ഞാനും നിങ്ങളും ഇന്ന് ഒരു യുദ്ധക്കളത്തിലാണ്. കാഴ്ചക്കാരായല്ല, ധീരയോദ്ധാക്കളായിത്തന്നെ. ശത്രു കൊറോണ വൈറസ്- അതെ, കോവിഡ് 19. ഇരു ചെവിയറിയാതെ ഇരുളില്‍ നിന്ന് നമ്മോട് യുദ്ധം ചെയ്യാന്‍ കെല്‍പ്പുള്ള ശത്രു. അതെ, അദൃശ്യനായ ആ ശത്രു അത്ര ബലവാനാണ്.

പക്ഷേ, നാം പകച്ചു നില്‍ക്കാന്‍ പാടില്ല. പതറുകയല്ല വേണ്ടത്. പൊരുതണം. ധീരമായി പൊരുതാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരേ പോലെ പ്രാപ്തരാകണം. നമ്മളോരോരുത്തരും അതിനായി തയ്യാറെടുക്കണം. പുരാണങ്ങളും ചരിത്രങ്ങളും നമ്മെ പഠിപ്പിച്ച ഒരു വസ്തുതയുണ്ട്- യുദ്ധങ്ങള്‍ ജയിച്ചത് ശക്തി കൊണ്ടു മാത്രമല്ല. യുക്തിയും ബുദ്ധിയുമാണ് തന്ത്രങ്ങള്‍ മെനയാന്‍ സഹായിക്കുന്നത്. യുദ്ധങ്ങളിലെ വിജയമന്ത്രവും അതു തന്നെയാണ്. ഏതൊരു ബലവാനും ചില ബലഹീനതകളുണ്ടാകും. ശത്രുവിന്റെ ബലഹീനത മനസ്സിലാക്കി അവനെ ആക്രമിക്കുക, അവനെതിരേ ആഞ്ഞടിക്കുക- യുദ്ധം ജയിക്കാം.  വിജയം സുനിശ്ചിതം.

അതെ, നമ്മുടെ ഇന്നത്തെ ശത്രു കോവിഡ് ബലവാനാണ്. പക്ഷേ, അവനുമുണ്ട് ബലഹീനതകള്‍. ബലത്തേക്കാളേറെ ബലഹീനതകളുള്ള ശത്രു എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. പരസഹായമില്ലാതെ ഒരു മീറ്ററിനപ്പുറം സഞ്ചരിക്കാന്‍ കൊറോണ വൈറസിന് കഴിയില്ല എന്നതു തന്നെയാണ് അവന്റെ ഏറ്റവും വലിയ ബലഹീനത. സോപ്പ്, കൈ കഴുകാനുപയോഗിക്കുന്ന സ്പിരിറ്റ് കലര്‍ന്ന ലായനികള്‍ തുടങ്ങിയവയെ അതിജീവിക്കാനുള്ള കരുത്ത് അവനില്ല. അവന്‍ ശക്തിയാര്‍ജിക്കുന്നത് നമ്മുടെ കൈകളിലൂടെയാണ്, സ്പര്‍ശനത്തിലൂടെയാണ്. നമ്മുടെ അശ്രദ്ധയാണ് അവന് കരുത്തു കൂട്ടുന്നത്. നമ്മുടെ വൃത്തിഹീനതയാണ് അവന്റെ ബലം. അതിനുള്ള അവസരം നമ്മള്‍ സൃഷ്ടിച്ചു കൂടാ.  നമ്മള്‍ സംഘടിക്കണം. ശാരീരികമായിട്ടല്ല, മനസ്സുകൊണ്ട് നമ്മള്‍ സംഘടിക്കണം. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ തീര്‍ക്കാം നമുക്കൊരു ഇരുമ്പു ചങ്ങല. ഓരോ കണ്ണിയും ഉറപ്പുള്ളതായിരിക്കണം. വരുന്ന രണ്ടാഴ്ച സുപ്രധാനമാണ്. നിര്‍ദേശിച്ച പ്രകാരം കര്‍ശനമായും വീടുകളില്‍ത്തന്നെ കഴിയുക. പരസ്പര സ്പര്‍ശനം തടയുക. കൈകാലുകള്‍ സോപ്പോ നിര്‍ദേശിച്ച മറ്റേതെങ്കിലും ലായനിയോ ഉപയോഗിച്ച് ഇടവിട്ട വേളകളിലും സ്പര്‍ശനത്തിന് ശേഷവും കഴുകുക, വൃത്തിയാക്കുക. ഇവ പാലിക്കാത്തവര്‍- അവര്‍ ഇണങ്ങാത്ത കണ്ണികളാണ്. അവര്‍ അപകടകാരികളാണ്. 

