട്. ചെറിയ വ്യായാമങ്ങൾ തുടങ്ങി സൈക്കിളിങ്, നീന്തൽ ട്രെഡ്മിൽ തുടങ്ങി അങ്ങനെ നീണ്ടു പോകുന്ന വ്യായാമങ്ങളുടെ നിര. എന്നാൽ മനസ്സിന്റെ ചെറുപ്പം നിലനിർത്താനോ! ശ്രദ്ധിക്കാതെ പോകുന്ന ഒരു മേഖലയാണിത്. യോഗ, ധ്യാനം തുടങ്ങിയവയൊക്കെ ജനകീയവൽക്കരിക്കപ്പെട്ടു വരുന്നുണ്ട്. എന്നാൽ അതിനെക്കാൾ എളുപ്പമുള്ള ചില കാര്യങ്ങളുണ്ട്. പഴയ കൂട്ടുകാരെ കൂടെ കൂട്ടുക, പുതിയ കൂട്ടുകാരെ കണ്ടെത്തുക എന്ന തത്ത്വം.
കൂട്ടുകാർ ആരൊക്കെയാണെന്നറിയേണ്ടേ പുസ്തകങ്ങളും വായനയും, സംഗീതം ഉൾപ്പെടെയുള്ള കലകൾ, പല തരം കളികൾ, പ്രാർഥന, പിന്നെ പഴയ ചങ്ങാതിക്കൂട്ടങ്ങൾ... ഇവയൊക്കെ നമ്മുടെ മനസ്സിനെ പഴയ പോലെ ഊർജസ്വലമായി തുടിച്ചു നിർത്തും. നഷ്ടപ്പെട്ടെന്നു കരുതുന്ന പലതും നമുക്ക് തിരിച്ചു പിടിക്കാനാവും. പൂക്കളിലും പ്രകൃതിയിലും ഒക്കെ കൗതുകം കൊള്ളാനാവും. മനസ്സിന്റെ യൗവനവും ബാല്യവും കാത്തുസൂക്ഷിക്കുന്നത് ജീവിതത്തിനാകെ പുതിയൊരുണർവും തിളക്കവും നൽകും.

Content Highlights:Snehaganga, Dr VP Gangadharan writes Keep the youth of the mind, Health