ഗംഗാധരാ, ഇത് ബാബുരാജാണ്... നമ്മുടെ കൂടെ പഠിച്ച പ്രേംകുമാറിനെ ഓര്‍മയുണ്ടോ? ഞാനെന്തെങ്കിലും മറുപടി പറയുന്നതിനു മുമ്പു തന്നെ ആ ഫോണ്‍കോള്‍ തുടര്‍ന്നു. പ്രേമിന് അത്യാവശ്യമായി ഗംഗാധരനെ കാണണം. കുറച്ച് സീരിയസാണ്. ചിരിയും തമാശയുമായി ഓടി നടന്നിരുന്ന എന്റെ സുഹൃത്തിന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നു. കൃത്യമായി പറഞ്ഞാല്‍ 50 വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ എന്റെ സഹപാഠി. രണ്ടു വര്‍ഷത്തെ പ്രീഡിഗ്രി പഠനത്തിനു ശേഷം ഒരിക്കല്‍പ്പോലും കണ്ടില്ലെങ്കിലും അവന്റെ അന്നത്തെ മുഖവും രൂപഭാവവും ചേഷ്ടകളുമൊന്നും എന്റെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അടുത്ത ദിവസം വീല്‍ചെയറില്‍ എന്റെ മുന്നിലെത്തിയ പ്രേമിന്റെ മുഖത്ത് പഴയ ചിരിയില്ലായിരുന്നു... കൈയിലെ കാന്‍സര്‍ ബാധിച്ച മുഴയില്‍ നിന്ന് രക്തം ഊറുന്നുണ്ടായിരുന്നു. അവന്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം അവനെ യാത്രയാക്കി തിരികെ വന്നിരുന്നപ്പോള്‍ എന്റെ മനസ്സിലൊരു തേങ്ങല്‍... ഡോക്ടര്‍ എന്ന നിലയില്‍ എന്റെ നിസ്സഹായാവസ്ഥ ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ഡോക്ടറാകേണ്ടായിരുന്നോ... എന്ന് ചിന്തിച്ചു പോയ മറ്റൊരു സന്ദര്‍ഭം. ഒന്ന് ഉറക്കെ കരയണമെന്ന് തോന്നി.
ഡോക്ടറുടെ ഹൃദയവും മനസ്സും കല്ലുപോലെ ആയിക്കാണുമെന്ന് എനിക്കറിയാം-സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു മധ്യവയസ്‌ക പറഞ്ഞിട്ട് ഇറങ്ങിപ്പോയത് ഓര്‍മയില്‍ വന്നു. ഡോക്ടറുടെ മനസ്സും മാനസിക സംഘര്‍ഷങ്ങളും ആരറിയാന്‍! ഞാന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. പക്ഷേ, നഷ്ടങ്ങളുടെ നൊമ്പരപ്പൂക്കള്‍ മനസ്സിലേക്ക് ഓടിയെത്തി... എനിക്ക് നഷ്ടപ്പെട്ടവര്‍, എന്റെ കൈകളില്‍ പിടിച്ച് മരണത്തിലേക്കു പോയവര്‍...ആ മുഖങ്ങളെല്ലാം എന്റെ ഹൃദയത്തില്‍ നിന്ന് അടര്‍ത്തി എടുത്തതാണെന്നും ആ വേദനകള്‍ ഇന്നും എന്നെ വേട്ടയാടുന്നുണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നു. ഡോക്ടറായതു കൊണ്ട് എല്ലാം മനസ്സിലൊതുക്കേണ്ടി വരുന്ന ഗതികേട്. അതിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍ അത് അനുഭവിച്ചവര്‍ക്കു മാത്രമേ സാധിക്കൂ എന്നത് ഒരു നഗ്നസത്യം മാത്രം. നഷ്ടപ്പെട്ടു പോയ ആ മുഖങ്ങള്‍ ഇന്നലെയെന്ന പോലെ ഒന്നൊന്നായി മനസ്സില്‍ തെളിഞ്ഞു വന്നു. സ്വന്തം അധ്യാപകനെ ചികിത്സിക്കേണ്ടി വന്ന കുറച്ചു ദിവസങ്ങള്‍. 