ഈ യുദ്ധത്തില്‍ നമ്മെ നയിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമുണ്ടെന്നത് നമുക്ക് ബലമേകുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ഒന്നിക്കാന്‍ മനസ്സുള്ള യോദ്ധാക്കള്‍ നമ്മുടെ ചങ്ങലയ്ക്ക് ബലമേകുന്നു. കോവിഡ് 19നെ പിടിച്ചു കെട്ടാനുള്ള ബലം ആ ചങ്ങലയ്ക്കുണ്ടാകണം. അവന്റെ ചങ്ങല തകര്‍ക്കണം. 

വെയിലിനും മഴയ്ക്കുമൊന്നും നമ്മുടെ ചങ്ങല തകര്‍ക്കാനാവില്ല, നമ്മെ തളര്‍ത്താനാവില്ല. ശത്രുവിന്റെ ആക്രമണത്തെ നേരിടാന്‍ നമ്മുടെ സൈന്യത്തിലെ ഒരു യോദ്ധാവിനെപ്പോലും ബലി കൊടുക്കാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച ജാഗരൂകരായി നിലകൊള്ളുന്ന ഒരു സംഘം യോദ്ധാക്കളുണ്ട് മുന്‍നിരയില്‍. സ്വന്തം ജീവനും ജീവിതവും മറന്നു കൊണ്ട് നമുക്കു വേണ്ടി മുന്നില്‍ നിന്ന് പോരാടുന്ന നമ്മുടെ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യവകുപ്പിലെ ജീവനക്കാരും പോലീസും ഫയര്‍ ഫോഴ്‌സും... ആ പട്ടിക അങ്ങനെ നീണ്ടു പോകുന്നു, അവരെ ശക്തിപ്പെടുത്തേണ്ടത്, അവര്‍ക്ക് കരുത്തു പകരേണ്ടത് നമ്മളാണ്- നമ്മുടെ ചങ്ങലയാണ്- ചങ്ങലയിലെ ഓരോ കണ്ണികളുമാണ്. ആ കണ്ണികളുടെ ബലംനഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ രാപകല്‍ വിയര്‍പ്പൊഴുക്കുന്ന അണിയറ പ്രവര്‍ത്തകരുടെയും ഒരു നീണ്ട നിരയുണ്ട്.

നമ്മുടെ ദൈനംദിന ജീവിതത്തിനാവശ്യമായ അന്നവും വെള്ളവും വൈദ്യുതിയുമെത്തിക്കുന്നവര്‍ നമ്മുടെ ചുറ്റുമുള്ള മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ ഉന്തുവണ്ടികളുമായി അതിരാവിലെ ഇറങ്ങിത്തിരിക്കുന്നവര്‍, ശരിയായ വിവരങ്ങള്‍ കൃത്യമായി എത്തിക്കുന്ന പത്രമാധ്യമപ്രവര്‍ത്തകര്‍... ആ പട്ടികയും നീണ്ടു പോകുന്നു. അവര്‍ക്കെല്ലാം വേണ്ടി യുദ്ധതന്ത്രങ്ങള്‍ മെനയുന്ന നമ്മുടെ ഭരണ യന്ത്രവും. അണ്ണാറക്കണ്ണനും തന്നാലായത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നാം ഇറങ്ങണം. ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു- മനസ്സുകൊണ്ട് ഒറ്റക്കെട്ടാകുക, ശാരീരികമായി ഒറ്റയ്‌ക്കൊറ്റക്കാകുക.

സ്വന്തം ആരോഗ്യം എന്നതു പോലെത്തന്നെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും സമൂഹത്തിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണെന്നുള്ള തിരിച്ചറിവ് അനിവാര്യം. ആ തിരിച്ചറിവും പ്രായോഗികതയുമാണ് നമ്മുടെ ശക്തി. അന്തിമ വിജയം നമ്മുടേതാണ്. പക്ഷേ, യുദ്ധം നീണ്ടുപോകാതിരിക്കാനും കൂടി നാം ശ്രദ്ധിക്കണം. ഈ യുദ്ധം നീണ്ടു പോയാല്‍ സാമ്പത്തിക പരാധീനതകളും നമ്മെ തളര്‍ത്തും. അതുകൊണ്ട് ശത്രുവിനെതിരേ ആഞ്ഞടിക്കുക. ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന തിരിച്ചറിവോടുകൂടിത്തന്നെ ശത്രുവിനെ നേരിടുക.

എനിക്ക് ശക്തിയും ഊര്‍ജവും പകരുന്നവര്‍- കുടുംബാംഗങ്ങള്‍ എന്ന പോലെ സഹപ്രവര്‍ത്തകരും രോഗികളും അവരുടെ ബന്ധുക്കളും... ആ നിരയും നീണ്ടു പോകുന്നു. 'സാറിന്റെ പ്രായവും ആരോഗ്യസ്ഥിതിയും സാറ് മനസ്സിലാക്കണം. അതു കൊണ്ട് ഞങ്ങളുടെ കൂടെ വരരുത്' ഈ യുദ്ധമുഖത്തേക്ക് എന്ന് സ്‌നേഹപൂര്‍വം വിലക്കുന്ന സഹപ്രവര്‍ത്തകര്‍. അവരുടെ സ്‌നേഹം ഞാന്‍ മനസ്സിലാക്കുന്നു. എന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ഇടവിടാതെ വരുന്ന ഫോണ്‍കോളുകള്‍, അത് രോഗികളുടെയും അവരുടെ ബന്ധുക്കളുടെയുമാണ്. അതില്‍ ശാസനകളുമുണ്ട്. 'ഇപ്പോള്‍ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് വിചാരിക്കുക. അമ്മ ഗംഗയോടെന്തു പറയും... ഗംഗ സൂക്ഷിക്കണം. എനിക്ക് നീമാത്രമല്ലേയുള്ളൂ. ഇത് അമ്മയുടെ സ്വരമാണെന്ന് വിശ്വസിക്കുക'- ഒരു രോഗിയുടെ ബന്ധുവിന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ ശാസനയായിരുന്നു അത്. 

കാന്‍സര്‍ രോഗികളും അവരുടെ ബന്ധുക്കളും അറിയാന്‍ രണ്ടു വാക്ക്- നിങ്ങള്‍ പരിഭ്രാന്തരാകരുത്. തുടര്‍ പരിശോധനയ്ക്ക് മാത്രം വരുന്നവര്‍, തുടര്‍ച്ചയായി വര്‍ഷങ്ങളായി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവര്‍ എന്നിവരൊക്കെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടുക. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ആശുപത്രിയില്‍ പോവുക. ചികില്‍സയില്‍ തുടരുന്നവരും ഡോക്ടറുമായി ബന്ധപ്പെടുക. രോഗാവസ്ഥയനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ ഡോക്ടറുടെ ഉപദേശം തേടുക. ഡോക്ടര്‍ എടുക്കുന്ന തീരുമാനങ്ങളോട് സഹകരിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടര്‍മാരും ആരോഗ്യപരിപാലകരും ഏതു സാഹചര്യത്തിലും നിങ്ങളുടെ കൂടെയുണ്ടാവും. സ്വന്തം ജീവനും ജീവിതവും ബലികൊടുത്തു പോലും അവര്‍ നിങ്ങളെ സംരക്ഷിക്കും എന്ന് മനസ്സിലാക്കുക. ശുചിത്വത്തിലും മറ്റു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തിലൊക്കെ നിര്‍ദേശങ്ങളെക്കാളും ഒരു പടി മുന്നിലായിരിക്കണം തല്‍ക്കാലത്തേക്കെങ്കിലും നമ്മള്‍ ഓരോരുത്തരും. 

കോവിഡ് 19 ജീവിതത്തിന്റെ അവസാന വാക്കൊന്നുമല്ല. മനസ്സു കൊണ്ട് നമുക്ക് ഒന്നിക്കാം. ശാരീരികമായി തല്‍ക്കാലം അകലം പാലിക്കാം. ഒരു പൊതുശത്രുവിനെ കീഴ്‌പ്പെടുത്താനായി. വീണ്ടും ഒന്നിക്കാനായി. ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കട്ടെ- ഇണങ്ങാത്ത കണ്ണികള്‍ അപകടങ്ങള്‍ തന്നെ. 

Content Highlights: Snehaganga, Dr VP Gangadharan writes, Column, Health