25 വര്‍ഷം മുമ്പ്... കോട്ടയം മെഡിക്കല്‍ കോളേജിലെ എന്റെ അധ്യാപകനായിരുന്ന അദ്ദേഹം ചികിത്സയ്‌ക്കെത്തുമ്പോള്‍ അസുഖം വളരെയധികം മൂര്‍ച്ഛിച്ചിരുന്നു. അദ്ദേഹത്തിനും അത് അറിയാമായിരുന്നു. ഒരു ഡോക്ടറോ അധ്യാപകനോ ആയിട്ടല്ല ഗംഗാധരന്‍ എന്നെ കാണേണ്ടത്- മറ്റെല്ലാ രോഗികളെയും പോലെ എന്നെയും കാണുക, ചികിത്സിക്കുക. ആവാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍ മുഴങ്ങുന്നു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ എത്രയോ വട്ടം കാന്റീനില്‍ സാറിന്റെ ചെലവില്‍ ഞങ്ങള്‍ കാപ്പിയും കടിയും ആസ്വദിച്ചിരുന്നു. ആ മുഖത്തെ പുഞ്ചിരി ഇന്നും എന്റെ മനസ്സിലുണ്ട്.. ചികിത്സ ഫലിക്കുന്നില്ല എന്നറിഞ്ഞപ്പോഴും എന്റെ പുറത്തു തട്ടി അദ്ദേഹം പറഞ്ഞു- സാരമില്ല ഗംഗാധരാ...
മഹാരാജാസ് കോളേജില്‍ എന്നെ കെമിസ്ട്രി പഠിപ്പിച്ച ടീച്ചറുടെ ഭര്‍ത്താവ്, കോട്ടയം മെഡിക്കല്‍ കോളേജില്‍ അനാട്ടമി പഠിപ്പിച്ച മാഡത്തിന്റെ മകള്‍... പിന്നെ എന്റെ ഉറ്റ സുഹൃത്തുക്കള്‍- മോഹനന്‍, ജിം ഏലിയാസ്, മോഹന്‍ദാസ്, സോമന്‍, സുഗതന്‍ പാലക്കന്‍... അവസാനം നാരായണനും... ഇവരില്‍ പലരും എന്റെ കൈകളിലൂടെത്തന്നെ കടന്നു പോയി. മറക്കാന്‍ സാധിക്കാത്ത മുഖങ്ങള്‍. അനുഭവങ്ങള്‍...
ഈ കണക്കുകളും പേരുകളും അപൂര്‍ണമാണെന്ന് എനിക്കറിയാം. ഒരു ഒളിച്ചോട്ടം എന്റെ മനസ്സിന് അനിവാര്യമാണെന്ന് എന്റെ മനസ്സിന് തോന്നിയിട്ടാവാം ഇനിയും ഓര്‍മയില്‍ ഉണര്‍ന്നുവരുന്നവ കുറിക്കേണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു. പക്ഷേ, മനസ്സിനെ കുത്തി നോവിച്ച രണ്ടു സംഭവങ്ങള്‍ പറയാതെ വയ്യ...
എന്റെ സഹപ്രവര്‍ത്തകന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. അദ്ദേഹത്തിന്റെ സഹധര്‍മിണി എന്റെ ചികിത്സയിലുള്ള ഒരു രോഗിയായിരുന്നു. അസുഖം കണ്ടുപിടിക്കുമ്പോള്‍ത്തന്നെ കൈവിട്ടു പോയിരുന്നു. എന്താണ് അവസ്ഥ എന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. അവര്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷേ, ഇപ്പോഴും എന്നെ കാണുമ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നത് ഞാന്‍ തിരിച്ചറിയുന്നു. ലിഫ്റ്റില്‍ നിന്നു പോലും അദ്ദേഹം ഇറങ്ങിപ്പോയിക്കഴിഞ്ഞ ദിവസങ്ങള്‍. എന്തൊരു ശിക്ഷ!
മറ്റൊരനുഭവം- പഠിപ്പിച്ചിട്ടില്ലെങ്കിലും എന്റെ അധ്യാപകനായി ഞാന്‍ മനസ്സില്‍ കൊണ്ടു നടന്നിരുന്ന ഒരു മുതിര്‍ന്ന ഡോക്ടര്‍. അദ്ദേഹവും എന്റെ ചികിത്സയിലായിരുന്നു- കുറേ വര്‍ഷങ്ങള്‍. അസുഖം മറ്റൊരു തലത്തിലേക്ക് മാറിയപ്പോള്‍ എന്റെ നിസ്സഹായാവസ്ഥ ഡോക്ടറായ അദ്ദേഹത്തിന്റെ പ്രിയ പത്‌നിയോട് പല വട്ടം ഞാന്‍ തുറന്നു പറഞ്ഞതും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതുമാണ്. ഇതേ മേഖലയില്‍ തന്നെ പ്രാവീണ്യമുള്ള അവര്‍ക്ക് അതു മനസ്സിലായിക്കാണുമെന്ന് തീര്‍ച്ച. എന്നിട്ടും അദ്ദേഹത്തിന്റെ മരണശേഷം ഒരിക്കല്‍ ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍... ഞാന്‍ അവരുടെ അടുത്ത് ചെന്ന് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ എന്റെ സാമീപ്യം പോലും വെറുക്കുന്ന മട്ടില്‍ ഒഴിഞ്ഞു മാറി...
ഒരു കൊല്ലത്തിലേറെക്കാലം എന്റെ മനസ്സ് അതിനെച്ചൊല്ലി നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ആ അവസ്ഥയ്ക്ക് അറുതി വന്നത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്.
ഡോക്ടര്‍ ഗംഗാധരന്‍- പിന്നില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അത് അവരാണ്. ആ ഡോക്ടര്‍. അദ്ദേഹത്തിന്റെ ഭാര്യ. അവര്‍ എന്റെയടുത്തേക്ക് ഓടി വന്നു. സോറി ഗംഗാധരാ... അന്ന് അവിടെ വെച്ച് ഞാന്‍ മനപ്പൂര്‍വം ഡോക്ടറെ അവഗണിച്ച് ഒഴിഞ്ഞു മാറിയതിന് സോറി...കുറേ നാളത്തേക്ക് ഞാന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു... അതു കൊണ്ടാണ് അന്ന് അങ്ങനെ... അവര്‍ എന്റെ കൈയില്‍ മുറുകെ പിടിച്ചു. കരച്ചിലടക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു.
ഞങ്ങളൊക്കെയില്ലേ കൂടെ.. ഗംഗ വല്യച്ഛന്‍ കരയരുത് - മണിക്കുട്ടിയുടെ ശബ്ദം.
അങ്കിള്‍... ഞാനുണ്ടിവിടെ- ബാലുവിന്റെ മകള്‍... ഞങ്ങളെല്ലാമുണ്ട് കൂടെ. അത് കുറേ സ്ത്രീ ശബ്ദങ്ങളായിരുന്നു. സുഹൃത്തുക്കളുടെ ഭാര്യമാര്‍. രാധാകൃഷ്ണന്റെ, മോഹനന്റെ, സാമുവലിന്റെ, രവിയുടെ... എന്റെ കൈപിടിച്ച് തിരികെ ജീവിതത്തിലേക്ക് വന്നവര്‍.
സുനുവിന്റെ അമ്മ, അച്ചാമ്മ മാഡം, ബാലന്‍, അശോകന്‍, ശ്രീജിത്ത്- ആ പട്ടികയും നീണ്ടു പോകുന്നു. എന്റെ മനസ്സ് തീരുമാനിച്ചു- ഇല്ല. ഒരിക്കലും വേണ്ട ഇനിയൊരു ഒളിച്ചോട്ടം. പൂര്‍വാധികം ശക്തിയോടെ ഇനിയും മുന്നോട്ടു പോകണം. മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.. എങ്ങു നിന്നോ ഉയര്‍ന്നു വരുന്ന ഈരടികള്‍... അതു കേട്ടിട്ടാകണം- എന്റെ മനസ്സ് മുമ്പത്തെക്കാള്‍ പ്രശാന്തവും നേരിയൊരാഹ്ലാദ നിലാവ് നിറഞ്ഞതുമായിരുന്നു.
Content Highlights: Snehaganga, Dr VP Gangadharan writes about his memories, Health